20 വര്‍ഷത്തെ യുദ്ധത്തിനൊടുവില്‍ അമേരിക്കന്‍ പിന്‍മാറ്റം; അഫ്ഗാന്‍ രാഷ്ട്രീയം ഇനിയെങ്ങോട്ട് ?

First Published Apr 17, 2021, 3:29 PM IST

മേരിക്കൻ സൈന്യത്തെ അഫ്ഗാനിസ്ഥാനിൽ നിന്ന് സെപ്റ്റംബർ പതിനൊന്നോടെ പൂർണമായും പിൻവലിക്കുമെന്ന് പ്രസിഡന്‍റ് ജോ ബൈഡൻ പ്രഖ്യാപിച്ചു. അതും വേള്‍ഡ് ട്രേഡ് സെന്‍റര്‍ അക്രമണത്തിന് 20 വര്‍ഷങ്ങള്‍ക്ക് ശേഷം ഈ വരുന്ന സെപ്തംബര്‍ 11 ന് അമേരിക്കന്‍ സൈനീകര്‍ അഫ്ഗാനിസ്ഥാനില്‍ നിന്ന് പൂര്‍ണ്ണമായും പിന്‍വാങ്ങും. ലോകത്തെ ഏറ്റവും തീവ്രമായ മതബോധത്തോടെ ജീവിക്കുന്ന താലിബാന്‍ അഫ്ഗാനിസ്ഥാനില്‍ വീണ്ടും ശക്തിപ്രാപിക്കുമോയെന്ന് കാത്തിരുന്നു കാണണം. അമേരിക്കയുടെ ഏറ്റവും നീണ്ട യുദ്ധം തുടരാൻ വ്യക്തമായ കാരണങ്ങൾ ഇല്ലെന്നായിരുന്നു ബൈഡൻ വൈറ്റ് ഹൗസിൽ നടത്തിയ പ്രസംഗത്തിൽ പറഞ്ഞത്. എന്നാല്‍ സൈന്യത്തെ പിന്‍വലിച്ച ശേഷവും അഫ്ഗാനിസ്ഥാനെ പിന്തുണയ്ക്കുന്നത് അമേരിക്ക തുടരുമെങ്കിലും സൈനിക പിന്തുണയുണ്ടാവില്ലെന്നും ജോ ബൈഡന്‍ വ്യക്തമാക്കി. 2001 ല്‍ അമേരിക്കയുടെ അഫ്ഗാന്‍ വ്യോമാക്രമണം സ്ഥിരീകരിച്ച വൈറ്റ് ഹൗസിലെ അതേമുറിയില്‍ നിന്നാണ് സൈന്യത്തെ പിന്‍വലിക്കുന്ന വിവരവും പ്രഖ്യാപിക്കുന്നത്. അമേരിക്കന്‍ സൈന്യത്തിന്‍റെ പിന്‍മാറ്റം ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് ഇന്ത്യയേയാകുമെന്നാണ് വിദഗ്ദര്‍ പറയുന്നത്. പ്രദേശത്തെ ഏറ്റവും വലിയ ശക്തിയാകാന്‍ ശ്രമിക്കുന്ന ചൈനയ്ക്ക് ഇപ്പോള്‍ തന്നെ അഫ്ഗാനില്‍ വലിയ വിപണി താല്‍പര്യങ്ങളുണ്ട്. ഇത് ഇന്ത്യയ്ക്കെതിരെയുള്ള നിഴല്‍ യുദ്ധത്തിനായി ഉപയോഗിക്കപ്പെടുമോയെന്ന് കണ്ടറിയണം. അതോടൊപ്പം താലിബന്‍ വീണ്ടും ശക്തി പ്രാപിച്ചാല്‍ ഇന്ത്യയിലെ നിലവിലെ തീവ്രവലത് ഭരണത്തോട് എങ്ങനെ പ്രതികരിക്കുമെന്നതും കണ്ടുതന്നെ അറിയണം. 

