ആത്മകഥയുടെ അവസാന അധ്യായത്തില്‍ സംവിധായകന്‍ കമലിന് പറയാനുള്ളത്!

By Web TeamFirst Published Jul 27, 2016, 1:53 PM IST
Highlights

ബ്ലാക്&വൈറ്റ് യുഗം സിനിമയില്‍ അവസാനിക്കുമ്പോഴാണ് ഞാന്‍ സഹസംവിധായകനായി എത്തുന്നത്. അന്ന് ബ്ലാക്&വൈറ്റ് സിനിമകളിലെ കഥാപാത്രങ്ങള്‍ വെള്ളവസ്ത്രങ്ങള്‍ ഉടുക്കാറില്ലായിരുന്നു. പലപ്പോഴും ഇളംമഞ്ഞയോ മറ്റ് ഇളംകളറുകളോ ആയിരിക്കും വസ്ത്രങ്ങളുടെ നിറം. വെള്ളനിറം ബ്രൈറ്റായി കണ്ണില്‍കുത്തുമെന്നാണ് കാമറാമാന്മാര്‍ പറയുക. അവിടെനിന്നും പല നിറങ്ങള്‍ വിതറിയ, നിറങ്ങളുടെ ഉത്സവപ്പൂരമായ ഫ്രെയിമുകളിലേക്ക് സിനിമ അതിവേഗം മാറിമാറിവന്നു. ഫിലിമില്‍ ഷൂട്ടു ചെയ്ത സിനിമകളും ഫിലിം റീലുകളും നാടുനീങ്ങി. ഡിജിറ്റല്‍യുഗത്തില്‍ സിനിമയുടെ നിര്‍മ്മാണവും പരിസരവും ആത്മാവും മാറി. സാങ്കേതികതയുടെ വളര്‍ച്ചയാല്‍ ലളിതമാക്കപ്പെട്ടിരിക്കുന്നു ഇന്ന് പടംപിടിത്തം. അതുകൊണ്ടുതന്നെ ഒന്നിച്ചധ്വാനിക്കുന്നവര്‍ക്കിടയിലെ ലോകവും ബന്ധവും മാറിയിരിക്കുന്നു.

ഇന്നിപ്പോള്‍ സിനിമകളുടെ കളര്‍ കറക്ഷന്‍പോലുള്ള അവസാനഘട്ട ജോലികള്‍ക്കുമാത്രമാണ് ഞാന്‍ മദ്രാസില്‍ പോകുന്നത്. അവിടെയെത്തുമ്പോള്‍ പലതുമോര്‍മ്മ വരും. ഒരു സിനിമയെങ്കിലും സംവി ധാനം ചെയ്യണമെന്ന് മോഹിച്ച്, ഒരു ഷോട്ടിലെങ്കിലും മുഖം കാണിക്കണമെന്ന് കൊതിച്ച്, ഒരു സിനിമാപ്പാട്ടെങ്കിലും സ്വന്തം ശബ്ദത്തില്‍ നാടുകേള്‍ക്കണമെന്നാശിച്ച് എനിക്കൊപ്പം മദ്രാസില്‍ എല്ലാമുപേക്ഷിച്ച് ജീവിച്ചവരുടെ ഓര്‍മ്മകള്‍. വിചാരിച്ചതിനെക്കാളും ഉയരത്തില്‍ എത്തിയവരുടെ, ഒന്നുമാകാതെ വീണുപോയവരുടെ, ആരുടെയും ഉള്ളില്‍ ഒരോര്‍മ്മപോലുമാവാത്തവരുടെ ആ സ്വപ്‌നഭൂമിയും മാറിയിരിക്കുന്നു ഇന്ന്.


