വനിതാ ശക്തിയുടെ ഗോദയായി കാൻ

By പ്രശാന്ത് രഘുവംശംFirst Published May 30, 2017, 3:27 PM IST
Highlights

ടിവി റിപ്പോർട്ടർമാർ പരസ്പരം ഇതിനുള്ള ബൈറ്റെടുക്കുന്നത് രസകരമായ കാഴ്ചയായി.  എന്നാൽ പ്രവചനങ്ങളെ അതിജീവിച്ചുള്ള വിജയമാണ് റൂബൻ ഓസ്റ്റ്ലുണ്ടിന്റെ ‘ദ സ്ക്വയർ’ നേടിയത്. പ്രമുഖ സിനിമാ മാസികകൾ ദ സ്ക്വയറിന് ആദ്യ അഞ്ചു സ്ഥാനങ്ങളിലൊന്നും നല്കിയിരുന്നില്ല. ഇക്കൊല്ലം പാം ദ ഓർ ഒരു വനിത നേടും എന്ന അഭ്യൂഹം ശക്തമായിരുന്നു. എന്തായാലും ഏറ്റവും മികച്ച സംവിധായികയായി മാറി സോഫിയ കപ്പോള 1993ൽ ജെയ്ൻ കാംപിയോൺ പാം ദ ഓർ നേടിയതിന് ശേഷമുള്ള ഗ്രാൻ‍ഡ് ലുമിയറിലെ വനിതാ അസാന്നിധ്യം അവസാനിപ്പിച്ചു. വനിതകളിൽ സോഫിയ കൊപ്പോള തന്നെയായിരുന്നു പ്രവചനക്കാരുടെയും പ്രിയ സംവിധായിക. ലിൻ റാംസെയുടെ ‘യു വെയർ നെവർ റിയലി ഹിയർ’ ആയിരുന്ന ശ്രദ്ധ നേടിയ മറ്റൊരു ചിത്രം.  ഇതിലെ അഭിനയത്തിന് ജോക്വിൻ ഫീനിക്സ് മികച്ച നടനായി. റാംസെയ്ക്ക് മിതച്ച തിരക്കഥയ്ക്കുള്ള പുരസ്കാരം കിട്ടി. ചുറ്റിക ഉപയോഗിക്കുന്ന വാടക കൊലയാളിയുടെ റോളിൽ മികച്ച പ്രകടനമാണ് ജോക്വിൻ പുറത്തെടുത്ത്. ഒപ്പം ബോംബ് സ്ഫോടനത്തിൽ ഭർത്താവിനെയും ആറു വയസ്സുള്ള മകനെയും നഷ്ടപ്പെട്ട സ്ത്രീയുടെ മാനസിക അവസ്ഥയും പ്രതികാരവും അതിശയകരമായി വരച്ചു കാട്ടിയ ഡയാനെ ക്രൂഗർ മികച്ച നടിക്കുള്ള പുരസ്കാരം കരസ്ഥമാക്കി. കാനിൽ ഇത്തവണ പ്രദർശിപ്പിച്ച നാലു ചിത്രങ്ങളിലെ സാന്നിധ്യമായിരുന്ന നിക്കോൾ കിഡ്മാൻ 70-ആം മേള പുരസ്കാരവും നേടി. അങ്ങനെ മേളയ്ക്ക് തിരശ്ശീല വീണപ്പോൾ ലോക സിനിമയിൽ വനിതകളുടെ തിരിച്ചുവരവാണ് ദൃശ്യമാകുന്നത്.

