ബാലന് പകരം ഭാര്യ ജമീല സ്ഥാനാര്‍ത്ഥിയാവുന്നതിൽ തരൂരിൽ സിപിഎമ്മിൽ അതൃപ്തി

By Web TeamFirst Published Mar 6, 2021, 7:21 AM IST
Highlights

അപ്രതീക്ഷിതമായിരുന്നു ഡോ. പി കെ ജമീലയുടെ സ്ഥാനാർത്ഥിത്വം. കുഴൽമന്ദം, തരൂർ എന്നിവിടങ്ങളിൽ നിന്നായി നാലുതവണ സഭയിലെത്തിയ എ.കെ.ബാലന്റെ ടേം പൂ‍ർത്തിയായതോടെ മത്സര രംഗത്തുണ്ടാവില്ലെന്ന് ഉറപ്പുണ്ടായിരുന്നു. 

പാലക്കാട്: തരൂരിൽ എ കെ ബാലന് പകരം ഭാര്യ ഡോ. പി കെ ജമീല സ്ഥാനാർത്ഥിയാവുന്നതിൽ പാലക്കാട് തരൂരിലെ പാർട്ടി പ്രവർത്തകർക്കിടയിൽ അതൃപ്തി പുകയുന്നു. പട്ടികജാതി ക്ഷേമസമിതിയിൽ ഉൾപ്പെടെ അർഹരായ നേതാക്കളുണ്ടെന്നിരിക്കെ, ജമീലയെ കെട്ടിയിറക്കുന്നത് ദോഷംചെയ്യുമെന്നാണ് ഒരു വിഭാ​ഗം ഉയർത്തുന്ന വാദം.

അപ്രതീക്ഷിതമായിരുന്നു ഡോ. പി കെ ജമീലയുടെ സ്ഥാനാർത്ഥിത്വം. കുഴൽമന്ദം, തരൂർ എന്നിവിടങ്ങളിൽ നിന്നായി നാലുതവണ സഭയിലെത്തിയ എ.കെ.ബാലന്റെ ടേം പൂ‍ർത്തിയായതോടെ മത്സര രംഗത്തുണ്ടാവില്ലെന്ന് ഉറപ്പുണ്ടായിരുന്നു. തരൂരിൽ പി.കെ.എസ് ജില്ലാ അധ്യക്ഷൻ പൊന്നുക്കുട്ടൻ, ജില്ല പഞ്ചായത്ത് മുൻ പ്രസിഡന്റ് അഡ്വ. ശാന്തകുമാരി, എന്നിവരുടെ പേരാണ് ആദ്യഘട്ടത്തിൽ പരിഗണിക്കപ്പെട്ടത്. എന്നാൽ സംസ്ഥാന നേതൃത്വത്തിന്റെ നിർദ്ദേശപ്രകാരമെന്നോണം ജില്ല സെക്രട്ടേറിയേറ്റിൽ ഡോ. പി.കെ ജമീലയുടെ പേര് അവതരിപ്പിക്കപ്പെട്ടു. 

സെക്രട്ടേറിയേറ്റിൽ ഒരുവിഭാഗം നിർദ്ദേശത്തിനെതിരെ കടുത്ത വിമർശനം ഉന്നയിച്ചു. ആരോഗ്യവകുപ്പിൽ നിന്ന് വിരമിച്ചയാളാണെങ്കിലും സംഘടനാപ്രവർത്തനം ഇല്ലാത്തയാളെ സിപിഎം കോട്ടയിൽ സ്ഥാനാർത്ഥിയാക്കുന്നതിനായിരുന്നു വിമർശനം. വാർത്ത പുറത്തുവന്നതിന് പിന്നാലെ, വിവാദത്തിന് പുറകിൽ ഗൂഢാലോചയെന്ന വാദം നിരത്തി എ കെ ബാലൻ രംഗത്തെത്തിയിരുന്നു. ജില്ല ഘടകത്തിന്റെ എതി‍ർപ്പ് മറികടന്ന് സംസ്ഥാന സമിതിയിൽ ജമീലയെ തീരുമാനിക്കുന്നതോടെ വരും ദിവസങ്ങളിൽ പാർട്ടിക്കുളളിലെ ഭിന്നത മറനീക്കി പുറത്തുവരുമെന്നാണ് സൂചന.

click me!