പാഴ്‍വസ്തുക്കള്‍ പെറുക്കാനെത്തിയയാള്‍ കുട്ടിയെ തട്ടിക്കോണ്ടു പോയതായി വീഡിയോ വൈറല്‍- വസ്തുത

By Web TeamFirst Published Mar 27, 2024, 7:39 AM IST
Highlights

കുഞ്ഞിനെ തട്ടിക്കൊണ്ടുപോകല്‍ വ്യാപകം എന്ന തലക്കെട്ടിലാണ് വീഡിയോ വ്യാപകമായിരിക്കുന്നത്

കുട്ടികളെ തട്ടിക്കോണ്ടുപോകുന്നതിന്‍റെ വാർത്തകള്‍ സമീപകാലത്ത് കേരളത്തില്‍ വലിയ ഞെട്ടല്‍ സമ്മാനിച്ചിരുന്നു. ഇതിനിടെ ഒരു വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വലിയ ചർച്ചയാവുകയാണ്. 'കുഞ്ഞിനെ തട്ടിക്കൊണ്ടുപോകല്‍ വ്യാപകം, സൂക്ഷിക്കുക' എന്ന തലക്കെട്ടില്‍ പ്രചരിക്കുന്ന ഒരു വീഡിയോ ഫേസ്ബുക്കിലും വാട്സ്ആപ്പിലും കറങ്ങിനടപ്പുണ്ട്. ആളുകളെ ഏറെ പരിഭ്രാന്തിയിലാക്കിയ വീഡിയോയുടെ വസ്തുത പക്ഷേ മറ്റൊന്നാണ്. 

പ്രചാരണം

'കുഞ്ഞിനെ തട്ടിക്കൊണ്ടുപോകല്‍ വ്യാപകം, സൂക്ഷിക്കുക' എന്ന തലക്കെട്ടിലാണ് വ്യാപകമായിരിക്കുന്നത്. രണ്ട് മിനുറ്റും 14 സെക്കന്‍ഡും ദൈർഘ്യമുള്ള വീഡിയോ സിസിടിവി ദൃശ്യങ്ങള്‍ എന്നാണ് തോന്നിക്കുന്നത്. റോഡിലെ പാഴ്‍വസ്തുക്കള്‍ പെറുക്കുന്ന ഒരാള്‍ വീടിന്‍റെ പുറത്തിരിക്കുന്ന കുട്ടിയെ എടുത്തോണ്ട് പോകുന്നതാണ് വീഡിയോയിലുള്ളത്. ഏറെ പേരാണ് ഈ ദൃശ്യങ്ങള്‍ കണ്ട് പരിഭ്രാന്തിയിലായത്. സംഭവം നടന്നത് എവിടെയെന്നും കുട്ടി സുരക്ഷിതമോ എന്നും ചോദിച്ച് നിരവധി പേർ കമന്‍റുകള്‍ വിവിധ പോസ്റ്റുകളില്‍ രേഖപ്പെടുത്തിയിരിക്കുന്നത് കാണാം. ഈയടുത്ത് നടന്ന സംഭവം എന്ന തരത്തില്‍ ഏറെ പേരാണ് വീഡിയോ ഷെയർ ചെയ്യുന്നത്. അവയില്‍ ചിലതിന്‍റെ സ്ക്രീന്‍ഷോട്ട് ചുവടെ ചേർക്കുന്നു. ലിങ്ക് , , , , 5

വസ്തുതാ പരിശോധന

ഈ ദൃശ്യത്തില്‍ കാണിക്കുന്ന റെക്കോർഡിംഗ് സമയം ഒരു സെക്കന്‍ഡില്‍ ആരംഭിക്കുന്നതാണ് സംശയം ജനിപ്പിച്ചത്. ഇതേ തുടർന്ന് വീഡിയോയുടെ കീ ഫ്രെയിമുകള്‍ റിവേഴ്സ് ഇമേജ് സെർച്ചിന് വിധേയമാക്കി. ഇതില്‍ Kunhimuttam Vlog യൂട്യൂബ് അക്കൌണ്ടില്‍ ഈ വീഡിയോ 2023 ഏപ്രില്‍ 9ന് അപ്‍ലോഡ് ചെയ്തിട്ടുള്ളതാണ് എന്ന് കണ്ടെത്താനായി. എന്നാല്‍ ഈ വീഡിയോയുടെ വിവരണം നോക്കിയപ്പോള്‍ ഒരു മുന്നറിയിപ്പ് കൊടുത്തിട്ടുണ്ട് എന്ന് മനസിലാക്കാന്‍ സാധിച്ചു. കുട്ടിയുടെയും മാതാപിതാക്കളുടെയും അനുവാദത്തോടെ നിർമിച്ച ബോധവല്‍ക്കരണം വീഡിയോയാണിത് എന്നാണ് വിവരണത്തില്‍ പറയുന്നത്. യഥാർഥ സിസിടിവി ദൃശ്യമല്ല, മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥ പ്രകാരം ഷൂട്ട് ചെയ്ത വീഡിയോയാണിത് എന്ന് വ്യക്തം. 

നിഗമനം

വീടിന് പുറത്തിരിക്കുന്ന കുട്ടിയെ പാഴ്‍വസ്തുക്കള്‍ പെറുക്കാനെത്തിയയാള്‍ തട്ടിക്കോണ്ട് പോയി എന്ന വീഡിയോ പ്രചാരണം വ്യാജമാണ്. ബോധവല്‍ക്കരണത്തിനായി നിർമിച്ച വീഡിയോയാണിത്. യഥാർഥ സംഭവമല്ല. 

Read more: 'സിപിഎം ഇലക്ടറല്‍ ബോണ്ട് വാങ്ങാതിരുന്നത് നിലപാട് കൊണ്ടല്ല, യോഗ്യത ഇല്ലാഞ്ഞിട്ട്' എന്ന് പ്രചാരണം, സത്യമോ?

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!