'മനോഹരം' സിംപിളാണ്, ബ്യൂട്ടിഫുളും!- റിവ്യു

By MILTON P TFirst Published Sep 27, 2019, 3:41 PM IST
Highlights

വിനീത് ശ്രീനിവാസൻ നായകനായ മനോഹരം എന്ന സിനിമയുടെ റിവ്യു.

മലയാളിത്തമുള്ള ഒരു കൊച്ചു സിനിമ. മനോഹരം എന്ന സിനിമയെ ഒറ്റവാക്കില്‍ വിശേഷിപ്പിക്കാൻ പറ്റുന്ന വാചകം,  പറഞ്ഞുപതിഞ്ഞതാണെങ്കിലും അത് തന്നെയായിരിക്കും. കുടുംബപ്രേക്ഷകര്‍ക്കും യുവാക്കള്‍ക്കും ഒരുപോലെ ഇഷ്‍ടപ്പെടുന്ന തരത്തിലാണ് സിനിമ ഒരുക്കിയിരിക്കുന്നത്. മനോഹരമായ ഒരു കഥാപശ്ചാത്തലത്തിലാണ് ചിത്രം. നുറുങ്ങുതമാശകളുമായി ഉടനീളം സിനിമ പ്രേക്ഷകനെ ആസ്വദിപ്പിക്കും.

ആഖ്യാനത്തിലോ കഥ പറച്ചിലോ സമകാലീന പരീക്ഷണചിത്രങ്ങളോട് ചേര്‍ന്നുനില്‍ക്കുന്നതല്ല 'മനോഹരം'. സിനിമ നടക്കുന്ന കാലം പറയുന്നില്ലെങ്കിലും അത്രയൊന്നും വികസനമൊന്നും എത്താത്ത പഴയ മലയാള സിനിമകളെ പോലെ ചെറിയ ഒരു ഗ്രാമത്തിലാണ് 'മനോഹരം' എന്ന സിനിമ. പക്ഷേ പ്രദേശത്തിന്റെ കഥയല്ല നായകന്റെ കഥയാണ് ഫോക്കസ്. ഒപ്പം അവിടത്തെ മനോഹരമായ കാഴ്‍ചകളും. വിനീത് ശ്രീനിവാസൻ വേഷമിട്ട മനോഹരൻ തന്നെയാണ് സിനിമയുടെ നട്ടെല്ല്.

പാലക്കാട്ടെ ഒരു ഗ്രാമത്തിലാണ് 'മനോഹരം' സിനിമയായിരിക്കുന്നത്. അപകര്‍ഷതാ ബോധം വിട്ടുപോയിട്ടില്ലാത്ത ആളു തന്നെയാണ് നായകൻ. അതിഭംഗിയായി ചുമരെഴുത്തുകളും പെയ്‍ന്റിംഗും ചെയ്യുന്ന നാട്ടിൻപുറത്തുകാരനായ ആര്‍ട്ടിസ്റ്റാണ് മനു എന്ന മനോഹരൻ. മനോഹരനു കൂട്ടായി ബേസിലിന്റെ പ്രഭുവുമുണ്ട്. നിന്റെ കഴിവ് നിന്നെ വലിയ നിലയില്‍ എത്തിക്കും എന്ന് കുട്ടിക്കാലം മുതല്‍ മനുവിനോട് പറഞ്ഞുകൊണ്ടിരിക്കുകയും എല്ലാത്തിനും ഒപ്പം നില്‍ക്കുകയും ചെയ്യുന്ന സുഹൃത്ത്. പക്ഷേ 'കാലം' ചുമരെഴുത്തു മായിക്കാൻ തുടങ്ങിയതിനാല്‍ ഫ്ലക്സ് ബോര്‍ഡിനാണ് പ്രിയം. ടെക്‍നോളജി പിടിമുറുക്കിത്തുടങ്ങിയ കാലത്തും ഫോട്ടോഷോപ്പ്  പോലും അറിയാത്ത മനോഹരൻ ഫ്ലക്സ് ബോര്‍ഡ് യൂണിറ്റ് തുടങ്ങാൻ തീരുമാനിക്കുന്നു. പിന്നീടുള്ള കൊച്ചു വഴിത്തിരിവുകളിലൂടെയാണ് സിനിമ 'മനോഹര'മാകുന്നത്.

കുടുംബത്തോടൊപ്പം കണ്ടിരിക്കാവുന്ന കൊച്ചുസിനിമയായി മനോഹരത്തെ മാറ്റുന്നത് സാന്ദര്‍ഭികമായുള്ള  കുഞ്ഞു തമാശകളാണ്. വലിയ സംഘര്‍ഷങ്ങളോ ട്വിസ്റ്റുകളോ അല്ല പ്രധാനം. വിനീത് ശ്രീനിവാസന്റെ കൃത്യമായി പാകമാണ് മനോഹരൻ എന്ന കഥാപാത്രം. നിഷ്‍കളങ്കമായ ഒരു കഥാപാത്രത്തെ അതേ അര്‍ഥത്തില്‍ വിനീത് ശ്രീനിവാസൻ പ്രതിഫലിപ്പിക്കുന്നു. ബേസിലാകട്ടെ നാട്ടിൻപുറത്തുകാരൻ യുവാവായി ചടുലത കാട്ടുന്നു. മറ്റൊരു കഥാപാത്രം ഹരീഷ് പേരടിയുടേതാണ്.  നെഗറ്റീവ് ഷെയ്‍ഡുള്ളതെങ്കിലും കയ്യടി കിട്ടുന്ന തരത്തിലാണ് ഹരീഷ് പേരടിയുടെ കഥാപാത്രം. ഇന്ദ്രൻസ്, ദീപക് പറമ്പോല്‍, വി കെ പ്രകാശ്, നന്ദിനി, ശ്രീലക്ഷ്‍മി, ഡല്‍ഹി ഗണേഷ് തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളായി എത്തിയിരിക്കുന്നത്.  അപര്‍ണാ ദാസാണ് നായിക. നായകനു ചേരുന്ന നായികയായി അപര്‍ണാ ദാസ് സിനിമയില്‍ ചേര്‍ന്നുനില്‍ക്കുന്നു.

പാലക്കാട്ടെ നാട്ടിൻപുറം മനോഹരമായിതന്നെ ഛായാഗ്രാഹകൻ പകര്‍ത്തിയിരിക്കുന്നു. സിനിമയുടെ സ്വഭാവത്തിനു ചേര്‍ന്നു തന്നെയാണ് ക്യാമറ. ഓര്‍മ്മയുണ്ടോ മുഖം എന്ന സിനിമയ്‍ക്ക് ശേഷം രണ്ടാമതും വിനീത് ശ്രീനിവാസനുമായി ചേരുമ്പോള്‍  സംവിധായകൻ അൻവര്‍ സാദിഖ് പ്രേക്ഷകനെ നിരാശപ്പെടുത്തില്ല.

 

click me!