'ആ പേര് പരാമര്‍ശിക്കുന്നതില്‍‍‍ എന്തിനാണ് മടി?' ദീപിക ചിത്രം ചപാക്കിനെതിരെ ദില്ലി ഹൈക്കോടതി...

By Web TeamFirst Published Jan 11, 2020, 7:19 PM IST
Highlights

ആസിഡ് ആക്രമണത്തെ അതിജീവിച്ച ലക്ഷ്മിയുടെ അതിജീവനത്തിന്‍റെ കഥ പറയുന്ന ചപാക്കിനോട് നിര്‍ദേശവുമായി ദില്ലി ഹൈക്കോടതി. 

ആസിഡ് ആക്രമണത്തെ അതിജീവിച്ച ലക്ഷ്മിയുടെ അതിജീവനത്തിന്‍റെ കഥ പറയുന്ന ചപാക്കിനോട് പ്രത്യേക നിര്‍ദേശവുമായി ദില്ലി ഹൈക്കോടതി. ലക്ഷ്മിയുടെ അതിജീവനത്തിന് സഹായിച്ച അഭിഭാഷക അപര്‍ണ ഭട്ടിന്‍റെ പേരുകൂടി ചിത്രത്തില്‍ ഉള്‍പ്പെടുത്തണമെന്നാണ് ഹൈക്കോടതി നിര്‍ദേശിച്ചിരിക്കുന്നത്. ജനുവരി 15നകം ചിത്രത്തില്‍ ഇക്കാര്യം ചേര്‍ക്കണമെന്നും ഹൈക്കോടതി ജസ്റ്റിസ് പ്രതിഭ എം. സിങ് നിര്‍ദേശിച്ചു.

അപര്‍ണ നല്‍കിയ ഹര്‍ജിയില്‍ 'ഈ സിനിമ പ്രദര്‍ശിപ്പിക്കുമ്പോഴും സ്ത്രീകള്‍ക്കെതിരെ ശാരീരികവും ലൈംഗികവുമായി നടക്കുന്ന അതിക്രങ്ങള്‍ക്കെതിരെ അപര്‍ണ ഭട്ടിന്‍റെ പോരാട്ടം തുടരുകയാണ്" എന്ന് സിനിമയില്‍ എഴുതിക്കാണിക്കാന്‍ കീഴ്ക്കോടതി നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഇതിന് തയ്യാറാകാതിരുന്ന ഫോക്സ്റ്റാര്‍ സ്റ്റുഡിയോ അപ്പീലുമായി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

നേരത്തെ ലക്ഷ്മിയുടെ ജീവിത കഥ സിനിമാ പ്രവര്‍ത്തകര്‍ക്ക് വിവരിച്ച നല്‍കിയത് അപര്‍ണയായിരുന്നു. എല്ലാ കാര്യവും നേരിട്ടറിയുന്ന അപര്‍ണയാണ് സിനിമയ്ക്ക് എല്ലാ പിന്തുണയും നല്‍കിയതും. ഇത് ചൂണ്ടിക്കാട്ടിയായിരുന്നു എന്തുകൊണ്ട് അപര്‍ണയുടെ പേര് കാണിക്കാന്‍ മടിയെന്ന് ഹൈക്കോടതി ചോദിച്ചത്.

click me!