പ്രേക്ഷകര്‍ മാറിത്തുടങ്ങി: സനല്‍കുമാര്‍ ശശിധരന്‍

By Salini RaghuFirst Published Jul 21, 2016, 8:55 PM IST
Highlights

കൊമേഴ്‌സ്യല്‍ സിനിമകള്‍ക്കിടയില്‍ 'ഒഴിവുദിവസത്തെ കളി' തീയേറ്ററില്‍ പ്രദര്‍ശനവിജയം നേടിയല്ലോ. എന്തു തോന്നുന്നു?

പ്രേക്ഷകരുടെ ഭാഗത്തുനിന്നുള്ള ഒരു മുന്നേറ്റമായാണ് അതിനെ കാണുന്നത്. ആര്‍ട്ട്, കൊമേഴ്‌സ്യല്‍ വേര്‍തിരിവുകളില്‍ നില്‍ക്കുമ്പോഴും ആര്‍ട്ട് സിനിമകളെ ഇഷ്ടപ്പെട്ടിരുന്ന പ്രേക്ഷകര്‍ അത്തരം സിനിമകള്‍ കാണാന്‍ ഫെസ്റ്റിവലുകളോ ഡിവിഡികളോ കാത്തിരിക്കുന്ന സാഹചര്യം നിലനിന്നിരുന്നു. ഇന്ന് അത്തരം സിനിമകളും തീയേറ്ററില്‍ കാണുന്ന തരത്തില്‍ പുരോഗതി ഉണ്ടായിട്ടുണ്ട്. മറ്റ് സിനിമകളെ അപേക്ഷിച്ച് 'ഒഴിവുദിവസത്തെ കളി' തീയേറ്ററില്‍ നല്ല രീതിയില്‍ പ്രേക്ഷകര്‍ സ്വീകരിച്ചു. സിനിമ കാണാനായി ക്യൂ നില്‍ക്കുകയും ടിക്കറ്റ് കിട്ടാതെ മടങ്ങുകയും പിന്നീട് വീണ്ടും സിനിമ കാണാന്‍ വരുകയും ചെയ്യുന്ന ഒരു പ്രേക്ഷകസമൂഹം തീര്‍ച്ചയായും സന്തോഷം നല്‍കുന്നുണ്ട്.

ഒരു രാഷ്‍ട്രീയ സിനിമ എന്ന് അടയാളപ്പെടുത്തുമ്പോള്‍ ഒഴിവുദിവസത്തെ കളി നിലവിലെ ജനാധിപത്യ വ്യവസ്ഥകളോട് കലഹിക്കുന്നില്ലേ?

ഒരു ഫിലിം മേക്കര്‍ എ നിലയ്ക്ക് എന്റെ സിനിമയുടെ രാഷ്‍ട്രീയം ഞാന്‍ തന്നെ പറയുന്നതില്‍ അര്‍ത്ഥമില്ല. സിനിമയ്ക്ക് രാഷ്‍ട്രീയമുണ്ട്. വ്യക്തമായ കാഴ്ചപ്പാടില്‍ നിര്‍മ്മിക്കപ്പെട്ട സിനിമ തന്നെയാണിത്. അതുകൊണ്ട് ആ രീതിയില്‍ സംസാരിക്കാന്‍ സിനിമയ്ക്ക് കഴിയും. എന്നാല്‍ അതു പ്രേക്ഷകര്‍ പലരീതിയിലായിരിക്കും വായിക്കുക. സംവിധാനം പരീക്ഷ എഴുതുന്നതുപോലെയാണ്. സമയം കഴിഞ്ഞുകഴിഞ്ഞാല്‍ പിന്നെ ഉത്തരങ്ങള്‍ തിരുത്താനാകില്ല.  സംവിധാനം ചെയ്തുകഴിഞ്ഞാല്‍ പിന്നെ സിനിമയുടെ രാഷ്‍ട്രീയവും ചിന്തയുമെല്ലാം പ്രേക്ഷകന്റെ വായനയാണ്. സംവിധായകന് അതിലൊന്നും ചെയ്യാനില്ല.

