Qandeel Baloch : പാക് യുവാക്കളുടെ മനസ്സുകളില്‍ തീ കോരിയിട്ട ഒരു സുന്ദരിയുടെ ജീവിതവും അരുംകൊലയും

First Published Feb 16, 2022, 2:11 PM IST

സോഷ്യല്‍ മീഡിയ പോസ്റ്റുകളിലൂടെ പാക്കിസ്താനിലെ സദാചാരവാദികളെ ഞെട്ടിച്ച ക്വന്‍ദീല്‍ ബലോച് എന്ന 26-കാരി സ്വന്തം വീട്ടില്‍ ഉറങ്ങിക്കിടക്കുന്നതിനിടെ അരുംകൊല ചെയ്യപ്പെട്ടത് 2016 ജുലൈ 15-നാണ്. പിറ്റേന്ന് അവരുടെ സഹോദരന്‍ മുഹമ്മദ് വസീം അറസ്റ്റിലായി. കുടുംബത്തിന്റെ മാനംകളഞ്ഞ സഹോദരിയെ താന്‍ എല്ലാവരും ഉറങ്ങിക്കിടക്കുമ്പോള്‍ കൊലചെയ്തതാണെന്ന് കുറ്റസമ്മതം നടത്തിയ ഇയാളെ മൂന്നു വര്‍ഷത്തിനുശേഷം 2019-ല്‍ കോടതി ജീവപര്യന്തം തടവിനു ശിക്ഷിച്ചു. അതു കഴിഞ്ഞ് കഷ്ടിച്ച് മൂന്നു വര്‍ഷങ്ങള്‍. ഇന്റര്‍നെറ്റില്‍ ഏറ്റവുമധികം സെര്‍ച്ച് ചെയ്യപ്പെട്ട 10 പാക്കിസ്താന്‍കാരില്‍ ഒരാളായ ക്വന്‍ദീല്‍ ബലോച് കൊല്ലപ്പെട്ട് ആറു വര്‍ഷമാവുമ്പോള്‍, പ്രതിയായ സഹോദരനെ ലാഹോര്‍ ഹൈക്കോടതി വെറുതെവിട്ടു. പാക് കോടതിയും നിയമസംവിധാനങ്ങളും പൊലീസുമെല്ലാം ഒത്തുകളിച്ചാണ് ഈ ക്രൂരതയെന്ന വിമര്‍ശനങ്ങള്‍ക്കിടെ, ലോകം വീണ്ടും ആ യുവതിയെ ഓര്‍ക്കുകയാണ്. പാക് യുവാക്കളുടെ മനസ്സുകളില്‍ തീ കോരിയിട്ട ആ സോഷ്യല്‍ മീഡിയാ താരത്തെ. അവരുടെ കഥയാണിത്. 

ഫൗസിയ അസീം അതായിരുന്നു അവളുടെ പേര്. ക്വന്‍ദീല്‍ ബലോച്ച് എന്ന പേരിലാണ് അവര്‍ അറിയപ്പെട്ടത്. ധനികനായൊരു ഭൂവുടമയുടെ മകളാണ് എന്നാണ് ബലോച്ച് സ്വയം പരിചയപ്പെടുത്തിയിരുന്നത്. എന്നാല്‍, ദാരിദ്ര്യം പിടിച്ച കുടുംബത്തിലാണ് അവള്‍ പിറന്നതെന്ന് പിന്നീട് അറിഞ്ഞു. 


1990 മാര്‍ച്ച് ഒന്നിന് പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലായിരുന്നു ജനനം. മാതാപിതാക്കള്‍ ദരിദ്രകര്‍ഷകരായിരുന്നു. 
ആറ് സഹോദരന്മാരും രണ്ട് സഹോദരിമാരുമായിരുന്നു അവള്‍ക്ക്. ഡാന്‍സിലും പാട്ടിലുമെല്ലാം മിടുക്കിയായിരുന്നു. 
 


