ഗ്രീസ്മാന്‍ ലോകകപ്പ് വിജയം ആഘോഷിച്ചത് മറ്റൊരു രാജ്യത്തിന്‍റെ പതാക പുതച്ച്

By Web DeskFirst Published Jul 17, 2018, 4:37 PM IST
Highlights
  • ലോകകപ്പ് നേടിയതിന് പിന്നാലെ ഫ്രാന്‍സിന്‍റെ പതാകക്ക്  പകരം ഉറുഗ്വെയുടെ പതാക പുതച്ചാണ് ഗ്രീസ്മാന്‍ വിജയം ആഘോഷിക്കാന്‍ മാധ്യമ പ്രവര്‍ത്തകരെ കണ്ടത്

മോസ്കോ: ലോകകപ്പ് നേടിയതിന് പിന്നാലെ ഫ്രാന്‍സിന്‍റെ പതാകക്ക്  പകരം ഉറുഗ്വെയുടെ പതാക പുതച്ചാണ് ഗ്രീസ്മാന്‍ വിജയം ആഘോഷിക്കാന്‍ മാധ്യമ പ്രവര്‍ത്തകരെ കണ്ടത്. തന്‍റെ ഉറുഗ്വയ് സ്നേഹം നേരത്തെ  വെളിപ്പെടുത്തിയ താരമായിരുന്നു ഗ്രീസ്മാന്‍.  ടൂര്‍ണമെന്‍റിനിടയില്‍ തന്നെ ഉറുഗ്വെയ് തന്‍റെ രണ്ടാമത്തെ രാജ്യമാണെന്ന് ഗ്രീസ്മാന്‍ പറഞ്ഞിരുന്നു. 

അത്‌ലറ്റികോ മാഡ്രിഡിലെ തന്‍റെ ഉറുഗ്വെയ് സഹതാരങ്ങളായ ഡീഗോ ഗോഡിന്‍, ഗിമിനെസ് എന്നിവരോടുള്ള അടുപ്പമാണ് താരത്തിന് ഉറുഗ്വെയോട് അടുപ്പമുണ്ടാക്കാനുള്ള പ്രധാന കാരണം. ക്വാര്‍ട്ടര്‍ ഫൈനലില്‍ ഉറുഗ്വെക്കെതിരെ ഗോള്‍ നേടിയപ്പോള്‍ അതു താരം ആഘോഷിച്ചിരുന്നില്ല. ഉറുഗ്വെയില്‍ നിന്നുള്ള താരങ്ങളുമൊത്താണ് താന്‍ കളിക്കുന്നതെന്നും അവരുടെ സംസ്‌കാരത്തോടും മറ്റുമുള്ള ഇഷ്ടം കൊണ്ടു കൂടിയാണ് താനാ ഗോള്‍ ആഘോഷിക്കാതിരുന്നതെന്നും താരം അന്നു വെളിപ്പെടുത്തിയിരുന്നു.

ഫൈനല്‍ മത്സരത്തിനു ശേഷം ഒരു ഉറുഗ്വയ് മാധ്യമ പ്രവര്‍ത്തകനാണ് ഗ്രീസ്മാന് പതാക നല്‍കിയത്. ഒരു മടിയും കൂടാതെ അതു പുതച്ചാണ് താരം അതിനു ശേഷം നടന്നിരുന്നത്. എന്നാല്‍ ഗ്രീസ്മന്റെ ഈ ഉറുഗ്വെയ് സ്‌നേഹം എല്ലാ  കളിക്കാര്‍ക്കും അത്ര ഇഷ്ടമൊന്നുമല്ല. ലൂയിസ് സുവാരസാണ് അതിനെ എതിര്‍ത്ത് എപ്പോഴും രംഗത്തു വന്നിട്ടുള്ളത്. 

ഒരിക്കലും ഉറുഗ്വെയ് എന്താണെന്നു മനസിലാക്കാന്‍ ഗ്രീസ്മാനു കഴിയില്ലെന്നും താരം ഫ്രാന്‍സ് ആണെന്നുമാണ് അന്നത്തെ മത്സരത്തിനു ശേഷം സുവാരസ് ഗ്രീസ്മാന്‍റെ വാക്കുകളോട് പ്രതികരിച്ചത്.

click me!