ടൈം മാഗസിന്‍ ഉയര്‍ത്തിക്കാട്ടി, മോദിക്കെതിരെ മമതാ ബാനര്‍ജി

By Web TeamFirst Published May 10, 2019, 9:31 PM IST
Highlights

'ഇന്ത്യയുടെ വിഘടനത്തിന്‍റെ നായകന്‍'(India's diveder in chief) എന്ന തലക്കെട്ടില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ച് ടൈം മാഗസിന്‍ ലേഖനം വിവാദമായ പശ്ചാത്തലത്തിലാണ് മമതയുടെ പ്രസംഗം. 
 

കൊല്‍ക്കത്ത: വിവാദമായ ടൈം മാഗസിന്‍ കവര്‍ ചിത്രം ഉയര്‍ത്തിക്കാണിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മമതാ ബാനര്‍ജിയുടെ വിമര്‍ശനം. ബരാസത് ലോക്സഭ മണ്ഡലത്തിലെ പ്രചാരണത്തിനിടെയാണ് കവര്‍ ചിത്രവുമായി മമതയെത്തിയത്. 'ഹിന്ദുത്വത്തിന്‍റെ പതാക വാഹകരാണെന്നാണ് അവര്‍ പറയുന്നത്. എന്നാല്‍, കാളി ദേവിയുടെ അവതാരങ്ങളെക്കുറിച്ച് അവര്‍ക്കറിയുമോ, മന്ത്രങ്ങളറിയുമോ? അകേനം ദൈവങ്ങളും ദേവതകളും ഉള്‍ക്കൊള്ളുന്നതാണ് ഹിന്ദുയിസം'. -മമതാ ബാനര്‍ജി പറഞ്ഞു.  

നാനത്വത്തില്‍ ഏകത്വമാണ് നമ്മുടെ സംസ്കാരം, ഹിന്ദുവും മുസ്ലിമും ക്രിസ്ത്യാനിയും സിഖുക്കാരും ഒരുമിച്ച് ആഘോഷങ്ങള്‍ പങ്കിടുന്നതാണ് ബംഗാളിന്‍റെ സംസ്കാരം. നമുക്ക് മറ്റുള്ളവരുടെ സംസ്കാരം കടമെടുക്കേണ്ട ആവശ്യമില്ലെന്നും മമത വ്യക്തമാക്കി. ഹിന്ദുത്വത്തിന്‍റെ പ്രത്യേക അജണ്ട ബംഗാളില്‍ നടപ്പാക്കാനാണ് അവര്‍ ശ്രമിക്കുന്നത്. ജയ് ശ്രീറാം എന്ന മുദ്രാവാക്യം അതിന്‍റെ അടയാളമാണ്. ജയ് ഹിന്ദ് എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് ബിജെപിയെ നേരിടേണ്ടതെന്നും അവര്‍ പറഞ്ഞു.

ഇതര സംസ്ഥാനങ്ങളില്‍നിന്ന് പണം നിറച്ച പെട്ടിയുമായെത്തി ഗുണ്ടകളെ ഉപയോഗിച്ചാണ് ബിജെപി തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും ജനാധിപത്യം മോദിയുടെ മുഖത്തടിക്കുമെന്ന് പറഞ്ഞതിനെ മമതാ ബാനര്‍ജി മുഖത്തടിക്കുമെന്ന് വളച്ചൊടിച്ചെന്നും അവര്‍ വ്യക്തമാക്കി. സൈന്യത്തെ ഉപയോഗിച്ച് അവര്‍ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാന്‍ ശ്രമിച്ചു. ഓരോ ബൂത്തിലും 100 സൈനികരെയാണ് നിയോഗിച്ചത്. എന്നാല്‍, തൃണമൂല്‍ കോണ്‍ഗ്രസിനാണ് ജനം പിന്തുണ നല്‍കിയതെന്നും മമത പറഞ്ഞു. 'ഇന്ത്യയുടെ വിഘടനത്തിന്‍റെ നായകന്‍'(India's diveder in chief) എന്ന തലക്കെട്ടില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ച് ടൈം മാഗസിന്‍ ലേഖനം വിവാദമായ പശ്ചാത്തലത്തിലാണ് മമതയുടെ പ്രസംഗം. 
 

click me!