പതിനേഴാമത്തെ വയസ്സില്‍ അകന്ന ബന്ധുവുമായി വിവാഹം. ആ ബന്ധത്തില്‍ ഒരു മകനുണ്ടായി. എന്നാല്‍, നരകതുല്യമായിരുന്നു ആ ജീവിതം. അതിസുന്ദരിയായ അവളെ അയാള്‍ അതിക്രൂരമായി പീഡിപ്പിച്ചിരുന്നു. തുടര്‍ന്ന് മകനുമായി ഒരു സ്ത്രീയുടെ അടുത്ത് അവള്‍ അഭയം തേടി. 

പതിനേഴാമത്തെ വയസ്സില്‍ അകന്ന ബന്ധുവുമായി വിവാഹം. ആ ബന്ധത്തില്‍ ഒരു മകനുണ്ടായി. എന്നാല്‍, നരകതുല്യമായിരുന്നു ആ ജീവിതം. അതിസുന്ദരിയായ അവളെ അയാള്‍ അതിക്രൂരമായി പീഡിപ്പിച്ചിരുന്നു. തുടര്‍ന്ന് മകനുമായി ഒരു സ്ത്രീയുടെ അടുത്ത് അവള്‍ അഭയം തേടി. 

അവള്‍ ഭര്‍തൃഗൃഹത്തിലേക്ക് മടങ്ങിപ്പോയില്ല. പകരം, കുട്ടിയെ ഭര്‍ത്താവിനെ ഏല്‍പ്പിച്ച് തിരിഞ്ഞുനടന്നു. 'എനിക്ക് എന്റെ ജീവിതമുണ്ടാക്കിയെടുക്കേണ്ടതുണ്ട്' എന്ന് പറഞ്ഞായിരുന്നു ആ ഇറങ്ങിപ്പോക്കെന്ന് അവളുടെ ജീവചരിത്രം സാക്ഷ്യപ്പെടുത്തുന്നു. 


2013 -ല്‍ പാകിസ്ഥാന്‍ ഐഡല്‍ എന്ന റിയാലിറ്റി ഷോയുടെ ഓഡിഷനില്‍ പങ്കെടുക്കുന്നതോടെയാണ് അവള്‍ ആദ്യമായി പ്രശസ്തി എന്തെന്നറിയുന്നത്. ആ ഷോയില്‍നിന്ന് പുറത്താക്കപ്പെട്ടപ്പോഴുള്ള അവളുടെ കരച്ചില്‍ പിന്നീട് വൈറലായി. സത്യത്തില്‍, ഒറ്റയ്ക്ക് ജീവിതം കെട്ടിപ്പടുക്കാന്‍ ആഗ്രഹിച്ച ഏകാകിയായ ഒരു സ്ത്രീയുടെ നിസ്സഹായതയായിരുന്നു ആ കരച്ചില്‍.  


ആ കരച്ചില്‍ പക്ഷേ അവളെ പ്രശസ്തയാക്കി. സോഷ്യല്‍ മീഡിയയിലൂടെ അവളാ പ്രശസ്തി ഉപയോഗിച്ചു. സ്വന്തം ഫോട്ടോകളും സെല്‍ഫികളുമായിരുന്നു അവളുടെ പോസ്റ്റുകളില്‍ ഏറെയും. അതിസുന്ദരിയായ അവള്‍ക്ക് പെട്ടെന്ന് ആരാധകരുണ്ടായി. അതോടെ, ചൂടന്‍ ചിത്രങ്ങളിലൂടെ അവള്‍ പാക് യുവാക്കളുടെ നെഞ്ചില്‍ തീ കോരിയിടാന്‍ തുടങ്ങി. 


