ഒടുവില്‍ ഓമിയും യാത്രയായി

By PRASHOBH PRASANNANFirst Published Jul 7, 2016, 9:27 AM IST
Highlights

മുംബൈ: ഈണക്കൂട്ടുകെട്ടുകളുടെ ഒരു യുഗത്തിനു കൂടി അന്ത്യമായി ഈണങ്ങളില്ലാത്ത ലോകത്തേക്ക് ഓമിയും ഒടുവില്‍ യാത്രയായി. ബോളീവുഡിലെ പ്രശസ്ത സംഗീത സംവിധായകരായിരുന്ന സോണിക്ക് - ഓമി കൂട്ടുകെട്ടിലെ രണ്ടാമന്‍ ഓം പ്രകാശ് സോണിക്ക് എന്ന ഓമിയാണ് കഴിഞ്ഞ ദിവസം മരണത്തിന് കീഴടങ്ങിയത്. മുംബൈയിലെ സ്വകാര്യാശുപത്രിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. 77 വയസ്സായിരുന്നു.

പാക്കിസ്ഥാനിലെ സിയാല്‍കോട്ടില്‍ നിന്ന് ഇന്ത്യാവിഭജനത്തിനു ശേഷം 1950 ലാണ് സംഗീതജ്ഞനായ അമ്മാവന്‍ മാസ്റ്റര്‍ സോണിക്കിനൊപ്പം ഓമി മുംബൈയിലെത്തുന്നത്. സിനിമയില്‍ അവസരം പ്രതീക്ഷിച്ചായിരുന്നു ജന്മനാ അന്ധനായിരുന്ന സോണിക്ക്  മരുമകനെയും കൂട്ടി ഇന്ത്യയിലേക്കു വരുന്നത്. എന്നാല്‍ ദാരിദ്ര്യവും കഷ്ടപ്പാടുമായിരുന്നു അവിടെ കാത്തിരുന്നത്. ബോളീവുഡ് സംഗീതം
പച്ചപിടിച്ചു തുടങ്ങുന്ന കാലം. നിരവധി പ്രമുഖ സംഗീത പ്രതിഭകള്‍ ഒറ്റയ്ക്കും ജോഡികളായും ഈണക്കൂട്ടുകളുമായി ആസ്വാദകരെ കാത്തിരിക്കുന്നു. പുതുമുഖങ്ങളായ അമ്മാവനും മരുമകനും ജീവിതം ദുഷ്കരമായിരുന്നു. താനെയിലെ ഒരു തെരുവിലെ കൊച്ചു വീട്ടില്‍ ഇരുവരും  താമസമാക്കി. അമ്മാവന്‍ സോണിക്കിന് മംത, മെഹ്ഫില്‍, ഈശ്വര്‍ ഭക്തി തുടങ്ങിയ ചില ചിത്രങ്ങള്‍ക്ക് സംഗീതമൊരുക്കാന്‍
ഇക്കാലത്ത് അവസരം ലഭിച്ചു. പക്ഷേ നിരാശയായിരുന്നു ഫലം. ആസ്വാദകര്‍ ഗാനങ്ങളെ അവഗണിച്ചു. ജീവിതം ദാരിദ്ര്യത്തിലാഴ്ന്ന കാലം. അങ്ങനെ അതിജീവനത്തിന് ഓമി ഒരു പെണ്‍ഗായക സംഘത്തില്‍ അംഗമായി. കോറസ് പാടുകയായിരുന്നു പണി. ഇതിനിടെ സംഗീതസംവിധായകരായ മദന്‍മോഹന്‍ മാസ്റ്റര്‍ സോണിക്കിനെ തങ്ങളുടെ മ്യൂസിക്ക് അറേഞ്ചറാക്കി നിയമിച്ചു. ഓമി സംഗീത  സംവിധായകന്‍ റോഷന്‍റെ അസിസ്റ്റന്‍റാകുന്നതും ഇക്കാലത്താണ്. താജ്മഹല്‍, ആരതി, ബര്‍സാത് കി രാത് തുടങ്ങിയ ചിത്രങ്ങളില്‍ റോഷന്‍റെ സഹായിയായി ഓമി ജോലി ചെയ്തു.