ഒഴിവുദിവസത്തെ കളി ജനാധിപത്യവ്യവസ്ഥകളോട് കലഹിക്കുന്നുണ്ടോ എന്നറിയില്ല. വ്യക്തിപരമായ വിയോജിപ്പുകളും അഭിപ്രായങ്ങളും ഒരു സാമൂഹ്യതലത്തില്‍ രേഖപ്പെടുത്തുമ്പോള്‍ അതിനെ കലഹമെന്നു വിശേഷിപ്പിച്ചേക്കാം. തീര്‍ച്ചയായും നമ്മുടെ തെറ്റും ശരികളും സിനിമയില്‍ പ്രതിഫലിക്കും. അതിനോട് ചേര്‍ന്നുനില്‍ക്കുവര്‍ക്ക് അതിനെ സ്വീകരിക്കാന്‍ കഴിയും. മറ്റൊരു തലത്തില്‍ ചിന്തിക്കുവര്‍ക്ക് അത് കലഹമായി തോന്നാം. ഏത് രീതിയില്‍ ചിന്തിക്കുന്നുവെന്നതാണ് എതാണ് കലഹമോ കലാപമോ എന്നു തീരുമാനിക്കുന്നത്.

മലയാളത്തിലെ മുഖ്യധാരാ സിനിമകളില്‍ രൂപപ്പെടുന്ന  യുവനിര മാറ്റങ്ങള്‍ കൊണ്ടുവരുന്നുണ്ടോ?

നമ്മുടെ സിനിമകള്‍ പ്രണയം, പ്രണയകഥയിലെ നായികാ- നായകസങ്കല്പം എന്നിവയില്‍ കുരുങ്ങിക്കിടന്നിരുന്നു. പ്രണയമെന്നത് വളരെ കാല്‍പ്പനികവും അരാഷ്‍ട്രീയവുമായ രീതിയില്‍ സിനിമകളില്‍ ഉണ്ടായിരുന്നു. സമൂഹത്തില്‍ പ്രസക്തിയില്ലെങ്കില്‍ കൂടി അത്തരം വിഷയങ്ങള്‍ മുഖ്യ കഥാതന്തുക്കളായിരുന്നു. ഇന്നും അത്തരം സിനിമകള്‍ ഉണ്ടാകുന്നുണ്ട്. നമ്മുടെ സമൂഹത്തില്‍ ഭൂരിപക്ഷവും അരാഷ്‍ട്രീയ വ്യക്തിത്വങ്ങളാണ്. പലപ്പോഴും കലയില്‍ വരുന്ന രാഷ്‍ട്രീയം വ്യക്തിജീവിതത്തില്‍ ഉണ്ടാകുന്നില്ല. സ്വാര്‍ത്ഥതകള്‍ക്കാണ് പ്രാധാന്യം നല്‍കുന്നത്.

ഒരാളെ പുറത്തു പോലീസ് തല്ലുന്നതു കണ്ടാല്‍ ആദ്യം നമ്മുടെ ജനലിലൂടെയാണ് നാം നോക്കുന്നത്. പിന്നീടു നമ്മള്‍ എല്ലാ സുരക്ഷയും ഉറപ്പുവരുത്തിയതിനുശേഷമാണ് അതിനുവേണ്ടി പുറത്തേക്കിറങ്ങുന്നത്. അത് അരാഷ്‍ട്രീയ നിലപാടാണ്. അത്തരമൊരു സമൂഹത്തില്‍ കുടുംബം, ദാമ്പത്യം തുടങ്ങിയ വിഷയങ്ങള്‍ സിനിമകളാക്കുന്പോള്‍ അത് കാണാനും ധാരാളം ആളുകളുണ്ടാകും. അതുകൊണ്ടുതന്നെ വ്യക്തിപരമായി സ്പര്‍ശിക്കുന്ന വൈകാരികമായ സിനിമകള്‍ കൂടുതലുണ്ടാകുന്നു. എന്നാല്‍ ഇപ്പോള്‍ വ്യക്തിജീവിതത്തിലും രാഷ്‍‌ട്രീയം കടന്നുവരാന്‍ തുടങ്ങി. കുടുംബത്തിനകത്തുതന്നെ വ്യക്തികള്‍ തമ്മിലുള്ള രാഷ്‍ട്രീയമായ ഇടപെടലുകള്‍ സോഷ്യല്‍ മീഡിയകളിലേക്കുപോലും വ്യാപിക്കുന്നുണ്ട്. ആളുകള്‍ അത്തരം വിഷയങ്ങളെ കാണാനും ചര്‍ച്ച ചെയ്യാനും തുടങ്ങി. ഇത് ഒരു കാലഘട്ടത്തിന്റെ മുഴുവന്‍ പുരോഗതിയായാണ് കാണുന്നത്. അതിന്റെ മാറ്റം സിനിമകളിലും ഉണ്ടാകുന്നു.

