മഗാവയ്ക്ക് വയസ്സായി; പരസ്പരം കൊല്ലാനായി മനുഷ്യന്‍ വിതച്ച കുഴിബോംബുകള്‍ മണത്തെടുത്തവന്‍, വിരമിക്കുന്നു

First Published Jun 12, 2021, 9:55 PM IST

ഗാവയ്ക്ക് ഏഴ് വയസ്സായി. മറ്റുള്ളവര്‍ക്ക് അവനൊരു വെറും എലിയായിരിക്കാം. പക്ഷേ, കംബോഡിയക്കാര്‍ക്ക് അവന്‍ ഹീറോയാണ് ഹീറോ. ഒരു എലി, അതും ആഫ്രിക്കയില്‍ കിടക്കുന്ന ഒരു എലി എങ്ങനെയാണ് തെക്കനേഷ്യന്‍ രാജ്യമായ കംബോഡിയയിലെ ജനങ്ങളുടെ ഹീറോയാവുക ? മഗാവയും കംബോഡിയക്കാരും തമ്മിലുള്ള ആത്മബന്ധമാണത്. കഴിഞ്ഞ അഞ്ച് വര്‍ഷമായി അനേകായിരം കംബോഡിയക്കാരുടെ ജീവനും അതുപോലെ ശരീരാവയവങ്ങളുമാണ് മഗാവ സംരക്ഷിച്ചത്. കംബോഡിയയില്‍ മനുഷ്യരുടെ ജീവന്‍ രക്ഷിക്കുന്ന മഗാവയ്ക്ക് പിഡിഎസ്എ (People's Dispensary for Sick Animals) ധീരതയ്ക്കും ജോലിയോടുള്ള അര്‍പ്പണമനോഭാവത്തിനുമുള്ള ആദരപൂര്‍വം കഴിഞ്ഞ വര്‍ഷം സ്വര്‍ണ്ണപതക്കം സമ്മാനിച്ചു. മഗാവയുടെ ജീവിതത്തിന്‍റെ സിംഹഭാഗവും കംബോഡിയയിലായിരുന്നു. അതും കുഴിബോംബുകള്‍ക്കിടയില്‍. കംബോഡിയയും മഗാവയും കുഴിബോംബുകളും തമ്മിലുള്ള ബന്ധമറിയണമെങ്കില്‍ കംബോഡിയയുടെ ചരിത്രം കുറച്ച് അറിഞ്ഞിരിക്കണം.  

1863 മുതല്‍ 1953 വരെ കംബോഡിയ ഫ്രാൻസിന്‍റെ കോളനിയായിരുന്നു. 1941 ല്‍ പത്തൊമ്പത് വയസ്സുള്ള നരോദം സിഹാനുക് രാജകുമാരനെ ഫ്രഞ്ചുകാര്‍ രാജാവായി വാഴിച്ചു. 1953 ൽ കംബോഡിയ ഫ്രാന്‍സില്‍ നിന്ന് സ്വാതന്ത്ര്യം നേടി. അച്ഛനെ രാജാവാക്കി നരോദം സിഹാനുക് രാഷ്ട്രീയത്തിലിറങ്ങി തെരഞ്ഞടുപ്പില്‍ വിജയച്ച് കംബോഡിയയുടെ പ്രധാനമന്ത്രിയായി. 15 വര്‍ഷം ഭരിച്ചു. പക്ഷേ അതിനിടെ ലോകത്ത് മുതലാളിത്തവും കമ്മ്യൂണിസവും എന്ന രണ്ട് പ്രത്യയശാസ്ത്ര രാഷ്ട്രീയ ആശയധാരകള്‍ ഉടലെടുക്കുകയും രാജ്യങ്ങള്‍ രണ്ട് ചേരികളായി മാറുകയും ചെയ്തിരുന്നു.
undefined
രാജ്യത്ത് കലാപങ്ങളും യുദ്ധങ്ങളും ഇല്ലാത്ത ദിവസങ്ങളില്ലെന്ന അവസ്ഥയിലായി. രാജ്യത്തെ ഇടത് രാഷ്ട്രീയത്തിന്‍റെ വേരറുക്കാന്‍ ഭരണാധികാരിയായ ലോന്‍ നോളിന്‍റെ സഹായത്തോടെ അമേരിക്ക രാജ്യത്തെങ്ങും ബോംബ് മഴ പെയ്യിച്ചു. ലക്ഷക്കണക്കിന് കംബോഡിയക്കാര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. പിന്നീട് ഖമര്‍ റൂഷ് സൈന്യത്തെ ഉപയോഗിച്ച് കംബോഡിയ പിടിച്ചടക്കിയ ഏഷ്യന്‍ ഹിറ്റ്ലര്‍ എന്ന് പിന്നീട് അറിയപ്പെട്ട പോള്‍ പോട്ട് ഏഷ്യ കണ്ട ഏറ്റവും വലിയ വംശഹത്യയ്ക്ക് നേതൃത്വം നല്‍കി. ഇതിനിടെ പോള്‍ പോട്ട് വിയറ്റ്നാമിനെ അക്രമിച്ചു.
