കലാഭവൻ മണിയുടെ വിയോഗത്തിന് അഞ്ചുവർഷം; കണ്ണീരോർമ്മയിൽ ആരാധകർ

By Web TeamFirst Published Mar 6, 2021, 11:45 AM IST
Highlights

സിനിമയെ വെല്ലുന്ന കലാജീവിതമായിരുന്നു മണിയുടേത്. ശ്രദ്ധിക്കപ്പെട്ടത് സല്ലാപത്തിലെ വേഷം. പിന്നീട് ചെറു വേഷങ്ങളിൽ നിന്ന് നായകനിലേക്ക്. പിന്നെ പ്രതിനായകൻ. 

തിരുവനന്തപുരം: കലാഭവൻ മണി ഓർമ്മയായിട്ട് 5 വർഷം. പാട്ടുകളിലൂടെയും കഥാപാത്രങ്ങളിലൂടെയും മണി ഇന്നും മലയാളികളുടെ മനസ്സിൽ ജീവിക്കുന്നു. പരിചയപ്പെടുത്തലുകളാവശ്യമില്ലാത്ത മലയാളിയുടെ കലാഭവൻ മണി. മിമിക്രിക്കാരനായി തുടങ്ങി പട്ടിണിയോട് പോരടിച്ച തുടക്കകാലം. നേരമ്പോക്കുകൾ ഫോണിലേക്ക് ഒതുക്കുന്ന ഇന്നത്തെ തലമുറയേക്കാൾ, ഉത്സവപ്പറമ്പുകളെ പ്രകമ്പനം കൊള്ളിച്ച മണി ഷോകൾ ഓർക്കുന്നത് മുൻ തലമുറയാകും.

സിനിമയെ വെല്ലുന്ന കലാജീവിതമായിരുന്നു മണിയുടേത്. ശ്രദ്ധിക്കപ്പെട്ടത് സല്ലാപത്തിലെ വേഷം. പിന്നീട് ചെറു വേഷങ്ങളിൽ നിന്ന് നായകനിലേക്ക്. പിന്നെ പ്രതിനായകൻ. മലയാളത്തിൽ നിന്ന് തമിഴിലേക്കും തെലുങ്കിലേക്കും പടർന്നു കയറി. തൃശൂർ ചാലക്കുടി ചേനത്തുനാട് ​ഗ്രാമത്തിലെ കുന്നശ്ശേരി രാമന്റെയും അമ്മിണിയുടെയും ഏഴാമത്തെ മകനായ രാമൻ വളരെപ്പെട്ടെന്നാണ് തെന്നിന്ത്യയുടെ പ്രിയതാരമായി മാറിയത്. നാടൻ പാട്ടിന്റെ ശീലുകൾക്ക്, സ്വന്തം ശൈലിയിലൂടെ പുതു ജീവൻ നൽകി. കാഴ്ചക്കാരെ കയ്യിലെടുക്കുന്ന മികവായിരുന്നു ഈ  നടന്റെ പ്രത്യേകത. 

സഹായം ചോദിച്ചെത്തിയവർക്ക് വാരിക്കോരി നൽകി. ചെറുപ്പത്തിലെ നഷ്ടങ്ങളൊക്കെ വീണ്ടെടുക്കാനുള്ള ശ്രമങ്ങൾ കൂടിയായിരുന്നു മണിയുടെ യാത്രകൾ. മണിയോടൊപ്പം ചേർത്ത് വയ്ക്കുന്ന ഓർമ്മയാണ് മണിയുടെ പാഡിയും. മരണം മണിയെ കൊണ്ട് പോയെന്ന് ഇപ്പോഴും വിശ്വസിക്കാനാകാതെ കഴിയുകയാണ് വീട്ടുകാരും കൂട്ടുകാരും സഹൃദയരും. പാട്ടുകൾ ജീവിക്കുന്നുണ്ട്. മണി ചിരിക്കുന്നുണ്ടാകണം.
 

click me!