പഞ്ചാരമണലില്‍ ലക്ഷം ദ്വീപ് ; കാണാം കാഴ്ചകള്‍

First Published Aug 21, 2019, 10:50 AM IST

പടിഞ്ഞാറന്‍ ചക്രവാളം നീലക്കടലും നീലാകാശവുമാണ്. കുറഞ്ഞത് പന്ത്രണ്ട് മണിക്കൂര്‍ അറബിക്കടലിലൂടെ യാത്ര ചെയ്താല്‍ ലക്ഷദ്വീപിലെത്താം. ഇന്ത്യാ മഹാരാജ്യത്തിന്‍റെ ഭാഗമാണെങ്കിലും ലക്ഷദ്വീപിലേക്ക് ഓടിയങ്ങ് കേറിച്ചെല്ലാന്‍ പറ്റില്ല. ചില കടമ്പകളൊക്കെ കടന്ന് ഇനിയങ്ങെത്തിയാലോ ?  ഓ... പിന്നെ തിരിച്ചിങ്ങ് പോരാന്‍ തോന്നില്ല. അതാണ് ലക്ഷദ്വീപ്. അങ്ങനെ കടമ്പകളൊക്കെ ചാടിക്കടന്ന് ഒടുവില്‍ ഒരു നാളെത്തപ്പെട്ട ലക്ഷദ്വീപ് സമൂഹത്തിലെ അഗത്തി ദ്വീപിന്‍റെ ചിത്രങ്ങളും എഴുത്തുമായി ജെയിംസ് കൊട്ടാരപ്പള്ളി.

