മലയാള സിനിമക്ക് നഷ്ടപ്പെട്ടത് പ്രതിഭാശാലിയായ കലാകാരനെ; സച്ചിയെ അനുസ്മരിച്ച് മുഖ്യമന്ത്രി

By Web TeamFirst Published Jun 18, 2020, 11:46 PM IST
Highlights

സച്ചിയുടെ അകാല വിയോഗത്തോടെ മലയാള സിനിമക്ക് പ്രതിഭാശാലിയായ കലാകാരനെയാണ് നഷ്ടപ്പെട്ടിരിക്കുന്നതെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.
 

ലച്ചിത്ര സംവിധായകന്‍ സച്ചിയുടെ മരണത്തില്‍ അനുശോചനമറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സച്ചിയുടെ അകാല വിയോഗത്തോടെ മലയാള സിനിമക്ക് പ്രതിഭാശാലിയായ കലാകാരനെയാണ് നഷ്ടപ്പെട്ടിരിക്കുന്നതെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു. മലയാളത്തിലെ ശ്രദ്ധേയനായ തിരക്കഥാകൃത്തും സംവിധായകനുമായിരുന്നു സച്ചി. നിരവധി വിജയചിത്രങ്ങള്‍ അദ്ദേഹത്തിന്റേതായുണ്ട്. കുടുംബാംഗങ്ങളുടെയും സഹപ്രവര്‍ത്തകരുടെയും ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും മുഖ്യമന്ത്രി കുറിച്ചു. 


മലയാള സിനിമയ്ക്ക് നികത്താനാകാത്ത നഷ്ടമെന്ന് മന്ത്രി എകെ ബാലന്‍

സച്ചിയുടെ മരണം മലയാള സിനിമക്ക് നികത്താനാകാത്ത നഷ്ടമാണെന്ന് മന്ത്രി എകെ ബാലന്‍.  കച്ചവട സാധ്യതകളെ ഉപയോഗിക്കുമ്പോഴും സാമൂഹത്തിലെ പ്രശ്‌നങ്ങളിലേക്കും വിരല്‍ചൂണ്ടാന്‍ സച്ചി ശ്രദ്ധിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. അയ്യപ്പനും കോശിയും എന്ന സിനിമയില്‍ അട്ടപ്പാടിയിലെ ആദിവാസി വിഭാഗങ്ങളുടെ പ്രശ്‌നങ്ങള്‍ കൂടി അടയാളപ്പെടുത്താന്‍ സച്ചി ശ്രദ്ധിച്ചിരുന്നു.

മലയാള സിനിമയില്‍ ഒരു ആദിവാസി സ്ത്രീയെ കൊണ്ട് അവരുടെ തന്നെ ഭാഷയില്‍ പാട്ട് പാടിക്കുകയും അത് കേരളം ഒന്നടങ്കം ഏറ്റെടുക്കുകയും ചെയ്തത് സച്ചിയിലൂടെയാണ്. ഇപ്പോഴും മലയാളികളുടെ ചുണ്ടില്‍ ഈ ഗാനമുണ്ട്. നികത്താനാകാത്ത നഷ്ടമാണ് ഈ അതുല്യപ്രതിഭയുടെ വിയോഗത്തിലൂടെ മലയാള സിനിമയില്‍ ഉണ്ടായിരിക്കുന്നത്. സച്ചിയുടെ കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും ഒപ്പം ദുഃഖത്തില്‍ പങ്കുചേരുന്നു. ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.
 

click me!