undefined
എന്നാല്‍ ശക്തമായി തിരിച്ചടിച്ച വിയറ്റ്നാം പോള്‍ പോട്ടിനെ സ്ഥാനഭ്രഷ്ടനാക്കി. തുടര്‍ന്ന് വിയറ്റ്നാം കംബോഡിയുടെ ഭരണം നിയന്ത്രിക്കാന്‍ തുടങ്ങി. ഈസമയം കംബോഡിയയുടെ വനങ്ങളിലേക്ക് ഒളിത്താവളം മാറ്റിയ ഖമര്‍ റൂഷ് സൈന്യത്തെ ഇല്ലാതാക്കാനായി രാജ്യത്തിന്‍റെ നിരവധി പ്രദേശങ്ങളില്‍ വിയറ്റ്നാം സേന കുഴി ബോംബുകള്‍ നിറച്ചു. ഐക്യരാഷ്ട്ര സഭയുടെ അനുരഞ്ജന ചര്‍ച്ചയ്ക്കൊടുവില്‍ 1993 ല്‍ നരോദം സിഹാനൂക് വീണ്ടും രാജപദവിയേറ്റെടുത്തു. തെരഞ്ഞെടുപ്പ് നടന്നു. രാജ്യം പതുക്കെ സമാധാനത്തിലേക്ക് നീങ്ങി...
undefined
പക്ഷേ, അപ്പോഴേക്കും പണ്ട് കുഴിച്ച് വച്ച ബോംബുകളില്‍ ചവിട്ടി, ജനങ്ങള്‍ നാല് പാടും ചിന്നിച്ചിതറി, കൊല്ലപ്പെട്ടുകൊണ്ടേയിരുന്നു. രാജ്യത്ത് സമാധാനം പുനസ്ഥാപിച്ചെങ്കിലും കുഴിബോംബുകള്‍ ജനങ്ങളെ മാംസ പിണ്ഡങ്ങളാക്കി മാറ്റി. പത്ത് ദശലക്ഷം കുഴിബോംബുകളെങ്കിലും രാജ്യത്ത് കുഴിച്ചിട്ടിട്ടുണ്ടാകാമെന്ന് ഐക്യരാഷ്ട്ര സഭ തന്നെ പറയുന്നു. മൂന്ന് ദശലക്ഷം കുഴിബോംബുകള്‍ ഇനിയും കണ്ടെത്താനുണ്ടെന്ന് കംബോഡിയൻ മൈൻ ആക്ഷൻ സെന്‍റര്‍ (സി‌എം‌സി) യുടെ കണക്കുകള്‍ പറയുന്നു.
undefined
ഏത് കാലത്താണെങ്കിലും ശത്രുവിനെ വകവരുത്തുക എന്ന ഒറ്റ ഉദ്ദേശ്യത്തോടെയാണ് പല കുഴിബോംബുകളും സ്ഥാപിക്കപ്പെട്ടത്. ചിലത് തങ്ങളുടെ പ്രദേശം സംരക്ഷിക്കാനായും സ്ഥാപിക്കപ്പെട്ടു. ഈ കാലഘട്ടത്തില്‍ കൊള്ളയിൽ നിന്ന് രക്ഷപ്പെടാനായി പല പുണ്യ ക്ഷേത്രങ്ങളും കുഴിബോംബുകള്‍ കൊണ്ട് സംരക്ഷണം തീര്‍ത്തു. കംബോഡിയൻ മൈൻ വിക്ടിം ഇൻഫർമേഷൻ സർവീസിൽ (സി‌എം‌വി‌ഐ‌എസ്) നിന്നുള്ള 2010 ലെ ആശുപത്രി കണക്കുകൾ കാണിക്കുന്നത് ലോകത്തിലെ ഏറ്റവും ഉയർന്ന അപകട നിരക്ക് കംബോഡിയയിലാണെന്നാണ്.
undefined
undefined
2017 നവംബറിലെ കണക്കനുസരിച്ച് 2013 ൽ അപകടത്തിൽ മരിച്ചവരുടെ എണ്ണം 111 ആയിരുന്നു. ഇതിൽ 22 പേർ കൊല്ലപ്പെടുകയും 89 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അപകടത്തിൽ മൂന്നിലൊന്ന് കുട്ടികളാണ് മരിച്ചത്. മിക്കവാറും എല്ലാവരും ആൺകുട്ടികള്‍. പഠനങ്ങൾ കാണിക്കുന്നത് സ്‌ഫോടകവസ്തുക്കളുമായി കളിക്കാനോ പരിശോധിക്കാനോ സ്ത്രീകളേക്കാൾ പുരുഷന്മാരും ആൺകുട്ടികളും കൂടുതൽ സന്നദ്ധരാണെന്നും ഇതിനെ തുടര്‍ന്ന് ഇവര്‍ക്ക് കൂടുതലായി അപകടം സംഭവിക്കുന്നുവെന്നുമാണ്.
