വിജയ് ചിത്രം 'സര്‍ക്കാരി'നെതിരെ പ്രതിഷേധം; ന്യായീകരിച്ച് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി

By Web TeamFirst Published Nov 11, 2018, 12:24 PM IST
Highlights

 നേതാക്കളെ പരിഹസിച്ചാൽ പ്രവർത്തകർ ക്ഷുഭിതരാകുന്നത് സ്വഭാവികമെന്ന് എടപ്പാടി പളനിസ്വാമി.

 

ചെന്നൈ: വിജയ് ചിത്രം 'സർക്കാരി'നെതിരായ പ്രതിഷേധത്തെ ന്യായീകരിച്ച് മുഖ്യമന്ത്രി എടപ്പാടി കെ. പളനിസ്വാമി. നേതാക്കളെ പരിഹസിച്ചാൽ പ്രവർത്തകർ ക്ഷുഭിതരാകുന്നത് സ്വഭാവികമെന്ന് എടപ്പാടി പളനിസ്വാമി പറഞ്ഞു. കോടികൾ വരുമാനം ഉണ്ടാക്കുന്ന സിനിമക്കാർ ജനങ്ങൾക്കായി ഒന്നും ചെയ്യുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

മുന്‍ മുഖ്യമന്ത്രിയായ ജയലളിതയെ വിമര്‍ശിക്കുന്ന രംഗങ്ങള്‍ സിനിമയിലുണ്ടെന്ന് ആരോപിച്ചായിരുന്നു വിജയ് ചിത്രം സര്‍ക്കാരിനെതിരെ എഐഡിഎംകെ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. മന്ത്രിമാര്‍ അടക്കമുള്ളവര്‍ വിജയ്ക്കെതിരെയും സിനിമക്കെതിരെയും രംഗത്ത് വന്നതിന് പിന്നാലെ കോയമ്പത്തൂരില്‍ ചിത്രത്തിന്‍റെ പോസ്റ്റര്‍ വലിച്ച് കീറിയാണ് എഐഡിഎംകെ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. തുടര്‍ന്ന് ചിത്രത്തില്‍ നിന്നും ഈ രംഗങ്ങള്‍ നീക്കം ചെയ്യുകയും ചെയ്തു.

ഒരു വിരല്‍ പൂരട്ചി എന്ന ഗാനത്തിനിടയില്‍ തമിഴ്നാട് സര്‍ക്കാര്‍ നല്‍കിയ സൗജന്യ ഉപകരണങ്ങള്‍ കത്തിക്കുന്ന രംഗമായിരുന്നു വിവാദമായത്.  എന്നാല്‍ ചിത്രത്തിലെ രംഗങ്ങള്‍ നീക്കം ചെയ്തതിനെതിരെ വിജയ് ആരാധകരും പ്രതിഷേധിച്ചു. ജയലളിത മുഖ്യമന്ത്രിയായിരുന്നപ്പോള്‍ സൗജന്യമായി നല്‍കിയ ടിവിയും ലാപ്ടോപ്പും മിക്സിയുമടക്കമുള്ളവ കത്തിച്ച് പ്രതിഷേധിക്കുന്ന ആരാധകന്‍റെ വീഡിയോയും ഇതിനോടകം പ്രചരിച്ചിരുന്നു. 

click me!