ചിത്രീകരണത്തിനിടെ കമല്‍.
കളറിസ്റ്റ് നാരായണന്‍! 
ഈയിടെ ഒരു സിനിമയുടെ കളര്‍കറക്ഷനുവേണ്ടി മദ്രാസില്‍ പോയ സമയം. ജെമിനി ഡിജിറ്റല്‍ സ്റ്റുഡിയോയുടെ മുന്നില്‍ ഞാനും എഡിറ്റര്‍ രാജഗോപാലുംകൂടി സംസാരിച്ചുനില്‍ക്കുമ്പോള്‍ ഞങ്ങളുടെയടുത്തേക്ക് ഒരാള്‍ വന്നു. കളറിസ്റ്റ് നാരായണന്‍! ഒരുകാലത്ത് ദിവസവും രണ്ടും മൂന്നും സിനിമകള്‍ കളര്‍ ഗ്രേഡിങ് ചെയ്തിരുന്ന, മിടുക്കനായ, ജെമിനി ഫിലിം ലാബിലെ ഏറ്റവും തിരക്കുപിടിച്ച കളറിസ്റ്റ്. ഫിലിമുണ്ടായിരുന്ന സമയത്ത് ഹിന്ദിയിലും മലയാളത്തിലും തമിഴിലും തെലുങ്കിലുമായി നാരായണന്‍ നിറം നിയന്ത്രിച്ച സിനിമകള്‍ ഒട്ടനവധിയായിരുന്നു. ഞങ്ങള്‍ക്കൊക്കെ പ്രിയങ്കരനായ ആ നാരായണേട്ടനാണ് മുന്നില്‍ വന്നുനില്‍ക്കുന്നത്. അനേകം സിനിമകള്‍ ഒരു ദിവസം ഗ്രേഡ് ചെയ്ത, തിരക്കുകൊണ്ട് ശ്വാസംമുട്ടിയ നാരായണേട്ടന്‍ ഇന്ന് ഫ്രീയാണ്. സാങ്കേതികവിദ്യ മാറി. പുതിയ ഗ്രേഡിങ് ടെക്‌നോളജിയുമായി നാരായണേട്ടന് പൊരുത്തപ്പെടാനാവാതെ വന്നു. അതോടെ അദ്ദേഹത്തിന്റെ കാലവും കഴിഞ്ഞു. ഇത്രകാലവും ജോലിചെയ്ത് ജെമിനി ലാബില്‍നിന്ന് റിട്ടയര്‍ ചെയ്തതാണെങ്കിലും നാരായണേട്ടന് ഇപ്പോഴും സിനിമ മറക്കാന്‍ കഴിയില്ല. അന്ന് കണ്ടപ്പോഴും പറഞ്ഞു,  ഇപ്പോള്‍ സിനിമയില്‍ ജോലിചെയ്യാന്‍ കൊതിയാവുന്നൂന്ന്. പഠിച്ച സാങ്കേതികവിദ്യ കാലത്തിന് പുറത്തായിപ്പോയത് അറിയാഞ്ഞിട്ടല്ല.

സിനിമാപ്രവര്‍ത്തനം ഒരു ജോലി മാത്രമല്ല. അത് ആത്മാവിഷ്‌കാരത്തിനുള്ള ഒരു വഴികൂടിയാണ്; ഇടംകൂടിയാണ്.

