യൂറോയില്‍ ചരിത്രമെഴുതി പറങ്കിപ്പട

By Web DeskFirst Published Jul 10, 2016, 10:32 AM IST
Highlights

പാരീസ്: ഭാഗ്യനിര്‍ഭാഗ്യങ്ങള്‍ മാറിമറിഞ്ഞ മല്‍സരത്തില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പറങ്കിപ്പട ചരിത്രമെഴുതി യൂറോ കപ്പ് ജേതാക്കളായി. സ്വന്തം നാട്ടുകാരുടെ കണ്ണീര്‍ പൊഴിഞ്ഞ കലാശപ്പോരില്‍ ഫ്രാന്‍സിന് അടിതെറ്റി. നിശ്ചിത സമയത്ത് ഒരു ഗോളും നേടാതിരുന്ന മല്‍സരത്തില്‍ അധിക സമയത്താണ് വിജയികളെ നിര്‍ണയിച്ച ഗോള്‍ പിറന്നത്. പകരക്കാരനായി ഇറങ്ങിയ ഏഡറാണ് അധികസമയത്തിന്റെ രണ്ടാം പകുതിയില്‍ പോര്‍ച്ചുഗലിനെ ആദ്യമായി യൂറോയുടെ ഫുട്ബോള്‍ ജേതാക്കളാക്കിയത്. നൂറ്റിയൊമ്പതാമത്തെ മിനിട്ടിലാണ് ഏഡറിന്റെ തകര്‍പ്പന്‍ ലോങ് റേഞ്ചര്‍ ഷോട്ട് ഗോളിയെയും മറികടന്നു പോസ്റ്റിലേക്കും ഫ്രഞ്ച് ആരാധകരുടെ ഹൃദയത്തിലേക്കും തുളഞ്ഞുകയറിയത്. ഗ്യാലറിയില്‍ തിങ്ങിനിറഞ്ഞ ഫ്രഞ്ച് ആരാധകര്‍ സ്‌തംബ്‌ധരായിപ്പോയ നിമിഷങ്ങളായിരുന്നു ഇത്. എന്നാല്‍ കുറവല്ലാത്ത പോര്‍ച്ചുഗല്‍ ആരാധകര്‍ വിജയാഘോഷത്തിന് തിരികൊളുത്തി കഴിഞ്ഞിരുന്നു. അന്താരാഷ്‌ട്ര ഫുട്ബോളില്‍ ഒരു പ്രമുഖ ടൂര്‍ണമെന്റില്‍ പോര്‍ച്ചുഗല്‍ കിരീടം നേടുന്നത് നാടാടെയാണ്.

റൊണാള്‍ഡോയുടെ പരിക്ക്


സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പരുക്കേറ്റ് പുറത്തുപോയ സങ്കടകരമായ നിമിഷവും കളിക്കിടയില്‍ ഉണ്ടായി. മല്‍സരത്തിന്റെ തുടക്കത്തിലേ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് പരുക്കേറ്റിരുന്നു. എന്നാല്‍ അത് വകവെയ്ക്കാതെ അദ്ദേഹം കളി തുടര്‍ന്നെങ്കിലും ഇടയ്‌ക്കിടെ പുറത്തുപോയും വന്നുമിരുന്ന റൊണാള്‍‍ഡോ ഇരുപത്തിമൂന്നാം മിനിട്ടില്‍ കരഞ്ഞുകൊണ്ടു പുറത്തേക്കുപോയി. മല്‍സരത്തിന്റെ തുടക്കം മുതല്‍ക്കേ ഇരമ്പിയാര്‍ത്ത ഫ്രഞ്ച് പടയ്‌ക്കു മുന്നില്‍ പതറാതെ പിടിച്ചുനിന്ന് ഉജ്ജ്വല സേവുകളുമായി കളംനിറഞ്ഞ പോര്‍ച്ചുഗീസ് ഗോളി ലൂയി പാട്രിയോഷ്യയാണ് ഒരര്‍ത്ഥത്തില്‍ പറങ്കിപ്പടയുടെ വിജയശില്‍പി.

മാറിമറിഞ്ഞ ഭാഗ്യനിര്‍ഭാഗ്യങ്ങള്‍

തുടക്കം മുതല്‍ക്കേ ഫ്രാന്‍സിന്റെ ആക്രമണവും പോര്‍ച്ചുഗലിന്റെ പ്രത്യാക്രമണവുമായിരുന്നു കലാശപ്പോരിനെ ആവേശകരമാക്കിയത്. നാലാം മിനിട്ടില്‍ ലഭിച്ച അവസരം നാനി പുറത്തേക്ക് അടിച്ചുകളയുകയും ചെയ്‌തു. ഏഴാം മിനിട്ടില്‍ ഫ്രാന്‍സിന്റെ ഗ്രീസ്മാനും പന്തു പുറത്തേക്ക് പായിച്ചു. എട്ടാം മിനിട്ടിലാണ് റൊണാള്‍ഡോയ്‌ക്ക് ആദ്യം പരുക്കേല്‍ക്കുന്നത്. പത്താം മിനിട്ടില്‍ ഗ്രീസ്‌മാന്റെ ഉജ്ജ്വല ഹെഡ്ഡര്‍ പോര്‍ച്ചുഗല്‍ ഗോളി പട്രീഷ്യോ അത്ഭുതകരമായി രക്ഷപ്പെടുത്തി.