സെപ്തംബര്‍ 11 ന് 2001ലെ ഭീകരാക്രമണത്തിന്‍റെ 20 -ാം വാര്‍ഷികം കൂടിയാണ്. നാറ്റോ അഫ്ഗാന്‍ മിഷന്‍റെ ഭാഗമായി കുറഞ്ഞത് 2,500 യുഎസ് സൈനികരാണുള്ളതെന്നാണ് റിപ്പോര്‍ട്ട്. അമേരിക്കന്‍ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് 3,500 ഓളം യുഎസ് സൈനികരാണ് അഫ്ഗാനിസ്ഥാനിലുള്ളത്.
undefined
അഫ്ഗാനിസ്ഥാനിലെ അക്രമങ്ങള്‍ കുറയ്ക്കാമെന്ന നിലപാട് താലിബാന്‍ ഇതുവരെ പാലിച്ചിട്ടില്ലെന്ന് യുഎസ്, നാറ്റോ ഉദ്യോഗസ്ഥരും വിശദമാക്കുന്നു. പിന്‍മാറലിന് മുന്നോടിയായി കാബൂളില്‍ വച്ച് സമാധാനത്തിനായുള്ള ശ്രമങ്ങള്‍ തുടരുമെന്നും അഫ്ഗാനിസ്ഥാനിലെ നേതാക്കള്‍ പറയുന്നു.
undefined
ബുധനാഴ്ച അഫ്ഗാന്‍ പ്രസിഡന്‍റ് അഷ്റഫ് ഗാനി, ജോ ബൈഡനുമായി ഫോണിലൂടെ സംസാരിച്ചതായി ട്വീറ്റ് ചെയ്തിരുന്നു. പിന്‍മാറ്റം സുഗമമാക്കുമെന്നും പിന്‍മാറാനുള്ള അമേരിക്കയുടെ തീരുമാനത്തെ ബഹുമാനിക്കുന്നുവെന്നും അഷ്റഫ് ഗാനി വിശദമാക്കി.
undefined
രാജ്യത്തെയും ജനങ്ങളേയും പ്രതിരോധിക്കാന്‍ അഫ്ഗാനിസ്ഥാനിലെ സേന ശക്തമാണെന്നും അഷ്റഫ് ഗാനി കൂട്ടിച്ചേര്‍ത്തു. അഫ്ഗാനിസ്ഥിലെ സൈന്യത്തിന്‍റെ സാന്നിധ്യം നിരന്തരമായി നീട്ടിക്കൊണ്ട് പോകാനാവില്ല. അഫ്ഗാനിസ്ഥിനെ സര്‍ക്കാരിനുള്ള പിന്തുണ തുടരുമെന്നും നയതന്ത്രപരമായും മനുഷ്യത്വപരമായും പിന്തുണയ്ക്കുമെന്നുമാണ് ബൈഡന്‍ പറഞ്ഞത്.
undefined
ഭൂപ്രകൃതിയാണ് അഫ്ഗാനെ ഏറ്റവും കുഴപ്പിച്ചിട്ടുള്ളത്. മരുഭൂമിയും ചെങ്കുത്തായ പര്‍വ്വത നിരകളും അത്രപെട്ടെന്നൊന്നും മനുഷ്യന് കീഴടങ്ങുന്നവയല്ല. എന്നാല്‍ തെക്ക് കിഴക്കന്‍ രാജ്യങ്ങളെ യൂറോപ്പുമായി ബന്ധിപ്പിക്കുന്ന വാണിജ്യ പാതകള്‍ അഫ്ഗാനിലൂടെയാണ് കടന്ന് പോകുന്നത്.
undefined
ഗോത്രവര്‍ഗ്ഗക്കാര്‍ തമ്മിലെ സംഘര്‍ഷം അഫ്ഗാനിസ്ഥാനെ എന്നും മുള്‍മുനയിലാണ് നിര്‍ത്തിയിരുന്നത്. രാജ്യത്തിന്‍റെ ഐക്യത്തിന് തടസമായ ഈ വിഷയങ്ങളെയെല്ലാം മാറ്റി നിര്‍ത്തി അഫ്ഗാന്‍ എന്ന രാജ്യം ഉടലെടുക്കുന്നത് രാജ്യ ഭരണത്തിന്‍ കീഴിലെ ബ്രിട്ടനും സര്‍ ചക്രവര്‍ത്തിക്ക് കീഴിലെ റഷ്യയും തമ്മിലുള്ള ശത്രുതയില്‍ നിന്നായിരുന്നു. ഈ ശത്രുത പിന്നീട് ദി ഗ്രേറ്റ് ഗെയിം എന്നറിയപ്പെട്ടു.