അയ്യപ്പന്‍
അന്ന് നാരായണനൊപ്പം മറ്റൊരാളെക്കൂടി കണ്ടു. അയ്യപ്പന്‍. ഇദ്ദേഹവും വിവിധ ലാബുകളില്‍ നെഗറ്റീവ് കട്ടറായി ജോലി ചെയ്ത ആളാണ്. എഡിറ്റിങ് ടേബിളില്‍ പുതിയ തുണിവിരിച്ച്, ഗ്ലൗസിട്ട്, ഒരു തരി പൊടിപോലും വീഴാതെ ശ്രദ്ധിച്ച് നെഗറ്റീവ് കട്ടുചെയ്യുന്ന അയ്യപ്പനെ എനിക്കോര്‍മ്മയുണ്ട്. ഒരു സിനിമയ്ക്ക് മൂന്നുനാല് പകലും രാത്രിയും ഒന്നിച്ച് ജോലിചെയ്ത് നെഗറ്റീവ് കട്ടിങ് തീര്‍ത്ത് അതിന്റെ പ്രതിഫലവും വാങ്ങി സ്റ്റുഡിയോയില്‍നിന്ന് ഇറങ്ങിപ്പോകുന്ന അയ്യപ്പനും ഇന്ന് പണിയില്ല. ഫിലിമില്ലാത്ത കാലത്ത് നെഗറ്റീവ് കട്ടിങ് ഇല്ലല്ലോ.  ഇങ്ങനെ സാങ്കേതികവിദ്യയുടെ പെരുംപാച്ചിലില്‍ ശീലങ്ങള്‍ മാറാനാവാതെ തെറിച്ചുവീണുപോകുന്ന എത്രയെത്ര ആളുകള്‍. ഞങ്ങളെപ്പോലുള്ള പഴയ സുഹൃത്തുക്കള്‍ വന്നാല്‍ ഇവരൊക്കെ ഇപ്പോഴും വരും ഒന്നിച്ചിരിക്കാന്‍. പഴയ വിശേഷങ്ങളും പുതിയ അനുഭവങ്ങളും പങ്കു വെച്ചിരിക്കാന്‍ മാത്രം.

ചിത്രീകരണത്തിനിടെ കമല്‍.

സ്വാമി
അതുപോലെതന്നെ സിനിമയുടെ സാങ്കേതികത മാറിയപ്പോള്‍ അപ്രസക്തമായ ഒന്നാണ് ഫിലിം പെട്ടി. എത്രയോ കാലം സിനിമാ തിയേറ്ററിന്റെ പ്രൊജക്ടര്‍ റൂമിന്റെ സമീപത്തും ചില ബസ്സ്റ്റാന്‍ഡുകളിലും റെയില്‍വേസ്റ്റേഷന്‍ പരിസരങ്ങളിലും ബസ്സുകളുടെ മുകളിലുമൊക്കെ നാം ഫിലിമിന്റെ ഈ പെട്ടികളെ കണ്ടിരിക്കുന്നു. അത് നമ്മുടെ ഗൃഹാതുര ഓര്‍മ്മകളില്‍ ഇടംപിടിച്ച ഒരു കാലസൂചികയാണ്. ഇന്നത് തീര്‍ത്തും ഇല്ലാതായി.  

ഇത്തരം ആയിരക്കണക്കിനു പെട്ടികള്‍ നിര്‍മ്മിക്കുന്ന ആളായിരുന്നു സ്വാമിയും മകനും. മുമ്പൊക്കെ തിയേറ്ററിലേക്ക് സിനിമയുടെ ഫിലിംപെട്ടി വരുക എന്നത് ഒരാഘോഷമായിരുന്നു. മദ്രാസില്‍ സിനിമ സജീവമായ കാലഘട്ടംമുതല്‍ ഫിലിം പെട്ടികളുമായി സ്വാമിയുടെ അച്ഛനുണ്ടായിരുന്നു. അച്ഛനില്‍ നിന്ന് സ്വാമിയിലേക്ക് പെട്ടിനിര്‍മ്മാണ ചുമതല വന്നു. സ്വാമിയില്‍നിന്ന് സ്വാമിയുടെ മകനിലേക്കും... തലമുറകള്‍ നടത്തിയ ആ ചെറുകിട വ്യവസായം ഇന്നില്ല. ആഴ്ചകള്‍തോറും മലയാളത്തിലേക്ക് ഇത്ര പെട്ടികള്‍, തമിഴിലേക്ക് ഇത്ര പെട്ടികള്‍, തെലുങ്കിലേക്കിത്ര, കന്നഡത്തിലേക്കിത്ര... എന്ന് ഓര്‍ഡറനുസരിച്ച് സ്റ്റുഡിയോയില്‍ ഫിലിം പെട്ടികളെത്തിക്കുന്ന സ്വാമിയെ അക്കാലത്തെ ഒരു സംവിധായകനും മറക്കാനാവില്ല.