undefined
രാജ്യത്തിന്‍റെ വടക്കുപടിഞ്ഞാറൻ ഭാഗത്താണ് അവശേഷിക്കുന്ന കുഴിബോംബുകളില്‍ ഭൂരിഭാഗവുമുള്ളത്. പ്രദേശത്തെ ആശുപത്രികളുടെ അഭാവം മൂലം മരണനിരക്കും പരിക്കിന്‍റെ കാഠിന്യവും വര്‍ദ്ധിപ്പിക്കുന്നു. ഈ കുഴിബോംബുകള്‍ സാമൂഹികവും സാമ്പത്തികവുമായ പ്രശ്‌നങ്ങളുയര്‍ത്തുന്നു. ആരോഗ്യ വ്യവസ്ഥയുടെ തകര്‍ച്ചയും കൂടിയാകുമ്പോള്‍ ജനങ്ങള്‍ ഇന്നും നിത്യദുരിതത്തിലാകുന്നു.
undefined
undefined
2019 ലെ കണക്കനുസരിച്ച് കംബോഡിയയിൽ ഏഴ് ഡീമിംഗ് ഓർഗനൈസേഷനുകളാണ് പ്രവർത്തിക്കുന്നത്. 2014 മുതല്‍ ബെൽജിയൻ സർക്കാരിതര സംഘടനയായ അപ്പോപോ (APOPO) കുഴി ബോംബുകള്‍ കണ്ടെത്താനുള്ള ശ്രമങ്ങളില്‍ പങ്കാളികളാണ്. ഇവര്‍ കുഴിബോംബ് കണ്ടെത്താനായി എലികളെയും ഉപയോഗിക്കുന്നു. കുറഞ്ഞത് നാല് പേരും മറ്റ് സാങ്കേതിക സംവിധാനങ്ങളും ഉണ്ടെങ്കില്‍ മാത്രമാണ് സുരക്ഷിതമായി കുഴിബോംബുകള്‍ കണ്ടെത്താന്‍ പറ്റൂ. കുഴിബോംബ് കണ്ടെത്താന്‍ പരിശീലനം സിദ്ധിച്ച നായകളെയും ഇടക്കാലത്ത് ഉപയോഗിച്ചിരുന്നു. എന്നാല്‍ വലിപ്പവും മറ്റ് ജീവികളോടുള്ള നായകളുടെ പ്രതികരണവും മറ്റും നായകള്‍ അപകടത്തില്‍പ്പെടുന്നത് പതിവായി.
undefined
ഈ പ്രതിസന്ധിയിലേക്കാണ് മഗാവ കടന്നുവരുന്നത്. മഗാവ, ജയന്‍റ് ആഫ്രിക്കൻ എലികളുടെ വംശത്തില്‍പ്പെടുന്നു. ഇന്ന് 'ലാൻഡ്‍മൈൻ ഡിറ്റെൻഷൻ റാറ്റ്'-ാണ് മഗാവ. കംബോഡിയയിലെ അപ്പോപോയുടെ കുഴി ബോംബ് വേട്ടയിലെ പ്രധാനി. തന്‍റെ ഔദ്ധോഗിക ജീവിതത്തിനിടെ 71 -ലധികം കുഴിബോംബുകളും 38 സ്‌ഫോടക വസ്തുക്കളും മഗാവ കണ്ടെത്തി. രാജ്യത്തെ 1,41,000 സ്ക്വയര്‍ മീറ്റര്‍ സ്ഥലം മഗാവ കുഴിബോംബ് രഹിത പ്രദേശമാക്കി.
undefined
ഭൂമിക്കടിയിൽ പൊട്ടാതെ കിടക്കുന്ന മൈനുകൾ തിരിച്ചറിയുന്ന എലി. കംബോഡിയയിൽ മനുഷ്യരുടെ ജീവൻ രക്ഷിക്കുന്ന മഗാവയ്ക്ക് കഴിഞ്ഞ വർഷം ധീരതയ്ക്കുള്ള ഗോൾഡ് മെഡൽ ലഭിച്ചു. അപ്പോപോയുടെ 77 വർഷത്തെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഒരു മൃഗത്തിന് ഈ അവാർഡ് നൽകുന്നത്.
