ഈ വക്കീല്‍ രസിപ്പിക്കും; 'കോടതിസമക്ഷം ബാലന്‍ വക്കീല്‍' റിവ്യൂ

By Web TeamFirst Published Feb 21, 2019, 6:51 PM IST
Highlights

ചിത്രത്തിന്റെ പബ്ലിസിറ്റി മെറ്റീരിയലുകളില്‍ നിന്ന് ഒരു കോമഡി എന്റര്‍ടെയ്‌നര്‍ പ്രതീക്ഷിച്ചല്ല തീയേറ്ററുകളിലേക്ക് പോകേണ്ടത്. മറിച്ച് തുടക്കത്തില്‍ പറഞ്ഞതുപോലെ നര്‍മ്മത്തിന്റെ പശ്ചാത്തലത്തിലുള്ള ഒരു ത്രില്ലര്‍ ഡ്രാമയാണ് ചിത്രം.
 

എന്തെങ്കിലും തരത്തിലുള്ള സവിശേഷതയാല്‍ ഭൂരിഭാഗത്തില്‍ നിന്നും വേറിട്ടുനില്‍ക്കുന്ന ചില കഥാപാത്രങ്ങള്‍ ദിലീപിന്റെ കരിയറില്‍ വലിയ ജനപ്രീതി നേടിക്കൊടുത്തവയാണ്. കുഞ്ഞിക്കൂനനും ചാന്തുപൊട്ടും സൗണ്ട് തോമയുമൊക്കെ ഉദാഹരണങ്ങള്‍. എന്താല്‍ തമാശാനിര്‍മ്മാണത്തിനായുള്ള ശ്രമത്തില്‍ അതത് വിഭാഗങ്ങളെ സെന്‍സിറ്റീവ് ആയല്ല സമീപിച്ചിരിക്കുന്നതെന്നും ചിലപ്പോഴൊക്കെ ആരോപണം ഉയര്‍ന്നിരുന്നു. മോഹന്‍ലാല്‍ നായകനായ വില്ലന് ശേഷം ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന 'കോടതിസമക്ഷം ബാലന്‍ വക്കീലി'ല്‍ ദിലീപ് വിക്കുള്ള ഒരു അഭിഭാഷകനാണ്. അവസരത്തിനൊത്ത് ആര്‍ജ്ജവത്തോടെ ഉപയോഗിക്കേണ്ട വാക്കുകള്‍ ജയപരാജയങ്ങള്‍ നിര്‍ണയിക്കുന്ന ഒരു കരിയറില്‍ വിക്കുള്ള ഒരാള്‍ വന്നാല്‍ എങ്ങനെ എന്ന ചോദ്യമാണ് ചിത്രത്തിന്റെ യുഎസ്പി. മേല്‍പറഞ്ഞ ആരോപണം ഉണ്ടാവാന്‍ ഇടയില്ലാത്ത സിനിമയുമാണ് 'ബാലന്‍ വക്കീല്‍'. കാരണം നായകന്റെ വിക്ക് തമാശാ നിര്‍മ്മാണത്തിനുള്ള ഉപാധിയാവുമ്പോള്‍ത്തന്നെ അയാള്‍ക്കൊപ്പം തന്നെയാണ് സിനിമയുടെ നില്‍പ്പ്.

ആദ്യന്തം ഒരു കോമഡി എന്റര്‍ടെയ്‌നര്‍ അല്ല ചിത്രം, തുടക്കം കണ്ടാല്‍ അങ്ങനെ തോന്നിയേക്കാമെങ്കിലും. മറിച്ച് ഒരു ത്രില്ലര്‍ ഡ്രാമയാണ്. വിക്ക് മൂലമുള്ള മാനസിക സംഘര്‍ഷം അനുഭവിക്കുന്ന, കരിയറില്‍ തുടക്കക്കാരനായ അഭിഭാഷകനായാണ് നായകന്റെ ഇന്‍ട്രൊ. വീട്ടിലോ സഹപ്രവര്‍ത്തകര്‍ക്കിടയിലോ പരിഗണന ലഭിക്കാത്ത, എന്നാല്‍ ആത്യന്തികമായി തോറ്റുകൊടുക്കാന്‍ തയ്യാറല്ലാത്ത ഒരു കഥാപാത്രം. നിസ്സാര കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട ആള്‍ക്ക് ജാമ്യം വാങ്ങിക്കൊടുക്കാന്‍ പോലും കഷ്ടപ്പെടുന്ന വക്കീലായാണ് കോടതിമുറിയിലെ അയാളുടെ ഇന്‍ട്രൊഡക്ഷന്‍. പൊലീസുകാരനായ അളിയന്‍ (സുരാജ് വെഞ്ഞാറമ്മൂട്) വഴി തന്നെ തേടിയെത്തുന്ന ഒരു കേസ് ബാലന്റെ ജീവിതം എങ്ങനെ മാറ്റിമറിയ്ക്കുന്നുവെന്ന് സിനിമ പരിശോധിക്കുന്നു. ഈ കേസ് എത്തുന്നതോടെ കോമഡി എന്റര്‍ടെയ്‌നര്‍ എന്ന നിലയില്‍ നിന്ന് സിനിമയും അതിന്റെ ത്രില്ലര്‍ ഡ്രാമാ സ്വഭാവത്തിലേക്ക് നീങ്ങുന്നു. സാധാരണ ദിലീപ് ചിത്രങ്ങളില്‍ നിന്ന് പ്രതീക്ഷിക്കപ്പെടുന്ന നര്‍മ്മരംഗങ്ങള്‍ നിറഞ്ഞ തുടക്കത്തേക്കാള്‍ ആസ്വാദ്യകരമാണ് ചിത്രത്തിന്റെ പ്രധാന ഭാഗമായ ഈ ത്രില്ലര്‍ 'എപ്പിസോഡ്'. 