സിനിമയുടെ പാര്‍ശ്വജോലികള്‍ ചെയ്ത് ജീവിച്ച, എന്നാല്‍ സിനിമയുടെ ഒരു ഗ്ലാമറുംകിട്ടാത്ത ഈ മനുഷ്യരെ ഇന്ന് ആര് ഓര്‍ക്കുന്നു.  ഇവര്‍ക്കൊന്നും സിനിമാലോകത്ത് ഒരു സ്ഥാനവുമില്ല. സിനിമയുടെ ഒരു ചരിത്രപുസ്തകത്തിലും ഇവരെ രേഖപ്പെടുത്താറില്ല. ഇത്തരം ചില ഓര്‍മ്മകള്‍ ചികഞ്ഞെടുക്കാനുംകൂടിയാണ് ഇപ്പോഴുള്ള എന്റെ മദ്രാസ് യാത്രകള്‍. അതൊരു സുഖമാണ്. സുഖമുള്ള നോവാണ്.

ചിത്രീകരണത്തിനിടെ കമല്‍.

മധുസാറ് 
കുറച്ച് മുമ്പൊരിക്കല്‍ മധുസാറിനെ കാണാന്‍ ഞാന്‍ അദ്ദേഹത്തിന്റെ തിരുവനന്തപുരത്തെ വീട്ടില്‍ പോയി. രാത്രി 8.30 കഴിഞ്ഞിട്ടുാകും.  ഭാര്യ മരിച്ചശേഷം മധുസാറ് തനിച്ചാണ് വീട്ടില്‍. ഞങ്ങള്‍ സംസാരിച്ചുകൊണ്ടിരിക്കെ സാറ് പറഞ്ഞു: ''ഇപ്പോള്‍ രാത്രി കിടക്കാന്‍ നേരത്ത് ടി.വി കാണാന്‍ പേടിയാ കമലേ, ടി.വിയില്‍ ചില ദിവസം പഴയ ബ്ലാക് & വൈറ്റ് പടങ്ങള്‍ വരും. ചാനലുകള്‍ക്ക് ഈ പടമിടുന്നത് ഒന്ന് നിര്‍ത്തിക്കൂടേ.'' 

എനിക്കൊന്നും മനസ്സിലായില്ല. ഞാന്‍ ചോദിച്ചു, അതെന്തിനാ സാറേ? ''അതു കാണുമ്പോള്‍ മരിച്ച ഒരുപാടുപേരുടെ മുഖങ്ങളാണ് കാണുന്നത്. സ്‌ക്രീനില്‍ വന്നുപോകുന്ന മിക്കവരും ഇന്നില്ല. സത്യന്‍, പ്രേംനസീര്‍, ഭാസി, ബഹദൂര്‍, ഒടുവില്‍, തിക്കുറിശ്ശി, കൊട്ടാരക്കര, തിലകന്‍, മുരളി, പപ്പു, മാള, ശങ്കരാടി, ജയന്‍, സോമന്‍, സുകുമാരന്‍... തുടങ്ങി എത്ര പേരാണ്...

'ഇവര്‍ക്കിടയില്‍ വല്ലപ്പോഴും എന്നെക്കാണുമ്പോള്‍ ഞാനൊരു പ്രേതലോകത്ത് എത്തിയപോലെ. കൂടെ അഭിനയിച്ചവരില്‍ ജീവിച്ചിരിക്കുന്നത് ഞാന്‍ മാത്രം. എനിക്ക് പേടിയാവില്ലേ?'' 

