"കള്ളവോട്ട് ചെയ്യുന്നത് യഥാർത്ഥ യു.ഡി.എഫ്‌ രീതിയല്ല" വിടി ബലറാമിനെ ട്രോളി പിവി അന്‍വര്‍

By Web TeamFirst Published May 4, 2019, 12:30 PM IST
Highlights

 "കള്ളവോട്ട് ചെയ്യുന്നത് യഥാർത്ഥ യു.ഡി.എഫ്‌ രീതിയല്ല. ഈ കാലഘട്ടത്തിൽ വലത്‌ പക്ഷത്തിന് നേരെ ഇങ്ങനെയൊരു ആക്ഷേപമുയരുന്നത് ഫാഷിസ്റ്റുകൾക്ക് വളമാകും.

പൊന്നാനി: കഴിഞ്ഞ ദിവസമാണ് സോഷ്യല്‍ മീഡിയയില്‍ തൃത്താല എംഎല്‍എ വിടി ബലറാമും, നിലമ്പൂര്‍ എംഎല്‍എയും പൊന്നാനിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ പിവി അന്‍വറും തമ്മില്‍ കൊമ്പുകോര്‍ത്തത്. തന്‍റെ മണ്ഡലത്തില്‍ പ്രളയത്തില്‍ തകര്‍ന്ന ഒരു വീട് പുനര്‍നിര്‍മിച്ച് നല്‍കിയ സന്തോഷം പങ്കുവച്ചതിനൊപ്പം തൃത്താല മണ്ഡലത്തിലുള്ള 23 കുടുംബങ്ങള്‍ക്ക് വീടില്ലാത്ത വാര്‍ത്തയും ചേര്‍ത്ത് പിവി അന്‍വറിട്ട കുറിപ്പാണ് കമന്‍റ് യുദ്ധത്തിന് തുടക്കം കുറിച്ചത്.

'ഫേസ്‌ബുക്കിൽ നിന്ന് പുറത്തിറങ്ങി, ചുറ്റുമുള്ള സഹജീവികളുടെ പ്രശ്നങ്ങൾ പഠിക്കാൻ പലർക്കും സമയമില്ല.അയൽവക്കക്കാരുടെ അടുക്കളയിലെ വിശേഷങ്ങൾ തിരക്കി ട്രോളാക്കി,ലൈക്കുകൾ വാരി കൂട്ടുന്നതിനിടയിൽ,സ്വന്തം വീട്ടിലെ അവസ്ഥയും വല്ലപ്പോഴും അന്വേഷിക്കാൻ ഇത്തരക്കാർ കൂട്ടാക്കണം.തൊഴിലാളി ആയാലും മുതലാളി ആയാലും,ഈ നാട്ടിലെ സാധാരണക്കാരായ ജനങ്ങൾക്ക്‌ വേണ്ടി അവരിൽ ഒരാളായി,അവർക്കൊപ്പം നിലയുറപ്പുക്കാൻ എനിക്ക്‌ നന്നായി അറിയാം.' എന്ന കുറിപ്പിലെ ഭാഗമാണ് ബല്‍റാമിനെ പ്രകോപിപ്പിച്ചത്.

തുടര്‍ന്ന് വലിയ കമന്‍റ് യുദ്ധം തന്നെ നടന്നു. ഈ സംഭവത്തിന് ശേഷം ഇപ്പോള്‍ വീണ്ടും വിടി ബലറാമിനെ ട്രോളി പിവി അന്‍വര്‍ എംഎല്‍എ രംഗത്ത് എത്തി. കഴിഞ്ഞ ദിവസം മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ കാസര്‍കോട് മണ്ഡലത്തില്‍ കള്ളവോട്ട് ചെയ്തു എന്നത് സ്ഥിരീകരിച്ച മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ വാര്‍ത്ത ഷെയര്‍ ചെയ്താണ് ട്രോള്‍. 

പിവി അന്‍വര്‍ ഇങ്ങനെ പറയുന്നു, "കള്ളവോട്ട് ചെയ്യുന്നത് യഥാർത്ഥ യു.ഡി.എഫ്‌ രീതിയല്ല. ഈ കാലഘട്ടത്തിൽ വലത്‌ പക്ഷത്തിന് നേരെ ഇങ്ങനെയൊരു ആക്ഷേപമുയരുന്നത് ഫാഷിസ്റ്റുകൾക്ക് വളമാകും.ഈ സർക്കാരിന് മുൻപ്‌ ഭരിച്ച മുഖ്യന്റെ അഞ്ച്‌ വർഷത്തെ(സോളാർ ഉൾപ്പെടെ)എല്ലാം തികഞ്ഞ ഭരണം മാത്രം മതി ഇരുപതിൽ ഇരുപത് സീറ്റും വലതുപക്ഷത്തിന് തൂത്തുവാരാൻ എന്ന് മനസ്സിലാക്കാൻ യു.ഡി.എഫ്‌ പ്രവർത്തകർക്ക് കഴിയേണ്ടതാണ്."- ലെ ആസ്ഥാന ഫേസ്‌ ബുക്ക്‌ ബുദ്ധിജീവി.

നേരത്തെ കാസര്‍കോട് മണ്ഡലത്തിലെ പിലാത്തറയിലെ സിപിഎം പ്രവര്‍ത്തകരുടെ കള്ളവോട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കണ്ടെത്തിയതിന് പിന്നാലെ വിടി ബലറാം ഇട്ട ഫേസ്ബുക്ക് പോസ്റ്റാണ് പിവി അന്‍വര്‍ തിരിച്ച് ട്രോളിയത്. അന്ന് വിടി ബലറാം ഇട്ട പോസ്റ്റ് ഇതായിരുന്നു. "കള്ളവോട്ട് ചെയ്യുന്നത് യഥാർത്ഥ കമ്മ്യൂണിസ്റ്റ് രീതിയല്ല. ഈ കാലഘട്ടത്തിൽ ഇടതുപക്ഷത്തിന് നേരെ ഇങ്ങനെയൊരു ആക്ഷേപമുയരുന്നത് ഫാഷിസ്റ്റുകൾക്ക് വളമാകും. മാനവരിൽ മഹോന്നതനായ നവോത്ഥാന നായകന്റെ ആയിരം ദിവസത്തെ എല്ലാം തികഞ്ഞ ഭരണം മാത്രം മതി ഇരുപതിൽ ഇരുപത് സീറ്റും ഇടതുപക്ഷത്തിന് തൂത്തുവാരാൻ എന്ന് മനസ്സിലാക്കാൻ കമ്മ്യൂണിസ്റ്റ് പാർടി പ്രവർത്തകർക്ക് കഴിയേണ്ടതാണ്." - ലെ ആസ്ഥാന ബുദ്ധിജീവി

click me!