യുപിയില്‍ എസ്പി- ബിഎസ്പി സഖ്യത്തിനൊപ്പം കോണ്‍ഗ്രസ് ചേര്‍ന്നാല്‍ ബിജെപിക്ക് അഞ്ച് സീറ്റ്, ചേര്‍ന്നില്ലെങ്കില്‍ 18: സര്‍വേ ഫലം

By Web TeamFirst Published Jan 24, 2019, 10:43 AM IST
Highlights

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ ഭരണത്തിലേറ്റുന്നതില്‍ വലിയ പങ്കുവഹിച്ച യുപിയില്‍ ഇത്തവണ ബിജെപിക്ക് കാലിടറുമെന്ന് സര്‍വേ ഫലങ്ങള്‍. 

ദില്ലി: കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ ഭരണത്തിലേറ്റുന്നതില്‍ വലിയ പങ്കുവഹിച്ച യുപിയില്‍ ഇത്തവണ ബിജെപിക്ക് കാലിടറുമെന്ന് സര്‍വേ ഫലങ്ങള്‍. ഇടഞ്ഞു നിന്നിരുന്ന അഖിലേഷ് യാദവും(സമാജ്‍വാദി പാര്‍ട്ടി) മായാവതി(ബഹുജന്‍ സമാജ്‍വാദി പാര്‍ട്ടി)യും ഒരുമിച്ച് നില്‍ക്കുന്നതിനൊപ്പം കോണ്‍ഗ്രസ് കൂടിയെത്തിയാല്‍ ബിജെപി അഞ്ച് സീറ്റിലേക്ക് ഒതുങ്ങുമെന്നാണ് സര്‍വേ ഫലം. ഇന്ത്യാ ടുഡെ- കാര്‍വി സര്‍വേ റിപ്പോര്‍ട്ടിലാണ് ബിജെപിക്ക് കനത്ത തിരിച്ചടിയുണ്ടാകുമെന്ന് പ്രവചിക്കുന്നത്. 

എസ്പി ബിഎസ്പി സഖ്യത്തിനൊപ്പം കോണ്‍ഗ്രസ് ചേര്‍ന്നില്ലെങ്കില്‍ ബിജെപി അപ്നാദള്‍ സഖ്യത്തിന് 18 സീറ്റുകളാണ് ലഭിക്കുക.  നിലവില്‍ തെരഞ്ഞെടുപ്പ് നടന്നാല്‍ എസ്പി- ബിഎസ്പി-യും അജിത് സിങ്ങിന്‍റെ ആര്‍എല്‍ഡിയും ചേരുന്ന സഖ്യത്തിന് 58 സീറ്റുകളാണ് ലഭിക്കുക. അതേസമയം കോണ്‍ഗ്രസ് തനിച്ച് മത്സരിച്ചാല്‍ നാല് സീറ്റുകള്‍ ലഭിക്കുമെന്നും സര്‍വേ ഫലം പറയുന്നു.

2014-ല്‍ ബിജെപി- അപ്നാദള്‍ സഖ്യത്തിന് 73 സീറ്റുകള്‍ ലഭിച്ചിടത്താണ് ഇത്തവണ 55 സീറ്റുകള്‍ നഷ്ടപ്പെടുമെന്ന പ്രവചനം വരുന്നത്. കോണ്‍ഗ്രസ് കൂടി ചേര്‍ന്നാല്‍ ബിജെപിക്ക് 68 സീറ്റുകള്‍ നഷ്ടമാകുമെന്നും സര്‍വേ പറയുന്നു. ദേശീയ തലത്തില്‍ വലിയ ചലനങ്ങളുണ്ടാക്കുന്നതായിരിക്കും യുപിയിലെ തെരഞ്ഞെടുപ്പ് ഫലം. മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തില്‍ അധികാരത്തിലേറിയ എന്‍ഡിഎയ്ക്ക് യുപി ഫലം നിര്‍ണായകമാകും. 

അതേസമയം യുപിയില്‍ ഇതുവരെ കോണ്‍ഗ്രസിനെ സഖ്യത്തില്‍ ചേര്‍ക്കാന്‍ എസ്പിയും ബിഎസ്പിയും തയ്യാറായിട്ടില്ല. ബിഎസ്പി- സഖ്യം പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. 80 സീറ്റുകളില്‍ 38 സീറ്റുകളില്‍ വീതം ഇരുപാര്‍ട്ടികളും മത്സരിക്കുമെന്ന് അഖിലേഷും മായാവതിയും ഒരുമിച്ചാണ് പ്രഖ്യാപനം നടത്തിയത്. ആര്‍എല്‍ഡിക്ക് രണ്ട് സീറ്റുകളും നല്‍കും. 

രാഹുല്‍ ഗാന്ധിയുടെ മണ്ഡലമായ അമേഠിയിലും സോണിയ ഗാന്ധിയുടെ മണ്ഡലമായ റായ്ബറേലിയിലും സ്ഥാനാര്‍ഥികളെ നിര്‍ത്തില്ലെന്നും ഇരുവരും അറിയിച്ചിട്ടുണ്ട്. സഖ്യ സാധ്യത കൈവിട്ടതോടെ എല്ലാ സീറ്റുകളിലും ഒറ്റയ്ക്ക് മത്സരിക്കാനാണ് കോണ്‍ഗ്രസിന്‍റെ നിലവിലെ തീരുമാനം. എന്നാല്‍ പ്രിയങ്ക ഗന്ധി സംഘടനാ ചുമതല ഏറ്റെടുത്ത ശേഷംസമവാക്യങ്ങളില്‍ മാറ്റമുണ്ടാകാനുള്ള സാധ്യതയും തള്ളാനാവില്ല. എസ്പിക്കും ബിഎസ്പിക്കും ഒപ്പം കോണ്‍ഗ്രസ് ചേര്‍ന്നാലും ഇല്ലെങ്കിലും യുപിയില്‍ ബിജെപിക്ക് കനത്ത തിരിച്ചടിയുണ്ടാകുമെന്നാണ് സര്‍വേ ഫലം.
 

click me!