അഭിപ്രായ സ്വാതന്ത്ര്യത്തിനായി പ്രതിഷേധങ്ങൾ കനപ്പിക്കുന്ന ഹോങ്കോങ്

First Published Jul 6, 2019, 1:00 PM IST

സൈനികാധികാരം പോലുമില്ലാത്ത ഹോങ്കോങിന്‍റെ സ്വയം ഭരണാധികാരമാണ് ചൈന ഭയക്കുന്നത്. പാര്‍ട്ടിയുടെ ഉരുക്കുമുഷ്ടിക്ക് പുറത്ത് അഭിപ്രായ സ്വാതന്ത്ര്യമുള്ള ഒരു ജനതയെ നിലനിര്‍ത്തിയാല്‍ അത് സ്വന്തം അസ്ഥിവാരം തോണ്ടുന്നതിന് തുല്ല്യമാണെന്ന് പാര്‍ട്ടി ഭരണകൂടത്തിനറിയാം.  അതുകൊണ്ട് തന്നെ സ്വാതന്ത്ര്യങ്ങള്‍ക്ക് കൂച്ചുവിലങ്ങിടേണ്ടത് പീപ്പിള്‍സ് റിപ്പബ്ലിക്ക് ഓഫ് ചൈനയുടെ ആവശ്യമായി മാറുന്നു. പ്രതിരോധവും സ്വാതന്ത്ര്യവും ഹോങ്കോങ്ങിന്‍റെ മാത്രം ആവശ്യമായും.

ആഴ്ചകളായി ഹോങ്കോങ് പുകയുകയാണ്. ഇന്നും ഇന്നലെയും തുടങ്ങിയതല്ല. കാലങ്ങളുടെ പഴക്കമുണ്ട് ഈ പുകയലിന്. 1842 ല്‍ ആദ്യ ഓപ്പിയം യുദ്ധത്തിന് ശേഷം ഹോങ്കോങ് ബ്രിട്ടന്‍റെ കോളനിയായി. ഒന്നരനൂറ്റാണ്ടിന് ശേഷം 1997 ല്‍ ബ്രിട്ടന്‍ ഹോങ്കോങിന് സ്വയം ഭരണാവകാശം നല്‍കി.
undefined
പക്ഷേ ആ സ്വയം ഭരണാവകാശം പീപ്പിള്‍സ് റിപ്പബ്ലിക്ക് ഓഫ് ചൈന എന്ന കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന് കീഴിലായിരുന്നെന്ന് മാത്രം. ഈയൊരൊറ്റ പ്രത്യേകത കാരണം ഹോങ്കോങ് ഇന്നും പ്രതിഷേധങ്ങളില്‍ നിന്ന് പ്രതിഷേധങ്ങളിലേക്കുള്ള ഘോഷയാത്രയിലാണ്.
undefined
ചൈനയുടെ പൊതു സ്വഭാവവുമായി യാതൊരു ബന്ധവും ഹോങ്കോങിനില്ലെന്നതാണ് മറ്റ് ചൈനീസ് പ്രവിശ്യകളില്‍ നിന്നും ഹോങ്കോങിനെ വ്യത്യസ്തമാക്കുന്നത്. ഒന്നര നൂറ്റാണ്ട് ഒരു യൂറോപ്യന്‍ രാജ്യത്തിന്‍റെ അധികാരത്തിന് കീഴില്‍ കഴിയേണ്ടിവന്നതിനാല്‍ തന്നെ, തനത് സാംസ്കാരിക പിന്തുടര്‍ച്ച നിലയ്ക്കുകയും യൂറോപ്യന്‍ കേന്ദ്രീകൃത സാംസ്കാരിക ബോധത്തിലേക്ക് ഹോങ്കോങ് വഴിമാറുകയും ചെയ്തു. ഈ സാംസ്കാരിക വ്യതിയാനം ഹോങ്കോങിനെ ചൈനീസ് സാംസ്കാരിക പൊതുബോധത്തിന് പുറത്ത് നിര്‍ത്തുന്നു.
undefined
ഹോങ്കോങിന്‍റെ ഈ ബോധമാണ് ചൈനയെ ഏറെ അലോസരപ്പെടുത്തുന്നതും. ലോക അധികാരത്തിനായി അമേരിക്കയോട് മത്സരരംഗത്ത് സജീവമായുള്ള ചൈന, ഭൂ അതിര്‍ത്തികളുടെ വിപുലീകരണം തേടുന്നിടത്താണ് ഹോങ്കോങിന് സ്വന്തം സ്വപ്നങ്ങളെ സംരക്ഷിക്കാനായി ചൈനയോട് പോരാടേണ്ടി വരുന്നത്.
