'മലപ്പുറവും ചെങ്കല്‍ ചൂളയും മട്ടാഞ്ചേരിയും റഷ്യയിലില്ല'

By Web DeskFirst Published Jul 17, 2018, 2:28 PM IST
Highlights
  • മലപ്പുറവും ചെങ്കല്‍ ചൂളയും മട്ടാഞ്ചേരിയും റഷ്യയിലില്ല

റ്റെല്ലാ ഫുട്ബോള്‍ സ്നേഹികളായ മലയാളികളെയും പോലെ ഫൈനല്‍ മത്സരം നേരിട്ട് കാണണമെന്ന അടങ്ങാത്ത ആഗ്രഹവുമായാണ് മകനോടൊപ്പം റഷ്യയിലേക്ക് വണ്ടികയറിയത്. കലാശപ്പോരാട്ടത്തിന്‍റെ ആവേശം ഒട്ടും ചോരാത്ത മോസ്കോയിലെ ലുഷ്നികി മൈതാനത്ത് ഇതുവരെ കണ്ടതില്‍ വച്ച് ഏറ്റവും നല്ലൊരു മത്സരത്തിന് ഞങ്ങള്‍ സാക്ഷികളായി. ക്രൊയേഷ്യ തന്നെയാണ് കളിച്ചത്. കളിയില്‍ നിര്‍ഭാഗ്യം അവരേക്കാള്‍ ഒരുപടി മുന്നില്‍ കളിച്ചുവെന്ന് മാത്രം. ഫ്രാന്‍സിന്‍റെ ആദ്യ രണ്ടു ഗോളുകളും ക്രൊയേഷ്യന്‍ നിര്‍ഭാഗ്യത്തിന്‍റെ നേര്‍സാക്ഷ്യമായിരുന്നു. ക്രെയേഷ്യയുടെ നിര്‍ഭാഗ്യമോ ഫ്രാന്‍സിന്‍റെ ഭാഗ്യമോ? അറിയില്ല, ഫ്രാന്‍സ് കപ്പുയര്‍ത്തി. എങ്കിലും ക്രെയേഷ്യക്ക്, മടങ്ങുമ്പോള്‍ അഭിമാനിക്കാന്‍ ഏറെയുണ്ട്.

ഞങ്ങള്‍ താമസിച്ച ഹോട്ടലില്‍ കൂടുതലും ക്രൊയേഷ്യന്‍ ആരാധകരായിരുന്നു. എന്തൊരു ആവേശമാണവര്‍ക്ക്... കുടുംബസമേതമെത്തി ടീമിനായുള്ള പ്രാര്‍ഥനയില്‍ മുഴുകി ആത്മവിശ്വാസത്തിന്‍റെ കൊടുമുടിയിലായിരുന്നു അവര്‍. ചിലരോടൊക്കെ സംസാരിച്ചപ്പോള്‍ ക്രൊയേഷ്യ കപ്പടിച്ചു എന്ന് തോന്നിപ്പിച്ചു. അത്രയും ശക്തവും ദൃഢവുമായിരുന്നു അവരുടെ ആത്മവിശ്വാസം. ആ  ആവേശം നമ്മളിലേക്കു കൂടി പകര്‍ന്നു തരാന്‍ പ്രത്യേകമായ എന്തോ ഒരു കഴിവ് അവര്‍ക്കുണ്ടെന്നു തോന്നുന്നു. അതുകൊണ്ടാകാം ക്രൊയേഷ്യ ജയിക്കണമെന്ന് ഞങ്ങള്‍ക്കും തോന്നി.

