'ജാമ്യത്തിലിറങ്ങിയ അമ്മയും മകനുമാണ് നോട്ട് നിരോധനത്തെ കുറ്റപ്പെടുത്തുന്നത്'; ഗാന്ധി കുടുംബത്തെ ആക്രമിച്ച് മോദി

By Web TeamFirst Published Nov 12, 2018, 3:33 PM IST
Highlights

ജാമ്യത്തിലിറങ്ങി ജീവിക്കുന്നവരാണ് ഇപ്പോള്‍ സത്യസന്ധതയുടെ സര്‍ട്ടിഫിക്കേറ്റ് നല്‍കാന്‍ വരുന്നത്. ഒരു കുടുംബത്തില്‍ തുടങ്ങി അവിടെ തന്നെ അവസാനിക്കുന്നതാണ് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ രാഷ്ട്രീയം

ബിലാസ്പൂര്‍: സോണിയ ഗാന്ധിക്കെതിരെയും മകനും കോണ്‍ഗ്രസ് ദേശീയ അധ്യക്ഷനുമായ രാഹുല്‍ ഗാന്ധിക്കെതിരെയും കടുത്ത വിമര്‍ശനങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഛത്തീസ്ഗഡിലെ രണ്ടാം ഘട്ട തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട റാലിയിലാണ് കോണ്‍ഗ്രസ് നേതാക്കളെ രൂക്ഷഭാഷയില്‍ മോദി വിമര്‍ശിച്ചത്.

ജാമ്യത്തിലിറങ്ങിയ അമ്മയും മകനുമാണ് നോട്ട് നിരോധനത്തെ കുറ്റപ്പെടുത്തുന്നതെന്നാണ് മോദിയുടെ പ്രധാന ആരോപണം. നോട്ട് നിരോധനം മൂലമാണ് അവര്‍ക്ക് ജാമ്യത്തിലിറങ്ങേണ്ടി വന്നതെന്നുള്ള കാര്യം മറക്കരുതെന്നും പ്രധാനമന്ത്രി ഓര്‍മിപ്പിച്ചു. ജാമ്യത്തിലിറങ്ങി ജീവിക്കുന്നവരാണ് ഇപ്പോള്‍ സത്യസന്ധതയുടെ സര്‍ട്ടിഫിക്കേറ്റ് നല്‍കാന്‍ വരുന്നത്.

ഒരു കുടുംബത്തില്‍ തുടങ്ങി, അവിടെ തന്നെ അവസാനിക്കുന്നതാണ് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ രാഷ്ട്രീയം. വികസനമെന്ന ഒറ്റ അജണ്ടയില്‍ പ്രവര്‍ത്തിക്കുന്ന ബിജെപിയെ എങ്ങനെ നേരിടണമെന്ന് പോലും അവര്‍ക്ക് അറിയില്ല. വികസനത്തിലൂന്നിയാണ് ബിജെപി പ്രവര്‍ത്തിക്കുന്നത്. ജാതി വ്യത്യാസങ്ങള്‍ക്ക് അപ്പുറമായി ഇത് യാഥാഥ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഛത്തീസ്ഗഡിലെ നക്സല്‍ സാന്നിധ്യം പൂര്‍ണമായി തുടച്ച് നീക്കുമെന്നും മോദി വാഗ്ദാനം ചെയ്തു. റഫാൽ ഇടപാടിൽ അഴിമതി നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി കോണ്‍ഗ്രസിനെ രാജ്യസ്നേഹം പഠിപ്പിക്കേണ്ടെന്നാണ് രാഹുൽ ഗാന്ധി ഇന്ന് പറഞ്ഞത്. നഗര മാവോയിസ്റ്റുകളെ കോണ്‍ഗ്രസ് സഹായിക്കുന്നുവെന്ന മോദിയുടെ ആരോപണത്തിനാണ് രാഹുലിന്‍റെ മറുപടി.

അതേ സമയം കോണ്‍ഗ്രസ് നക്സലുകളെ പിന്തുണയ്ക്കുന്ന പാര്‍ട്ടിയെന്ന ആരോപണത്തിലാണ് ബിജെപിയുടെ ഛത്തീസ്ഗഡിലെ പ്രചാരണം കേന്ദ്രീകരിക്കുന്നത്. ഛത്തിസ്‍ഗഡിലെ ആദ്യ ഘട്ട വോട്ടെടുപ്പ് ഇന്ന് പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.

ബസ്തര്‍ , രാജനന്ദ്ഗാവ് മേഖലകളിലായി 18 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. മുഖ്യമന്തി രമണ്‍ സിംഗും രണ്ട് മന്ത്രിമാരും ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ ആദ്യഘട്ടത്തിൽ ജനവിധി തേടുന്നുണ്ട്. കഴിഞ്ഞ തവണ കോണ്‍ഗ്രസിന് 12 ഉം ബിജെപിക്ക് ആറും സീറ്റുകളാണ് ഇവിടെ നിന്ന് ലഭിച്ചത്.

click me!