അടുത്ത മിഷന്‍ രാജ്യസഭ; 2020 നവംബറില്‍ ഭൂരിപക്ഷത്തിലേക്ക്, പരിഷ്കാരങ്ങള്‍ക്കൊരുങ്ങി ബിജെപി

By Web TeamFirst Published May 25, 2019, 9:48 AM IST
Highlights

ഒന്നാം എന്‍ഡിയുടെ കാലത്ത് ബിജെപി മുന്‍കൈയില്‍ കൊണ്ടുവന്ന പല ബില്ലുകളും രാജ്യസഭയില്‍ പരാജയപ്പെട്ടു. രാജ്യസഭ ഭൂരിപക്ഷം കൂടിയുറപ്പിച്ചാല്‍ നിയമനിര്‍മാണത്തിലും ഭരണത്തിലും ബിജെപി സമ്പൂര്‍ണ ആധിപത്യമുണ്ടാകും.

ദില്ലി: ലോക്സഭ തെരഞ്ഞെടുപ്പിലെ തൂത്തുവാരലിന് ശേഷം ബിജെപിയുടെ അടുത്ത ലക്ഷ്യം രാജ്യസഭ. രാജ്യസഭയിലെ ന്യൂനപക്ഷ പദവി മറികടക്കുകയാണ് ബിജെപിയുടെയും എന്‍ഡിഎയുടെ അടുത്ത മിഷന്‍. അടുത്തവര്‍ഷത്തോടെ രാജ്യസഭയില്‍ ഭൂരിപക്ഷമെത്തിക്കാനുള്ള നീക്കങ്ങള്‍ക്ക് ഇപ്പോഴേ തുടക്കമിട്ടു. ഒന്നാം എന്‍ഡിഎ സര്‍ക്കാറിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് രാജ്യസഭയുടെ പിന്തുണയില്ലാത്തത് തിരിച്ചടിയായെന്നാണ് ബിജെപി വിലയിരുത്തല്‍.

ഒന്നാം എന്‍ഡിയുടെ കാലത്ത് ബിജെപി മുന്‍കൈയില്‍ കൊണ്ടുവന്ന പല ബില്ലുകളും രാജ്യസഭയില്‍ പരാജയപ്പെട്ടു. രാജ്യസഭ ഭൂരിപക്ഷം കൂടിയുറപ്പിച്ചാല്‍ നിയമനിര്‍മാണത്തിലും ഭരണത്തിലും ബിജെപി സമ്പൂര്‍ണ ആധിപത്യമുണ്ടാകും. ലോക്സഭയില്‍ കൊട്ടിഘോഷിച്ച് പാസാക്കിയ മുത്തലാഖ്, മോട്ടോര്‍ വാഹന നിയമ ഭേദഗതി, പൗരത്വ ബില്‍ എന്നിവ രാജ്യസഭയില്‍ പരാജയപ്പെട്ടത് ബിജെപിക്ക് തിരിച്ചടിയായിരുന്നു. കഴിഞ്ഞ വര്‍ഷം രാജ്യസഭയില്‍ ആദ്യമായി കോണ്‍ഗ്രസിനെ മറികടന്ന് എന്‍ഡിഎ കൂടുതല്‍ സീറ്റുകള്‍ നേടി. 101 എന്‍ഡിഎ അംഗങ്ങള്‍ക്ക് പുറമെ, മൂന്ന് പേരുടെ പിന്തുണയും രാജ്യസഭയില്‍ ഉറപ്പിച്ചു.  

2020 നവംബറില്‍ യുപി, തമിഴ്നാട്, ഗുജറാത്ത്, മധ്യപ്രദേശ്, ബിഹാര്‍ തുടങ്ങി 14 സംസ്ഥാനങ്ങളില്‍നിന്നായി 19 എംപിമാരെ രാജ്യസഭയിലെത്തിക്കാന്‍ ബിജെപിക്ക് സാധിക്കും. 310 എംഎല്‍എമാരുള്ള യുപിയില്‍നിന്നാണ് കൂടുതല്‍ അംഗങ്ങള്‍ രാജ്യസഭയിലെത്തുക. അതോടെ സീറ്റ് നില 123-125 വരെയായി ഉയരും. മഹാരാഷ്ട്ര, ഹരിയാന, ജാര്‍ഖണ്ഡ് സംസ്ഥാനങ്ങളില്‍ വരും വര്‍ഷം നടക്കുന്ന തെരഞ്ഞെടുപ്പുകളില്‍ വിജയം നേടാനായാല്‍ അവിടെനിന്നും കൂടുതല്‍ അംഗങ്ങളെ രാജ്യസഭയിലെത്തിക്കാമെന്ന് ബിജെപി കണക്കുകൂട്ടുന്നു. കഴിഞ്ഞ 15 വര്‍ഷവും ലോക്സഭയിലും രാജ്യസഭയിലും ഒരുമിച്ച് ഭൂരിപക്ഷം നേടാന്‍ ആര്‍ക്കുമായിരുന്നില്ല. 

കഴിഞ്ഞ അഞ്ച് വര്‍ഷവും ബിജെപിയുടെ പല പരിഷ്കാരങ്ങള്‍ക്കും വിലങ്ങു തടിയായത് രാജ്യസഭയിലെ പ്രതിപക്ഷ ഐക്യമായിരുന്നു. ഭൂമിയേറ്റെടുക്കല്‍ നിയമഭേദഗതി, മുത്തലാഖിലൂടെ വിവാഹ മോചനം നടത്തുന്നത് ക്രിമിനല്‍ കുറ്റമാക്കല്‍, പൗരത്വ ബില്‍ എന്നിവ ഐക്യത്തോടെ പ്രതിപക്ഷം എതിര്‍ത്തതോടെ ബിജെപിക്ക് നടപ്പാക്കാനായില്ല. 

ലോക്സഭ എംപിമാരെ തെരഞ്ഞെടുപ്പിലൂടെ പാര്‍ലമെന്‍റിലെത്തുമ്പോള്‍ സംസ്ഥാനങ്ങളില്‍നിന്ന് എംഎല്‍എമാര്‍ വോട്ടുചെയ്താണ് രാജ്യസഭയില്‍ എംപിമാരെ തെരഞ്ഞെടുക്കുന്നത്. ആറു വര്‍ഷമാണ് രാജ്യസഭ എംപിമാരുടെ കാലാവധി. ലോക്സഭയിലും രാജ്യസഭയിലും പുതിയ അംഗങ്ങള്‍ ഒരേ സമയമെത്തില്ല. അംഗങ്ങളുടെ കാലാവധി പൂര്‍ത്തിയാകുന്നതിനനുസരിച്ചായിരിക്കും പുതിയ അംഗങ്ങളെ തെരഞ്ഞെടുക്കല്‍. 

click me!