undefined
19 -ാം നൂറ്റാണ്ടിലാണ് ബ്രിട്ടീഷ്, റഷ്യന്‍ ശത്രുതയ്ക്ക് തുടക്കമാകുന്നത്. ഇന്ത്യയുടെ കടന്ന് സാമ്രാജ്യം വികസിപ്പിക്കാനുള്ള ശ്രമത്തില്‍ ബ്രിട്ടനും ഇന്ത്യ പിടിച്ചടക്കാന്‍ റഷ്യയും തീരുമാനിക്കുന്നതില്‍ നിന്നാണ് അഫ്ഗാനിസ്ഥാന്‍റെ ദുരന്തപര്‍വ്വം ആരംഭിക്കുന്നത്. പാകിസ്ഥാന്‍, ഇന്ത്യ, മ്യാന്മാര്‍, ബംഗ്ലാദേശ് എന്നീ പ്രദേശങ്ങള്‍ ബ്രിട്ടന്‍റെ കൈവശമായിരുന്നു.
undefined
റഷ്യയാകട്ടെ പേര്‍ഷ്യ, അഫ്ഗാനിസ്ഥാന്‍, ടിബറ്റ്, എന്നീങ്ങനെ ഭൂവിസ്തൃതി കൂട്ടി. അന്ന് അഫ്ഗാനിസ്ഥാന്‍ എന്ന രാജ്യമുണ്ടായിരുന്നില്ല. ഇതേ തുടര്‍ന്ന് റഷ്യ അഫ്ഗാനിസ്ഥാന് അതിര്‍ത്തികള്‍ നിര്‍ണ്ണയിക്കാന്‍ തുടങ്ങി. ഇതോടെ ബ്രിട്ടന്‍, റഷ്യയ്ക്കെതിരെ തിരിഞ്ഞു. നാല് യുദ്ധങ്ങള്‍ നടന്നു. നാലിലും ബ്രിട്ടന്‍ പരാജയപ്പെട്ടു.
undefined
എന്നാല്‍, യുദ്ധങ്ങള്‍ക്കൊടുവിലുണ്ടാക്കിയ ധാരണപ്രകാരം അഫ്ഗാനിസ്ഥാന്‍റെ വിദേശ നയം ബ്രിട്ടന്‍റെ കൈവശമായി. ഇതിന് പകരമായി റഷ്യയില്‍ നിന്ന് അഫ്ഗാനിസ്ഥാന് സ്വാതന്ത്രമായിരുന്നു ബ്രിട്ടന്‍ നല്‍കിയ വാഗ്ദാനം. ഇതോടെ അഫ്ഗാനിസ്ഥാനില്‍ ബ്രിട്ടന്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തിത്തുടങ്ങി. ഡ്യൂറന്‍ ലൈന്‍ അഫ്ഗാന്‍ അതിര്‍ത്തിയായി ബ്രിട്ടന്‍ പ്രഖ്യാപിച്ചു.
undefined
ഇതിനിടെ റഷ്യ, സോവിയേറ്റ് യൂണിയനായി, അഫ്ഗാനിസ്ഥാന്‍ സ്വാതന്ത്രം പ്രഖ്യാപിച്ചു. ഇന്ത്യയും സ്വാതന്ത്രം പ്രഖ്യാപിച്ചു. ഇതോടെ പാകിസ്ഥാന്‍റെ ഭാഗമായ പഷ്ത്തൂണ്‍ മേഖല തങ്ങള്‍ക്ക് വിട്ട് തരണമെന്ന് അഫ്ഗാന്‍ ആവശ്യപ്പെട്ടു.
