പ്രസംഗത്തില്‍ പുല്‍വാമയും ബാലാകോട്ടും; മോദിക്കെതിരെ നടപടിയെന്ന് സൂചന

By Web TeamFirst Published Apr 24, 2019, 4:57 PM IST
Highlights

പുല്‍വാമ ഭീകരാക്രമണത്തില്‍ രക്തസാക്ഷികളായവര്‍ക്കും ബാലാകോട്ടില്‍ തിരിച്ചടി നല്‍കിയവര്‍ക്കുമാകട്ടെ നിങ്ങളുടെ വോട്ടുകള്‍ എന്നായിരുന്നു മോദിയുടെ പ്രസംഗം.

ദില്ലി: തെരഞ്ഞെടുപ്പ് പ്രചാരണ വേദികളില്‍ പുല്‍വാമ ഭീകരാക്രമണവും ബാലാകോട്ട് മിന്നലാക്രമണവും  പരാമര്‍ശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ നടപടി വന്നേക്കുമെന്ന് സൂചന നല്‍കി തെരഞ്ഞെടുപ്പ് കമ്മീഷന്‍. പ്രധാനമന്ത്രിക്കെതിരെയുള്ള പരാതികള്‍ അന്വേഷിക്കുകയാണെന്നും വിവരങ്ങള്‍ ശേഖരിക്കുകയാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ വൃത്തങ്ങള്‍ ദേശീയമാധ്യമങ്ങളെ അറിയിച്ചു. ചട്ടലംഘനം കണ്ടെത്തിയാല്‍  തെരഞ്ഞെടുപ്പ് അവസാനിക്കുന്നതിന് മുമ്പ് നടപടി സ്വീകരിക്കും. 

മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പ് റാലിക്കിടെയാണ് മോദി ആദ്യമായി പുല്‍വാമ ഭീകരാക്രമണവും ബാലാകോട്ട് മിന്നലാക്രമണവും രാഷ്ട്രീയ വിഷയമാക്കിയത്. പുല്‍വാമ ഭീകരാക്രമണത്തില്‍ രക്തസാക്ഷികളായവര്‍ക്കും ബാലാകോട്ടില്‍ തിരിച്ചടി നല്‍കിയവര്‍ക്കുമാകട്ടെ നിങ്ങളുടെ വോട്ടുകള്‍ എന്നായിരുന്നു മോദിയുടെ പ്രസംഗം. ഇതിനെതിരെ സിപിഎം തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു. എന്നാല്‍, തുടര്‍ന്നും  നിരവധി വേദികളില്‍ മോദി സൈനിക നടപടി സര്‍ക്കാറിന്‍റെ നേട്ടമാണെന്ന തരത്തില്‍ സംസാരിച്ചിരുന്നു.

ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവരും സൈന്യത്തെ രാഷ്ട്രീയവത്കരിച്ച് വിവിധ വേദികളില്‍ പ്രസംഗിച്ചിരുന്നു. സൈന്യത്തിന്‍റെ നേട്ടങ്ങള്‍ ബിജെപി രാഷ്ട്രീയമായി ഉപയോഗിക്കുന്നുവെന്ന് പ്രതിപക്ഷം വിമര്‍ശനമുന്നയിച്ചിരുന്നു. സൈന്യത്തെ 'മോദിയുടെ സേന' എന്ന് യോഗി ആദിത്യനാഥ് വിശേഷിപ്പിച്ചതില്‍ പ്രതിഷേധിച്ച് വിരമിച്ച സൈനിക മേധാവികള്‍ പ്രസിഡന്‍റിന് കത്ത് നല്‍കിയത് വിവാദമായിരുന്നു.

click me!