undefined
2014 ൽ ചൈന ഹോങ്കോങിന് യഥാർത്ഥ സാർവത്രിക വോട്ടവകാശം നൽകാൻ വിസമ്മതിച്ചു. ഇത് ഹോങ്കോങിന്‍റെ പ്രതിഷേധങ്ങളെ ശക്തിപ്പെടുത്തി. അവര്‍ 79 ദിവസത്തെ കുട പ്രസ്ഥാനത്തിന് (umbrella protest) തുടക്കമിട്ടു. പക്ഷേ ജനങ്ങൾക്ക് സ്വേച്ഛയാൽ വോട്ട് ചെയ്യുന്നതിനു വേണ്ടിയുള്ള സമരം ബീജിംഗിനെ സമ്മർദ്ദത്തിലാക്കാൻ സഹായിച്ചെങ്കിലും ചൈനയുടെ മര്‍ക്കടമുഷ്ടിക്ക് മുന്നില്‍ ഹോങ്കോങിന്‍റെ ശ്രമങ്ങള്‍ പരാജയപ്പെട്ടു.
undefined
നിലവില്‍ ചൈനയുടെ അധികാരത്തിന്‍ കീഴില്‍ പ്രത്യേക പദവിയുള്ള ഹോങ്കോങ് എന്ന സ്വയംഭരണ പ്രദേശത്തിന്, ചൈനയുടെ ഭരണ, നിയമ, നീതി നിര്‍വഹണങ്ങളോടൊന്നും ഒരു പരിധിവരെ ബാധ്യത നിലനിര്‍ത്തേണ്ട ആവശ്യമില്ല. ഹോങ്കോങ്ങിന്‍റെ ഈ സ്വയം നിര്‍ണ്ണയാവകാശം എടുത്തുകളയുകയെന്നതിനാണ് ചൈനയിപ്പോള്‍ ശ്രമിക്കുന്നതും.
undefined
കുറ്റകൃത്യങ്ങളില്‍ പിടിക്കപ്പെടുന്നവരെ ചൈനയ്ക്ക് കൈമാറണമെന്ന ആവശ്യത്തിനെതിരെയാണ് ഇപ്പോള്‍ ഹോങ്കോങില്‍ സമരം ആരംഭിച്ചത്. ഹോങ്കോങിന്‍റെ അഭിപ്രായ പ്രകടന സ്വാതന്ത്ര്യത്തിനും പരിമിതമായെങ്കിലുമുള്ള രാഷ്ട്രീയ സ്വാതന്ത്ര്യത്തിനും കൂച്ചുവിലങ്ങിടാനുള്ള ചൈനയുടെ ശ്രമങ്ങള്‍ക്കെതിരെയാണ് ഈ പ്രതിഷേധങ്ങള്‍. ഒരു ജനത അവരുടെ സ്വാതന്ത്ര്യം സംരക്ഷിക്കുവാന്‍ സ്വന്തം ഭരണകൂടത്തോട് തന്നെ സമരം ചെയ്യുന്ന അവസ്ഥ.
undefined
സ്വന്തം രാഷ്ട്രീയാധികാരത്തിന് വേണ്ടിയുള്ള സമരമാണെങ്കിലും ഹോങ്കോങിന്‍റെ സമരങ്ങള്‍ അക്രമത്തിന്‍റെതല്ല. അവ സമാധാനപരമാണ്. മറ്റൊരു പ്രധാന പ്രത്യേകത ഹോങ്കോങ് സമരങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത് വിദ്യാര്‍ത്ഥികളാണെന്നതാണ്.
undefined
കുറ്റം ചെയ്തവരെ ചൈനയ്ക്ക് കൈമാറാൻ അനുവദിക്കുന്ന ബിൽ പിൻവലിക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭം നടത്തുന്നവരുമായി ചർച്ച നടത്താമെന്ന് നഗര ഭരണാധികാരി കാരി ലാം നൽകിയ വാഗ്ദാനം സമരക്കാർ തള്ളി. ഏതാനും വിദ്യാർഥികളെയും യുവാക്കളെയും മാത്രം വിളിച്ചുവരുത്തി രഹസ്യചർച്ച നടത്താനുള്ള നീക്കത്തോട് യോജിപ്പില്ലെന്നായിരുന്നു സമരക്കാരുടെ നയം.
undefined
പൊതുജനങ്ങളെ കൂടി ഉൾപ്പെടുത്തി പരസ്യമായ ചർച്ച നടത്തണമെന്ന് ഹോങ്കോങിലെ യൂണിവേഴ്സിറ്റി വിദ്യാർഥി യൂണിയനുകൾ ആവശ്യപ്പെട്ടു. രഹസ്യ യോഗത്തിൽ എന്താണ് ചർച്ച ചെയ്തതെന്നതിന് സാക്ഷികളുണ്ടാവില്ലെന്നും എന്തു ചർച്ചയാണ് നടത്തിയതെന്ന് പൊതുജനങ്ങൾ കൂടി അറിയേണ്ടതുണ്ടെന്നും വിദ്യാർഥി നേതാക്കൾ പറഞ്ഞു.