undefined
കാരണം, ഇതുവഴിയാണ് അഫ്ഗാനിസ്ഥാന്‍റെ പ്രധാന വാണിജ്യ പാത പോകുന്നത്. ഈ വഴി തടസപ്പെട്ടാല്‍ അഫ്ഗാന് പിന്നെ സോവിയറ്റ് യൂണിയനെ ആശ്രയിക്കാതെ വാണിജ്യം ബുദ്ധിമുട്ടാകും. എന്നാല്‍, പഷ്ത്തൂണ്‍ മേഖല പാകിസ്ഥാന്‍റെ കീഴില്‍ നിര്‍ത്തുകയാണ് ബ്രിട്ടന്‍ ചെയ്തത്. ഇതോടെ അഫ്ഗാനിസ്ഥാന്‍ സോവിയേറ്റ് യൂണിയനോടും ഇന്ത്യയോടും അടുത്തു.
undefined
ഇതേ സമയം വന്‍ ശക്തിയായി തീര്‍ന്ന അമേരിക്ക, പാകിസ്ഥാനെ ഒപ്പം കൂട്ടി. ഇത് അഫ്ഗാനെ റഷ്യന്‍ പാളയത്തില്‍ നിലര്‍ത്തുന്നതിന് കാരണമായി. എന്നാല്‍, സര്‍ക്കാറിന്‍റെ കമ്മ്യൂണിസ്റ്റ് സ്നേഹവും പരിഷ്കരണങ്ങളും അഫ്ഗാനിലെ മുസ്ലീം ഗോത്രവിഭാഗങ്ങളെ ചൊടിപ്പിച്ചു. ഈ കൂട്ടായ്മ പിന്നീട് മുജാഹിദ്ദീന്‍ എന്ന സംഘടനയ്ക്ക് കാരണമായി.
undefined
സോവിയേറ്റ് യൂണിയനെതിരെ അഫ്ഗാനിസ്ഥാനില്‍ എതിര്‍ സ്വരങ്ങളുയര്‍ന്നതോടെ അഫ്ഗാന്‍ സര്‍ക്കാറിനെ അട്ടിമറിച്ച് യുഎസ്എസ്ആര്‍ പുതിയ കമ്മ്യൂണിസ്റ്റ് സര്‍ക്കാറിനെ രൂപീകരിച്ചു. ഇതോടെ അമേരിക്ക തീവ്ര ഇസ്ലാമിസ്റ്റുകളായ മുജാഹിദ്ദീന്‍ ഗ്രൂപ്പുകള്‍ക്ക് ആയുധവും പണവും കൈയയച്ച് നല്‍കി.
undefined
രാജ്യം കലുഷിതമായ അന്തരീക്ഷത്തിലേക്ക് നീങ്ങി. സോവിയേറ്റ് സൈന്യവും മുജാഹിദ്ദീനുകളും തമ്മില്‍ പരസ്പരം ഏറ്റുമുട്ടി. അമേരിക്ക പാകിസ്ഥാന്‍ വഴി ആയുധമെത്തിച്ചപ്പോള്‍, മതത്തിന്‍റെ പേരില്‍ ആയിരങ്ങളാണ് അഫ്ഗാനിസ്ഥാനിലേക്ക് ഒഴുകിയെത്തിയത്. ഒടുവില്‍ സോവിയേറ്റ് യൂണിയന്‍റെ തകര്‍ച്ചയോടെ അഫ്ഗാനിലെ നിഴല്‍ യുദ്ധം അവസാനിച്ചു.
undefined
1988 ല്‍ സോവിയേറ്റ് യൂണിയനും അമേരിക്കയും തമ്മില്‍ ധാരണയിലെത്തി. ഇതോടെ സോവിയേറ്റ് സൈന്യം അഫ്ഗാനിസ്ഥാനില്‍ നിന്ന് പിന്‍മാറി. അന്നത്തെ കമ്മ്യൂണിസ്റ്റ് പ്രസിഡന്‍റ് നജീബുള്ളയെ, സായുധ മുജാഹിദ്ദീന്‍ ഗ്രൂപ്പുകള്‍ ചേര്‍ന്ന് പുറത്താക്കി. പുതിയ താത്കാലിക സര്‍ക്കാര്‍ രൂപീകരിച്ചു. തുടര്‍ന്ന് അഫ്ഗാനെ ഇസ്ലാമിക രാഷ്ട്രമായി പ്രഖ്യാപിച്ചു.