ചൂടന്‍ ചിത്രങ്ങള്‍ തുടര്‍ച്ചയായി വന്നു. ഒപ്പം 'എന്നെ കാണാന്‍ എങ്ങനെയുണ്ട്', 'ഗയ്‌സ് ആരാണ് എന്റെ അടുത്ത 'മോശം' ചിത്രം കാണാനാഗ്രഹിക്കുന്നത്' തുടങ്ങിയ അടിക്കുറിപ്പുകളും അവള്‍ നല്‍കി. അവയെല്ലാം അതിവേഗം പ്രശസ്തമായി. ഒരേ സമയം ആ ചിത്രങ്ങള്‍ കൊണ്ടുനടക്കുകയും അവളുടെ കമന്റു ബോക്‌സുകളില്‍ പച്ചത്തെറ്റി നിറയ്ക്കുകയുമായിരുന്നു പാക്കിസ്താന്‍ ചെറുപ്പക്കാര്‍. 


അവള്‍ ഒന്നിനും മുന്നില്‍ മുട്ടുമടക്കിയില്ല. സ്വന്തം ജീവിതം താന്‍ ആഗ്രഹിക്കുംവിധം ജീവിക്കും എന്ന ആ പ്രഖ്യാപനത്തെ കൊലവിളികള്‍ കൊണ്ടാണ് യാഥാസ്ഥിതികര്‍ സ്വീകരിച്ചത്. തനിച്ചുകിട്ടിയാല്‍ ഞാനിവളെ കൊല്ലും എന്ന കമന്റുകള്‍ അവളുടെ പോസ്റ്റുകളില്‍ നിറഞ്ഞു. 


'എന്നെ സ്‌നേഹിക്കുകയോ വെറുക്കുകയോ ചെയ്‌തോളൂ. നിങ്ങളെന്നെ സ്‌നേഹിക്കുകയാണെങ്കില്‍ ഞാന്‍ നിങ്ങളുടെ ഹൃദയത്തിലുണ്ടാകും. നിങ്ങളെന്നെ വെറുക്കുകയാണെങ്കില്‍ നിങ്ങളുടെ മനസിലും.' ഇതായിരുന്നു ആ കൊലവിളികളോട് അവളുടെ മറുപടി. 'ഞാന്‍ പോയിക്കഴിഞ്ഞാല്‍ നിങ്ങളെന്നെ തീര്‍ച്ചയായും മിസ് ചെയ്യും' എന്നും അവളൊരിക്കല്‍ പോസ്റ്റ് ചെയ്തു. 


'നിങ്ങളെന്നെ കാണാനിഷ്ടപ്പെടുന്നു. എന്നിട്ട് നിങ്ങള്‍ ചോദിക്കുന്നു നീയെന്താണ് പോയി മരിക്കാത്തത്' എന്നാണ് വേറൊരു പോസ്റ്റില്‍ അവളെഴുതിയത്. ചിലനേരങ്ങളിലാകട്ടെ എന്തുകൊണ്ടാണ് തന്റെ ഫോളോവേഴ്‌സ് തന്നെ വെറുക്കുന്നതെന്ന് അവള്‍ ആശ്ചര്യപ്പെട്ടു. 

2016 -ല്‍ അവള്‍ ഒരു കോമഡിഷോയില്‍ ആത്മീയനേതാവായ മുഫ്തി അബ്ദുള്‍ ഖാവിക്കൊപ്പം പങ്കെടുത്തു. അതുകഴിഞ്ഞ് മാസങ്ങള്‍ക്ക് ശേഷം ഒരു ഹോട്ടല്‍മുറിയില്‍ ഇരുവരും ഒരുമിച്ചിരിക്കുന്ന ഒരു ഫോട്ടോ അവള്‍ പോസ്റ്റ് ചെയ്തു. അതില്‍ ഖാവിയുടെ തൊപ്പി അവളുടെ തലയിലായിരുന്നു. ആ പടം വന്‍ കോളിളക്കമുണ്ടാക്കി. അബ്ദുല്‍ ഖാവിയെ പിരിച്ചുവിട്ടു. അവള്‍ക്കെതിരെ സൈബര്‍ ആക്രമണം കടുത്തു. 


