'കാലാ'യ്ക്ക് പിന്നാലെ ബോളിവുഡിലേക്ക് ചുവട് വച്ച് 'പാ രഞ്ജിത്'

By Web TeamFirst Published Aug 4, 2018, 11:10 AM IST
Highlights

മുഖ്യധാരാ സിനിമകളിലെ തന്റെ നിലപാടുകളെക്കുറിച്ച് ഉറച്ച ബോധ്യമുള്ള സംവിധായകനാണ് താനെന്ന് പുറത്തിറങ്ങിയ ഓരോ ചിത്രങ്ങളിലൂടെയും പാ രഞ്ജിത് വ്യക്തമാക്കിയിട്ടുണ്ട്. 

ചെന്നൈ : അരികുവല്‍ക്കപ്പെടുന്നവരുടെ യഥാര്‍ത്ഥമുഖം തിരശീലയിലെത്തിക്കാന്‍ ശ്രമിച്ച പാ രഞ്ജിത് ബോളിവുഡിലേക്ക് . ആനുകാലിക വിഷയങ്ങളെക്കുറിച്ചുള്ള ചിത്രങ്ങളിലൂടെ ഏറെ കയ്യടി നേടിയ ഈ സംവിധായകന്‍ നമാ പിക്‌ചേഴ്‌സുമായി ചേര്‍ന്നാണ്  ആദ്യ ബോളിവുഡ് ചിത്രം ഒരുക്കുന്നത്. ചിത്രത്തിൽ ആമിർ ഖാൻ നായകനായി എത്തുന്നു എന്ന കിംവദന്തി തെറ്റാണെന്നും ഇതുവരെ നായകൻ ആരാണെന്ന് തീരുമാനിച്ചിട്ടില്ലെന്നും പാ രഞ്ജിത്ത് വ്യക്തമാക്കി.

മാളവിക മോഹന്‍, ഇഷാന്‍ ഖട്ടര്‍ എന്നിവരെ മുഖ്യ കഥാപാത്രങ്ങളാക്കി മജീദ് മജീദി ഒരുക്കിയ ‘ബിയോണ്ട് ദി ക്ലൗഡ്‌സ്’ എന്ന ചിത്രത്തിന്റെ നിര്‍മ്മാതാക്കളാണ് നമാ പിക്‌ചേഴ്‌സ്. ഷറീന്‍ മന്ത്രി കേഡിയ, കിഷോര്‍ അറോറ എന്നിവരാണ് നമാ പിക്‌ചേഴ്‌സിന്റെ സ്ഥാപകര്‍.  സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിനെ നായകനാക്കി കബാലി, കാല എന്നീ ചിത്രങ്ങള്‍ ഒരുക്കിയതിന് പിന്നാലെയാണ് ബോളിവുഡിലേക്കുള്ള പാ രഞ്ജിത്തിന്റെ  ചുവടുവയ്പ്. 

ശക്തമായ രാഷ്ട്രീയ, സാമൂഹ്യ ആശയങ്ങളുമായി പിണഞ്ഞ് കിടക്കുന്ന സിനിമകളാണ് രഞ്ജിത്തിനെ മറ്റ് സംവിധായകരിൽനിന്നും വ്യത്യസ്ഥനാക്കുന്നത്. മദ്രാസ്, ആട്ടക്കതി, കബലി, കാല തുടങ്ങിയ തന്റെ ചിത്രങ്ങളിലൂടെ അരികുവത്കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെ കഥയാണ് രഞ്ജിത്ത് വെള്ളിത്തിരയിൽ അവതരിപ്പിച്ചത്. മുഖ്യധാരാ സിനിമകളിലെ തന്റെ നിലപാടുകളെക്കുറിച്ച് ഉറച്ച ബോധ്യമുള്ള സംവിധായകനാണ് താനെന്ന് പുറത്തിറങ്ങിയ ഓരോ ചിത്രങ്ങളിലൂടെയും പാ രഞ്ജിത് വ്യക്തമാക്കിയിട്ടുണ്ട്. സാമൂഹ്യബോധമുള്ള വിഷയങ്ങൾ പുതിയ രീതിയിൽ അവതരിപ്പിക്കുക എന്ന പാ രഞ്ജിത് രീതി ദക്ഷിണേന്ത്യയില്‍ ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു. അതേ രീതിയായിരിക്കുമോ രഞ്ജിത്ത് ബോളിവുഡിലും പിന്തുടരുക എന്നത് കാത്തിരുന്നു കാണാം.

click me!