undefined
തുടര്‍ന്ന് ബുറാറുദ്ദീന്‍ റബ്ബായി പ്രസിഡന്‍റായി. എന്നാല്‍, നിശ്ചിത സമയത്തിനുള്ളില്‍ അധികാരം മറ്റ് സംഘടയ്ക്ക് നല്‍കണമെന്ന നിര്‍ദ്ദേശം റബ്ബായി നിരസിച്ചു. ഇതോടെ മുസ്ലീം മത സംഘടനകള്‍ തമ്മില്‍ യുദ്ധമാരംഭിച്ചു. തുടര്‍ന്ന് ഗുല്‍ബുദ്ദീന്‍ ഹിക്മത്യാറിന്‍റെ നേതൃത്വത്തില്‍ മറ്റ് സംഘടനകള്‍ ചേര്‍ന്ന് കാബുള്‍ പിടിച്ചെടുത്തു. ആഭ്യന്തരയുദ്ധം ശക്തമായി.
undefined
ഈ സമയത്താണ് വിദ്യാര്‍ത്ഥികള്‍ എന്നര്‍ത്ഥം വരുന്ന താലിബാനികള്‍ രംഗപ്രവേശനം ചെയ്യുന്നത്. മുഹമ്മദ് ഒമറിന്‍റെ നേതൃത്വത്തില്‍ അവര്‍ കാബുള്‍ പിടിച്ചടക്കി. അഫ്ഗാന്‍ അറബുകള്‍ രാജ്യത്തെ പ്രധാന ശക്തിയായി മാറി. എന്നാല്‍ വടക്കന്‍ മേഖല നോര്‍ത്തേണ്‍ അലയന്‍സിന്‍റെ കീഴിലായിരുന്നു. ഇതോടെ ഇരു വിഭാഗങ്ങളും തമ്മില്‍ പരസ്പരം ഏറ്റുമുട്ടല്‍ ആരംഭിച്ചു.
undefined
ഇതിനിടെ 2001 ല്‍ വേള്‍ഡ് ട്രേഡ് സെന്‍റര്‍ ആക്രമിക്കപ്പെടുന്നത്. താലിബാന്‍റെ സുഹൃത്തായിരുന്ന ഒസാമാ ബിന്‍ലാന്‍റെ നേതൃത്വത്തിലാണ് അക്രമണമെന്ന് അമേരിക്ക ആരോപിച്ചു. ലാദനെ വിട്ട് നല്‍കാന്‍ അമേരിക്ക അഫ്ഗാനോട് ആവശ്യപ്പെട്ടു. എന്നാല്‍ അഫ്ഗാന്‍ ഇത് നിരസിച്ചു. ഒടുവില്‍ നോര്‍ത്തേണ്‍ അലയന്‍സിന്‍റെ സഹായത്തോടെ അമേരിക്ക അഫ്ഗാന്‍ അക്രമിച്ച് കീഴടക്കി ഒരു പാവ സര്‍ക്കാറിനെ പ്രതിഷ്ഠിച്ചു.
undefined
എന്നാല്‍ താലിബാന്‍ അക്രമണം തുടര്‍ന്നുകൊണ്ടേയിരുന്നു. ഇതോടെ അഫ്ഗാനിസ്ഥാനില്‍ ഒരു സര്‍ക്കാറുകള്‍ക്ക് ഭരണം ദുസഹമായി. ആഭ്യന്തയുദ്ധം തുര്‍ന്നുകൊണ്ടിരുന്നു. ഒബാമ, അഫ്ഗാനിസ്ഥാനിലെ സൈനിക സാന്നിധ്യം കൂട്ടി. പുറകെ വന്ന ഡ്രംപും ഇത് തന്നെ ചെയ്തു. എന്നാല്‍ ഒടുവില്‍ ഡ്രംപ് തന്നെ സൈനീക പിന്‍മാറ്റം പ്രഖ്യാപിച്ചു.