undefined
വിദ്യാര്‍ത്ഥികള്‍ തെരുവുകളിലേക്കിറങ്ങിയതിനെ തുടര്‍ന്ന് ബിൽ തൽക്കാലം മാറ്റിവയ്ക്കുന്നതായി ലാം പ്രഖ്യാപിച്ചു. എന്നാല്‍ താല്‍ക്കാലിക മരവിപ്പല്ല. ശാശ്വത പരിഹാരമാണ് ആവശ്യമെന്നായിരുന്നു സമരക്കാരുടെ ആവശ്യം.
undefined
ബില്‍ ഔദ്യോഗികമായി പിൻവലിക്കുക എന്ന ആവശ്യത്തിൽ യുവാക്കൾ ഉറച്ചുനില്‍ക്കുകയാണ്. കാരി ലാം രാജിവയ്ക്കുക, അറസ്റ്റ് ചെയ്തവരെ വിട്ടയയ്ക്കുക, സ്വതന്ത്ര അന്വേഷണം നടത്തുക തുടങ്ങിയ ആവശ്യങ്ങള്‍ പ്രക്ഷോഭകർ ഉന്നയിച്ചു.
undefined
1997 ജൂലൈ 1 ന് ഹോങ്കോങ്, ചൈനീസ് ഭരണത്തിലേക്ക് മടങ്ങിവന്നതിന്‍റെ വാർഷികത്തിൽ, ഒരു സമാധാനപരമായ പ്രകടനത്തിന് ശേഷം, നൂറുകണക്കിന് യുവ പ്രതിഷേധക്കാർ നിയമസഭാ കെട്ടിടം ആക്രമിക്കുകയും നശിപ്പിക്കുകയും ചെയ്തു. ഇവരെ ചിതറിക്കാൻ പൊലീസിന് അർദ്ധരാത്രിയില്‍ കണ്ണീർവാതകം പ്രയോഗിച്ചു.
undefined
അന്നത്തെ പ്രക്ഷേപത്തില്‍, 8 പൊലീസുകാരെ കയ്യേറ്റം ചെയ്തു, പൊലീസുകാർക്കു നേരെ മുട്ടയെറിഞ്ഞു എന്നീ കുറ്റങ്ങള്‍ ചുമത്തി അറസ്റ്റ് ചെയ്ത പുൻ ഹോചിയു (31) നെ കഴിഞ്ഞ ദിവസമാണ് കോടതിയില്‍ ഹാജരാക്കിയത്. ഇയാളുടെ ജാമ്യം കോടതി റദ്ദാക്കി. പുൻ ഹോചിയു ചെയ്ത കുറ്റത്തിന് 10 വർഷം വരെ തടവുശിക്ഷ ലഭിക്കാം. തടവുകാരെ വിട്ടയക്കണമെന്ന ആവശ്യവും സമരക്കാര്‍ ഉന്നയിച്ചു.
undefined
പാഠ്യപദ്ധതികളില്‍, ഭരണത്തില്‍, നിയമത്തില്‍, സ്വാതന്ത്ര്യത്തില്‍ എന്ന് വേണ്ട ഹോങ്കോങിന്‍റെ ഓരോതരി ശ്വാസത്തിലും പീപ്പിള്‍സ് റിപ്പബ്ലിക്ക് ഓഫ് ചൈനയ്ക്ക് അധീശത്വം വേണം. കാരണം അഭിപ്രായ സ്വാതന്ത്ര്യം ലഭിച്ചാല്‍ ജനങ്ങള്‍ ആദ്യം ഭരണകൂടത്തിനെതിരെ തിരിയുമെന്ന കാര്യത്തില്‍ അവരോളം തീര്‍പ്പ് മറ്റാര്‍ക്കുമില്ലെന്നത് തന്നെ.
undefined
അതെ, സൈനികാധികാരം പോലുമില്ലാത്ത ഹോങ്കോങിന്‍റെ സ്വയം ഭരണാധികാരമാണ് ചൈന ഭയക്കുന്നത്. പാര്‍ട്ടിയുടെ ഉരുക്കുമുഷ്ടിക്ക് പുറത്ത് അഭിപ്രായ സ്വാതന്ത്രമുള്ള ഒരു ജനതയെ നിലനിര്‍ത്തിയാല്‍ അത് സ്വന്തം അസ്ഥിവാരം തോണ്ടുന്നതിന് തുല്ല്യമാണെന്ന് പാര്‍ട്ടി ഭരണകൂടത്തിനറിയാം.
undefined
സ്വാതന്ത്രങ്ങള്‍ക്ക് കൂച്ചുവിലങ്ങിടേണ്ടത് പീപ്പിള്‍സ് റിപ്പബ്ലിക്ക് ഓഫ് ചൈനയുടെ ആവശ്യമായി മാറുന്നു. പ്രതിരോധവും സ്വാതന്ത്രവും ഹോങ്കോങ്ങിന്‍റെ മാത്രം ആവശ്യമായും.
undefined
click me!