ദിലീപിലെ നടന് വെല്ലുവിളിയുള്ള കഥാപാത്രമല്ല ബാലന്‍ വക്കീല്‍. അതേസമയം കഥാപാത്രത്തിന്റെ വിക്കും അതിലുണ്ടാവുന്ന ഏറ്റക്കുറച്ചിലുകളുമൊക്കെ കഥാപാത്രത്തിന്റെ മാനസികാവസ്ഥയുടെയും കഥാഗതിയുടെ തന്നെയും ഭാഗമാണ്. അതിനാല്‍ത്തന്നെ ഡബ്ബിംഗില്‍ ഏറെ പ്രാധാന്യമുള്ള കഥാപാത്രവുമായിരുന്നു ഇത്. പ്രകടനത്തിലും ഡബ്ബിംഗിലും ബാലന്‍ വക്കീലിനെ നന്നായി സമീപിച്ചിട്ടുണ്ട് ദിലീപ്. ഷാഫിയുടെ 2 കണ്‍ട്രീസിന് ശേഷം ദിലീപിന്റെ നായികയായി മംമ്ത മോഹന്‍ദാസ് എത്തുന്ന ചിത്രമാണ് 'ബാലന്‍ വക്കീല്‍'. മൈ ബോസിലും പാസഞ്ചറിലും അരികെയിലുമൊക്കെ ആവര്‍ത്തിച്ച, ഇരുവര്‍ക്കുമിടയിലുള്ള സ്‌ക്രീന്‍ കെമിസ്ട്രി ഇവിടെയുമുണ്ട്. കോമഡി ട്രാക്കില്‍ പോകുന്ന ആദ്യ പകുതിയെ രസകരമാക്കുന്നത് സുരാജിന്റെയും സിദ്ദിഖിന്റെയും കഥാപാത്രങ്ങളാണ്. സുരാജ് തന്റെ സ്വാഭാവിക അഭിനയം കാഴ്ചവച്ചപ്പോള്‍ സിദ്ദിഖ് ആ കഥാപാത്രം ആവശ്യപ്പെടുന്ന തരത്തില്‍ 'അറിഞ്ഞ്' പെരുമാറി.

ത്രില്ലര്‍ എലമെന്റുകള്‍ തന്റെ മിക്കവാറും സിനിമകളിലൊക്കെ പരീക്ഷിക്കാറുള്ള സംവിധായകനാണ് ബി ഉണ്ണികൃഷ്ണന്‍. ചിലത് പരാജയപ്പെട്ടപ്പോള്‍ മറ്റുചിലത് ജനപ്രീതി നേടിയിട്ടുമുണ്ട്. ഇവിടെ ആ ശ്രമം വിജയിച്ചിട്ടുണ്ട്. ത്രില്ലര്‍ മോഡിലേക്കുള്ള വഴിമാറ്റത്തിന് ശേഷം അന്ത്യം വരെ ഒരു തരത്തിലുള്ള നിഗൂഢതയും ആകാംക്ഷയും നിലനിര്‍ത്തുന്നുണ്ട് ചിത്രം. ആദ്യ കാഴ്ചയില്‍ പ്രേക്ഷകരുമായി അടുപ്പമൊന്നുമുണ്ടാക്കാന്‍ തക്കവണ്ണമുള്ള കഥാപാത്രമല്ല ബാലന്‍. പക്ഷേ സിനിമ അവസാനിക്കുമ്പോഴേക്ക് അത് മാറുന്നുണ്ട്. നായക കഥാപാത്രത്തിന്റെ പശ്ചാത്തലം വിശ്വസനീയമായി അവതരിപ്പിക്കുന്നത് കൊണ്ടുകൂടിയാണ് അത്.

ചിത്രത്തിന്റെ പബ്ലിസിറ്റി മെറ്റീരിയലുകളില്‍ നിന്ന് ഒരു കോമഡി എന്റര്‍ടെയ്‌നര്‍ പ്രതീക്ഷിച്ചല്ല തീയേറ്ററുകളിലേക്ക് പോകേണ്ടത്. മറിച്ച് തുടക്കത്തില്‍ പറഞ്ഞതുപോലെ നര്‍മ്മത്തിന്റെ പശ്ചാത്തലത്തിലുള്ള ഒരു ത്രില്ലര്‍ ഡ്രാമയാണ് ചിത്രം. ആ തരത്തില്‍ ഭേദപ്പെട്ട സിനിമയാണ് 'കോടതിസമക്ഷം ബാലന്‍ വക്കീല്‍'. 

click me!