മോസ്കോയിലെ സ്റ്റേഡിയത്തിലേക്ക് പോകുമ്പോള്‍ ഭാഷ പ്രശ്നമാകുമോ എന്ന് പേടിച്ചു. എന്നാല്‍ ആ ഭയത്തിന് അടിസ്ഥാനമില്ലായിരുന്നു. അത്ര പെര്‍ഫക്ടായാണ് റഷ്യ ഫുട്ബോള്‍ മത്സരങ്ങള്‍ സംഘടിപ്പിച്ചത്. സ്റ്റേഡിയത്തിലേക്കെത്താനും തിരിച്ചുപോരാനും ആഘോഷിക്കാനും എല്ലാം അവര്‍ സൗകര്യമേര്‍പ്പെടുത്തിയിട്ടുണ്ട്. കാണികളുമായി ബന്ധപ്പെടേണ്ട വളണ്ടിയര്‍മാരെല്ലാം ഇംഗ്ലീഷില്‍ തന്നെ സംസാരിക്കുന്നുണ്ട്. ഫൈനല്‍ മത്സരത്തിന് പ്രത്യേക സജ്ജീകരണങ്ങളുണ്ടായിരുന്നു. മത്സരം കഴിഞ്ഞയുടന്‍ കനത്ത മഴ പെയ്തു. ആഘോഷങ്ങളുടെ ആവേശം തെല്ലൊന്നു കുറയ്ക്കാന്‍ ആ മഴയ്ക്ക് സാധിച്ചു. എന്നാല്‍ ആ ജഗപൊകയ്ക്കിടയിലും  വഴിതെറ്റാതെ ദിശയടക്കം വ്യക്തമായി വളണ്ടിയര്‍മാര്‍ പറഞ്ഞുതന്നു. അവര്‍ക്കതിന് പ്രത്യേകം പരിശീലനം ലഭിച്ചിട്ടുണ്ടായിരുന്നു. ഈ സംഘാടനാ മികവിന് റഷ്യയെയും ഫിഫയും അഭിനന്ദനമര്‍ഹിക്കുന്നുണ്ട്.

റഷ്യക്കുള്ള അഭിനന്ദനങ്ങള്‍ സംഘാടനത്തിന് മാത്രമാണ്. അതിന് കാരണങ്ങളുമുണ്ട്... അവിശ്വസിനീയമായ മുന്നേറ്റം കാഴ്ചവച്ചാണ് റഷ്യന്‍ ടീം ക്വാര്‍ട്ടര്‍ വരെ എത്തിയത്. സ്വരാജ്യത്ത് ലോകകപ്പ് നടത്തിയതിന്‍റെ മാത്രം ആനുകൂല്യത്തിലെത്തിയ ടീമിന് നല്ല പിന്തുണയും റഷ്യന്‍ ആരാധകര്‍ നല്‍കിയിരുന്നു. പക്ഷെ അവരുടെ സ്നേഹം ഫുട്ബോളിനോടായിരുന്നില്ല, മറിച്ച് രാജ്യത്തോട് മാത്രമായിരുന്നു എന്ന് തോന്നി. റഷ്യ പുറത്തുപോയ ശേഷം റഷ്യന്‍ ആരാധകരെ കാണാനേയില്ല... ഫൈനലിനായി നിറഞ്ഞുകവിഞ്ഞ ലുഷ്കിനി മൈതാനത്ത് എണ്‍പതിനായിരത്തോളം കാണികളുണ്ടായിരുന്നു. ഇതില്‍ റഷ്യക്കാര്‍ വിരളമായിരുന്നു എന്നതാണ് സത്യം. കൂടുതലും ക്രൊയേഷ്യക്കാര്‍. ക്വാട്ടറിനിപ്പുറം തുടച്ചുനീക്കപ്പെട്ട ലാറ്റിനമേരിക്കന്‍സ് മൈതാനത്ത് സജീവമായിരുന്നു. ഇതില്‍ കൂടുതലും ബ്രസീലിയന്‍സാണ്. അവര്‍ മഞ്ഞ ജെഴ്സിയിട്ട് മൈതാനത്തെും പുറത്തും ഫുട്ബോള്‍ ആഘോഷിച്ചു. 

ലോകം ഫുട്ബോള്‍ ആവേശത്തിലേക്ക് ചുരുങ്ങിയപ്പോഴും കേരളത്തിലെ കവലകളിലെ ആവേശം പോലും റഷ്യയിലുണ്ടായിരുന്നില്ല. അവര്‍ പലപ്പോഴും ചിരിക്കാന്‍ പോലും മടി കാണിക്കുന്നതായി തോന്നിയിട്ടുണ്ട്. അര്‍ജന്‍റീനക്കാരും ബ്രസീലിയന്‍സും നമ്മുടെ ആഘോഷങ്ങളോട് കിടപിടക്കുന്നവരാണ്. ക്രൊയേഷ്യക്കാരും മോശക്കാരല്ല. നേരത്തെ പറഞ്ഞതുപോലെ ടീമിനെയല്ല, ഫുട്ബോള്‍ തന്നെയാണ് അവര്‍ ആഘോഷിക്കുന്നത്. ഫുട്ബോളിനെ നെഞ്ചോട് ചേര്‍ത്ത് പിടിക്കുന്ന, മലപ്പുറത്തെ തെരുവോരങ്ങളും ചെങ്കല്‍ ചൂളയിലെ ആരാധകക്കൂട്ടങ്ങളും കായലോരത്തെ മട്ടാഞ്ചേരിയും ഒന്നാകുന്ന ഫുട്ബോള്‍ മാസ്മരികത തന്നെയായിരുന്നു എന്നെയും റഷ്യയിലേക്ക് നയിച്ചത്. എന്നാല്‍ റഷ്യന്‍ തെരുവോരങ്ങളില്‍ വറുതിയായിരുന്നു ഞങ്ങളെ വരവേറ്റത്. തെരുവോരങ്ങളില്‍ മുണ്ടുടുത്ത മെസിയും റൊണാള്‍ഡോയും നെയ്മറും ഇല്ല. എന്തിന് ഏറെ പറയണം പന്ത് തട്ടുന്ന റഷ്യന്‍ താരങ്ങള്‍ പോലും കാണാനില്ല.

