എല്‍ഡിഎഫ് ഭരിയ്ക്കുന്ന പഞ്ചായത്തിലെ ബൂത്തില്‍ പികെ ബിജുവിന് പൂജ്യം വോട്ട്; സിപിഎം ഞെട്ടലില്‍

By Web TeamFirst Published May 26, 2019, 7:25 PM IST
Highlights

ആറു നിയമസഭ മണ്ഡലങ്ങളും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ വിജയിച്ച, മൂന്ന് മന്ത്രിമാരുടെ സാന്നിധ്യമുള്ള മണ്ഡലത്തിലാണ് സിപിഎമ്മിന്‍റെ ദയനീയ പരാജയം.

പാലക്കാട്: ആലത്തൂര്‍ ലോക്സഭ മണ്ഡലത്തിലെ വോട്ടുകണക്കുകള്‍ പുറത്തുവരുമ്പോള്‍ ആശങ്കയോടെ സിപിഎം. എല്‍ഡിഎഫ് ഭരിയ്ക്കുന്ന നെല്ലിയാമ്പതി പഞ്ചായത്തിലെ ഒരു ബൂത്തില്‍ സിപിഎം സ്ഥാനാര്‍ത്ഥിയായ പികെ ബിജുവിന് ഒറ്റവോട്ടും ലഭിച്ചില്ല. അതേസമയം, സ്വതന്ത്രസ്ഥാനാര്‍ത്ഥിക്ക് രണ്ട് വോട്ട് ലഭിച്ചു. നെല്ലിയാമ്പതി പഞ്ചായത്തിലെ 138ാം നമ്പര്‍ ബൂത്തിലാണ് ബിജുവിന് വോട്ട് ലഭിക്കാതിരുന്നത്. എതിര്‍ സ്ഥാനാര്‍ത്ഥിയായ രമ്യ ഹരിദാസിന് 32 വോട്ട് ലഭിച്ചു.  

ഇടതുകോട്ടയായി അറിയപ്പെടുന്ന ആലത്തൂരിലെ വോട്ടുചോര്‍ച്ച സിപിഎമ്മിനെ ഞെട്ടിച്ചിരിക്കുകയാണ്. ആറു നിയമസഭ മണ്ഡലങ്ങളും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ വിജയിച്ച, മൂന്ന് മന്ത്രിമാരുടെ സാന്നിധ്യമുള്ള മണ്ഡലത്തിലാണ് സിപിഎമ്മിന്‍റെ ദയനീയ പരാജയം. ഒറ്റ നിയമസഭ മണ്ഡലത്തിലും ബിജുവിന് ലീഡ് ലഭിച്ചില്ല. ഒരു പഞ്ചായത്തില്‍ മാത്രമാണ് ബിജു മുന്നിട്ട്നിന്നത്. 1.60 ലക്ഷം വോട്ടുകള്‍ക്കാണ് രമ്യ ജയിച്ചത്. തെരഞ്ഞെടുപ്പിന് മുമ്പ് ഇടതുപക്ഷം ഉറപ്പിച്ച സീറ്റായിരുന്നു ആലത്തൂര്‍. പുതുമുഖമായ രമ്യ ഹരിദാസിനെ രംഗത്തിറക്കിയാണ് കോണ്‍ഗ്രസ് പരീക്ഷണം നടത്തിയത്. അധ്യാപിക ദീപ നിശാന്ത്, എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ എന്നിവരുടെ രമ്യക്കെതിരായുള്ള പരാമര്‍ശം വന്‍ വിവാദമായതോടെ ആലത്തൂരിലോ പോരാട്ടം മാധ്യമ ശ്രദ്ധയാകര്‍ഷിച്ചു. 

ബിജുവിന് പൂജ്യം വോട്ട് ലഭിച്ചതോടെ വോട്ടിങ് മെഷീനില്‍ തിരിമറി നടന്നെന്ന ആരോപണവുമായി സിപിഎം പ്രവര്‍ത്തകര്‍ രംഗത്തെത്തിയിട്ടുണ്ട്. പാലക്കാട് ജില്ലയില്‍ പ്രളയം ഏറ്റവുമധികം ബാധിച്ച പ്രദേശമായിരുന്നു നെല്ലിയാമ്പതി. ഉരുള്‍പൊട്ടലില്‍ എട്ടുപേര്‍ മരിക്കുകയും ദിവസങ്ങളോളം പ്രദേശം ഒറ്റപ്പെടുകയും ചെയ്തിരുന്നു.

click me!