തീണ്ടാരിത്തുണിയിലെ രക്തക്കറയല്ല പാഡ്മാന്‍ -റിവ്യു

By Web DeskFirst Published Feb 9, 2018, 4:00 PM IST
Highlights

വൃത്തിഹീനമായ തുണികള്‍ ഉപയോഗിച്ച് ആര്‍ത്തവ ദിവസങ്ങളെ അതിജീവിക്കുന്ന സ്ത്രീകളുള്ള ഒരു നാട്ടില്‍ നിന്ന് അവരെ പാഡിന്‍റെ , വൃത്തിയുടെ , മറ്റൊരു സംസ്ക്കാരത്തിലേക്ക്  എത്തിക്കാന്‍ ശ്രമിക്കുന്ന ലക്ഷ്മികാന്ദ് ചൗഹാന്‍റെ ജീവിതമാണ് ആര്‍. ബാല്‍ക്കി സംവിധാനം ചെയ്ത പാഡ്മാന്‍. ആചാരങ്ങളും , വിശ്വാസങ്ങളും പിടിമുറുക്കിയ നാട്ടില്‍ നിന്നുകൊണ്ട് അതിനെതിരെ പോരടിക്കുന്ന ലക്ഷ്മികാന്ദ് ചൗഹാന്‍ മാത്രമാണ് ചിത്രത്തില്‍ നിറഞ്ഞുനില്‍ക്കുന്നത്.

വിദ്യാഭ്യാസം ലഭിച്ചിട്ടില്ലാത്ത,വലിയ അറിവ് ഇല്ലാത്ത ലക്ഷ്മിക്കുണ്ടാകുന്ന തിരിച്ചറിവാണ് വൃത്തിഹീനമായ ആര്‍ത്തവതുണികള്‍ രോഗം വിളിച്ച് വരുത്തുമെന്നത്. സ്വന്തം ഭാര്യ ആര്‍ത്തവ ദിനത്തില്‍ തുണി ഉപയോഗിക്കുന്നത് കാണുന്ന ലക്ഷ്മി ഇവര്‍ക്കായി സ്വയം പാഡുകള്‍ നിര്‍മ്മിക്കുന്നു. എന്നാല്‍ നല്ല പ്രതികരണമല്ല ലക്ഷ്മിക്ക് ഭാര്യ ഗായത്രിയില്‍ നിന്ന് ലഭിക്കുന്നത്.

പിന്നീട് ഒരു നാട് മുഴുവന്‍ ലക്ഷ്മിയെ ഒറ്റപ്പെടുത്തുന്നു. എങ്കിലും പാഡ് നിര്‍മ്മിക്കുകയെന്ന ഒറ്റ ലക്ഷ്യം മാത്രമാണ് ലക്ഷ്മിയെ മുന്നോട്ട് നയിക്കുന്നത്. ഇങ്ങനെ വിദ്യാഭ്യാസമില്ലാത്ത, അറിവ് ഇല്ലാത്ത ലക്ഷ്മി ഒരു ഗ്രാമത്തെ അവിടുത്തെ സ്ത്രീകളുടെ പ്രശ്നങ്ങളെ മാറ്റി മറിക്കാന്‍ ശ്രമിക്കുന്നു. താന്‍ നിര്‍മ്മിച്ച പാഡുകളുടെ അപാകതകള്‍ അറിയാന്‍ ലക്ഷ്മി മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥിനിക്ക് പാഡ് നല്‍കുകയാണ്. എന്നാല്‍ ഇതുപയോഗിക്കാതെ അതിന്‍റെ ഫീഡ് ബാക്ക് ലക്ഷ്മിക്ക് നല്‍കാനായി പെണ്‍കുട്ടി എഴുതുന്നു. 

ഇങ്ങനെ വിദ്യാഭാസം ലഭിച്ചവര്‍ തൊട്ട് അതില്ലാത്തവര്‍ വരെ ലക്ഷ്മിയെ കളിയാക്കുകയും അയാളുടെ മുന്നേറ്റങ്ങളെ തടസപ്പെടുത്തുകയും ചെയ്യുന്നുണ്ട്. എന്നാല്‍ അതിനെയെല്ലാം അതിജീവിക്കുന്നുണ്ട് ലക്ഷ്മി. ദില്ലിയിലെ ഐഐടിയിലെ നാഷണല്‍ ഇന്നവേഷന്‍ ഫെസ്റ്റിവലില്‍ നിന്ന് അവാര്‍ഡ് നേടുന്ന ലക്ഷ്മിയുടെ ചിത്രം പത്രത്തില്‍ അച്ചടിച്ച് വരികയും ഒരിക്കല്‍ തള്ളിപ്പറഞ്ഞ ആള്‍ക്കൂട്ടം ലക്ഷ്മിയെ ആദരിക്കുയും ചെയ്യുന്നു.

എന്നാല്‍ പാഡ് മെഷീന് ഉണ്ടാക്കിയതിനാണ് ലക്ഷ്മിക്ക് അവാര്‍ഡ് ലഭിച്ചതെന്ന് അറിയുന്നതോടെ ഗ്രാമവാസികള്‍ വീണ്ടും എതിര്‍ ചേരിയിലാകുന്നു. അത്രമാത്രം മോശമായ അല്ലെങ്കില്‍ പുറത്ത് പറയാന്‍ പാടില്ലാത്ത വിലക്കപ്പെട്ടതാണ് ഗ്രാമവാസികള്‍ക്ക് ആര്‍ത്തവം,പാഡെന്നത്.

ചിത്രത്തില്‍ പ്രധാന സ്ത്രീ കഥാപാത്രങ്ങള്‍ സോനം കപൂറിന്‍റെ പാരിയും രാധികയുടെ ഗായത്രിയും ആണ്. ഗ്രാമത്തിലെ ഒരു സാധാരണ യാഥാസ്ഥിതികയായ ഭാര്യയായ ഗായത്രിയില്‍ നിന്ന് വളരെ വിഭിന്നയാണ് പാരി.  തബലിസ്റ്റായ പാരിയാണ് ലക്ഷ്മിയെ നേട്ടങ്ങളിലേക്കെത്തിക്കുന്നത്. ലക്ഷ്മി നിര്‍മ്മിക്കുന്ന പാഡുകള്‍ ഗ്രാമത്തിലെ സ്ത്രീകള്‍ക്ക് വില്‍ക്കുന്നത് പാരിയാണ്. 

പിന്നീട് ഇതേ പാഡുകള്‍ തന്നെ സ്തീകളുടെ ഉപജീവനവുമായി മാറുന്നുണ്ട്. ലക്ഷ്മിയുടെ കണ്ടുപിടുത്തം അവിടുത്തെ സ്ത്രീകളെ മുന്നോട്ട് നയിക്കുന്നു. വീട്ടിലെ അടുക്കളയില്‍ ഭര്‍ത്താവിന് ചോറു വിളമ്പി കുഞ്ഞുങ്ങളെയും നോക്കി കീറത്തുണികള്‍ ആര്‍ത്തവ ദിനത്തില്‍ ചുറ്റി ജീവിതം അവസാനിപ്പിക്കുന്ന സ്ത്രീകളെ മാറ്റിമറിക്കുന്നുണ്ട് ലക്ഷ്മി.

click me!