സമീപകാലത്തെ സിനിമകളിലെ സ്ത്രീപക്ഷ സമീപനങ്ങളെക്കുറിച്ച് നിരവധി വിവാദങ്ങള്‍ ഉയര്‍ന്നിരുന്നല്ലോ? അവയോട് എങ്ങനെ പ്രതികരിക്കുന്നു?

സിനിമയുടെ ഒരു മാജിക്കല്‍ എഫക്ട് ഉണ്ട്. വിഷ്വല്‍ ബ്യൂട്ടി, അഭിനയമികവ്, ക്യാമറയുടെ സവിശേഷതകളും ഉപയോഗിക്കുമ്പോള്‍ ചില വിരുദ്ധ സമീപനങ്ങളെ അത് ഒളിപ്പിച്ചുവയ്ക്കുന്നു. അവ കാഴ്ചയില്‍ മനോഹരങ്ങളായിരിക്കും. അതിനെതിരായ വിമര്‍ശനങ്ങളെപ്പോലും ഉള്‍ക്കൊള്ളാന്‍ പ്രേക്ഷകന് കഴിഞ്ഞെുന്നും വരില്ല. നമ്മുടെ മൊത്തം സിനിമകള്‍ ആഴത്തില്‍ നോക്കിയാല്‍ അത് മനസ്സിലാകും. പ്രേക്ഷകരുടെ ഭാഗത്തുനിന്നും ശക്തമായ വിമര്‍ശനങ്ങളും പ്രതികരണങ്ങളും ഉണ്ടാകുന്നതുകൊണ്ടു തന്നെ ഇത്തരം സമീപനങ്ങള്‍ ഇന്നു ചോദ്യം ചെയ്യപ്പെടുുണ്ട്. ആക്ഷന്‍ഹീറോ ബിജു പോലുള്ള സിനിമകളെക്കുറിച്ച് വളരെ കൃത്യമായ വിമര്‍ശനങ്ങളും മറ്റും വന്നിരുന്നു. അത് കാര്യമാണെന്ന് ആളുകള്‍ അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇനിയുള്ള സിനിമകളില്‍ അത് മാറ്റമുണ്ടാക്കും.

 ഇന്നു വിമര്‍ശനങ്ങളെക്കൂടി അംഗീകരിക്കാന്‍ പ്രേക്ഷകന് കഴിയുന്നുണ്ട്. പലപ്പോഴും സിനിമാപ്രവര്‍ത്തകര്‍ സ്ത്രീവിരുദ്ധരായിരിക്കണമെില്ല. എന്നാല്‍ സിനിമ ലൈഫ് അല്ല ആര്‍ട്ടും മെറ്റീരിയലുമായി വില്‍ക്കാനുള്ളതാണെന്ന തോന്നലിലോ മറ്റോ സ്ത്രീപക്ഷ, രാഷ്ട്രീയ സാമൂഹിക സമീപനങ്ങളില്‍ എല്ലാംതന്നെ ഒരു ഒഴുക്കന്‍ മട്ട് സ്വീകരിച്ചിട്ടുണ്ട്. അത്തരം സമീപനങ്ങള്‍മൂലം  ചിലപുഴുക്കുത്തുകള്‍ ഉണ്ടായിട്ടുണ്ട്. അത് മാറും. ഇല്ലെങ്കില്‍ അടി കിട്ടും എന്ന അവസ്ഥയുണ്ട്.


ഒഴിവുദിവസത്തെ കളിയെക്കുറിച്ചും ഏറെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഒരു കാട്ടു സിനിമ എന്ന ടാഗ്‌ലൈനെക്കുറിച്ചും പോസ്റ്ററില്‍ സ്ത്രീയെ ഉപയോഗിച്ചതിനെക്കുറിച്ചുമെല്ലാം സാമൂഹ്യ മാദ്ധ്യമങ്ങളില്‍ ചര്‍ച്ചയായില്ലേ?

