"കുണ്ടൻ കിണറ്റിൽ കുറുവടി പോയാൽ കുമ്പിട്ടെടുക്കും കുമ്മാട്ടി " ആര്‍പ്പ് വിളിച്ച്... ആര്‍ത്ത് വിളിച്ച്.. കുമ്മാട്ടി

First Published Sep 9, 2019, 12:36 PM IST

ഓണവരവറിയിക്കാൻ തയ്യാറെടുക്കുകയാണ് തൃശ്ശൂരിലെ കുമ്മാട്ടി സംഘങ്ങൾ.  ഉത്രാടം മുതൽ ചതയം വരെയുള്ള ദിവസങ്ങളിലാണ് തൃശ്ശൂര്‍ നഗരത്തില്‍ കുമ്മാട്ടി ഇറങ്ങുന്നത്. ഓണത്തപ്പന് അകമ്പടി പോകാൻ ശിവൻ അയക്കുന്ന ഭൂതഗണങ്ങളാണ് കുമ്മാട്ടികൾ എന്നാണ് സങ്കല്പം. നാലാം ഓണത്തിന് പുലികളിക്ക് മുൻപും കുമ്മാട്ടികൾ സ്വരാജ് ഗ്രൗണ്ടിലിറങ്ങാറുണ്ട്. ശരീരത്തിൽ പർപ്പടകപ്പുല്ലണി‍ഞ്ഞ് മുഖങ്ങൾ വച്ചാണ് കുമ്മാട്ടികൾ എത്തുക. പണ്ട് തൃശ്ശൂര് ഓരോ ദേശക്കാരും കുമ്മാട്ടികളെ ഇറക്കിയിരുന്നു. എന്നാല്‍ ഇന്ന് പുലിക്കളി സംഘങ്ങളോടാണ് പ്രീയമെന്നതിനാല്‍ കുമ്മാട്ടി സംഘങ്ങള്‍ പൊതുവേ കുറവാണ്. 