അന്ന് ആ സംസാരത്തിനിടയില്‍ എത്ര ഓര്‍മ്മയിലൂടെയാണ് മധുസാറ് സഞ്ചരിച്ചത്. ഞാന്‍ ചോദിച്ചു: ''സാറിന് മരണത്തെ ഭയമാണോ?'' ''എനിക്ക് എന്തു പേടി. പത്തിരുപതു കൊല്ലം മുമ്പേ മരിച്ചുപോയീന്ന് വിചാരിച്ചയാളാണ് ഞാന്‍. നസീര്‍ അറുപത്തിയെട്ടു വയസ്സില്‍ തീര്‍ന്നെങ്കില്‍ എന്റെ ജീവിതശീലം വെച്ചുനോക്കുമ്പോള്‍ ഞാനതിനു മുമ്പേ മരിക്കേണ്ടയാളാ. നസീര്‍ അത്ര അച്ചടക്കത്തില്‍ ജീവിച്ചതാ. ഞാനോ..? മരണഭയമല്ല പ്രശ്‌നം. പരേതരുടെ നടുവില്‍ ഞാന്‍ നില്‍ക്കുന്നത് കാണുമ്പോഴുള്ള ഒരു തരം അസ്വസ്ഥതയാണ്.''

എനിക്ക് മനസ്സിലാവുമായിരുന്നു, മധുസാറ് പറഞ്ഞത്. കൂടെയുണ്ടായിരുന്ന പലരും... ഓര്‍മ്മകള്‍ മാത്രമാവുമ്പോള്‍, സിനിമ വീണ്ടും വീണ്ടും അവരെ കണ്‍മുന്നില്‍ ഹാജരാക്കുമ്പോള്‍ അടുപ്പമുള്ളവര്‍ക്ക് തോന്നുന്ന ആ അമ്പരപ്പ് ഞാനുമറിഞ്ഞുതുടങ്ങുന്നുണ്ട്. ബഹദൂര്‍ക്കയും സ്റ്റോക്ക് ഷോട്ട് വര്‍ഗീസേട്ടനും പി.എന്‍. മേനോനുമൊക്കെ, മനസ്സിലും സ്‌ക്രീനിലും വന്ന് നില്‍ക്കുമ്പോഴാണ് കടന്നുപോയ കാലത്തിന്റെ ദൂരങ്ങള്‍ അളന്നുപോകുന്നത്.

ചിത്രീകരണത്തിനിടെ കമല്‍.

വാഹിനി സ്റ്റുഡിയോ
സിനിമയും തിയേറ്ററും ഇനിയും മാറും. പലതും ആരുമോര്‍ക്കില്ല. ന്നുമറിയാത്തതുപോലെ കാലമിങ്ങനെയങ്ങ് പോകും. പണ്ട് മദ്രാസിലെ സ്റ്റുഡിയോകളുടെ മുന്നില്‍ സിനിമാസ്വപ്‌നങ്ങളും പേറി നടന്ന കാലം. കണ്‍മുന്നില്‍ അതേപോലെയുണ്ട്. 'നടന്‍' എന്ന സിനിമയുടെ ചില ജോലികള്‍ക്കായി ഞാന്‍ മദ്രാസില്‍ ഉള്ള സമയം. അന്ന് താമസിച്ചത് ഹോട്ടല്‍ ഗ്രീന്‍ പാര്‍ക്കിലാണ്. ഇതിനോടു ചേര്‍ന്നുതന്നെയാണ് ഫോറം എന്ന വലിയ മാളും. ഗ്രീന്‍പാര്‍ക്കിലെ മുറിയില്‍ അന്ന് രാജഗോപാലും നാരായണനും കയറിവന്നു. സംസാരമധ്യേ നാരായണന്‍ എന്നോട് പറഞ്ഞു: 'ഇപ്പം കമലിരിക്കുന്ന മുറിയില്ലേ. ആ മുറിയുടെ താഴെ എന്തായിരിക്കും? ഒന്ന് ഊഹിച്ചുനോക്കൂ.'' എനിക്കൊന്നും മനസ്സിലായില്ല. അപ്പോള്‍ നാരായണന്‍ തുടര്‍ന്നു പറഞ്ഞു: 'ഈ മുറിയിരിക്കുന്നത് പഴയ വാഹിനി സ്റ്റുഡിയോയുടെ ലാബ് ഉണ്ടായിരുന്ന സ്ഥലത്താണ്.''