വിമര്‍ശകന് ഒരു സിനിമ എടുക്കുന്ന ആളോളം തന്നെ ബാദ്ധ്യതയുണ്ട്. സിനിമയെ ആഴത്തില്‍ പഠിക്കാതെ വിമര്‍ശിക്കുന്നത് ഉത്തരവാദിത്വമില്ലായ്മയാണ്. പോസ്റ്ററില്‍ സ്ത്രീയെ പ്രദര്‍ശിപ്പിക്കുന്നു, കാട്ടു സിനിമ എന്നു വിശേഷിപ്പിക്കുന്ന എന്നു പറയുമ്പോള്‍ എന്തുകൊണ്ടാണ് ആ വിശേഷണം, ആ സിനിമ സ്ത്രീയെ അവതരിപ്പിക്കുതെങ്ങനെ എന്നെല്ലാം അറിയേണ്ടതാണ്. കാലങ്ങളായി നമ്മുടെ സിനിമകള്‍; മലയാളമോ ലോകസിനിമകളോ ആയാലും സ്ത്രീയുടെ നഗ്നത പ്രദര്‍ശിപ്പിച്ചാണ് വിറ്റുപോയിട്ടുള്ളത്. പുരുഷനായകന്മാരെ ചുറ്റിപ്പറ്റി നില്‍ക്കുന്ന സ്ത്രീ കഥാപാത്രങ്ങളായിരുന്നു മിക്കപ്പോഴും നമ്മുടെ സിനിമകളില്‍ ഉണ്ടായിരുന്നത്. സ്ത്രീശരീരം കൊണ്ട് ആകര്‍ഷിക്കുന്ന തരത്തിലുള്ള പോസ്റ്ററുകളുമായിരുന്നു.

 
ഒരുപാട് മെറ്റഫേഴ്‌സുള്ള സിനിമയാണ് ഒഴിവുദിവസത്തെ കളി. ഒഴിവുദിവസത്തെ കളി എന്ന പേരു തന്നെ ഒരു സൂചകമാണ്. ഓരോ കഥാപാത്രത്തിനും ഒരു പ്രാതിനിധ്യ സ്വഭാവമുണ്ട്, തീര്‍ച്ചയായും സ്ത്രീ കഥാപാത്രത്തിനും. ഓരോ കഥാപാത്രത്തിന്റെയും കൃത്യമായ സ്വഭാവമറിയാതെ അതിനെ വിമര്‍ശിക്കുന്നതില്‍ അര്‍ത്ഥമില്ല. ഒറ്റനോട്ടത്തില്‍ സിനിമ ഇഷ്‍ടപ്പെട്ടില്ല. എന്നാല്‍ വിമര്‍ശിച്ചുകളയാം എന്നത് വളരെ ലാഘവത്തോടെയുള്ള സമീപനമാണ്.

വിമര്‍ശനങ്ങള്‍ നല്ലതാണ്. അത് സംവിധായകനെ തിരിഞ്ഞുനോക്കാന്‍ സഹായിക്കുന്നു. പക്ഷേ എല്ലാ വിമര്‍ശനങ്ങളെയും അക്ഷരംപ്രതി അനുസരിക്കണമെന്നോ, അത് ശരിയാണൊന്നോ ഇല്ല. നമ്മുടെ ബോദ്ധ്യത്തില്‍ക്കൂടിയാണ് നാം അവയെ സ്വീകരിക്കുന്നത്. ചില പ്രത്യേക സാഹചര്യങ്ങളില്‍ ഉണ്ടാകുന്ന വിമര്‍ശനങ്ങള്‍ അപ്പോഴത്തെ മാനസ്സികാവസ്ഥയില്‍ വിരുദ്ധമായി തോാന്നറുണ്ട്. അത് ഞാന്‍ തന്നെ തള്ളിക്കളഞ്ഞെുമെന്നിരിക്കും. എാല്‍ പിന്നീട് ആ വിമര്‍ശനങ്ങള്‍ ഉള്‍ക്കൊള്ളാനും തിരുത്താനും ശ്രമിച്ചെിന്നിരിക്കും. സത്യത്തില്‍ ഒഴിവുദിവസത്തെ കളിക്ക് വിമര്‍ശിക്കാവുന്ന ഒരുപാട് കാര്യങ്ങളുണ്ട്. നായയെ വിമര്‍ശിക്കാന്‍ പറയുമ്പോള്‍ വാല് വളഞ്ഞിരിക്കുന്ന എന്ന തരത്തിലുള്ള വിമര്‍ശനങ്ങളാണ് കൂടുതല്‍ വരുന്നത്. ഇത് പൊതുവായ കാര്യങ്ങളാണ്. നമുക്കറിയാം ഇത്തരം വിമര്‍ശനങ്ങളാണ് വരുക എുള്ളത്. എന്നാല്‍ കഴമ്പുള്ള വിമര്‍ശനങ്ങള്‍ ഉണ്ടാകുന്നുണ്ട്. അവയെ ആ അര്‍ത്ഥത്തില്‍ പരിഗണിക്കുന്നുമുണ്ട്.

