'ഡയാലിസിസിന് ഇടയിലും ആ ചിത്രം ചെയ്യാൻ അദ്ദേഹം ആഗ്രഹിച്ചു'; ബുദ്ധദേബിനെ അനുസ്മരിച്ച് ആര്യാടൻ ഷൗക്കത്ത്

By Nithya RobinsonFirst Published Jun 10, 2021, 3:15 PM IST
Highlights

സിനിമയുടെ സിനിമാട്ടോഗ്രാഫർ മലയാളി ആകുമ്പോൾ ഒരു ധൈര്യമാണെന്ന് അദ്ദേഹം എപ്പോഴും പറയും. ബുദ്ധദ മാത്രം കേരളത്തിലേക്ക് വരാം, ബാക്കി ടെക്നീഷ്യൻസൊക്കെ മലയാളികൾ മതിയെന്നും പറയാറുണ്ടായിരുന്നു.

ബുദ്ധദേബ് ദാസ്‍ഗുപ്‍ത എന്ന വിഖ്യാത സംവിധായകന്റെ വിയോഗത്തിന്റെ വേദനയിലാണ് ഇന്ത്യന്‍ സിനിമാ ലോകം. വൃക്ക സംബന്ധമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്ന അദ്ദേഹം ഇന്ന് രാവിലെയാണ് വിടവാങ്ങിയത്. കേരളത്തെയും മലയാള സിനിമയെയും സ്‍നേഹിച്ചിരുന്ന വ്യക്തിയായിരുന്നു ബുദ്ധദേബ് ദാ. അദ്ദേഹം മലയാളത്തിൽ ഒരു സിനിമ ചെയ്യാൻ പോകുന്നുവെന്ന വാർത്ത മുന്‍പ് പുറത്തുവന്നിരുന്നു. കഥയെഴുതി സിനിമ നിർമ്മിക്കാനിരുന്നത് ആര്യാടൻ ഷൗക്കത്ത് ആയിരുന്നു. എന്നാൽ, ആ സ്വപ്‍ന സിനിമ ചെയ്യാനാകാതെ ബുദ്ധദേബ് വിടവാങ്ങിയിരിക്കുകയാണ്. ബുദ്ധദേബ് ദാസ്‍ഗുപ്‍തയെ കുറിച്ചുള്ള ഓർമ്മകൾ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനുമായി പങ്കുവയ്ക്കുകയാണ് ആര്യാടൻ ഷൗക്കത്ത്.

ബുദ്ധദേബിന്റെ ഓർമ്മയിൽ ആര്യാടൻ ഷൗക്കത്ത്

ടി വി ചന്ദ്രേട്ടനാണ് എനിക്ക് ബുദ്ധദായെ പരിചയപ്പെടുത്തി തരുന്നത്. 2003ൽ പാഠം ഒന്ന് ഒരു വിലാപം എന്ന സിനിമയുമായി ദില്ലിയിൽ ഫിലിം ഫെസ്റ്റിവലിന് പങ്കെടുക്കുമ്പോൾ ആയിരുന്നു അത്. അവിടെ നിന്നും തുടങ്ങിയൊരു ബന്ധമാണ് ഞാനും ബുദ്ധദായും തമ്മിൽ.

പാഠം ഒന്ന് ഒരു വിലാപം, ദൈവനാമത്തിൽ, വിലാപങ്ങൾക്ക് അപ്പുറം തുടങ്ങിയ എന്റെ സിനിമകൾ അദ്ദേഹം കണ്ടിരുന്നു. അവ ഫെസ്റ്റിവലുകളിൽ എത്തിക്കുന്നതിന് പ്രയത്‍നിക്കുകയും ചെയ്‍തിരുന്നു. ഫെസ്റ്റിവലിലേക്ക് എനിക്ക് വേണ്ട എല്ലാ കാര്യങ്ങളും ചെയ്‍തത് അദ്ദേഹമാണ്. മലയാള സിനിമയെ അത്രമാത്രം സ്‍നേഹിക്കുകയും മലയാളികളുടെ യഥാർത്ഥമായ ക്രിയാശേഷിയെ, സർഗാത്മകതയെ ഏറ്റവും കൂടുതൽ സ്‍നേഹിക്കുകയും ചെയ്‍തിരുന്ന ആളാണ് അദ്ദേഹം.

