തേന്‍ നുകരാതെ ചത്തുവീഴുന്ന തേനീച്ചകള്‍

First Published Aug 23, 2019, 12:55 PM IST

കഴിഞ്ഞ മൂന്ന് ആഴ്ചകളായി ആമസോണ്‍ കാടുകളിലെ കാട്ടുതീ, ബ്രസീലിന്‍റെ പകലുകളെ കറുപ്പിച്ച് കൊണ്ടിരിക്കുന്നതിനിടെ പുറത്ത് വരുന്നതും ദുരന്ത വാര്‍ത്തയാണ്. ബ്രസീലിലെ റിയോ ഗ്രാന്‍ഡേ ഡോ സോള്‍  സംസ്ഥാനത്ത് മാത്രം 40 കോടി തേനീച്ചകള്‍ ചത്തുവീണെന്നാണ് റിപ്പോര്‍ട്ട്. ബ്രസീലില്‍ മാത്രമായി ഏതാണ്ട് 50 കോടിക്ക് മുകളില്‍ തേനീച്ചകള്‍ മൂന്ന് മാസത്തിനിടെ മരിച്ചതായാണ് തേനീച്ച വളര്‍ത്തുന്നവര്‍ പറയുന്നത്. തേനീച്ചകളുടെ കൂട്ട മരണം അത്ര നിസാരമായി തള്ളിക്കളയേണ്ട ഒന്നല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. മാത്രമല്ല മൂന്നാഴ്ച കൊണ്ട് കിലോമീറ്ററോളം ആമസോണ്‍ കാടുകള്‍ കത്തി തീര്‍ന്ന ബ്രസീലില്‍ നിന്നുള്ള ഈ വാര്‍ത്ത വലിയൊരു ദുരന്തത്തിന്‍റെ മുന്നോടിയാണെന്ന് പരിസ്ഥിതി ശാസ്ത്രജ്ഞരും പ്രകൃതി സ്നേഹികളും പറയുന്നു.  
 

