കോണ്‍ഗ്രസിനെ പുണര്‍ന്ന് തോട്ടം മേഖല; വീണ്ടും ശക്തി തെളിയിച്ച് ട്രേഡ് യൂണിയനുകള്‍

By Web TeamFirst Published May 25, 2019, 11:46 AM IST
Highlights

തെരഞ്ഞെടുപ്പില്‍ മത്സരിച്ച പൊമ്പിളൈ ഒരു സമരനേതാവ് ഗോമതി അഗസ്റ്റിന് രണ്ടായിരത്തില്‍ താഴെ വോട്ടുമാത്രമാണ് ലഭിച്ചത്. തമിഴ്‌നാട്ടിലെ പ്രാദേശിക പാര്‍ട്ടിയായ വിടുതലൈ ചിറുത്തൈകള്‍ക്കും കാര്യമായ നേട്ടമുണ്ടാക്കാനായില്ല.

തൊടുപുഴ: കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ ഡീന്‍ കുര്യോക്കോസിനെ അമ്പരപ്പിക്കുന്ന വിജയത്തിലേക്ക് നയിക്കുന്നതില്‍ തോട്ടം മേഖലയുടെ പങ്ക് നിര്‍ണായകം. ദേവികുളം നിയോജക മണ്ഡലത്തിലെ പ്രദേശങ്ങളില്‍ ഉള്‍പ്പെടുന്ന എസ്റ്റേറ്റ് പ്രദേശങ്ങളില്‍ ഡീന്‍ കുര്യോക്കോസിന് വന്‍ പിന്തുണ ലഭിച്ചുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. എസ്റ്റേറ്റിലെ തൊഴിലാളികളില്‍ വലിയൊരു പങ്ക് കോണ്‍ഗ്രസിന് വോട്ടു ചെയ്തു. മണ്ഡലത്തിലെ മിക്കു ബൂത്തുകളിലും കോണ്‍ഗ്രസ് മുന്നിട്ടു നിന്നു.

പൊമ്പിളൈ ഒരുമ സമരകാലഘട്ടത്ത് ട്രേഡ് യൂണിയനുകളെ കൈവിട്ട തൊഴിലാളികള്‍ വീണ്ടും ട്രേഡ് യൂണിയനുകളിലേക്ക് ചേക്കേറുന്നതിന്‍റെ പ്രതിഫലനമാണ് തെരഞ്ഞെടുപ്പില്‍ കണ്ടത്. തെരഞ്ഞെടുപ്പില്‍ മത്സരിച്ച പൊമ്പിളൈ ഒരു സമരനേതാവ് ഗോമതി അഗസ്റ്റിന് രണ്ടായിരത്തില്‍ താഴെ വോട്ടുമാത്രമാണ് ലഭിച്ചത്. തമിഴ്‌നാട്ടിലെ പ്രാദേശിക പാര്‍ട്ടിയായ വിടുതലൈ ചിറുത്തൈകള്‍ക്കും കാര്യമായ നേട്ടമുണ്ടാക്കാനായില്ല. കോണ്‍ഗ്രസ് ട്രേഡ് യൂണിയനുകളായ ഐ.എന്‍.ടി.യു.സിയുവിനും കെ.പി.സി.സി വൈസ് പ്രസിഡന്‍റായ എ.കെ.മണി നേതൃത്വം നല്‍കുന്ന സൗത്ത് ഇന്ത്യന്‍ പ്ലാന്‍റേഷന്‍ വര്‍ക്കേഴ്‌സ് യൂണിയനും തിരഞ്ഞെടുപ്പ് ഫലം മികച്ച നേട്ടമായി.

കഴിഞ്ഞ മൂന്നു നിയമസഭാ തിരിഞ്ഞെടുപ്പുകളിലും പിന്നോക്കം പോയ മേഖലകളില്‍ കോണ്‍ഗ്രസ് ഇത്തവണ ശക്തമായ പ്രകടനമാണ് കാഴ്ചവച്ചത്. ഇടുക്കിയിലെ തെരഞ്ഞെടുപ്പുകളില്‍ നിര്‍ണായക വോട്ടായി മാറുന്ന തോട്ടം തൊഴിലാളികളും കര്‍ഷകരിലും നല്ലൊരു വിഭാഗം കോണ്‍ഗ്രസിനെ പിന്തുണയ്ക്കുന്നതാണ് കണ്ടത്. ഇടുക്കി മണ്ഡലം രൂപീകൃതമായതിനു ശേഷം നടന്ന പന്ത്രണ്ടു തിരഞ്ഞെടുപ്പുകളില്‍ എട്ടാം തവണയാണ് കോണ്‍ഗ്രസ് ഇവിടെ വെന്നിക്കൊടി പാറിക്കുന്നത്.

തോട്ടം മേഖലയിലെ ഇടതുപക്ഷത്തിന്‍റെ നല്ലൊരു ഭാഗവും ഇത്തവണ കോണ്‍ഗ്രസിലേക്ക് പോയതായാണ് കണക്കുകള്‍ തെളിയിക്കുന്നത്. കഴിഞ്ഞ തവണ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായ ജോയ്‌സ് ജോര്‍ജ് നേടിയ വോട്ടുപോലും ഇത്തവണ ഇടതുപക്ഷത്തിന് നേടാനായില്ല. ജോയ്‌സ് കഴിഞ്ഞ തവണ നേടിയത് 3,82,019 വോട്ടായിരുന്നെങ്കില്‍ ഇത്തവണ നേടിയത് 3,27,440 വോട്ടു മാത്രമാണ്. 54,579 വോട്ടിന്റെ കുറവ്.

click me!