'ദയവുചെയ്ത് അവരുടെ സമാധാനത്തെ ഇല്ലാതാക്കരുത്'; ലക്ഷദ്വീപിലെ ജനതക്ക് പിന്തുണയുമായി ഗീതു

By Web TeamFirst Published May 24, 2021, 5:18 PM IST
Highlights

'അവരുടെ കരച്ചിൽ ശരിക്കും നിരാശയുണ്ടാക്കുന്നു. നമ്മൾ ഒരുമിച്ചുനിന്ന് അവർക്കുവേണ്ടി ശബ്ദമുയർത്തുക എന്നതിനപ്പുറം ഒന്നും ചെയ്യാനില്ല'.

കൊച്ചി: ലക്ഷദ്വീപിലെ ജനങ്ങളുടെ സാധാരണ ജീവിതത്തെ തകർക്കുന്ന രീതിയിലുള്ള നിയമവ്യവസ്ഥകൾ നടപ്പിലാക്കിയ കേന്ദ്രസർക്കാർ നടപടിക്കെതിരെ വ്യാപക പ്രതിഷേധമുയരുകയാണ്. ലക്ഷദ്വീപിനെ തകര്‍ക്കരുതെന്ന ക്യാംപയിനുമായി നിരവധി ചലച്ചിത്ര താരങ്ങളടക്കം രംഗത്തു വന്നു. ജനജീവിതം താറുമാറാക്കി ലക്ഷദ്വീപില്‍ കേന്ദ്രം നടപ്പാക്കുന്ന പരിഷ്കാരങ്ങള്‍ക്കെതിരെ നടിയും സംവിധായികയുമായ ഗീതു മോഹന്‍ദാസും രംഗത്തു വന്നു.

ഏറ്റവും മാന്ത്രികത നിറഞ്ഞ, നല്ല മനുഷ്യരുള്ള സ്ഥലങ്ങളിലൊന്നാണ് ലക്ഷദ്വീപ് എന്നും അവിടുത്തെ സമാധാനവും നിഷ്കളങ്കതയും ഇല്ലാതാക്കരുതെന്നും ഗീതു പറയുന്നു. സേവ് ലക്ഷദ്വീപ് എന്ന ഹാഷ്ടാഗോടെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഗീതു പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്. മൂത്തോൻ എന്ന സിനിമ ഞാൻ ഷൂട്ട് ചെയ്തത് ലക്ഷദ്വീപിലാണ്. ഞാൻ കണ്ടിട്ടുള്ളതിൽവെച്ച് ഏറ്റവും മാന്ത്രികത നിറഞ്ഞതും നല്ല മനുഷ്യർ നിറഞ്ഞതുമായ സ്ഥലങ്ങളിലൊന്ന്. അവരുടെ കരച്ചിൽ ശരിക്കും നിരാശയുണ്ടാക്കുന്നു- ഗീതു പറയുന്നു.

നമ്മൾ ഒരുമിച്ചുനിന്ന് അവർക്കുവേണ്ടി ശബ്ദമുയർത്തുക എന്നതിനപ്പുറം ഒന്നും ചെയ്യാനില്ല. ദയവുചെയ്ത് അവരുടെ സമാധാനത്തെ ഇല്ലാതാക്കരുത്, അവരുടെ ആവാസവ്യവസ്ഥയെ, നിഷ്കളങ്കതയെ ഇല്ലാതാക്കരുത്. ഇതിന്റെ പേര് വികസനം എന്നല്ല. ഇത് ശരിയായ ചെവികളിൽ എത്തുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു- ഗീതു മോഹന്‍ദാസ് ഫേസ്ബുക്കില്‍ കുറിച്ചു.

ലക്ഷദ്വീപിനെ തകര്‍ക്കരുതെന്നും ജനങ്ങളെ അവരുടെ സാദാരണ ജീവിതം നയിക്കാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് പൃഥ്വിരാജ്, സണ്ണി വെയിന്‍, ഷെയിന്‍ നിഗം, ആന്‍റണി വര്‍ഗ്ഗീസ് തുടങ്ങിയ താരങ്ങളും കോണ്‍ഗ്രസ്, സിപിഎം നേതാക്കളും രംഗത്ത് വന്നിരുന്നു.
 
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona 

click me!