'അത് ഗുണകരമാകില്ല'; സംസ്ഥാന സർക്കാരിന്റെ ഒടിടി പ്ലാറ്റ്ഫോമിനെതിരെ അടൂർ ഗോപാലകൃഷ്ണൻ

By Web TeamFirst Published Jul 3, 2021, 9:18 AM IST
Highlights

സർക്കാരിന്റെ ഒടിടി പ്ലാറ്റ്ഫോം നിർമ്മാതാക്കൾക്ക് ഗുണമാകില്ലെന്ന് അടൂർ പറഞ്ഞു. സർക്കാരിന് തിയേറ്ററുകൾ എന്തിനാണെന്നും അദ്ദേഹം ചോദിച്ചു

തിരുവനന്തപുരം: സിനിമാ റിലീസിനായി സംസ്ഥാന സർക്കാർ തുടങ്ങുന്ന ഒടിടി പ്ലാറ്റ്ഫോമിനെതിരെ അടൂർ ഗോപാലകൃഷ്ണൻ. സിനിമക്കോ നിർമ്മാതാക്കൾക്കോ ഗുണമില്ലാത്ത തീരുമാനം ആണിതെന്ന് അടൂർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 80-ാം പിറന്നാൾ ദിവസം ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മോഹൻലാലുമൊത്തുള്ള ഒരു സിനിമ സംഭവിക്കാമെന്നും എന്നാൽ നടന് വേണ്ടിയല്ല താൻ സിനിമ നിർമ്മിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

സർക്കാരിന്റെ ഒടിടി പ്ലാറ്റ്ഫോം നിർമ്മാതാക്കൾക്ക് ഗുണമാകില്ലെന്ന് അടൂർ പറഞ്ഞു. സർക്കാരിന് തിയേറ്ററുകൾ എന്തിനാണെന്നും അദ്ദേഹം ചോദിച്ചു. രാജ്യത്ത് ആദ്യമായാണ് സംസ്ഥാന സർക്കാർ മുൻകൈ എടുത്ത് സിനിമാ റിലീസിനായി ഒടിടി പ്ലാറ്റ്ഫോം തുടങ്ങുന്നത്. കേരളപ്പിറവി ദിനത്തിൽ ഒടിടി പ്ലാറ്റ്ഫോം തുടങ്ങുമെന്ന് പ്രഖ്യാപിച്ചിരിക്കെയാണ് എതിർപ്പുമായി അടുർ ഗോപാലകൃഷ്ണൻ എത്തിയത്. പണ്ട് താൻ കൊടിയേറ്റം സിനിമ റിലീസ് ചെയ്യുന്നതിന് ബുദ്ധിമുട്ടി. ഇപ്പോൾ ആ സ്ഥിതി അനുഭവിക്കുന്നവർക്ക് തീയറ്റർ റിലീസിനായി സൗകര്യമൊരുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

 2016ലാണ് അടൂർ അവസാനമായി സിനിമ ചെയ്തത്. ഇനിയും തന്റെ സിനിമ പ്രതീക്ഷിക്കാമെന്ന് വിഖ്യാത സംവിധായകൻ വ്യക്തമാക്കി. മോഹൻലാലുമൊത്ത് ഒരു സിനിമ സംഭവിക്കാമെന്ന് പറഞ്ഞ അദ്ദേഹം താൻ സിനിമയെടുക്കുന്നത് നടന് വേണ്ടിയല്ലെന്നും പറഞ്ഞു. കേരളത്തിന്റെ അന്താരാഷ്ട്ര ചലച്ചിത്രമേളക്ക് പ്രത്യേക കോംപ്ലസ് വേണ്ടെന്നും ഇപ്പോഴുള്ള തീയറ്ററുകളിൽ സിനിമ പ്രദർശിപ്പിച്ചാൽ മതിയെന്നും അദ്ദേഹം പറഞ്ഞു.

click me!