കൊവിഡ് പോസിറ്റീവ്: ബച്ചൻ കുടുംബത്തിന്റെ സൗഖ്യത്തിന് വേണ്ടി 'മഹാമൃത്യുജ്ഞയ ഹോമം' നടത്തി ആരാധകർ

By Web TeamFirst Published Jul 14, 2020, 3:47 PM IST
Highlights

കൊവിഡ് മാനദണ്ഡങ്ങൾ പൂർണ്ണമായും പാലിച്ച് വളരെ കുറച്ച് ആളുകളെ മാത്രം ഉൾപ്പെടുത്തിയാണ് ഹോമം നടത്തുന്നതെന്ന് ഇവർ വ്യക്തമാക്കുന്നു. 

മുംബൈ: കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്ന അമിതാഭ് ബച്ചനും കുടുംബത്തിനും വേണ്ടി നോൺ സ്റ്റോപ്പ് മഹാമൃത്യുജ്ഞയ ഹോമം നടത്തി ആരാധകർ. അമിതാഭ് ബച്ചനും അഭിഷേക് ബച്ചനും ഐശ്വര്യ റായിക്കും മകൾ ആരാധ്യയ്ക്കും കൊവിഡ് പോസിറ്റീവ് സ്ഥിരികരിച്ചിരുന്നു. കൊൽക്കത്തയിലെ അമിതാഭ് ബച്ചൻ ഫാൻസ് അസോസിയേഷൻ ആണ് ബച്ചൻ കുടുംബത്തിന്റെ സുഖ പ്രാപ്തിക്കായി യാ​ഗം അനുഷ്ഠിക്കാനൊരുങ്ങിയിരിക്കുന്നത്. 

കൊവിഡ് സുഖപ്പെട്ട് ബച്ചൻ കുടുംബം ആശുപത്രി വിടാതെ ഹോമം നിർത്തില്ലെന്നാണ് ആരാധകരുടെ നിലപാട്. 'ബച്ചൻ കുടുബത്തിലെ എല്ലാവരും സുഖം പ്രാപിക്കുന്നത് വരെ ഞങ്ങൾ  പ്രാർത്ഥന തുടരും. വളരെ കുറച്ച് ദിവസങ്ങൾ മാത്രം മതിയെന്ന് ഞങ്ങൾക്കറിയാം.' ഫാൻസ് അസോസിയേഷൻ അം​ഗം സജ്ഞയ് പട്ടോ‍ഡിയ പറഞ്ഞു. 

കൊവിഡ് മാനദണ്ഡങ്ങൾ പൂർണ്ണമായും പാലിച്ച് വളരെ കുറച്ച് ആളുകളെ മാത്രം ഉൾപ്പെടുത്തിയാണ് ഹോമം നടത്തുന്നതെന്ന് ഇവർ വ്യക്തമാക്കുന്നു. ഷഹൻഷ അമ്പലത്തിലാണ് ആദ്യം ഹോമത്തിന്റെ ചടങ്ങുകൾ നടന്നത്. എന്നാൽ പിന്നീട് വേദി മാറ്റുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് ബച്ചൻ കുടുംബത്തിലെ നാല് പേർക്ക് കോവിഡ് സ്ഥിരീകരിച്ച വാർത്ത പുറത്ത് വന്നത്. അമിതാഭ് ബച്ചന് പുറമേ അഭിഷേക് ബച്ചൻ, ഐശ്വര്യ റായ് ബച്ചൻ, ആരാധ്യ ബച്ചൻ എന്നിവരാണ് കോവിഡ് ബാധയെ തുടർന്ന് ചികിത്സയിൽ കഴിയുന്നത്.

തനിക്ക് കൊവിഡ് സ്ഥിരീകരിച്ച വാർത്ത ട്വീറ്റിലൂടെ ബച്ചൻ തന്നെയാണ് പങ്കുവച്ചത്. തൊട്ടുപിന്നാലെ അഭിഷേക് ബച്ചനും രോ​ഗം സ്ഥിരീകരിച്ചതായി അറിയിച്ചു. പിന്നീട് നടത്തിയ പരിശോധനയിൽ ഐശ്വര്യ റായ്ക്കും മകൾ ആരാധ്യയ്ക്കും കൊവിഡ് ഉള്ളതായി കണ്ടെത്തി. അമിതാഭ് ബച്ചനും അഭിഷേക് ബച്ചനും മുംബൈ നാനവതി ഹോസ്പിറ്റലിൽ ചികിത്സയിലാണ്. ഐശ്വര്യയും മകൾ ആരാധ്യയും വീട്ടിൽ ക്വാറന്റൈനിലാണ്.  

click me!