റഷ്യയില്‍ പ്രധാനപ്പെട്ട ഇടമാണ് റെഡ് സ്ക്വയര്‍, അവിടെയായിരുന്നു ആഘോഷങ്ങളെല്ലാം. പെട്ടെന്ന് തന്നെ സജീവമാകുന്ന ഒരിടം. സാധാരണയായി റഷ്യന്‍സ് തന്നെയാണ് അവിടെ സജീവമാക്കുന്നത്. എന്നാല്‍ ഫുട്ബോള്‍ ആവേശത്തിലേക്ക് അവരെത്തിയില്ല. അവിടെയും ബ്രസീലിയന്‍, ക്രൊയേഷ്യന്‍, മെക്സിക്കന്‍ ആരാധകര്‍ കയ്യേറിയിരുന്നു. അതുകൊണ്ടുതന്നെ റഷ്യക്ക് നന്ദി കളമൊരുക്കിയതിന് മാത്രമെന്ന് ഒരിക്കല്‍ കൂടി പറയേണ്ടി വരും.

ഫൈനല്‍ ദിനത്തിലെ ഏറ്റവും സന്തോഷകരമായ കാര്യം മറ്റൊന്നായിരുന്നു. ഫ്രാന്‍സിന്‍റെ ആരാധകരുണ്ടെങ്കിലും ക്രൊയേഷ്യക്കാര്‍ തന്നെയായിരുന്നു കൂടുതലെന്ന് നേരത്തെ പറഞ്ഞല്ലോ... ഇരുടീമുകളും മൈതാനത്ത് ഫെയര്‍ പ്ലേ കളിച്ചപ്പോള്‍ ഗാലറിയില്‍ ആരാധകരും മാന്യത കാണിച്ചു. ഇത്രയും ആവേശവും പ്രാധാന്യവുമുള്ള മത്സരത്തിന് ശേഷം കാണികള്‍ തമ്മില്‍ ഉരസലുകള്‍ ഉണ്ടാകുന്നത് സാധാരണമാണല്ലോ. ഇവിടെ കാര്യങ്ങള്‍ മറിച്ചായിരുന്നു മത്സരത്തിന് ശേഷം ഇരു ടീമിന്‍റെ ആരാധകരും പരസ്പരം സല്യൂട്ട് നല്‍കിയാണ് പിരിഞ്ഞത്. മത്സരത്തിനപ്പുറം റഷ്യയില്‍ കണ്ട ഏറ്റവും നല്ല കാഴ്ചകളിലൊന്നായിരുന്നു അത്. നി 2022ലേക്കുള്ള കാത്തിരിപ്പാണ്. ആ കളി കേരളത്തില്‍ നടക്കുന്നതു പോലെയാണെന്ന് എനിക്കു തോന്നുന്നു. ജനസംഖ്യയില്‍ നല്ലൊരു ശതമാനം വരുന്ന മലയാളി പ്രവാസികളാണ്. അവരത് ആഘോഷമാക്കുമെന്നുറപ്പ്. വിപ്ലവം ഓര്‍മിക്കുന്ന റഷ്യയില്‍ നിന്ന് അത്തറിന്‍റെ മണമുള്ള ഖത്തറിലേക്ക് പന്തുരുണ്ടു തുടങ്ങുന്നു. ഇനിയുള്ള നാല് വര്‍ഷങ്ങള്‍ നമുക്ക് കാത്തിരിക്കാം.

click me!