undefined
എന്നാല്‍ നീണ്ടുപോയ പിന്‍മാറ്റം ജോ ബൈഡന്‍ അമേരിക്കന്‍ പ്രസിഡന്‍റായതോടെ യാഥാര്‍ത്ഥ്യമാവുകയാണ്. നിശ്ചയിച്ച തീയതികള്‍ കഴിഞ്ഞിരുന്നെങ്കിലും ഇപ്പോള്‍ അധികാരത്തിലെത്തിയ ജോ ബൈഡന്‍ ഭരണകൂടം സൈനീക പിന്‍മാറ്റം യാഥാര്‍ത്ഥ്യമാക്കാനുള്ള തീവ്രശ്രമം ആരംഭിച്ചു.
undefined
ഇതോടെ അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള അമേരിക്കന്‍ സൈനീകരുടെ പൂര്‍ണ്ണ പിന്‍മാറ്റം പ്രഖ്യാപിക്കപ്പെട്ടു. 20 വര്‍ഷത്തെ യുദ്ധം അവസാനിപ്പിക്കുന്നുവെന്നാണ് അമേരിക്ക പറഞ്ഞത്. അമേരിക്കയ്ക്ക് മാത്രം 2300 സൈനീകരുടെ ജീവന്‍ നഷ്ടം, പരിക്കുകളോടെ ആയിരത്തോളം സൈനീകര്‍, രണ്ട് ട്രില്യണ്‍ ഡോളറിന്‍റെ ചെലവ്, ഇതാണ് 20 വര്‍ഷത്തെ അഫ്ഗാന്‍ യുദ്ധം അമേരിക്കയ്ക്ക് സമ്മാനിച്ചത്.
undefined
അമേരിക്കയുടെ പിന്‍മാറ്റം അഫ്ഗാന്‍റെ ഭാവിയെ എങ്ങനെ നിര്‍ണ്ണയിക്കുമെന്നാണ് ഇനി കാണേണ്ടത്. ഇപ്പോഴും ഗ്രാമപ്രദേശങ്ങളടക്കമുള്ള നിരവധി ഭൂഭാഗങ്ങള്‍ താലിബാന്‍റെ കൈവശമാണ്. കാബൂളില്‍ മാത്രമാണ് നിലവില്‍ സര്‍ക്കാര്‍ ഭരണമുള്ളത്.
undefined
വേള്‍ഡ് ട്രേഡ് സെന്‍റര്‍ ആക്രമണത്തിന് 20 വര്‍ഷങ്ങള്‍ക്ക് ശേഷം 2021 സെപ്തംബര്‍ 11 അമേരിക്ക അഫ്ഗാനിസ്ഥാനില്‍ നിന്ന് പൂര്‍ണ്ണമായും പിന്മാറും. 2001 ന് ശേഷം ജനിച്ച സൈനീകര്‍ വരെ ഇന്ന് അഫ്ഗാനില്‍ അമേരിക്കയ്ക്കായി പോരാടുന്നു.
undefined
അമേരിക്ക പിന്‍മാറിയാല്‍ മാത്രം ചര്‍ച്ചയെന്ന് നിലപാടിലായിരുന്നു താലിബാന്‍. അമേരിക്ക പിന്‍മാറ്റം പ്രഖ്യാപിച്ചതോടെ ഏപ്രില്‍ 24 ന് ഖത്തറില്‍ താലിബാന്‍, അഫ്ഗാന്‍ സര്‍ക്കാറുമായി ചര്‍ച്ച തീരുമാനിച്ചു. തുര്‍ക്കിയും ഐക്യരാഷ്ട്ര സംഘടനകളും ഈ ചര്‍ച്ചയില്‍ പങ്കെടുക്കും.
undefined
നിരവധി ചര്‍ച്ചകളും ധാരണകളും ഒപ്പിട്ടെങ്കിലും അമേരിക്കന്‍ സൈനീകര്‍ക്ക് നേരെയുള്ള അക്രമണം വര്‍ദ്ധിച്ചു. ഏറ്റവും ഒടുവിലായി പുറത്ത് വന്നത്, അമേരിക്കന്‍ സൈനീകരെ കൊല്ലുന്നതിന് റഷ്യ, താലിബാന് സമ്മാനങ്ങള്‍ നല്‍കിയിരുന്നുവെന്നാണ്. ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് ലഭിച്ചിട്ടും ഡ്രംപ് നടപടികളെടുത്തില്ല.