റൊണാള്‍ഡോയുടെ കണ്ണീര്‍

പതിനേഴാം മിനിട്ടില്‍ വീണ്ടും പരുക്കേറ്റ റൊണാള്‍ഡോ ഇടയ്‌ക്ക് ചികില്‍സ തേടിയെങ്കിലും ഇരുപത്തിമൂന്നാം മിനിട്ടില്‍ കരഞ്ഞുകൊണ്ടു കളംവിട്ടു. ആരാധകര്‍ക്ക് ഹൃദയഭേദകമായ നിമിഷങ്ങളായിരുന്നു അത്. റൊണാള്‍ഡോയ്‌ക്കു പകരം ക്വരിസ്‌മയെയാണ് പോര്‍ച്ചുഗല്‍ കളത്തിലിറക്കിയത്. ഫ്രഞ്ച് ആധിപത്യത്തോടെ കളി പുരോഗമിച്ചപ്പോള്‍, പോര്‍ച്ചുഗല്‍ ഗോളി പലപ്പോഴും രക്ഷയ്‌ക്കെത്തുകയായിരുന്നു. പ്രതിരോധ അടവുകളാണ് ഇരുടീമുകളും ആദ്യപകുതിയില്‍ ഏറെയും പുറത്തെടുത്തത്.

അവസരങ്ങള്‍ നഷ്‌ടമായ രണ്ടാം പകുതി

രണ്ടാം പകുതിയിലും ഫ്രാന്‍സ് തന്നെയാണ് മികച്ചുനിന്നത്. ഗ്രീസ്‌മാനും പായറ്റും പോഗ്‌ബയും ജിറൗഡുമൊക്കെ അവസരങ്ങള്‍ നഷ്‌ടമാക്കുന്നത് കണ്ടു. കളി അവസാനിക്കാന്‍ മിനുട്ടികള്‍ ശേഷിക്കെ പോര്‍ച്ചുഗല്‍ ഏഡറിനെയും ഫ്രാന്‍സ് ജിഗ്നാക്കിനെയും കളത്തിലിറക്കി. കളി ഇഞ്ചുറി ടൈമിലേക്ക് കടന്നപ്പോള്‍ തന്നെ ഫ്രാന്‍സിന്റെ നിര്‍ഭാഗ്യം വിളിച്ചോതുന്ന നിമിഷം പിറന്നു. ജിഗ്നാക്കിന്റെ ഷോട്ട് പോസ്റ്റില്‍ തട്ടി മാറിയപ്പോള്‍ സ്റ്റേഡിയം ഒന്നാകെ തലയില്‍ കൈവെച്ചിരിക്കുകയായിരുന്നു.

പറങ്കികള്‍ ആഘോഷമാക്കിയ വിജയനിമിഷം


കളി അധികസമയത്തേക്ക് കടന്നപ്പോള്‍ പോര്‍ച്ചുഗല്‍ താരങ്ങള്‍ കൂടുതല്‍ ഉണര്‍ന്നു കളിക്കാന്‍ തുടങ്ങി. ആദ്യ പകുതിയില്‍ പെപ്പെയും ക്വരിസ്‌മയുമൊക്കെ ഗോളിന് അടുത്തെത്തി. പോര്‍ച്ചുഗല്‍ ആരാധകര്‍ കാത്തിരുന്ന നിമിഷം പിറന്നത് രണ്ടാം പകുതിയിലായിരുന്നു. നൂറ്റിയൊമ്പതാമത്തെ മിനിട്ടില്‍ ഏഡറിന്റെ തകര്‍പ്പനൊരു ലോങ് റേഞ്ചര്‍ ഗോള്‍വലയില്‍ വിശ്രമിക്കുമ്പോള്‍, ഫ്രാന്‍സ് തോല്‍വി സമ്മതിച്ചിരുന്നു. കളി ജയിച്ചത് പോര്‍ച്ചുഗല്‍ ആണെങ്കിലും ബോള്‍ പൊസഷനിലും പാസിംഗിലുമൊക്കെ മുന്നിട്ടുനിന്നത് ഫ്രാന്‍സായിരുന്നു.

ഗ്രീസ്‌മാന്‍ എന്ന താരോദയം

സ്വന്തം നാട്ടുകാരുടെ മുന്നില്‍ തോല്‍വി പിണഞ്ഞെങ്കിലും അന്തോണിയോ ഗ്രീസ്‌മാന്‍ എന്ന താരോദയത്തിനാണ് ഇത്തവണത്തെ യൂറോ 2016 സാക്ഷ്യം വഹിച്ചത്. ഫൈനലില്‍ ഉള്‍പ്പടെ തകര്‍പ്പന്‍ കളി കെട്ടഴിച്ച ഗ്രീസ്‌മാന്‍ ആറു ഗോളുകളുമായി ടോപ് സ്‌കോററായി. ഗോള്‍ഡന്‍ ബൂട്ട് പുരസ്‌ക്കാരം കരസ്ഥമാക്കിയ ഗ്രീസ്‌മാന്‍ വരുംനാളുകളില്‍ ഫ്ര‍ാന്‍സ് ആക്രമണങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന താരമായി മാറുമെന്ന കാര്യത്തില്‍ യാതൊരു സംശയവും വേണ്ട.

click me!