സമൂഹത്തില്‍ ഇടപെടുന്ന സനല്‍കുമാര്‍ ശശിധരന്‍ എന്ന വ്യക്തിയും സംവിധായകനും തമ്മില്‍ സംഘര്‍ഷങ്ങളുണ്ടാകുന്നുണ്ടോ?

അടിസ്ഥാനപരമായി കുടുംബ വ്യവസ്ഥയില്‍ ഇടപെടുന്ന വ്യക്തിയും സമൂഹത്തില്‍ ഇടപെടുന്ന വ്യക്തിയും ഒരു കലാകാരനും തമ്മില്‍ സംഘര്‍ഷമുണ്ട്. സോഷ്യലായി ഇടപെടുന്ന സനല്‍കുമാര്‍ ശശിധരനും, സംവിധായകനും തമ്മില്‍ യാതൊരു സംഘര്‍ഷവുമില്ല. എന്നാല്‍ വ്യക്തിജീവിതത്തില്‍ കുടുംബത്തില്‍ ഇടപെടുന്നയാളും, സമൂഹത്തില്‍ ഇടപെടുന്നയാളും തമ്മില്‍ സംഘര്‍ഷം നിലനില്‍ക്കുന്നു.  ഇങ്ങനെയുള്ള വൈരുദ്ധ്യം ശരിക്കും എന്റെ കലയില്‍ ഉപയോഗിക്കുകയാണ് ചെയ്യുന്നത്. എന്നെ സംബന്ധിച്ചിടത്തോളം ആ വൈരുദ്ധ്യങ്ങള്‍ എന്റെ സിനിമയുടെ റോ മെറ്റീരിയലാണ്.

ഒരാള്‍പ്പൊക്കം എന്ന സിനിമ ഒരു ഹൈന്ദവരാഷ്‍ട്രീയത്തോട് ചേര്‍ന്നു നില്‍ക്കുന്നു എന്ന വായനയെ എങ്ങനെ നിരീക്ഷിക്കുന്നു?

ഒരാള്‍പ്പൊക്കം എന്ന സിനിമയിലെ ചില കാര്യങ്ങള്‍ മാത്രമെടുത്ത് സനല്‍കുമാര്‍ എന്ന വ്യക്തിയുടെ ചരിത്രവും എടുത്തുവെച്ചുകൊണ്ട് വളരെ ഡയറക്ടായ വായനകളാണ് അന്ന് പലയിടത്തും ഉയര്‍ന്നത്. എന്റെ നിലപാട്, രാഷ്‍ട്രീയം എന്നിവ എനിക്കറിയാം. അത് മനസ്സിലാക്കാത്തവര്‍ മറിച്ചു പറഞ്ഞെന്നിരിക്കാം. അതിനെ കറക്ട് ചെയ്യുക എന്നതല്ല എന്റെ ജോലി. എന്നാല്‍ അടുത്ത സിനിമയില്‍ എന്റെ ചിന്തകളെ കൊണ്ടുവരികയാണ് ചെയ്യുന്നത്. അതുകൊണ്ടു തന്നെ മറ്റൊരു സിനിമ വരുമ്പോള്‍ വരുന്ന വിമര്‍ശനങ്ങള്‍ വേറെതരത്തിലായിരിക്കും. ഗൗരവമായി സിനിമ കാണുന്ന പലരും ഇത്തരം വിമര്‍ശനങ്ങള്‍ ഉയിക്കുമ്പോള്‍ ഇവര്‍ ഇത്രയേ ഉള്ളോ എന്ന തോന്നലാണ്.  ഇത്തരത്തില്‍ എല്ലാ ഭാഗത്തുനിന്നും ഒരു വടംവലിയുണ്ടാകും. അതിലൂടെയാണ് മുന്നോട്ടുപോകുന്നത്. അതിനിടയില്‍ ഒരു ലക്ഷ്യമുണ്ടെങ്കില്‍ അതിലേക്ക് എത്തുകതന്നെ ചെയ്യും.