എന്റെ മനസ്സില്‍ ഇന്നലെകളിലെ വാഹിനി സ്റ്റുഡിയോ പഴയ പ്രതാപത്തോടെ തിരക്കാര്‍ജ്ജിച്ചുനിന്നു. ഒരു കാലത്തെ മദ്രാസിലെ സുപ്രധാന സ്റ്റുഡിയോകളില്‍ ഒന്നായ വാഹിനി പൊളിച്ച സ്ഥലത്താണ് ഈ ഹോട്ടല്‍ പണിതത്. വാഹിനി സ്റ്റുഡിയോയുടെ ബ്ലാക്&വൈറ്റ് ലാബ് ഉണ്ടായിരുന്നിടത്താണ് ഞാന്‍ അന്ന് താമസിച്ച മുറി.

വാഹിനി സ്റ്റുഡിയോ പൊളിക്കുമ്പോള്‍ ത്യാഗരാജഭാഗവതരുടെ കാലം മുതലുള്ള പഴയകാലത്തെ ഒരുപാട് സിനിമകളുടെ ഫിലിംസ് ഇവിടത്തെ ലാബില്‍ സൂക്ഷിച്ചിരുന്നു. എം.ജി.ആര്‍., ശിവാജി, പ്രേംനസീര്‍, ദിലീപ്കുമാര്‍ തുടങ്ങിയ മഹാരഥന്മാര്‍ അഭിനയിച്ച നിരവധി സിനിമകള്‍. ലാബ് പൊളിച്ചപ്പോള്‍ ഈ ഫിലിമുകള്‍ സൂക്ഷിക്കാന്‍ സ്ഥലമില്ല. ഇവ കൊണ്ടുപോകാന്‍ ആവശ്യപ്പെട്ട് ഇതിന്റെ നിര്‍മ്മാതാക്കള്‍ക്കും, നിര്‍മ്മാണകമ്പനികള്‍ക്കുമൊക്കെ ഒരുപാട് പ്രാവശ്യം വിവരം നല്‍കിയിരുന്നു. അതിലൊരു പത്തു ശതമാനമാളുകളേ അതൊക്കെ വന്ന് കൊണ്ടുപോയുള്ളൂ. പലരും സ്ഥലത്തില്ല, ജീവിച്ചിരിപ്പില്ല, ബാക്കിയുള്ളവര്‍ സിനിമതന്നെ ഉപേക്ഷിച്ചുപോയി. അനേകം ഇന്ത്യന്‍ ഭാഷകളിലുണ്ടായ സിനിമകളുടെ ഫിലിമുകള്‍ ആരും തിരിഞ്ഞു നോക്കാതെ അനാഥമായി. അവസാനം സ്റ്റുഡിയോ പൊളിച്ചപ്പോള്‍ കിണറുപോലെ വലിയ കുഴി കുഴിച്ച് ഈ ഫിലിമുകളൊക്കെ ഇതിലിട്ട് മൂടി. അതിന്റെ മുകളിലാണ് ഈ ഹോട്ടല്‍ പണിതിരിക്കുന്നത്. പി.കെ. നായര്‍ സാറിനെപ്പോലെ ഫിലിം ആര്‍ക്കൈവ്‌സ് ഉണ്ടാക്കി പഴയ സിനിമകളെ സംരക്ഷിച്ചവരെ ഈ സമയത്ത് നമ്മള്‍ ഓര്‍ക്കേണ്ടതുണ്ട്.