മാസ്റ്റര്‍ സോണിക്കും ഓമിയും മുഹമ്മദ് റാഫിക്കൊപ്പം Caption

1965ല്‍ ദില്‍നെ ഫിര്‍ യാദ് കിയാ എന്ന ചിത്രത്തിലൂടെയാണ് പ്രശസ്തമായ സോണിക്ക് - ഓമി കൂട്ടുകെട്ട് പിറക്കുന്നത്. നിര്‍മ്മാതാവ് ജി എല്‍ രാവലാണ് അമ്മാവനെയും മരുമകനെയും സ്വതന്ത്രരാക്കുന്നത്. ലതാ മങ്കേഷകര്‍ ആലപിച്ച ആജാ രേ പ്യാര്‍ പുകാരേ, റാഫിയും മുകേഷും സുമന്‍ കല്ല്യാണിയും ചേര്‍ന്നു പാടിയ ദില്‍നെ ഫിര്‍ യാദ് കിയാ തുടങ്ങി പത്തോളം ഗാനങ്ങള്‍. ചിത്രവും പാട്ടുകളും
ശ്രദ്ധിക്കപ്പട്ടതോടെ ഇരുവരും പച്ചപിടിച്ചു തുടങ്ങി. ഹൃദയസ്പര്‍ശിയ 100 ബോളിവുഡ് ട്രാക്കുകളില്‍ ചിത്രത്തിലെ ഗാനങ്ങള്‍ ഇന്നും അവശേഷിക്കുന്നു.

1980 കളുടെ അവസാനം വരെ തിരക്കുള്ള ജോഡികളായിരുന്നു ഇരുവരും. മാഹുവ, ട്രക്ക് ഡ്രൈവര്‍, ബേട്ടി, ധര്‍മ്മ, സാവന്‍ ബാഡോന്‍,  ആബ്രൂ, റഫ്താര്‍ തുടങ്ങി 125 ഓളം ചിത്രങ്ങള്‍ക്ക് ഇവര്‍ ഈണമൊരുക്കി. മാഹുവ (1969)യിലെ ദോനോനെ കിയാ (മുഹമ്മദ് റാഫി) ധര്‍മ്മ (1973) റാസ് കി ബാത്ത് എന്നു തുടങ്ങുന്ന ഖവാലി, ചൗക്കി നമ്പര്‍ വണ്‍ (1978) കഹീന്‍ ഹോ ന മൊല്ലേല (ശോഭാ ഗുര്‍ടു)  തുടങ്ങിയ ഗാനങ്ങള്‍ ഹിറ്റ് പട്ടികയില്‍ ഇടംപിടിച്ചു. ജിന്‍ഹേ ഹം ബൂല്‍നാ (ആര്‍സൂ) മുകേഷിന്‍റെ കരിയറിലെ മികച്ച ഗാനങ്ങളില്‍ ഒന്നാണ്. ഒരിക്കലും വന്‍ ബാനറുകളുടെ ഭാഗമായിരുന്നില്ല സോണിക്കും ഓമിയും. അതിനാല്‍ തന്നെ വന്‍ഹിറ്റുകളും അവരുടെ കരിയറിന്‍റെ ഭാഗമായില്ല. എന്നാല്‍ ഈണമിട്ട ഗാനങ്ങളിലെ ശുദ്ധ സംഗീതത്തിന്‍റെ സാനിധ്യം വിസ്മരിക്കാന്‍ കഴിയില്ല.

1993ല്‍ മാസ്റ്റര്‍ സോണിക്ക് അരങ്ങൊഴിഞ്ഞതു മുതല്‍ ഓമിയുടെ സംഗീതയാത്ര  ഒറ്റക്കായിരുന്നു. ബീവി നമ്പര്‍ 2 (2000) ആയിരുന്നു ഓമിയുടെ അവസാന ചിത്രം. സിനിമയില്‍ നിന്നു പിന്‍വാങ്ങിയെങ്കിലും അല്‍പ്പകാലം മുമ്പ് വരെ ആല്‍ബങ്ങള്‍ക്കും ഭക്തിഗാനങ്ങള്‍ക്കുമൊക്കെ ഈണമിട്ട് സംഗീതത്തില്‍ സജീവമായിരുന്നു ഓമി.

ഓമിയുടെ മരണത്തോടെ അന്ത്യമാകുന്നത് ബോളീവുഡ് സംഗീതത്തിന്‍റെ ഒരേടാണ്. ഓര്‍മ്മകളിലേക്കു മറയുന്നത് സംഗീത സംവിധായകര്‍ ജോഡികളായി ഈണങ്ങള്‍ സൃഷ്ടിച്ചിരുന്ന ഒരു കാലഘട്ടത്തിന്‍റെ അവസാന കണ്ണികളും.

click me!