'ജനവികാരത്തിന്റെ യഥാർത്ഥ പ്രതിഫലനമല്ല', തുടർഭരണം പ്രവചിച്ച സർവേ ഫലങ്ങൾ തള്ളി ചെന്നിത്തല

By Web TeamFirst Published Apr 30, 2021, 10:30 AM IST
Highlights

കേരളത്തിലെ ജനങ്ങളിൽ ഞങ്ങൾക്ക് വിശ്വാസമുണ്ട്. ഇന്നലത്തെ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന പരാജിതന്റെ ആത്മവിശ്വാസമാണെന്നും അണയാൻ പോകുന്ന തീ ആളിക്കത്തുകയാണെന്നും ചെന്നിത്തല പരിഹസിച്ചു.

തിരുവനന്തപുരം: കേരളാ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്ക് തുടർഭരണം പ്രവചിച്ച സർവേ ഫലങ്ങളെ  തളളി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സർവേ ഫലങ്ങൾ ജനവികാരത്തിന്റെ യഥാർത്ഥ പ്രതിഫലനമല്ലെന്നും കേരളത്തിൽ യുഡിഎഫ് അധികാരത്തിലെത്തുമെന്നും ചെന്നിത്തല പ്രതികരിച്ചു.

കേരളത്തിൽ എൽഡിഎഫിന്റെ അഴിമതി ഭരണം തുടരണമെന്ന് ജനങ്ങൾ ആഗ്രഹിക്കുന്നില്ല. ജനങ്ങളിൽ ഞങ്ങൾക്ക് വിശ്വാസമുണ്ട്. ഇന്നലത്തെ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന പരാജിതന്റെ ആത്മവിശ്വാസമാണെന്നും അണയാൻ പോകുന്ന തീ ആളിക്കത്തുകയാണെന്നും ചെന്നിത്തല പരിഹസിച്ചു.

വടക്കൻ കേരളത്തിലെ നാലു ജില്ലകളിൽ ഇടതു മുന്നണിയുടെ വന്‍ മുന്നേറ്റമെന്ന് ഏഷ്യാനെറ്റ് ന്യൂസ് സീ ഫോർ പോസ്റ്റ് പോൾ സര്‍വെ. എൽഡിഎഫ് 21 മുതൽ 25 വരെ സീറ്റ് നേടാമെന്നാണ് പ്രവചനം. യുഡിഎഫിന് 6 മുതൽ പത്തുവരെ സീറ്റ് പ്രവചിക്കുമ്പോള്‍ എൻഡിഎ 1 മുതൽ രണ്ട് സീറ്റ് നേടാം. അതേസമയം ഒന്‍പതിടത്ത് ഇഞ്ചോടിച്ച് മത്സരമാണ്. 

അതേ സമയം കേരളത്തിൽ എൽഡിഎഫിന് വിജയം പ്രവചിച്ചാണ് ദേശീയ മാധ്യമങ്ങളുടെ എക്സിറ്റ് പോൾ ഫലങ്ങൾ. ഇന്ത്യ ടുഡെ ആക്സിസ് മൈ ഇന്ത്യ സർവ്വെ 104- മുതൽ 120 വരെ സീറ്റുകൾ എൽഡിഎഫിന് നൽകുമ്പോൾ യുഡിഎഫിന് 20 മുതൽ 36 വരെ മാത്രം പ്രവചിക്കുന്നു. ടുഡെയ്സ് ചാണക്യ എൽഡിഎഫിന് 102 സീറ്റുകൾ നല്കുന്നു. എൽഡിഎഫ് എൺപത് വരെ സീറ്റേ നേടൂ എന്നാണ് സി വോട്ടറിൻറെയും റിപ്പബ്ളിക് സിഎൻഎക്സ് സർവ്വെയുടെയും പ്രവചനം. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!