തലമുറകള്‍ക്കായുള്ള വയലിന്‍ മായാജാലം നാല്‍പതാം വയസില്‍ തീര്‍ത്ത് ബാലുവിന്റെ മടക്കം

By Web TeamFirst Published Oct 2, 2018, 9:10 AM IST
Highlights

നാല്‍പതു വയസില്‍ നാലു തലമുറകള്‍ക്കായുള്ള വയലിന്‍ മായാജാലം തീര്‍ത്താണ് ബാലഭാസ്കര്‍ യാത്രയാവുന്നത്. സംഗീതജ്ഞനാവാന്‍ സിനിമയില്‍ പേരെടുക്കണമെന്ന പൊതുബോധത്തിന് വെളിയില്‍  വേദികളില്‍ നിറഞ്ഞു നിന്നിരുന്ന ബാലഭാസ്ക്കർ വേദിയിലെത്തിയാൽ ആസ്വാദകർ എല്ലാം മറക്കും. വിരലില്‍ തീര്‍ക്കുന്ന ഇന്ദ്രജാലത്തില്‍ സദസുകള്‍ വ്യത്യാസമില്ലാതെ സംഗീതത്തില്‍ ഒന്നാവുന്ന കാഴ്ചകള്‍ ബാലഭാസ്കറിന്റെ വേദികളിലെ സ്ഥിരം കാഴ്ചയായിരുന്നു.  


തിരുവനന്തപുരം: നാല്‍പതു വയസില്‍ നാലു തലമുറകള്‍ക്കായുള്ള വയലിന്‍ മായാജാലം തീര്‍ത്താണ് ബാലഭാസ്കര്‍ യാത്രയാവുന്നത്. സംഗീതജ്ഞനാവാന്‍ സിനിമയില്‍ പേരെടുക്കണമെന്ന പൊതുബോധത്തിന് വെളിയില്‍  വേദികളില്‍ നിറഞ്ഞു നിന്നിരുന്ന ബാലഭാസ്ക്കർ വേദിയിലെത്തിയാൽ ആസ്വാദകർ എല്ലാം മറക്കും. വിരലില്‍ തീര്‍ക്കുന്ന ഇന്ദ്രജാലത്തില്‍ സദസുകള്‍ വ്യത്യാസമില്ലാതെ സംഗീതത്തില്‍ ഒന്നാവുന്ന കാഴ്ചകള്‍ ബാലഭാസ്കറിന്റെ വേദികളിലെ സ്ഥിരം കാഴ്ചയായിരുന്നു.  

കേരളത്തില്‍ ആദ്യമായി ഇലക്ട്രിക് വയലിന്‍ പരിചയപ്പെടുത്തിയ ബാലഭാസ്കർ ഫ്യൂഷന്റെ അനന്ത സാധ്യതകളാണ് എന്നും തേടിയിരുന്നത്. മൂന്നാം വയസ്സിൽ കയ്യിൽ കിട്ടിയ വയലിനില്‍ പന്ത്രണ്ടാം വയസില്‍ ആയിരുന്നു ആദ്യ കച്ചേരി. ബാലഭാസ്കറിന്റെ  ഊണും ഉറക്കവുമെല്ലാം വയലിനൊപ്പമായിരുന്നു . തിരുവനന്തപുരത്തെ സംഗീതപാരമ്പര്യമുള്ള കുടുംബത്തിൽ സികെ ഉണ്ണി , ശാന്തകുമാരി ദമ്പതികളുടെ മകനായി ജനിച്ച ബാലഭാസ്കറിന് വഴികാട്ടിയായത് അമ്മാവൻ ബി ശശികുമാറായിരുന്നു. 

കലാമേളകളിൽ മിന്നുംതാരമായ കൗമാരക്കാരനെ തേടി മംഗല്യപ്പലക്ക് എന്ന സിനിമയിൽ പാട്ടുകളൊരുക്കാൻ ക്ഷണം എത്തുമ്പോൾ പ്രായം 17ആയിരുന്നു. മലയാളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സംഗീതസംവിധായകനായ ബാലഭാസ്കര്‍  ഈസ്റ്റ് കോസ്റ്റുമായി കൈകോർത്ത് ഹിറ്റ് റൊമാൻറിക് ആൽബങ്ങൾക്കാണ് ജീവന്‍ കൊടുത്തത്.  വെള്ളിത്തിരയിൽ നല്ല തുടക്കം കിട്ടിയെങ്കിലും സിനിമയുടെ ഗ്ലാമറിന് പിന്നാലെയായിരുന്നില്ല ബാലഭാസ്കറിൻറെ യാത്ര. 

വയലിനിലെ അനന്തസാധ്യതകളെ കുറിച്ചായിരുന്നു എന്നും ചിന്തിച്ച ബാലു  കർണാടക സംഗീതത്തെ അടുത്തറിയാൻ യൂണിവേഴ്‌സിറ്റി കോളജില്‍ നിന്ന് സംസ്‌കൃതത്തില്‍ എംഎ എടുത്തു. കോളേജ് സുഹൃത്തുക്കളുമായി ചേർന്ന് കണ്‍ഫ്യൂഷന്‍സ് എന്ന ബാൻഡ് രൂപീകരിച്ചു. പരമ്പരാഗതശൈലി കൈവിടാതെ പാശ്ചാത്യസംഗീതത്തെയും ഒപ്പം നിർത്തിയായിരുന്നു പരീക്ഷണങ്ങള്‍.

കെജെ യേശുദാസ്, കെഎസ് ചിത്ര, മട്ടന്നൂർ ശങ്കരൻകുട്ടി, ശിവമണി തുടങ്ങിയ പ്രമുഖർക്കൊപ്പം കലാവിരുന്ന് അവതരിപ്പിച്ച ബാലഭാസ്കര്‍  ഇന്ത്യക്കകത്തും പുറത്തുമായി അനേകം സ്റ്റേജ് ഷോകൾ ചെയ്തിട്ടുണ്ട്. ബാലലീലയെന്ന ബാൻഡുമായി കൂടുതൽ ഉയരങ്ങളിലേക്ക് കുതിക്കുന്നതിനിടെ ആണ് അപ്രതീക്ഷിത ദുരന്തം ബാലഭാസ്കറിന്  സംഭവിക്കുന്നത്. 15 വർഷത്തെ കാത്തിരിപ്പിന് ശേഷം പിറന്ന മകൾ തേജസ്വിക്ക് പിന്നാലെ ബാലുവും മടങ്ങി.

click me!