മികച്ച നടത്തിപ്പ് എങ്ങനെയാവണം എന്ന് തെളിയിച്ചു കാൻ

കാൻ ചലച്ചിത്ര മേളയ്ക്ക് വർണ്ണാഭമായ സമാപനം കുറിച്ച കാനിന് അഭിമാനിക്കാം. മാ‍ഞ്ചസ്റ്ററിലെ ഭീകരാക്രമണം മേളയ്കക് കരിനിഴൽ വീഴ്ത്തിയെങ്കിലും നല്ല അന്തരീക്ഷത്തിലാണ് സിനിമയുടെ ഈ ഉത്സവം അവസാനിച്ചത്. എല്ലാം ചിട്ടയോടെ നടക്കുന്ന നഗരമാണ് കാൻ. വ്യവസ്ഥയ്ക്കും വളയത്തിനും ഉള്ളിൽ ഒതുങ്ങുന്നവരല്ല സാധാരണ സിനിമക്കാർ. എന്നാൽ കാനിൽ എല്ലാവർക്കും ഒരേ നിയമം. ഒരു സിനിഫൈൽ അക്രഡിറ്റേഷൻ വാങ്ങി മേള കാണാനെത്തുന്നവരും മാർച്ച് പാസുകളുമായി എത്തുന്ന നിർമ്മാതാക്കളും വൻ സംവിധായകരും എല്ലാം ഒരു പോലെ. വലിപ്പച്ചെറുപ്പമില്ല. എല്ലാവരും സിനിമയെ ആഘോഷിക്കാൻ എത്തിയവർ. ഒരു മത്സ്യബന്ധന ഗ്രാമം മാത്രമായിരുന്നു കാൻ. പാരീസിലെ ബഹളത്തിൽ നിന്ന് അകന്ന് ഇവിടെ ഒരു ചലച്ചിത്ര മേള തുടങ്ങാൻ തീരുമാനിച്ചതോടെയാണ് കാൻ ലോക സാംസ്കാരിക ഭൂപടത്തിൽ ഇടം കണ്ടെത്തിയത്. ഇന്ന് ഈ മേള കാനിന്റെ പ്രധാന വരുമാന മാർഗ്ഗം കൂടിയാണ്. മേള റിപ്പോർട്ട് ചെയ്യാൻ വരുന്ന മാധ്യമപ്രവർത്തകരും സിനിമാ പ്രവർത്തകരും രണ്ടാഴ്ച കാനിൽ തങ്ങും. ഹോട്ടൽ മുറികൾ നേരത്തെ ബുക്ക് ചെയ്തില്ലെങ്കിൽ കിട്ടില്ല. ഒരാൾക്ക് നിന്ന് തിരിയാൻ കഷ്ടിച്ച് ഇടമുള്ള വൃത്തിയുള്ള മുറിക്ക് മേളയ്ക്കടുത്താണെങ്കിൽ 350 യൂറോ എങ്കിലും ദിവസം നല്കണം(25,000 രൂപ). മേള നടക്കുന്പോൾ ഇവിടെയുള്ളവർ ദൂരെയുള്ള ബന്ധുക്കളുടെ വീട്ടിലേക്കോ അവധിയാഘോഷിക്കാനോ പോകുന്നു. ഇന്റർനെറ്റിൽ ഇവരുടെ വീടുകൾ വാടയ്ക്ക് നല്കാമെന്ന് പരസ്യം ചെയ്യും. അതിനാൽ കാനിലെ വിനോദസഞ്ചാര ഏജൻസികളും റസ്റ്റോറന്റ് ഉടമകളും ഷോപ്പിംഗ് മാൾ ഉടമകളും മാത്രമല്ല ഒറ്റമുറി അപ്പാർട്ട്മെന്റുകളിൽ താമസിക്കുന്ന ജനങ്ങളും വരുമാനം ഉണ്ടാക്കുന്നു.