താങ്കള്‍ ഒരു വിശ്വാസിയാണോ?


ഞാനൊരു വിശ്വാസിയല്ല. ദൈവം എത് ഒരു ഉട്ടോപ്യന്‍ കാഴ്ചപ്പാടില്‍ നിന്നാണ് ഉണ്ടായത് എന്ന നിലപാടാണ്. ജനിച്ചതും വളര്‍തുമെല്ലാം ഓര്‍ത്തഡോക്‌സായ ഒരു ഹിന്ദു ഫാമിലിയിലാണ്. ഇതെല്ലാം വളര്‍ന്നുവരുന്ന സാഹചര്യങ്ങള്‍, കാണുന്ന ജീവിതങ്ങള്‍, വായിക്കുന്ന പുസ്തകങ്ങള്‍ ഇവയെല്ലാം അനുസരിച്ച് മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്. ദൈവമെന്നാല്‍ ഒരു സാഹിത്യ സൃഷ്‍ടിയായാണ് ഇന്ന് ഞാന്‍ ചിന്തിക്കുന്നത്. എന്നാല്‍ യുക്തിവാദമടക്കം എല്ലാ മേഖലകളിലും എക്‌സ്ട്രീമിസം ഉണ്ട്. അതിനോട് താല്‍പ്പര്യമില്ല. അതുകൊണ്ട് തന്നെ ഇത്തരം ചിന്തകളോടെല്ലാം ഒരേസമയം ഇണങ്ങി നില്‍ക്കുകയും അതോടൊപ്പം തമ്മില്‍ കലഹിക്കുകയും ചെയ്യുുണ്ട്.

കലാമൂല്യമുള്ള സിനിമകളുടെ സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ച്?

ഒറ്റപ്പെട്ട സിനിമകള്‍ ഉണ്ടാവുകയും അത് അവസാനിച്ചുപോവുകയും ചെയ്യുന്നത് ഒരു ദുരന്തമാണ്. മനസ്സില്‍ ഒരുപാട് സിനിമകള്‍ സ്വപ്നം കാണുന്ന കലാകാരന്മാര്‍ സിനിമ ഒരു മൂലധനം ആവശ്യപ്പെടുതുകൊണ്ടുതന്നെ ഒന്നു രണ്ട് സിനിമകളില്‍ നിന്നുപോകുന്നു. സിനിമ എടുത്താല്‍ പണം തിരിച്ചുകിട്ടില്ല എന്നതുതന്നെ കാരണം. പ്രതിസന്ധികള്‍ മറികടക്കാന്‍ ശ്രമിക്കുന്നതിന്റെ ഭാഗമായി എന്റെ സിനിമകളില്‍ ഞാന്‍ ചെലവു കുറയ്ക്കാന്‍ തീരുമാനിച്ചു. ഒരു സിനിമ എടുത്തിട്ട് മരിക്കണം എന്നു വിചാരിക്കുന്ന ആളല്ല ഞാന്‍. ജീവിക്കുന്ന കാലം മുഴുവന്‍ സിനിമ എന്ന ചിന്ത ഉള്ളതിനാല്‍ ഇപ്പോള്‍ത്തന്നെ സാമ്പത്തിക പ്രതിസന്ധികള്‍ക്ക് പ്രതിവിധി കണ്ടെത്തുന്നു. അവാര്‍ഡ് സാമ്പത്തിക സഹായം എല്ലാ സിനിമകളിലും ഉണ്ടാകണമെിന്നില്ല. പൂര്‍ണ്ണമായും ആശ്രയിക്കാന്‍ കഴിയുന്നത് പ്രേക്ഷകരെത്തന്നെയാണ്. ക്രൗഡ് ഫണ്ടഡായും, സിനിമാവണ്ടിവഴി സിനിമ കാണിക്കുന്നതും തീയേറ്റര്‍ പ്രദര്‍ശനം എന്നിങ്ങനെ ഒരുപാട് വഴികള്‍ സ്വീകരിക്കുന്നു.