undefined
നിലവിലെ അഫ്ഗാന്‍ പ്രസിഡന്‍റ് അഷറഫ് ഗനി, താലിബാനുമായുള്ള ചര്‍ച്ച ആവശ്യമാണെന്ന് വാദിക്കുന്നയാളാണ്. എന്നാല്‍, ഇസ്ലാമിക് എമറൈറ്റ് ഓഫ് അഫ്ഗാന്‍ എന്ന് സ്വയം വിശേഷിപ്പിക്കുന്ന താലിബാന്‍ അത്ര പെട്ടെന്നൊന്നും അധികാരമൊഴിയുമെന്ന് ആരും കരുതുന്നില്ല.
undefined
ഇപ്പോഴും സര്‍ക്കാര്‍ അനുകൂലികളെ പിടികൂടി മതകോടതികളില്‍ ഹജരാക്കി ശിക്ഷിക്കുന്ന പതിവ് താലിബാന്‍ നിര്‍ത്തിയിട്ടില്ല. പെണ്‍കുട്ടികള്‍ക്ക് പണ്ടും വിദ്യാഭ്യാസം തങ്ങള്‍ നിഷേധിച്ചിരുന്നില്ലെന്നും ഇനിയും അങ്ങനെതന്നെയായിരിക്കുമെന്നുമാണ് താലിബാന്‍ അവകാശപ്പെടുന്നത്.
undefined
ഹിജാബും ശരീയത്തും അനുസരിക്കണമെന്നത് നിര്‍ബന്ധമാണ്. താലിബാന്‍ നിയന്ത്രണമുള്ള പ്രദേശങ്ങളില്‍ ഇപ്പോഴും പെണ്‍കുട്ടികളെ ഒരു പ്രായം കഴിഞ്ഞാല്‍ പഠിക്കാന്‍ വിടില്ലെന്നതാണ് സത്യം. അധ്യാപകര്‍ക്ക് ശമ്പളം സര്‍ക്കാര്‍ നല്‍കുമ്പോള്‍ എന്ത് പഠിപ്പിക്കണമെന്നത് താലിബാന്‍ തീരുമാനിക്കുന്നുവെന്നതാണ് അവസ്ഥ.
undefined
ഇപ്പോഴും പാട്ട് കേട്ടാലും താടിയില്ലെങ്കിലും താലിബാന്‍ ശിക്ഷ നടപ്പാക്കുന്നുവെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. അതിനിടെ താലിബാനിലെ തീവ്രഗ്രൂപ്പുകളും മധ്യനിലപാടുള്ള ഗ്രൂപ്പുകളും തമ്മില്‍ ഇപ്പോഴും പ്രശ്നങ്ങള്‍ നിലനില്‍ക്കുന്നു. ഇതൊക്കെ കൊണ്ട് തന്നെ അമേരിക്കന്‍ പിന്‍മാറ്റം അഫ്ഗാനെ വീണ്ടും പ്രശ്നത്തിലാക്കുമെന്ന് തന്നെയാണ് നിരീക്ഷകര്‍ കരുതുന്നത്.
undefined
എന്നാല്‍, അമേരിക്കയുടെ പിന്‍മാറ്റം ഏറ്റവും കൂടുതല്‍ ബാധിക്കുക ഇന്ത്യയേയാകുമെന്നാണ് വിദഗ്ദരുടെ അഭിപ്രായം. തീവ്രവാദികളുടെ സുരക്ഷിത താവളമായി വീണ്ടും അഫ്ഗാന്‍ മാറിയിലും ഇല്ലെങ്കിലും ചൈന, ഇന്ത്യയ്ക്കെതിരായ ഒരു ഇടനിലയായി അഫ്ഗാനെ പരിഗണിച്ചേക്കാമെന്നതാണ് ഏറ്റവും വലിയ ഭീഷണി.
undefined
click me!