അഗത്തി ദ്വീപിലെ ഈ ജട്ടിയിലാണ് യാത്രക്കാരെയും വഹിച്ചുകൊണ്ട് കപ്പലുകള്‍ അടുക്കുന്നത്. ലക്ഷദ്വീപിലെ ഏക വിമാനത്താവളം സ്ഥിതി ചെയ്യുന്നതും ഈ കൊച്ചു ദ്വീപിലാണ്. 'ലക്ഷദ്വീപിന്‍റെ കവാടം' എന്നാണ് അഞ്ച് ചെറുദ്വീപുകളാല്‍ ചുറ്റപ്പെട്ട അഗത്തി അറിയപ്പെടുന്നത്. കൊച്ചിയില്‍ നിന്ന് അഗത്തിക്ക് വിമാന സര്‍വ്വീസുണ്ട്.
undefined
മനോഹരമായ കടല്‍ത്തീരമാണ് അഗത്തിയുടെ പ്രത്യേകത. റീഫുകളാലും കോറലുകളാലും മത്സ്യവൈവിധ്യങ്ങളാലും സമ്പന്നമാണ് ആറ് കിലോമീറ്റര്‍ നീളവും ഒരു കിലോമീറ്റര്‍ വീതിയുമുള്ള ഈ സുന്ദരന്‍ ദ്വീപ്.
undefined
കോഴിക്കോട് ബേപ്പൂരില്‍ നിര്‍മ്മിക്കുന്ന ഉരു ഇപ്പോഴും ലക്ഷദ്വീപിലേക്കുള്ള ചരക്ക് ഗതാഗതത്തിന് ഉപയോഗിക്കുന്നു. മംഗലാപുരത്ത് നിന്നും കോഴിക്കോട്ട് നിന്നും ഉരുക്കളില്‍ ദ്വീപുകളിലേക്കുള്ള സാധനങ്ങളെത്തുന്നു. അവശ്യവസ്തുക്കള്‍ ഇറക്കുമതി ചെയ്യുമ്പോള്‍ കൊപ്രയും ചൂരയുമാണ് ദ്വീപില്‍ നിന്നുള്ള പ്രധാന കയറ്റുമതി.
undefined
മഹാസമുദ്രത്തില്‍ ഒരു മണല്‍ കുമ്പാരം പോലെ കിടക്കുന്ന ദ്വീപിലെ കുട്ടികളും ചെറുപ്പത്തിലെ കടലുമായി ചങ്ങാത്തത്തിലാണ്. കടലിനോട് ഉപദ്വീപുവാസികള്‍ക്കുള്ള ഭയം ദ്വീപുവാസിക്കില്ല. അവര്‍ ചെറുപ്പത്തില്‍ തന്നെ അന്നത്തിനായി മീന്‍ തേടിയലയുന്നത് ഈത്തീരത്ത് തന്നെ. കൗമാരപ്രായമെത്തുമ്പോഴേക്കും കുട്ടികള്‍ മീന്‍ പിടിത്തത്തില്‍ വൈദഗ്ദ്യം നേടുന്നു.
undefined
ദ്വീപിലെ വൈകുന്നേരങ്ങളാണ് മനോഹരം. സന്ധ്യയ്ക്ക് മുമ്പേ ആളുകള്‍ പതുക്കെ തീരത്തേക്ക് വരും. ചിലര്‍ കുടുംബസമേതം. ചിലര്‍ സുഹൃത്തുക്കളോടൊപ്പം. ചിലര്‍ കുട്ടികളോടൊപ്പം. തീരത്ത് അവരങ്ങനെ സൊറ പറഞ്ഞിരിക്കും. ഇത്ര മനേഹരമായൊരു തീരമുള്ളപ്പോള്‍ അവരെങ്ങനെ കുട്ടികളുമായി വീടുകളില്‍ അടച്ചിരിക്കും ?
undefined
മത്സ്യബന്ധനമാണ് ദ്വീപ് നിവാസികളുടെ മുഖ്യതൊഴില്‍. വള്ളങ്ങളിലും യന്ത്രവത്കൃതമായ ചെറുബോട്ടുകളിലുമാണ് അവര്‍ മത്സ്യബന്ധനം നടത്തുന്നത്. മത്സ്യബന്ധനത്തോടൊപ്പം സ്കൂബാ ഡൈവിങ്ങ് പോലുള്ള വിനോദങ്ങളുമുണ്ട്.
undefined
കടല്‍വെള്ളത്തില്‍നിന്നും ജലം ശുദ്ധീകരിക്കുന്ന പ്ലാന്‍റിനായി കടല്‍ വെള്ളം ശേഖരിക്കുന്ന പൈപ്പുകളാണ് ദൂരെ കാണുന്നത്.ഇവിടെ ഉത്പാദിപ്പിക്കുന്ന വെള്ളമാണ് ദ്വീപ് നിവാസികള്‍ ഉപയോഗിക്കുന്നത്. ദ്വീപിലേക്ക് ആവശ്യമായ വൈദ്യുതി ഉത്പാദിപ്പിക്കുന്നത് കൂറ്റല്‍ ഡീസല്‍ ജനറേറ്റുകള്‍ ഉപയോഗിച്ചാണ്.
undefined
കോണ്‍ക്രീറ്റ് ചെയ്ത ചെറുറോഡുകളാണ് ദ്വീപിലുള്ളത്. സൈക്കിളുകളും ബൈക്കുകളും കാറുകളുമൊക്കെ ദ്വീപിലെ ഈ നിരത്തുകളില്‍ ഓടുന്നു. ആറ് കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാന്‍ ഏറ്റവും അനുയോജ്യം സൈക്കിളോ ബൈക്കോ തന്നെ. എങ്കിലും ഓട്ടോയും അത്യാവശ്യം ഓടുന്നുണ്ട്.
undefined
ദ്വീപില്‍ ഉത്പാദിപ്പിക്കുന്ന ഉണക്കമീനിനെ 'മാസ്' എന്നാണ് പറയുന്നത്. ചൂര മത്സ്യം കടല്‍വെള്ളത്തില്‍ പുഴുങ്ങി ഉണക്കിയെടുക്കുന്നതാണ് മാസ്. അത്യന്തം രുചികരമാണിത്. ഇതോടൊപ്പം തേങ്ങാ ചോറാണ് പ്രധാന ദ്വീപ് ഭക്ഷണം.
undefined
സര്‍ക്കാര്‍ സഹായത്തോടെയാണ് ദ്വീപിലെ പച്ചക്കറി കൃഷി. ഇങ്ങനെ ദ്വീപില്‍ തന്നെ ഉത്പാദിപ്പിക്കുന്ന പച്ചക്കറികള്‍ നാമമാത്രമായ തുകയ്ക്ക് ആഴ്ചയില്‍ ഒരു ദിവസം ദ്വീപ് നിവാസികള്‍ക്ക് നല്‍കും.
undefined
അഗത്തിക്ക് സമീപമുള്ള ചെറുദ്വീപാണ് ബംഗാരം. ലക്ഷദ്വീപ് സ്പോര്‍ട്‌സിന് കീഴിലുള്ള റിസോര്‍ട്ടാണ് ഈ ദ്വീപിന്റെ പ്രത്യേകത. വിനോദസഞ്ചാരികള്‍ക്ക് ഇവിടെ സ്‌കൂബാ ഡൈവിംഗ്, സ്‌നോര്‍ക്കളിംഗ്, കയാക്കിംഗ് തുടങ്ങി വിവിധതരം വാട്ടര്‍ സ്‌പോര്‍ട്‌സിനുള്ള സൗകര്യങ്ങളുണ്ട്.
undefined
click me!