ഗ്രീസ്‌മാന്റെ ഇരട്ടഗോളില്‍ ജര്‍മനിയെ വീഴ്‌ത്തി ഫ്രാന്‍സ് ഫൈനലില്‍

By Web DeskFirst Published Jul 6, 2016, 11:08 PM IST
Highlights

മാഴ്സലെ: അന്റോണിയോ ഗ്രീസ്‌മാന്‍ ഒരിക്കല്‍ കൂടി ഫ്രാന്‍സിന്റെ സുവര്‍ണതാരമായി. പന്തടക്കത്തിലും കളിമികവിലും മുന്നിട്ടുനിന്നിട്ടും ഗ്രീസ്‌മാന്റെ ഇരട്ട പ്രഹരത്തില്‍ ജര്‍മനി തലകുനിച്ചു മടങ്ങി. യൂറോ കപ്പ് രണ്ടാം സെമിയില്‍ ജര്‍മനിയെ എതിരില്ലാത്ത രണ്ടു ഗോളിന് തോല്‍പ്പിച്ച് ആതിഥേയരായ ഫ്രാന്‍സ് കിരീടപ്പോരാട്ടത്തിന് അര്‍ഹത നേടി. ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ പോര്‍ച്ചുഗലാണ് ഫ്രാന്‍സിന്റെ എതിരാളികള്‍.

ആദ്യ പകുതിയില്‍ പത്തുമിനിട്ട് മാത്രമെ ഇരു ടീമുകളും ഒപ്പത്തിനൊപ്പമുണ്ടായിരുന്നുള്ളു. പിന്നീട് എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിച്ച ജര്‍മനിക്ക് മുമ്പില്‍ ഫ്രാന്‍സ് വിയര്‍ത്തു. എങ്കിലും ജര്‍മനിക്ക്ഗോളിലേക്കുള്ള ലക്ഷ്യം മാത്രം അകന്നു നിന്നു. ഫ്രഞ്ച് പ്രതിരോധത്തെ മറികടന്നപ്പോഴൊക്കെ ഗോള്‍ കീപ്പര്‍ ലോറിസ് ജര്‍മനിക്ക് മുന്നില്‍ വന്‍മതിലായി. ആദ്യ പകുതി തീരാന്‍ മിനിട്ടുകള്‍ മാത്രം ബാക്കിയിരിക്കെ 45ാം മിനിട്ടില്‍ ജര്‍മന്‍ ക്യാപ്റ്റന്‍ ബാസ്റ്റിന്‍ ഷ്വാന്‍സ്റ്റീഗര്‍ കാണിച്ച കൈയബദ്ധമാണ് ഫ്രാന്‍സിന് മത്സരത്തിലേക്ക് മടങ്ങിവരവിന് അവസരമൊരുക്കിയത്.

ബോക്സിനകത്തേക്ക് ഉയര്‍ന്നുവന്നൊരു ക്രോസില്‍ ഹെഡ് ചെയ്യാന്‍ ശ്രമിച്ച ഷ്വാന്‍സ്റ്റീഗര്‍ പന്തില്‍ കൈ കൊണ്ടിടിച്ചത് റഫറി കൈയോടെ പിടിച്ചു. ഫ്രാന്‍സിന് അനുകൂലമായി പെനല്‍റ്റി. അര്‍ധാവസരങ്ങള്‍ പോലും ഗോളാക്കി മാറ്റിയ ഗ്രീസ്‌മാന് പിഴച്ചില്ല. ഇടത്തോട്ട് ചാടിയ മാന്യുവല്‍ ന്യൂയറുടെ കണക്കുക്കൂട്ടല്‍ തെറ്റിച്ച് ഗ്രീസ്‌‌മാന്റെ കിക്ക് പോസ്റ്റിന്റെ വലതുമൂലയില്‍ തുളച്ചു കയറി.

ആദ്യപകുതിയില്‍ നേടിയ ഒരുഗോള്‍ ലീഡിന്റെ ആത്മവിശ്വാസത്തില്‍ രണ്ടാം പകുതിയില്‍ ഫ്രാന്‍സ് ആക്രണം കനപ്പിച്ചു. 72ാം മിനിട്ടില്‍ ജര്‍മനിയുടെ മറ്റൊരു കൈപ്പിഴയാണ് ഫ്രാന്‍സിന് വിജയമുറപ്പിച്ച രണ്ടാം ഗോളിലേക്ക് വഴിതുറന്നത്. ബോക്സിനകത്തു നിന്ന് പോള്‍ പോഗ്ബ നല്‍കിയ ക്രോസ് കൈപ്പിടിയിലൊതുക്കാതെ തട്ടിയിട്ട മാന്യുവല്‍ ന്യൂയറുടെ പിഴവിന് ജര്‍മനി കനത്ത വില നല്‍കേണ്ടിവന്നു. കാല്‍പ്പാകത്തിലെത്തിയ പന്ത് ബോക്സിലേക്ക് തിരിച്ചുവിട്ട് ഗ്രീസ്മാന്‍ ഫ്രഞ്ച് ജയം ഉറപ്പിച്ചു.

ടൂര്‍ണമെന്റില്‍ ആറു ഗോളുകള്‍  നേടിയ ഗ്രിസ്മാന്‍ ഇതോടെ  യൂറോയില്‍  ഏറ്റവും കൂടുതല്‍ ഗോള്‍  നേടുന്ന രണ്ടാമത്തെ താരമെന്ന നേട്ടവും സ്വന്തമാക്കി. ഒമ്പത് ഗോളുകള്‍ നേടിയിട്ടുള്ള പ്ലാറ്റിനിയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുമാണ് ഗ്രിസ്മാന് മുന്നിലുള്ളത്.1958ന് ശേഷം ആദ്യമായാണ് ഒരു പ്രമുഖ മത്സരത്തിൽ ഫ്രാൻസ് ജർമ്മനിയെ തോൽപ്പിക്കുന്നത്.

ഇഞ്ചുറി ടൈമില്‍ ആശ്വാസ ഗോളിനായി ജര്‍മനിക്ക് ലഭിച്ച സുവര്‍ണാവസരം ഫ്രഞ്ച് ഗോള്‍ കീപ്പര്‍ ലോറിസ് അവിശ്വസനീയമായി കുത്തികറ്റിയതോടെ ജര്‍മന്‍ പതനം പൂര്‍ത്തിയായി. ലൂസേഴ്സ് ഫൈനലില്‍ ശനിയാഴ്ച ജര്‍മനി വെയ്ല്‍സിനെ നേരിടും.

 

click me!