 
സിനിമാ കൊട്ടാരം അഥവാ പാലൈ

പാലൈ എന്ന സ്ഥിരം വേദി കാൻ മേളയ്ക്കുണ്ട്. ഗ്രാൻഡ് ലുമിയർ തിയേറ്ററാണ് ഇതിനുള്ളിലെ ഏറ്റവും പ്രധാന വേദി. ദിബൂസി, ബുനുവൽ എന്നിവരുടെ സ്മരണയ്ക്ക് രണ്ട് വലിയ തിയേറ്ററുകളും. മാധ്യമപ്രവർത്തകർക്കു മാത്രം പ്രവേശനമുള്ള നിരവധി ഷോകളുണ്ട്.  ഗ്രാൻഡ് തിയേറ്ററിലെ റെഡ് കാർപ്പറ്റ് ഷോകൾക്ക് ഔദ്യോഗിക വേഷം ധരിച്ച് തന്നെ പോകണം. കോട്ടും സ്യൂട്ടുമൊക്കെ അണിഞ്ഞ ശേഷം കറുത്ത ഷൂ ഇല്ലെങ്കിൽ പോലും പ്രവേശനം ഇല്ല. മാർക്കറ്റിംഗിനുള്ള പ്രാധാന്യം കൂടുന്നെങ്കിലും മേളയുടെ നിലവാരത്തിലും വ്യവസ്ഥകളിലും വിട്ടുവീഴ്ചയില്ല. സിനിമകൾ സമയത്ത് തുടങ്ങുന്നു. വോളണ്ടിയർമാരും സുരക്ഷാ ഉദ്യോഗസ്ഥരുമൊക്കെ മേളയ്ക്കായി മാത്രം മറ്റു ജോലികളിൽ നിന്ന് അവധി എടുത്ത് വരുന്നവരാണ്. വോളണ്ടിയർമാരായി വിദ്യാർത്ഥികളും ഏറെയുണ്ട്. ചില സുരക്ഷാ ഉദ്യോഗസ്ഥർ ഇവരിടെ സ്ഥിരം സാന്നിധ്യമാണ്. ഇവരുമായുള്ള പരിചയം ചില ഘട്ടങ്ങളിൽ ഇന്ത്യൻ മാധ്യമപ്രവർത്തകരെ ഇഷ്ട സിനിമ കാണാൻ സഹായിക്കുന്നത് കണ്ടു. മാർക്കറ്റ് പവലിയൻ ഈ സിനിമാ കൊട്ടാരത്തിന് അകത്തു തന്നെയാണ് ഉള്ളത്. ഇന്ത്യയിലെ സിഐഐ ഉൾപ്പടെ വ്യവസായ സംഘടനകളും വൻ നിർമ്മാണ ഹൗസുകളും ഈ പവലയിനിൽ ഇടം എടുത്തിട്ടുണ്ട്. പ്രസ് കോൺഫറൻസ് ഹാളും മീഡിയോ ലോഞ്ചുമൊക്കെ ഈ വേദിയിൽ തന്നെ. മാധ്യമങ്ങൾക്ക് എല്ലാ സൗകര്യവും ഒരുക്കി പ്രസ് ടെറസുമുണ്ട്. എല്ലാം നല്ല താളത്തിൽ മുന്നേറുന്നു. എന്തായാലും ഓരോ ചിത്രത്തിനും എത്തുന്നവരെ വീഴ്ചയില്ലാതെ അകത്തു കടത്തുന്നു. ഇന്ത്യയിൽ നടക്കുന്ന മേളകൾക്ക് കാനിൽ നിന്ന് ഏറെ പഠിക്കാനുണ്ട്.

കടൽതീരത്തും ഉത്സവം
കാൻ മെഡിറ്ററേനിയൻ തീരത്താണെങ്കിലും സഞ്ചാരികൾക്ക് ആഘോഷിക്കാൻ ചെറിയൊരു ബീച്ച് മാത്രമാണ് ഇവിടെ ഉള്ളത്. രാവിലെ മുതൽ കനത്ത ചൂടിലും നിരവധി പേർ വെയിൽ കായാൻ കിടക്കുന്നത് കാണാം. വേനൽക്കാലം യൂറോപ്യൻ ജനതയ്ക്ക് ജീവിതത്തിൽ കിട്ടുന്ന ഏറ്റവും നല്ല സമയമാണ്. ഈ തീരത്ത് ജനങ്ങൾക്കു വേണ്ടിയും കാനിൽ പ്രദർശനമുണ്ട്. ഒരു വലിയ താല്ക്കാലിക സ്ക്രീനും സ്റ്റേജും തീരത്ത് തയ്യാറാക്കിയിട്ടുണ്ട്. വേകുന്നേരങ്ങളിലാണ് പ്രദർശനം. ചിലപ്പോൾ സിനിമ ഒഴിവാക്കി സംഗീതമാക്കും. ബീച്ചിനോട് ചേർന്ന് ചില താല്ക്കാലിക പാർട്ടി ഹാളുകളുമുണ്ട്. വലിയ പ്രൊഡക്ഷൻ ഹൗസുകളും ചില രാജ്യങ്ങളിലെ പ്രതിനിധി സംഘങ്ങളും ഈ കടൽ തീരത്ത് പാർട്ടികൾ സംഘടിപ്പിക്കുന്നു. ഉല്ലാസനൗകകളും കാനിൽ നങ്കൂരമിട്ടിരിക്കുന്നത് കാണാം. ഇതിനകത്തും വൈകുന്നേര പാർട്ടികളുണ്ട്. കാനിൽ കടലും സിനിമയും സംഗമിക്കുന്നു. ഈ അലകൾ ഇനിയും സിനിമയ്ക്കായി തീരമണയും. ഇനി 2018 മെയിൽ.

click me!