രാജേഷിനെ തുണച്ചത് വിഎസ് മാത്രം; കോങ്ങാടും ഷൊറണൂരും ഒറ്റപ്പാലവും ചതിച്ചു

By Web TeamFirst Published May 23, 2019, 5:50 PM IST
Highlights

വിഎസ് അച്യുതാനന്ദന്‍റെ മണ്ഡലമായ മലമ്പുഴ ഒഴികെയുള്ള ഇടതുപക്ഷ ലീഡ് നില നന്നേ കുറഞ്ഞത് രാജേഷിന് തിരിച്ചടിയായി.

പാലക്കാട്: 2014ല്‍ യുഡിഎഫ് ശക്തനായ വീരേന്ദ്രകുമാറിനെ ഒരുലക്ഷത്തില്‍പരം വോട്ടുകള്‍ക്ക് കെട്ടുകെട്ടിച്ച എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എംബി രാജേഷിനെ ഇത്തവണ ചതിച്ചത് ഇടതുകോട്ടകളിലെ വോട്ടു ചോര്‍ച്ച. വിഎസ് അച്യുതാനന്ദന്‍റെ മണ്ഡലമായ മലമ്പുഴ ഒഴികെയുള്ള ഇടതുപക്ഷ ലീഡ് നില നന്നേ കുറഞ്ഞത് രാജേഷിന് തിരിച്ചടിയായി. ഇടതുകോട്ടയായി അറിയപ്പെടുന്ന കോങ്ങാട് മണ്ഡലത്തില്‍ പ്രാഥമിക വിവരമനുസരിച്ച് വെറും 400ല്‍പരം വോട്ടുകളുടെ ലീഡ് മാത്രമാണ് രാജേഷിന് ലഭിച്ചത്. കഴിഞ്ഞ വര്‍ഷം 14000ലേറെ വോട്ടുകളാണ് കോങ്ങാട് മണ്ഡലത്തില്‍ ലീഡ് ചെയ്തത്. മലമ്പുഴയില്‍ 22000 വോട്ടാണ് ഇത്തവണ ലീഡ് ലഭിച്ചത്. എന്നാല്‍ മുന്‍ തെരഞ്ഞെടുപ്പില്‍ 30000ലെറെ വോട്ടുകളായിരുന്നു ലീഡ്. ഷൊറണൂരില്‍ 15000ത്തിലേറെ വോട്ട് ലീഡുണ്ടായിരുന്ന സ്ഥാനത്ത് ഇക്കുറി നന്നേ കുറഞ്ഞു. ഒറ്റപ്പാലത്ത് കഴിഞ്ഞ തവണ 19000ലെറെ വോട്ട് ലീഡ് നേടിയപ്പോള്‍ ഇക്കുറി ഞെട്ടിക്കുന്ന കുറവാണുണ്ടായത്. 

അതേസമയം, മുസ്ലിം ലീഗിന്‍റെ കരുത്താണ് യുഡിഎഫിനും വികെ ശ്രീകണ്ഠനും തുണയായത്. മുസ്ലിം ലീഗിന്‍റെ മണ്ഡലമായ മണ്ണാർക്കാടും പട്ടാമ്പിയിലും ശ്രീകണ്ഠന് വന്‍ ലീഡ് ലഭിച്ചു. മണ്ണാർക്കാട് 30000ല്‍പരം വോട്ടുകളും പട്ടാമ്പിയില്‍ 17000ല്‍പരം വോട്ടുകളാണ് ശ്രീകണ്ഠന്‍ ലീഡ് നേടിയത്. പാലക്കാട് മണ്ഡലത്തിലും ശ്രീകണ്ഠന്‍ ലീഡ് ചെയ്തു. എംബി രാജേഷ് നാല് മണ്ഡലങ്ങളില്‍ നേടിയ ലീഡിനെ മറികടക്കാന്‍ മൂന്ന് മണ്ഡലങ്ങളിലെ ഭൂരിപക്ഷത്തിന് സാധിച്ചു. 

പാലക്കാടിലെ തോല്‍വി സിപിഎമ്മില്‍ പൊട്ടിത്തെറിക്ക് കാരണമാകും. ഉറച്ച മണ്ഡലത്തിലെ തോല്‍വി വിരല്‍ ചൂണ്ടുന്നത് വിഭാഗീയതിലേക്കാണെന്ന് ഇപ്പോഴേ ആരോപണമുയര്‍ന്നു. സംഘടനാതലത്തിലും കേരള രാഷ്ട്രീയത്തിലും വന്‍വിവാദമായ പികെ ശശി എംഎല്‍എക്കെതിരെ ഉയര്‍ന്ന ലൈംഗിക പീഡന പരാതി വീണ്ടും ചര്‍ച്ചയായകും. ഡിവൈഎഫ്ഐ വനിത നേതാവിന്‍റെ പരാതിക്ക് പിന്നില്‍ എംബി രാജേഷാണെന്ന് പികെ ശശി പാര്‍ട്ടിക്കുള്ളില്‍ ആരോപിച്ചിരുന്നു. വിവാദത്തില്‍ പാര്‍ട്ടി ജില്ല ഘടകം ശശിക്കൊപ്പം നിന്നപ്പോള്‍ എംബി രാജേഷ് നിലപാട് വ്യക്തമാക്കാതെ മാറിനില്‍ക്കാനും ശ്രദ്ധിച്ചിരുന്നു. പികെ ശശിയുടെ ശക്തി കേന്ദ്രങ്ങളായ മണ്ണാര്‍ക്കാടും കൊങ്ങാടും ഷൊറണൂരും എംബി രാജേഷിന് വോട്ട് കുറഞ്ഞതിന് പിന്നില്‍ കാരണമെന്താണെന്ന് പാര്‍ട്ടി പരിശോധിക്കേണ്ടി വരും.

click me!