സെക്‌സി ദുര്‍ഗ്ഗയെക്കുറിച്ച്?

സെക്‌സി ദുര്‍ഗ്ഗ എന്ന പേരുതന്നെ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്നു. എന്നാല്‍ ആ പ്രോജക്ട് കുറച്ച് നീണ്ടുനിന്നേക്കാം. പലതരത്തിലുള്ള സിനിമകളെ സ്വപ്നം കാണുന്ന ആളാണ് ഞാന്‍. ഇടയ്ക്ക് എന്നെ ഉത്തേജിപ്പിക്കുന്ന എന്തെങ്കിലും കണ്ടാല്‍ അതിലേക്ക് തിരിയാം. മുന്നിലുള്ള കുറേ പ്രോജക്ടുകളില്‍ ഏതെങ്കിലുമൊന്ന് ഉടനെ തുടങ്ങിയേക്കാം.


സനല്‍കുമാറിലെ സംവിധായകനെ ഏറെ സ്വാധീനിച്ച ഘടകങ്ങള്‍?

സിനിമകളേക്കാള്‍ ഉപരി രാഷ്‍ട്രീയ സാമൂഹിക സാഹചര്യങ്ങളാണ് സ്വാധീനിച്ചിട്ടുള്ളത്. ഏതെങ്കിലും സിനിമയുടെ പാത പിന്തുടരാന്‍ ആഗ്രഹിക്കുന്ന ആളല്ല ഞാന്‍. എനിക്ക് ചുറ്റുപാടുകളില്‍ നിന്നും ചിന്തകളില്‍നിന്നുമാണ് സിനിമകള്‍ ഉണ്ടാകുന്നത്. തീര്‍ച്ചയായും സിനിമ എന്ന ശക്തമായ മാധ്യമവുമായി ബന്ധിപ്പിച്ച ആളുകള്‍ ഒരുപാടുപേരുണ്ട്. എങ്കിലും എന്റെ നിരീക്ഷണങ്ങളാണ് എന്റെ സിനിമകള്‍.

പ്രേക്ഷകരുടെ കാഴ്ച ശീലങ്ങള്‍ ഇനിയും മാറേണ്ടതുണ്ടോ?

പ്രേക്ഷകരുടെ കാഴ്ചശീലം മാറിത്തുടങ്ങി. ഐഎഫ്എഫ്‌കെയില്‍ സിനിമ പ്രദര്‍ശിപ്പിച്ചപ്പോള്‍ ഒരുപാട് പേര്‍ പറഞ്ഞു ഇത് തീയേറ്ററില്‍ റിലീസ് ചെയ്യണമെന്ന്. ചെയ്യുമെന്ന് പറഞ്ഞപ്പോള്‍ പലര്‍ക്കും വിശ്വസിക്കാന്‍ പ്രയാസം. എാല്‍ സിനിമ തീയേറ്ററില്‍ സ്വീകരിക്കപ്പെടുമെന്ന് വിശ്വസിച്ചിരുന്നു. ഒഴിവുദിവസത്തെ കളിയോടുള്ള തീയേറ്റര്‍ പ്രതികരണം തന്നെ അത് മനസ്സിലാക്കിത്തരുന്നു. അതുകൊണ്ട് ഒന്നും നിരാശപ്പെടേണ്ടതില്ല. സിനിമകളെക്കുറിച്ചുള്ള കാഴ്ചപ്പാടുകളില്‍ കൂടുതല്‍ മാറ്റങ്ങള്‍ ഉണ്ടാകേണ്ടത് അനിവാര്യമാണ്. അടിസ്ഥാനപരമായി ഞാനും ഒരു പ്രേക്ഷകന്‍ തന്നെയാണ്. ഇന്ന് കലാമൂല്യമുള്ള സിനിമകള്‍ സ്വീകരിക്കത്തക്കവിധം പ്രേക്ഷകര്‍ക്ക് വന്നിട്ടുള്ള മാറ്റം ഏറെ പ്രതീക്ഷ നല്‍കുന്നു.

click me!