കോണ്‍ഗ്രസിനേറ്റ പ്രഹരം കഠിനം; തോറ്റത് ഒമ്പത് മുന്‍ മുഖ്യമന്ത്രിമാര്‍

By Web TeamFirst Published May 25, 2019, 1:27 PM IST
Highlights

സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസിന്‍റെ സ്വാധീനം കുറയുന്നതാണ് അതികായരായ മുന്‍ മുഖ്യമന്ത്രിമാരുടെ തോല്‍വിയെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നു. 

ദില്ലി: ലോക്സഭ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ ചരിത്രത്തിലെ കനത്ത പരാജയമേറ്റു വാങ്ങിയ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളില്‍ ഒമ്പത് പേര്‍ മുന്‍മുഖ്യമന്ത്രിമാര്‍. സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസിന്‍റെ സ്വാധീനം കുറയുന്നതാണ് അതികായരായ മുന്‍ മുഖ്യമന്ത്രിമാരുടെ തോല്‍വിയെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നു. തെരഞ്ഞെടുപ്പില്‍ 52 സീറ്റ് മാത്രമാണ് കോണ്‍ഗ്രസ് നേടിയത്. കേരളം, തമിഴ്നാട്, പഞ്ചാബ് സംസ്ഥാനങ്ങളില്‍ മാത്രമാണ് കോണ്‍ഗ്രസിന് കാര്യമായ ചലനമുണ്ടാക്കിയത്. ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ പോലും സംപൂജ്യരായ അവസ്ഥയിലെത്തി. 

ഷീല ദീക്ഷിത്
മൂന്ന് തവണ രാജ്യതലസ്ഥാനത്തിന്‍റെ റാണിയായിരുന്നു ഷീല ദീക്ഷിത്. 2014ന് ശേഷം ദില്ലിയില്‍ തകര്‍ന്നടിഞ്ഞ കോണ്‍ഗ്രസിന്‍റെ നേതാവും ഇപ്പോഴും ഷീല തന്നെ. ഇത്തവണയും ഷീല ദീക്ഷിത് മത്സരരംഗത്തുണ്ടായിരുന്നു. എന്നാല്‍, ബിജെപിയുടെ മനോജ് തിവാരിയോട് തോറ്റത് മൂന്ന് ലക്ഷത്തിലേറെ വോട്ടിന്. രാഹുലും പ്രിയങ്കയും ഷീല ദീക്ഷിതിന് വേണ്ടി രംഗത്തിറങ്ങിയെങ്കിലും ഫലമുണ്ടായില്ല. ദില്ലിയില്‍ എഎപിയുമായുള്ള സഖ്യനീക്കത്തിന് ഉടക്കുവെച്ചതും ഷീല ദീക്ഷിത് തന്നെ.

ഭുപീന്ദര്‍ സിംഗ് ഹൂഡ
ഹരിയാനയില്‍ കോണ്‍ഗ്രസിന്‍റെ മുഖമായിരുന്നു ഭുപീന്ദര്‍ സിംഗ് ഹൂഡ. 2005 മുതല്‍ 2014വരെ മുഖ്യമന്ത്രിയായി. എന്നാല്‍, ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ സോനിപത്തില്‍ ബിജെപി സിറ്റിങ് എംപി 
രമേശ് ചന്ദര്‍ കൗശിക്കിനോട് ഒന്നരലക്ഷത്തിലേറെ വോട്ടിന് തോറ്റു.മകന്‍ ദീപേന്ദറും റോഹ്തക്കില്‍ തോറ്റു. 

ഹരീഷ് റാവത്ത്
ഉത്തരാഖണ്ഡിലെ കോണ്‍ഗ്രസ് മുഖ്യമന്ത്രിയായിരുന്ന ഹരീഷ് റാവത്തിനും ഇക്കുറി രക്ഷയുണ്ടായില്ല. പുതുമുഖമായ അജയ് ഭട്ടിനോടാണ് 3.39 ലക്ഷം വോട്ടിന് ഹരീഷ് റാവത്ത് തോറ്റത്. 2016ലാണ് ഹരീഷ് റാവത്തിന് അധികാരം നഷ്ടമാകുന്നത്. 