എന്നാല്‍, അവള്‍ കുലുങ്ങിയില്ല. ഭീഷണികളെ പുല്ലുപോലെ കണക്കാക്കി. കാമസക്തി കൊണ്ട് അവളെ സമീപിക്കുകയും സദാചാരം പ്രസംഗിക്കുകയും ചെയ്യുന്ന യാഥാസ്ഥിതിക സമൂഹത്തെ പ്രകോപിപ്പിക്കുകയും പരിഹസിക്കുകയും ചെയ്തു. സമൂഹമാധ്യമങ്ങളില്‍ സജീവസാന്നിധ്യമായി. 


യുവഗായകനായ ആര്യന്‍ ഖാന്റെ ബാന്‍ എന്ന മ്യൂസിക്ക് വീഡിയോ പുറത്തിറങ്ങിയത് ഈ സമയത്തായിരുന്നു. അവളായിരുന്നു അതില്‍. അല്‍പ്പ വസ്ത്രധാരിയായി, ശരീര സൗന്ദര്യം പരമാവധി പ്രദര്‍ശിപ്പിക്കുന്നതായിരുന്നു ഈ വീഡിയോ. 

ഈ വീഡിയോ കാണരുതെന്ന് മത സംഘടനകള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചാരണം നടത്തിയെങ്കിലും വീഡിയോ വലിയ ഹിറ്റായി മാറി. എന്നാല്‍, അതിനെ അവള്‍ക്ക് എതിരെ കൊലവിളികള്‍ ഉയര്‍ന്നു. 


ഈ മ്യൂസിക് വീഡിയോ ഇറങ്ങിയതിനു പിന്നാലെ അവളുടെ ഔദ്യോഗിക തിരിച്ചറിയല്‍ രേഖകളും പാസ്പോര്‍ട്ട് രേഖകളുമെല്ലാം ആരൊക്കെയോ ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്തു. സര്‍ക്കാര്‍ ഓഫീസില്‍നിന്നാണ് ഈ രേഖകള്‍ ചോര്‍ന്നതെന്നും അതിന്റെ ഉറവിടം അന്വേഷിക്കണമെന്നും അവള്‍ ആവശ്യപ്പെട്ടു. ഒപ്പം, തന്റെ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് പാക് ആഭ്യന്തര മന്ത്രിയെയും ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി ഡയരക്ടര്‍ ജനറലിനെയും പൊലീസ് മേധാവികളെയും സമീപിച്ചു. ഒന്നും നടന്നില്ല. ദിവസങ്ങള്‍ക്കകം അവള്‍ കൊല്ലപ്പെട്ടു. 


സ്വന്തം വീട്ടില്‍ ഉറങ്ങിക്കിടക്കുമ്പോഴാണ് അവള്‍ കൊലചെയ്യപ്പെട്ടത്. വായും മൂക്കും പൊത്തിപ്പിടിച്ചാണ് കൊലപാതകം നടന്നത്. കൊല നടന്ന് 15 മണിക്കൂറുകള്‍ കഴിഞ്ഞാണ് ആ വിവരം പുറത്തു വന്നതുപോലും

'ഒരു തലമുറയിലെ പാകിസ്ഥാന്‍ സ്ത്രീകളുടെ ശബ്ദം' എന്നാണ് മാധ്യമങ്ങള്‍ അവളെക്കുറിച്ചെഴുതിയത്. ലോകമെങ്ങും പ്രതിഷേധമുയര്‍ന്നു് സെലിബ്രിറ്റികള്‍ അവള്‍ക്കു വേണ്ടി ശബ്ദമുയര്‍ത്തിയതിനിടെ അറസ്റ്റും സഹോദരന്റെ കുറ്റസമ്മതവും ജയില്‍വാസവും കഴിഞ്ഞു. 