ഒരു മലയാള സിനിമ സംവിധാനം ചെയ്യണമെന്നത് അദ്ദേഹത്തിന്റെ ഏറ്റവും വലിയൊരു ആഗ്രഹമായിരുന്നു. 2010ലെ ഗോവ ഫെസ്റ്റിവലിലാണ് ഈ സിനിമയെ കുറിച്ച് ഞങ്ങൾ സംസാരിക്കുന്നത്. സിനിമയുടെ കഥ എഴുതി നിർമ്മിക്കാമെന്ന് ഞാൻ അറിയിക്കുകയും ചെയ്‍തു. ആ സമയത്ത് അദ്ദേഹം രണ്ട് പ്രോജക്ടുകൾ ഏറ്റെടുത്തിരുന്നതിനാൽ അതിന്റെ തിരക്കുണ്ടായിരുന്നു. അങ്ങനെയാണ് സിനിമ നീണ്ടുപോയത്. പിന്നീട് ശാരീരികമായുള്ള പ്രശ്‍നങ്ങൾ ബുദ്ധദേബിനെ അലട്ടി. കേരളത്തിൽ വന്ന് സിനിമ ചെയ്യാൻ സാധിക്കുമോ എന്ന ചിന്തകളും അദ്ദേഹത്തെ ബാധിച്ചു.

ഡയാലിസിസ് ചെയ്‍തു കൊണ്ട് സിനിമ ഷൂട്ട് ചെയ്യാൻ പറ്റുമോ എന്നും ഞങ്ങൾ ചിന്തിച്ചിരുന്നു. ഷൂട്ടിംഗ് നടക്കുന്നതിന് അടുത്ത് തന്നെ അതിനുള്ള സജ്ജീകരണങ്ങൾ ചെയ്യാൻ പറ്റുമോ എന്നൊക്കെ ആലോചിച്ചു. കാരണം അദ്ദേഹത്തിന് ആഴ്‍ചയിൽ മൂന്ന് ദിവസം ഡയാലിസിസ് ചെയ്യണമായിരുന്നു. അങ്ങനെ കുറേ കാര്യങ്ങൾ ഞങ്ങൾ പ്ലാൻ ചെയ്‍തു. പക്ഷേ, അത് വലിയ ബുദ്ധിമുട്ടായിരിക്കുമെന്ന് അദ്ദേഹം തന്നെ പിന്നീട് പറഞ്ഞു.

അന്ധതയിൽ നിന്ന് വെളിച്ചത്തിലേക്ക് എത്തുന്ന ഒരു ഉമ്മയുടെ കഥയായിരുന്നു സിനിമയുടേത്. കഥയെ പറ്റി കൃത്യമായ കാഴ്‍ചപ്പാട് അദ്ദേഹത്തിന് ഉണ്ടായിരുന്നു. ഈ സിനിമ മറ്റൊരാളെ കൊണ്ട് ചെയ്യാതിരുന്നതിന് കാരണവും ബുദ്ധദേബുമായുള്ള കമ്മിറ്റ്മെന്റ് ആണ്. അത്രയും വൈകാരികത ഈ കഥയുമായും ബുദ്ധദായുമായും എനിക്ക് ഉണ്ടായിരുന്നു.  

സിനിമാട്ടോഗ്രാഫർ മലയാളി ആകുമ്പോൾ ഒരു ധൈര്യമാണെന്ന് അദ്ദേഹം എപ്പോഴും പറയും. ബുദ്ധദാ മാത്രം കേരളത്തിലേക്ക് വരാം, ബാക്കി ടെക്നീഷ്യൻസൊക്കെ മലയാളികൾ മതിയെന്നും പറയാറുണ്ടായിരുന്നു.  സ്വന്തം സിനിമകളിൽ പോലും മലയാളികൾ വേണമെന്നൊരു ചിന്തയായിരുന്നു അദ്ദേഹത്തിന് ഉണ്ടായിരുന്നത്.

സൗഹൃദങ്ങൾ കാത്തു സൂക്ഷിക്കാൻ അദ്ദേഹം വളരെയധികം ശ്രദ്ധിച്ചിരുന്നു. ബുദ്ധദായ്ക്ക് സംസാരിക്കാൻ കഴിയില്ലെങ്കിലും അദ്ദേഹത്തോടൊപ്പം ഉള്ളവരെ കൊണ്ട് നമ്മളോട് സംസാരിപ്പിക്കും. ബന്ധങ്ങൾക്ക് വലിയ വില കൊടുത്തിരുന്ന, വലിയൊരു മനുഷ്യ സ്‍നേഹി കൂടി ആയിരുന്നു അദ്ദേഹം.

സത്യജിത് റായ്ക്ക് ശേഷം ഇന്ത്യൻ സിനിമയെ ലോകോത്തര നിലവാരത്തിലേക്ക് എത്തിക്കുന്നതിന് വലിയൊരു പങ്കുവഹിച്ച വ്യക്തിയാണ് അദ്ദേഹം. ടൊറോന്‍റോ ഫിലിം ഫെസ്റ്റിവലിലൊക്കെ ബുദ്ധദേയെ ബഹുമാനിക്കുകയും അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യുമ്പോൾ ഇന്ത്യക്കാരെന്ന നിലയിൽ വലിയൊരു ആത്മാഭിമാനം തോന്നിയിരുന്നു. എന്റെ പ്രിയപ്പെട്ട ബുദ്ധദായ്‍ക്ക് ആദരാഞ്‍ജലികള്‍.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!