ഫിലിമുകള്‍ നശിപ്പിച്ചില്ലെങ്കില്‍, ഇത് സെല്ലുലോയ്ഡാണ്, ഒരു പാട് വിഷവായു ഉത്പാദിപ്പിക്കുന്ന വസ്തുവാണ്. പോളിസ്റ്ററായതിനാല്‍ കത്തിച്ചാലും നശിക്കില്ല. നശിപ്പിക്കണമെങ്കില്‍ കുഴിച്ചുമൂടാതെ മറ്റു വഴിയില്ല. അങ്ങനെയാണ് വാഹിനി പൊളിച്ചപ്പോള്‍ ഇതിലെ മിക്ക ഫിലിമുകളും അവിടെയുണ്ടാക്കിയ പുതിയ കെട്ടിടത്തിന്റെ തറയ്ക്കടിയിലിട്ടുമൂടിയത്. ആ ഹോട്ടല്‍മുറിയിലാണ് ഞാനിന്ന് പുതിയ സിനിമ ചെയ്യാന്‍ വന്ന് വിശ്രമിക്കുന്നത്. ഒരു ചരിത്രത്തിന്റെ ശവക്കൂനയ്ക്കു മുകളിലിരുന്നാണ് ഞാനെന്റെ സിനിമാസുഹൃത്തുക്കളോട് പുതിയ സിനിമാവിശേഷങ്ങള്‍ പറയുന്നത്.

കാലത്തിനെ മറികടക്കാനാവാത്ത ചില വിധികള്‍ ഇങ്ങനെയാണ്. ആ പ്രാവശ്യം ട്രെയിനില്‍ നാട്ടിലേക്ക് മടങ്ങുമ്പോള്‍ പണ്ട് ആദ്യമായി സിനിമയ്ക്കുവേണ്ടി മദ്രാസിലേക്കുവന്ന അതേ ട്രെയിനിനെ ഞാന്‍ ഓര്‍ത്തുനോക്കി. എന്നെ ഞാനാശിക്കുംവിധം സിനിമകൊണ്ട് അടയാളപ്പെടുത്താന്‍ കഴിഞ്ഞോ എന്ന് എനിക്കറിയില്ല. ഓരോ ശ്രമങ്ങളും അതിനുവേണ്ടിയുള്ളതായിരുന്നു. ഞാനാഗ്രഹിക്കുന്ന ഒരു ലോകത്തിനു വേണ്ടിയുള്ള സമരങ്ങളാണ് എന്റെ ഓരോ വാക്കും, ഫ്രെയ്മും. 

ആത്മകഥയുടെ കവര്‍. ഡിസൈന്‍: സൈനുല്‍ ആബിദ്‌

എങ്കിലും ഒന്നും അവസാനിക്കുന്നില്ല
ഇനിയൊരു പത്തുവര്‍ഷംകൂടി കഴിഞ്ഞാല്‍ സിനിമാ ലോകത്തുണ്ടാകുമോ എന്നെനിക്കറിയില്ല. ഞാന്‍ സംവിധാന സഹായിയായി വന്ന കാലത്തുള്ള സംവിധായകരും നിര്‍മ്മാതാക്കളും നടന്മാരും, അവരില്‍ പലരും ഇന്ന് സിനിമയിലില്ല. ഉണ്ടങ്കില്‍തന്നെ പേരിനു മാത്രം. അതിനുശേഷം വന്ന മമ്മൂട്ടി, മോഹന്‍ലാല്‍ തലമുറ പിന്നിട്ട സുവര്‍ണ്ണകാലത്തിനുശേഷം ഇപ്പോള്‍ ഒരു ദശാസന്ധിയിലാണ് മലയാള സിനിമ നില്‍ക്കുന്നത്.

