Latest Videos

അവനൊപ്പം ക്യാമറയ്ക്ക് മുന്നിൽ നിൽക്കാൻ കൗതുകവും അതേസമയം ടെൻഷനുമുണ്ട്: സനൂഷ സന്തോഷ്

By Web TeamFirst Published Oct 28, 2018, 1:13 PM IST
Highlights

അതേ സമയം ചെറിയൊരു ടെൻഷൻ കൂടിയുണ്ട്. എന്നേക്കാൾ നന്നായി അവൻ ചില കഥാപാത്രങ്ങൾ ചെയ്യുമെന്നത് തന്നെയാണിതിന് കാരണം. എന്നെ സംബന്ധിച്ച് വളരെ വെല്ലുവിളി നിറഞ്ഞ കാര്യമാണിത്.- സനൂഷ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. 

തിരുവനന്തപുരം: ബാലതാരങ്ങളായി സിനിമയിലെത്തിയ സഹോദരങ്ങളായ സനൂപും സനൂഷയും ഒരുമിച്ച് അഭിനയിക്കുന്ന ചിത്രം അണിയറയിൽ ഒരുങ്ങുന്നു. അനിയനൊപ്പം ക്യാമറയ്ക്ക് മുന്നിൽ നിൽക്കാൻ ടെൻഷനുണ്ടെന്ന് തന്റെ ഇൻസ്റ്റ​ഗ്രാമിലും ഫേസ്ബുക്ക് പേജിലും കുറിച്ചാണ് സനൂഷ ഈ വാർത്ത അറിയിച്ചിരിക്കുന്നത്.

''ഞങ്ങളെപ്പോഴാണ് ഒന്നിച്ച് അഭിനയിക്കുന്നതെന്ന് എല്ലാവരും പതിവായി ചോദിക്കാറുള്ള ചോദ്യമാണ്. അവനൊപ്പം ക്യാമറയ്ക്ക് മുന്നിൽ നിൽക്കുക എന്നത് എന്റെയൊരു സ്വപ്നമാണ്. അതേ സമയം ചെറിയൊരു ടെൻഷൻ കൂടിയുണ്ട്. എന്നേക്കാൾ നന്നായി അവൻ ചില കഥാപാത്രങ്ങൾ ചെയ്യുമെന്നത് തന്നെയാണിതിന് കാരണം. എന്നെ സംബന്ധിച്ച് വളരെ വെല്ലുവിളി നിറഞ്ഞ കാര്യമാണിത്.'' സനൂഷ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. 

സംവിധായകൻ റോജിന്റെ പുതിയ ചിത്രത്തിലാണ് ഇരുവരും ആദ്യമായി ഒരുമിക്കാനൊരുങ്ങുന്നത്. സനൂപിനും റോജിനുമൊപ്പം നിൽക്കുന്ന ഫോട്ടോയും സോഷ്യൽ മീഡിയയിൽ പങ്ക് വച്ചിട്ടുണ്ട്. ചിത്രത്തിന്റെ പേരോ മറ്റ്  വിശേഷങ്ങളോ ഇതുവരെ പുറത്ത് വിട്ടിട്ടില്ല. നീൽഡി കുൻഹയുടെ ഛായാ​ഗ്രഹണത്തിൽ ചിത്രത്തിന് ​ഗനങ്ങളൊരുക്കുന്നത് രാഹുൽ സുബ്രഹ്മണ്യമാണ്. 

ഫിലിപ്സ് ആന്റ് ദ് മങ്കിപെൻ എന്ന ചിത്രത്തിൽ മികച്ച ബാലതാരത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം സനൂപിന് ലഭിച്ചിരുന്നു. പിന്നീട് മമ്മൂട്ടിക്കൊപ്പം ഭാസ്കർ ദ് റാസ്കർ, മഞ്ജു വാര്യർക്കൊപ്പം ജോ ആന്റ് ദ് ബോയ് എന്ന ചിത്രത്തിലും ശ്രദ്ധേയ വേഷങ്ങൾ ചെയ്തു. ദിലീപിന്റെ മീശമാധവനിൽ ബാലതാരമായി എത്തിയ സനൂഷ മിസ്റ്റർ മരുമകനിൽ ദിലീപിന്റെ നായികയായും എത്തിയിരുന്നു. സനൂഷ ബാലതാരമായി ശ്രദ്ധിക്കപ്പെട്ട വേഷം ബ്ലെസ്സിയുടെ കാഴ്ചയാണ്. സക്കറിയയുടെ ​ഗർഭിണികൾ എന്ന ചിത്രത്തിലും സനൂഷയുടെ കഥാപാത്രം പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. 

click me!