'നിങ്ങള്‍ എന്തുചെയ്‌തെന്ന് പറയുമോ?' താരങ്ങളുടെ ദുരിതാശ്വാസത്തെ വിമര്‍ശിക്കുന്നവര്‍ക്ക് ടൊവീനോയുടെ മറുപടി

By Web TeamFirst Published Aug 15, 2018, 1:57 PM IST
Highlights

ദുരിതാശ്വാസ സഹായത്തിനായി താരസംഘടനയായ അമ്മ നല്‍കിയ തുകയെ കുറിച്ചായിരുന്നു ടൊവീനോയുടെ പോസ്റ്റിന് താഴെയുള്ള പ്രതികരണങ്ങളില്‍ കൂടുതലും. സൂപ്പര്‍താരങ്ങളടങ്ങിയ സംഘടന പത്തുലക്ഷം മാത്രം പ്രഖ്യാപിച്ചത് കുറഞ്ഞുപോയെന്നായിരുന്നു സമൂഹമാധ്യമങ്ങളിലെ പ്രധാന വിമര്‍ശനം. മറുഭാഷകളിലെ താരങ്ങള്‍ ഉദാരമായി സംഭാവന ചെയ്തപ്പോള്‍ മലയാളത്തിലെ സിനിമാതാരങ്ങള്‍ എന്തു നല്‍കി എന്ന ചോദ്യവും ആരാധകര്‍ ഉയര്‍ത്തിയിരുന്നു.

മഴക്കെടുതി ദുരിതാശ്വാസവുമായി ബന്ധപ്പെട്ട് മലയാള സിനിമാതാരങ്ങള്‍ വേണ്ടവിധം ഇടപെടുന്നില്ല എന്ന് ആരോപിക്കുന്നവര്‍ക്ക് മറുപടിയുമായി ടൊവിനോ തോമസ്. പ്രളയബാധിതരെ സഹായിക്കുന്ന അന്‍പോട് കൊച്ചി എന്ന കൂട്ടായ്മയെക്കുറിച്ചും അതിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തുന്ന ഒരു വീഡിയോ ടൊവിനോ തന്റെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇതിനുതാഴെ പരിഹാസവുമായി എത്തിയവരോടാണ് ടൊവീനോയുടെ പ്രതികരണം.

ദുരിതാശ്വാസ സഹായത്തിനായി താരസംഘടനയായ അമ്മ നല്‍കിയ തുകയെ കുറിച്ചായിരുന്നു ടൊവീനോയുടെ പോസ്റ്റിന് താഴെയുള്ള പ്രതികരണങ്ങളില്‍ കൂടുതലും. സൂപ്പര്‍താരങ്ങളടങ്ങിയ സംഘടന പത്തുലക്ഷം മാത്രം പ്രഖ്യാപിച്ചത് കുറഞ്ഞുപോയെന്നായിരുന്നു സമൂഹമാധ്യമങ്ങളിലെ പ്രധാന വിമര്‍ശനം. മറുഭാഷകളിലെ താരങ്ങള്‍ ഉദാരമായി സംഭാവന ചെയ്തപ്പോള്‍ മലയാളത്തിലെ സിനിമാതാരങ്ങള്‍ എന്തു നല്‍കി എന്ന ചോദ്യവും ആരാധകര്‍ ഉയര്‍ത്തിയിരുന്നു.

'അതെല്ലാം വിടൂ, നിങ്ങള്‍ എന്ത് ചെയ്തു? ആദ്യം അത് പറയൂ' എന്നായിരുന്നു ഈ ചോദ്യങ്ങളോടുള്ള ടൊവിനോയുടെ പ്രതികരണം. 'നിങ്ങളെപ്പോലെയുള്ള ആളുകള്‍ ഉളളതുകൊണ്ടാണ് മറ്റൊരാളെ സഹായിക്കുന്നത് വലിയൊരു സംഭവമായി കൊട്ടിഘോഷിക്കേണ്ടി വരുന്നത്. ഇതെല്ലാം മനുഷ്യരെല്ലാം ചെയ്യുന്ന കാര്യങ്ങളാണ്. സിനിമയില്‍ വരുന്നതിന് മുന്‍പും ശേഷവും എന്നെക്കൊണ്ട് പറ്റുന്നതുപോലെ ഞാന്‍ ചെയ്യാറുണ്ട്. ഇനിയും ചെയ്യും. മറ്റുളളവരെ കുറ്റം പറയുന്നത് നിര്‍ത്തി സ്വയം എന്തൊക്കെ ചെയ്യാന്‍ പറ്റുമെന്നും അങ്ങനെ എന്ത് ചെയ്തിട്ടുണ്ടെന്നുമൊക്കെ ആലോചിച്ചാല്‍ ഈ ലോകം ഇതിനേക്കാള്‍ മനോഹരമായ സ്ഥലമായേനെ.' ടൊവിനോ കുറിച്ചു. 

മഴക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന കേരളത്തിന് സഹായം പ്രഖ്യാപിച്ച് ആദ്യം മുന്നോട്ടു വന്നത് അന്യഭാഷാ സിനിമാതാരങ്ങളാണ്. കമല്‍ഹാസന്‍, സൂര്യ-കാര്‍ത്തി, തെലുങ്ക് സൂപ്പര്‍താരം രാം ചരണ്‍, പ്രഭാസ് എന്നീ താരങ്ങള്‍ 25 മുതല്‍ 50 ലക്ഷം രൂപ വരെയാണ് അടിയന്തിര ധനസഹായവുമായി എത്തിയത്. ഇതിന് പിന്നാലെ മമ്മൂട്ടിയും ദുല്‍ഖറും ചേര്‍ന്ന് 25 ലക്ഷവും മോഹന്‍ലാല്‍ മറ്റൊരു 25 ലക്ഷവും ദുരിതാശ്വാസനിധിയിലേക്ക് നല്‍കി. ടൊവിനോ നായകനായ മറഡോണയുടെ അണിയറ പ്രവര്‍ത്തകരും ടൊവിനോയും ധനസഹായം പ്രഖ്യാപിച്ച് നേരത്തെ രംഗത്തെത്തിയിരുന്നു. 

click me!