 

ദിഗ് വിജയ് സിംഗ്
ഈ തെരഞ്ഞെടുപ്പിലെ ഏറ്റവും ഗ്ലാമര്‍ മണ്ഡലങ്ങളിലൊന്നായിരുന്നു ഭോപ്പാല്‍. മാലേഗാവ് സ്ഫോടനക്കേസ് പ്രതി പ്രഗ്യാ സിങ് ഠാക്കൂറിനെയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയും മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായ ദിഗ് വിജയ് സിംഗിനെതിരെ ബിജെപി രംഗത്തിറക്കിയത്. ബിജെപിയുടെ നീക്കം ഫലം കണ്ടു. ദിഗ് വിജയ് സിംഗിന്‍റെ 'കാവി ഭീകരത' എന്ന പ്രയോഗം ഉയര്‍ത്തിക്കാട്ടി ബിജെപി നടത്തിയ പ്രചാരണത്തില്‍ മുന്‍ മുഖ്യന് അടിതെറ്റി. 3.6 ലക്ഷം വോട്ടിനായിരുന്നു പരാജയം. 

വീരപ്പ മൊയ്ലി
കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും ഇക്കുറി ബിജെപി തേരോട്ടത്തില്‍ വീണു. ചിക്കബെല്ലാപൂരില്‍ രണ്ട് തവണ എംപിയായിരുന്ന മൊയ്ലിക്ക് ഇക്കുറി ബിജെപിയുടെ ബിഎന്‍ ബച്ചെഗൗഡക്ക് മുന്നില്‍ അടിതെറ്റി. 1.82 ലക്ഷം വോട്ടിനാണ് വീരപ്പ മൊയ്ലിയും തോറ്റത്. 

സുശീല്‍കുമാര്‍ ഷിന്‍ഡെ
മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയായിരുന്ന സുശീല്‍ കുമാര്‍ ഷിന്‍ഡെ ഇത് തന്‍റെ അവസാന തെരഞ്ഞെടുപ്പായിരിക്കുമെന്ന് നേരത്തെ പ്രവചിച്ചിരുന്നു. എന്നാല്‍, തോല്‍വിയോടെ വിടവാങ്ങാനായിരുന്നു വിധി. സോലാപുരില്‍ ബിജെപിയുടെ ജയ്സിദ്ദേശ്വറിന് മുന്നില്‍ ഷിന്‍ഡെയും വീണു. വഞ്ചിത് ബഹുജന്‍ പാര്‍ട്ടിയും എഐഎംഐഎം സഖ്യത്തിന്‍റെ സ്വാധീനമാണ് ഷിന്‍ഡെക്ക് തിരിച്ചടിയായത്. 

 

അശോക് ചവാന്‍
മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയായ അശോക് ചവാന്‍ 40000 വോട്ടുകള്‍ക്കാണ് ഇത്തവണ നന്ദെഡ് സീറ്റില്‍ തോറ്റത്. കഴിഞ്ഞ തവണ വന്‍ ഭൂരിപക്ഷത്തില്‍ ചവാന്‍ ജയിച്ച മണ്ഡലമാണ് നന്ദെഡ്. കോണ്‍ഗ്രസ് ഏറെ പ്രതീക്ഷിച്ച മണ്ഡലമായിരുന്നു ഇത്. ഏറെ വിവാദമായ ആദര്‍ശ് കുംഭകോണത്തെ തുടര്‍ന്ന് രാജിവച്ച മുഖ്യമന്ത്രിയാണ് അശോക് ചവാന്‍. 

നബാം തുകി
രണ്ട് തവണ അരുണാചല്‍പ്രദേശില്‍ മുഖ്യമന്ത്രി പദം വഹിച്ച നബാം തുകിക്കും ഇക്കുറി രക്ഷയുണ്ടായില്ല. അരുണാചല്‍ വെസ്റ്റ് മണ്ഡലത്തില്‍ കിരണ്‍ റിജുജുവിനോട് 1.74 ലക്ഷം വോട്ടുകള്‍ക്കാണ് പരാജയമറിഞ്ഞത്. കോണ്‍ഗ്രസിലെ ആഭ്യന്തര കലഹം കാരണം 2016ലാണ് തുകിക്ക് മുഖ്യമന്ത്രി പദം നഷ്ടമാകുന്നത്. 

മുകുള്‍ സാങ്മ
മേഖാലയ മുന്‍ മുഖ്യമന്ത്രിയായ മുകുള്‍ സാങ്മ തന്‍റെ ചിരകാല വൈരി പിഎ സാങ്മയുടെ മകള്‍ അഗത സാങ്മയോടാണ് 64030 വോട്ടിന് പരാജയമറിഞ്ഞത്. തുറ മണ്ഡലത്തിലായിരുന്നു തീപാറും പോരാട്ടം. 1993ന് ശേഷം ആദ്യമായാണ് മുകുള്‍ സാങ്മ തെരഞ്ഞെടുപ്പില്‍ തോല്‍ക്കുന്നത്. 2010 മുതല്‍ 2018വരെ മേഘാലയുടെ മുഖ്യമന്ത്രിയായിരുന്നു മുകുള്‍ സാങ്മ.

click me!