ബലോച്ചിന്റെ ജീവിതവും മരണം പറയുന്ന ഒരു പുസ്തകം ഇക്കാലയളവില്‍ പുറത്തിറങ്ങി. എ വുമണ്‍ ലൈക്ക് ഹെര്‍: ദ ഷോര്‍ട്ട് ലൈഫ് ഓഫ് ഖന്ദീല്‍ ബലോച്ച് (A Woman Like Her: The Short Life of Qandeel Baloch). മാധ്യമപ്രവര്‍ത്തകയായ സനം മഹര്‍ ആണ് നൂറുകണക്കിന് പേരുമായി സംസാരിച്ച് അവളുടെ കഥ എഴുതിയത്. 


സ്വന്തം ഇഷ്ടത്തിന് ജീവിക്കാന്‍ ആഗ്രഹിച്ച ഒരുവള്‍. ആ നിലയ്ക്കാണ് മഹര്‍ ബലോച്ചിനെ പുസ്തകത്തില്‍ അവതരിപ്പിക്കുന്നത്. ''എന്തുകൊണ്ടാണ് അവളുടെ കഥയ്ക്ക് ഇത്രയധികം ശ്രദ്ധ ലഭിച്ചത്? എന്തുകൊണ്ടാണ് നാം ഇപ്പോഴും അവളില്‍ ആകൃഷ്ടരാകുന്നത്, അവളുടെ വീഡിയോകള്‍ കാണുമ്പോഴോ അവളുടെ ഏറ്റവും പുതിയ ഫോട്ടോ കാണുമ്പോഴോ, അവളുടെയാ ചിത്രം നമ്മെ വീണ്ടും ഓര്‍മ്മിപ്പിക്കുന്നതും പ്രതിഫലിപ്പിക്കുന്നതും എന്താണ്? ഒരു ഫെമിനിസ്റ്റാണെന്ന് സമൂഹത്തിന് ബോധ്യപ്പെടാന്‍ അവള്‍ കൊല്ലപ്പെടേണ്ടിവന്നു.''-സ്‌ക്രോളിന് നല്‍കിയ അഭിമുഖത്തില്‍ സനം മഹര്‍ പറഞ്ഞു.

ആ കൊലപാതകത്തോടെയാണ് കൊലയാളികള്‍ക്ക് മാപ്പ് നല്‍കാന്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ക്ക് അവസരം നല്‍കുന്ന നിയമത്തിലെ പഴുതുകളടച്ചത്

കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ മാപ്പ് നല്‍കിയാല്‍ കൊലപാതകികള്‍ക്ക് ശിക്ഷയിലിളവ് ലഭിക്കുമായിരുന്നു. പ്രതികള്‍ കുടുംബക്കാരാണെങ്കില്‍ മാപ്പപേക്ഷ അസാധുവായിരിക്കും എന്ന നിയമഭേദഗതിയാണ് വന്നത്. 

പ്രതികള്‍ കുടുംബക്കാരാണെങ്കില്‍ മാപ്പപേക്ഷ അസാധുവായിരിക്കും എന്ന നിയമഭേദഗതിയാണ് വന്നത്. പക്ഷേ, ഇപ്പോള്‍ സഹോദരനെ വെറുതെ വിട്ടത്, മാതാപിതാക്കള്‍ മാപ്പു നല്‍കി എന്നു പറഞ്ഞാണ്. 

മകള്‍ക്കു വേണ്ടി ധീരമായി സംസാരിച്ചിരുന്ന വൃദ്ധരും നിരാലംബരുമായ മാതാപിതാക്കള്‍ വര്‍ഷങ്ങള്‍ക്കു ശേഷം നിലപാട് മാറ്റിയത് ആരുടെ സമ്മര്‍ദ്ദത്തിലായിരിക്കും? 

click me!