അവര്‍ നിറഞ്ഞുനിന്ന മൂന്നു പതിറ്റാണ്ടുകള്‍ക്കുശേഷം പുതിയൊരു തലമുറ മലയാളസിനിമയില്‍ സജീവമായിരിക്കുന്നു. ഇനി ഇവിടത്തെ സിനിമയുടെ വക്താക്കളായി വളരുക അവരാണ്. ഒരു പത്തുകൊല്ലം കഴിഞ്ഞാല്‍ എന്റൊപ്പം സിനിമയില്‍ വന്നവര്‍ ഈ രംഗത്ത് വളരെക്കുറച്ചേ ഉണ്ടാവുകയുള്ളൂ. ബാക്കിയുള്ളവര്‍ വിസ്മൃതിയിലാണ്ടുപോകും. ഇത് ആവര്‍ത്തിക്കുന്ന ഒരു ചരിത്രനിയോഗമാണ്. പത്തിരുപത്തഞ്ച് കൊല്ലം കൂടുമ്പോള്‍ ചലച്ചിത്രലോകത്ത് സംഭവിക്കുന്ന പ്രതിഭാസം. സിനിമയില്‍ മാത്രമല്ല, ജീവിതത്തിലും ഇങ്ങനെതന്നെയാണ്.  യൗവനകാലത്ത് ഞാന്‍ കണ്ട പ്രായ മായവരൊക്കെ ഇന്ന് ഭൂമിയിലില്ലാതായി. അതിനുപകരം എനിക്ക് പ്രായമായി ഞാനാ അവസ്ഥയിലേക്ക് എത്തിക്കൊണ്ടിരിക്കുന്നു. ഇനിയെന്തായാലും ജീവിച്ചത്രയും കാലം ജീവിക്കില്ല എന്നുറപ്പാണല്ലോ.

എങ്കിലും ഒന്നും അവസാനിക്കുന്നില്ല. ആവിഷ്‌കാരസ്വാതന്ത്ര്യം ഫാസിസ്റ്റ് ശക്തികളുടെ വെല്ലുവിളി നേരിടുന്ന ഈ വര്‍ത്തമാനകാലത്ത് ഏതു കലാകാരനാണ് നിശ്ശബ്ദനാകാന്‍ കഴിയുക. കലാകാരന് അവയെ ചെറുക്കാന്‍ മറ്റ് ആയുധങ്ങളില്ല. ആവിഷ്‌കാരമാണ് അവന്റെ ആയുധം. അത് അക്ഷരമായാലും ഒരു ദൃശ്യമായാലും. ചിലപ്പോള്‍ ഒരു നിലവിളിപോലും സമരമാണ്, സമരായുധമാണ്. ആ നിലവിളിയാകണം സിനിമ എന്ന് എന്റെ ബോധ്യം  എന്നോടു പറയുന്നു. ആ ബോധ്യത്തില്‍ ഊന്നിയ സിനിമകളേ ഇനി എന്നില്‍നിന്ന് ഉണ്ടാകാന്‍ പാടുള്ളൂ. ആ ഉറച്ച നിലപാടിലാണ് ഞാനിപ്പോള്‍. അതിന് എനിക്ക് ഇനിയും ഒരു പാട് അലയേണ്ടതുണ്ട്. ഒരുപാടുദൂരം സഞ്ചരിക്കേതുണ്ട്. ഇതുവരെ കാണാത്ത സ്വപ്നങ്ങള്‍ ഇനിയും കാണേതുണ്ട്.

(ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച കമലിന്റെ ആത്മകഥയായ ആത്മാവിന്‍ പുസ്തകത്താളില്‍ നിന്ന്. എഴുത്ത്: ഉണ്ണികൃഷ്ണന്‍ ആവള)

ആത്മകഥ കേട്ടെഴുതിയ ഉണ്ണികൃഷ്ണന്‍ ആവള കമലിനൊപ്പം

 

 


 

click me!