തൃശൂർ, പാലക്കാട്, വയനാട് തുടങ്ങിയ ജില്ലകളിൽ പ്രചാരത്തിലുള്ള ഒരു നാടൻ കലാരൂപമാണ് കുമ്മാട്ടി. തൃശൂർ നഗരത്തിന് ചുറ്റുമുള്ള ദേശക്കാർ ഓണത്തോടനുബന്ധിച്ച് കുമ്മാട്ടി കളി നടത്തുന്നു. പാലക്കാട്, വയനാട് ജില്ലകളുടെ ചില ഭാഗങ്ങളിൽ കുമ്മാട്ടി ദേവപ്രീതിക്കായും വിളവെടുപ്പിനോട് അനുബന്ധിച്ചും ആഘോഷിക്കുന്നുണ്ട്. ഈ ഭാഗങ്ങളിൽ ഓണത്തപ്പനെ വരവേൽക്കാനായും കുമ്മാട്ടി ആഘോഷിക്കുന്നുണ്ട്.
undefined
ഗണപതിയും സുഗ്രീവനും ബാലിയും തള്ളയും കാട്ടാളനുമെല്ലാം മുഖം മൂടിയിലുണ്ട്. നഗരത്തിലെ കിഴക്കുംപാട്ടുകരയിലെ വടക്കുമുറിയിലും ചേറൂരിലും മരുതൂരിലും ഒരുക്കങ്ങൾ ഇത്തവണ കുമ്മാട്ടി സംഘങ്ങള്‍ തകൃതിയാണ്. വേഷങ്ങൾക്കൊപ്പം വാദ്യങ്ങളും നിശ്ചലദൃശ്യങ്ങളും കുമ്മാട്ടിക്ക് അകമ്പടിയാകും. ഇനി ദേശവഴികളിൽ കുമ്മാട്ടിയുടെ വരവിനായുള്ള കാത്തിരിപ്പാണ്.
undefined
കാലദോഷം തീർക്കാനും കുട്ടികളെ ആഹ്ളാദിപ്പിച്ച് അവർക്ക് നന്മനേരാനെത്തുന്ന കുമ്മാട്ടിക്കൂട്ടങ്ങൾക്ക് പിന്നിലെ ഐതിഹ്യം ശിവനും അർജ്ജുനനുമായി ബന്ധപ്പെട്ടതാണ്. കഠിന തപസിന് ശേഷം പാശുപതാസ്ത്രം കരസ്തമാക്കിയ അര്‍ജുനന്‍റെയും ശിവന്‍റെയും മുന്നില്‍ ഭൂതഗണങ്ങള്‍ നൃത്തം ചെയ്തു.
undefined
ഈ ന‍ൃത്തത്തിന്‍റെ ഓര്‍മ്മപുതുക്കാനായിട്ട്, ഓണക്കാലത്ത് മഹാബലി കേരളീയരെ കാണാനായിയെത്തുമ്പോള്‍ ഭക്തരുടെ ഭവനങ്ങൾ സന്ദർശിച്ച് നൃത്തവും പാട്ടുംകൊണ്ട് അവരെ ആനന്ദിപ്പിക്കനായി ഭൂതഗണങ്ങള്‍ വടക്കുംനാഥനായ ശിവന്‍റെ ആഗ്രഹപ്രകാരം എത്തുന്നതായാണ് ഐതിഹ്യം. തൃശ്ശൂരിലും പരിസരങ്ങളിലും കുമ്മാട്ടി കളിക്ക് പ്രത്യക പ്രചാരമുണ്ട്.
undefined
പുല്ലിൽ നെയ്ത വസ്ത്രം ധരിച്ചാണ് കുമ്മാട്ടിക്കളിക്കാർ ചുവടു വക്കുന്നതു്. വീടുകള്‍ കയറിയിറങ്ങുന്ന കുമ്മാട്ടിക്കളിക്കാര്‍ ജനങ്ങളെ പ്രീതിപ്പെടുത്തി ഉപഹാരങ്ങൾ സ്വീകരിക്കുന്നു. ചെണ്ടയാണ് പ്രധാന പിന്നണി വാദ്യം. കൂടാതെ തകിൽ, ചേങ്ങില, നാദസ്വരം എന്നിവയും ഉപയോഗിക്കുന്നു. ഭംഗിയുള്ള മുഖംമൂടിയാണ് കുമ്മാട്ടികൾക്ക് ഉപയോഗിക്കുന്നത്.
undefined
ആദ്യകാലങ്ങളിൽ കമുകിൻപാളകളായിരുന്നു മുഖാവരണത്തിന് ഉപയോഗിച്ചിരുന്നത്. പക്ഷേ, ഇന്ന് മുരിക്ക് പോലെയുള്ള ഭാരം കുറഞ്ഞ തടി ഉപയോഗിച്ചാണ് മുഖംമൂടി ഉണ്ടാക്കുന്നത്. ഒറ്റമുഖത്തിന് പതിനഞ്ച് കിലോയോളം തൂക്കം വരും. പണ്ട് പ്രകൃതി ദത്തമായ നിറങ്ങളായിരുന്നു ഉപയോഗിച്ചിരുന്നത്.
undefined
ഇന്ന് അതിൻറെ സ്ഥാനത്ത് സാധാരണ നിറങ്ങൾ ഉപയോഗിക്കുന്നു.ശിവൻ, ഹനുമാൻ, സുഗ്രീവൻ, ബാലി, അപ്പൂപ്പൻ, അമ്മൂമ്മ, കാട്ടാളൻ, കാലൻ, ഗരുഡൻ, ഗണപതി, കാളി, തെയ്യം, ശ്രീകൃഷ്ണൻ, ബ്രഹ്മാവ്, തള്ള എന്നിങ്ങനെയാണ് പ്രധാന വേഷങ്ങൾ.
undefined
ശരീരം മുഴുവനും കുമ്മാട്ടിപ്പുല്ല് (പർപ്പിടകപ്പുല്ല്), വാഴയില ഇവയിൽ ഏതെങ്കിലും വച്ച് കെട്ടി ചെണ്ടയുടെ താളത്തിനൊത്താണ് കുമ്മാട്ടികൾ കളിക്കുക. ദേഹമാസകലം പുല്ലുകൊണ്ട് മൂടി പേടിപ്പിക്കുന്ന രൂപത്തിലാണ് കുമ്മാട്ടികൾ വരുക.
undefined
ആറരയടിയുള്ള ഒരാൾക്ക് കുമ്മാട്ടിവേഷം കെട്ടാൻ ഏകദേശം ഒരു കിന്‍റല്‍ പുല്ല് വേണ്ടിവരും എന്നാണ് ശരാശരി കണക്ക്. ഓണമാവാറായാൽ കുമ്മാട്ടിസംഘങ്ങളുടെ പ്രഥമ ജോലി എന്നത് കുമ്മാട്ടിപ്പുല്ലുള്ള സ്ഥലങ്ങൾ തേടിപ്പിടിയ്ക്കുക എന്നതാണ്.
undefined
കുമ്മാട്ടികളിയുടെ നിലനില്പ്പ് തന്നെ ഈ കുമ്മാട്ടിപ്പുല്ലിനെ ആശ്രയിച്ചാണ് എന്ന് പറയാം. കുമ്മാട്ടിപ്പുല്ല് ഔഷധഗുണമുള്ളതാണ്. ഇത് ശരീരത്തോട് ചേർത്ത് കെട്ടുമ്പോൾ സുഗന്ധമുണ്ടാകുന്നു. മണിക്കൂറുകളോളം കുമ്മാട്ടിക്കളിയിൽ വേഷം കെട്ടണമെങ്കിൽ ഈ പുല്ല് അത്യാവശ്യമാണ്. "കുണ്ടൻ കിണറ്റിൽ കുറുവടി പോയാൽ കുമ്പിട്ടെടുക്കും കുമ്മാട്ടി " തുടങ്ങി രസകരമായ വായ്ത്താരിയോടെയാകും കുമ്മാട്ടികള്‍ വീടുകളിലെത്തുക.
undefined
click me!