തേനീച്ചകളുടെ കൂട്ടമരണത്തിന് പ്രധാനമായും വിരല്‍ ചൂണ്ടുന്നത് രാജ്യത്തെ അമിതമായ കീടനാശിനി - രാസപ്രയോഗത്തിലേക്കാണ്. യൂറോപ്പിൽ നിരോധിച്ചിരിക്കുന്ന നിയോനിക്കോട്ടിനോയിഡുകൾ, ഫിപ്രോണൈൽ തുടങ്ങിയ ഉൽ‌പന്നങ്ങൾ അടങ്ങിയ കീടനാശിനികളുടെ ഉപയോഗമാണ് തേനീച്ചകളുടെ മരണകാരണമായി പറയുന്നത്.
undefined
കഴിഞ്ഞ ഏപ്രിലിൽ യൂറോപ്യൻ യൂണിയൻ നിയോനിക്കോട്ടിനോയിഡുകൾക്ക് മൊത്തം നിരോധനം ഏർപ്പെടുത്തിയിരുന്നു. എന്നാല്‍ അതേ വര്‍ഷം തന്നെ "വിഷ പാക്കേജ്" എന്ന ആരോപണമുന്നയിച്ച പരിസ്ഥിതി പ്രവർത്തകരുടെ എതിർപ്പിനെ അവഗണിച്ച്, ബ്രസീൽ കീടനാശിനികൾക്കുള്ള നിയന്ത്രണങ്ങൾ നീക്കി.
undefined
ബ്രസീലിൽ കീടനാശിനികളുടെ ഉപയോഗം വർദ്ധിച്ചുവെന്ന് ഗ്രീൻപീസും റിപ്പോര്‍ട്ട് ചെയ്യുന്നു. യൂറോപ്യൻ യൂണിയനിൽ നിരോധിച്ച രാസവസ്തുക്കൾ അടങ്ങിയ 193 ഉൽപ്പന്നങ്ങൾ കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ബ്രസീലിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ബ്രസീല്‍ ഇന്ത്യയെ പോലെ തന്നെ സമ്പദ്‌വ്യവസ്ഥയ്ക്ക് പ്രധാനമായും കാർഷിക മേഖലയെയാണ് ആശ്രയിക്കുന്നത്. അതിനാല്‍ കീടനാശിനികളുടെ ഉപയോഗം നിരോധിക്കാന്‍ കഴിയില്ലെന്നാണ് ബ്രസീല്‍ രാഷ്ട്രീയ നേതൃത്വത്തിന്‍റെ മനോഭാവം.
undefined
എന്നാല്‍ ലോകമെമ്പാടുമുള്ള തേനീച്ചകൾക്ക് കാര്യങ്ങൾ അത്രനല്ലതല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. അമേരിക്കൻ ഐക്യനാടുകളിൽ, തേനീച്ച വളർത്തുന്നവർക്ക് കഴിഞ്ഞ വർഷം അവരുടെ 10 തേനീച്ച കോളനികളിൽ നാലെണ്ണം വീതം നഷ്ടപ്പെട്ടു. അതുകൊണ്ട് തന്നെ ഏറ്റവും മോശം ശൈത്യകാലമാണിതെന്ന് അമേരിക്കയില്‍ നിന്നുള്ള റിപ്പോര്‍ട്ട്. റഷ്യയിലും സമാനാവസ്ഥയിലാണ്. റഷ്യയിലെ 20 പ്രദേശങ്ങളിൽ തേനീച്ചകളുടെ കൂട്ട മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മാത്രമല്ല തേൻ ഉത്പാദിപ്പിക്കുന്നതില്‍ 20% കുറവാണെന്നും അധികൃതർ പറയുന്നു.
undefined
2018 നവംബറിൽ ദക്ഷിണാഫ്രിക്കയിൽ കുറഞ്ഞത് ഒരു ദശലക്ഷം തേനീച്ചകൾ മരിച്ചതായാണ് റിപ്പോര്‍ട്ട്. കാനഡ, മെക്സിക്കോ, അർജന്‍റീന, തുർക്കി തുടങ്ങിയ രാജ്യങ്ങളും കഴിഞ്ഞ 18 മാസത്തിനിടെ തേനീച്ചകൾ വൻതോതിൽ നശിച്ചതായി റിപ്പോർട്ടുകളുണ്ട്. വേൾഡ് വൈൽഡ്‌ ലൈഫ് ഫൗണ്ടേഷന്‍ പറയുന്നത്, മുമ്പ് ഉപയോഗിച്ചിട്ടില്ലാത്ത ഭൂമിയില്‍ തേനീച്ചകളെ മികച്ച രീതിയിൽ സംരക്ഷിക്കാൻ പ്രത്യേകം കൈകാര്യം ചെയ്യണമെന്നാണ്.
undefined
കൂടുതൽ നഗരവൽക്കരണം നടക്കുമ്പോൾ തേനീച്ചകളെ സംരക്ഷിക്കുന്നതിനായി കൂടുതൽ നഗര ഹരിത ഇടങ്ങൾ വികസിപ്പിക്കേണ്ടതുണ്ടെന്നും അവര്‍ പറയുന്നു. വന്യജീവി സൗഹൃദ കൃഷിയും പൂന്തോട്ടപരിപാലനവും - പരാഗണം നടത്തുന്ന പ്രാണികളെ പ്രോത്സാഹിപ്പിക്കുന്നതിനായി കൃഷിയിടത്തില്‍ കാട്ടുചെടികളുടെയും കളകളുടെയും ചെറിയ ഇടവിളയൊരുക്കുന്നത് പോലും നല്ല സ്വാധീനം ചെലുത്തുമെന്നും ചില ഗവേഷകർ പറയുന്നു.
undefined
വളരുന്ന സസ്യങ്ങൾ തേനീച്ചകളെ പരാഗണം നടത്താൻ പ്രേരിപ്പിക്കുന്നതിനാൽ ഇത് പൂന്തോട്ടത്തിനും സഹായിക്കാനാകും. മാത്രമല്ല, പുല്ല് കൂടുതൽ വളരാൻ വിടുന്നത് തേനീച്ചയ്ക്ക് കൂടുതൽ അഭയം സ്ഥാനം നൽകുന്നു. ഇത് തേനീച്ചകളുയെ ആരോഗ്യകരമായ വളര്‍ച്ചയെ സഹായിക്കുന്നെന്നും പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നു.
undefined
എന്നാല്‍, വന്യജീവി ചാരിറ്റി ബഗ് ലൈഫ് പറയുന്നത് ക്ഷീണിതരായ തേനീച്ചകളെ മനുഷ്യന്‍ തന്നെ പൂക്കളിൽ കൊണ്ടുചെന്നിടണമെന്നാണ്. അവിടെ തേനീച്ചകള്‍ക്ക് ആവശ്യമായ പോഷകങ്ങൾ അടങ്ങിയ അമൃതിനെ കണ്ടെത്താൻ കഴിയുന്നു. എന്നാല്‍ പഞ്ചസാര വെള്ളം കലക്കി കൊടുക്കുന്നത് പോലുള്ള പദ്ധതികള്‍ വിവാദങ്ങളെ വിളിച്ചുവരുത്തുമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കുന്നു.
undefined
ഗ്രീൻപീസ്, ഫ്രണ്ട്സ് ഓഫ് എർത്ത് തുടങ്ങിയ പല പരിസ്ഥിതി ഗ്രൂപ്പുകളും പറയുന്നത് തേനീച്ചകൾ മരിക്കുന്നത് തടയാൻ ഹാനികരമായ കീടനാശിനികൾ നിരോധിക്കുന്നത് അത്യാവശ്യമാണെന്നാണ്. കാരണം, ലോകത്ത് തേനീച്ചകള്‍ പോലുള്ള പരാഗണത്തെ സഹായിക്കുന്ന ജീവികളാണ് കാര്‍ഷിക വിളകളുടെയും മറ്റും ഉത്പാദനത്തെ പ്രധാനമായും സഹായിക്കുന്നത്.
undefined
അതായത്, ലോകത്ത് ഉത്പാദിപ്പിക്കപ്പെടുന്ന ഭക്ഷ്യശൃംഖലയുടെ മൂന്നിലൊന്നും ഉത്പാദിപ്പിക്കാന്‍ സഹായിക്കുന്നത് തേനീച്ചകളാണ്. അവയുടെ കൂട്ട മരണം ഭക്ഷ്യോത്പാദനത്തില്‍ വലിയ ഇടിവുണ്ടാക്കും. ഇത് ലോകത്ത് ഭക്ഷ്യക്ഷാമത്തിനും അത് വഴി കലാപങ്ങള്‍ക്കും വഴിവെക്കും. അതിനാല്‍ പ്രകൃതിയുടെ ഭക്ഷ്യശൃംഖല തകരാതെ നോക്കേണ്ടത് മനുഷ്യന്‍റെ കടമയാണ് ഉത്തരവാദിത്വമാണ്.
undefined
click me!