undefined
മണ്ണിനടിയിൽ മറഞ്ഞിരിക്കുന്ന കുഴിബോംബുകൾ കണ്ടെത്താൻ പ്രയാസമാണ്. മനുഷ്യന്‍ സാങ്കേതിക വിദ്യയുടെ സഹായത്തോടെ ദിവസങ്ങൾ എടുത്താണ് കുഴിബോംബുകള്‍ കണ്ടെത്തുന്നത്. എന്നാല്‍ മണം പിടിച്ച് കുഴിബോംബുകള്‍ കണ്ടെത്തുന്നതില്‍ ഏറെ പ്രാഗല്‍ഭ്യം തെളിയിച്ചവരാണ് ജയന്‍റ് ആഫ്രിക്കൻ എലികള്‍. അതില്‍ തന്നെ ഏറ്റവും അഗ്രഗണ്യനാണ് മഗാവയെന്ന് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു.
undefined
അഞ്ചു വർഷം കംബോഡിയന്‍ സൈന്യത്തോടൊപ്പമായിരുന്നു മഗാവയുടെ പ്രവര്‍ത്തനം. എന്നാല്‍ മഗാവയ്ക്ക് പ്രായമായിരിക്കുന്നു. ഏഴ് വയസുകാരനായ മഗാവയ്ക്ക് അധികൃതര്‍ വിശ്രമം അനുവദിച്ചിരിക്കുകയാണ്. പ്രായം കൂടിയതോടെ മഗാവയുടെ വേഗത കുറഞ്ഞു. മറ്റ് ആരോഗ്യപ്രശ്നങ്ങളും കണക്കിലെടുത്ത് മഗാവയ്ക്ക് വിശ്രമം അനുവദിക്കുകയാണെന്ന് അധികൃതര്‍ പറഞ്ഞു.
undefined
undefined
APOPO ആയിരുന്നു മഗാവയെ പരിശീലിപ്പിച്ചിരുന്നത്. ടാൻസാനിയയിൽ പ്രവർത്തിക്കുന്ന ഈ സംഘടന 1990 -കൾ മുതൽ കുഴിബോംബുകൾ കണ്ടെത്താൻ എലികളെ പരിശീലിപ്പിക്കുന്നു. ഒരു വർഷം നീണ്ടു നിൽക്കുന്ന ചിട്ടയായ പരിശീലനത്തിന് ശേഷം, മണ്ണിലെ നേരിയ ഒരനക്കം പോലും പിടിച്ചെടുക്കാൻ അവയ്ക്ക് കഴിയുന്നു. പരിശീലനത്തിന് ശേഷമുള്ള എല്ലാ പരീക്ഷകളും ജയിച്ചാല്‍ മാത്രമേ എലികളെ ജോലിക്കെടുക്കുകയുള്ളൂ.
undefined
2014 ല്‍ ടാൻസാനിയയിരുന്നു മഗാവയും ജനിച്ചത്. അപ്പോപോ മഗാവയ്ക്ക് അവിടെ വച്ച് തന്നെ പരിശീലനം നല്‍കി. പിന്നീട് 2016 -ൽ മഗാവ കംബോഡിയയുടെ വടക്കുപടിഞ്ഞാറൻ നഗരമായ സീം റീപ്പിലെത്തി. 2016 മുതല്‍ 2021 വരെ കംബോഡിയന്‍ സൈന്യത്തിനൊപ്പം മഗാവയും കുഴി ബോംബ് വേട്ടയ്ക്കിറങ്ങി. ഒരു ടെന്നീസ് കോർട്ടിന്‍റെ വലുപ്പമുള്ള പ്രദേശം വെറും 30 മിനിറ്റിനുള്ളിൽ മഗാവ പരിശോധിക്കും. അതിലെവിടെയും ഒരു കുഴിബോംബിരുന്നാല്‍ മഗാവ അത് മണത്തറിയും. മെറ്റൽ ഡിറ്റക്ടർ ഉപയോഗിച്ച് മനുഷ്യരാണ് ഇത്രയും സ്ഥലം പരിശോധിക്കുന്നതെങ്കില്‍ അതിന് കുറഞ്ഞത് നാല് ദിവസമെടുക്കും.
undefined
undefined
കുഴിബോംബിന്‍റെ സാന്നിധ്യം തിരിച്ചറിഞ്ഞാല്‍ മഗാവ മണ്ണ് മാന്തി തന്‍റെ കണ്ടെത്തലിനെ കുറിച്ച വിവരം നല്‍കും. തുടര്‍ന്ന് അവ നീക്കം ചെയ്യും. മണ്ണിനടിയിലെ സ്ഫോടക വസ്തുക്കൾ കണ്ടെത്തുന്നതിന് നിരവധി എലികളെ പരിശീലിപ്പിക്കുന്നുണ്ടെങ്കിലും, ആഫ്രിക്കൻ ഭീമൻ കങ്കാരു എലികൾ ഇതിന് കൂടുതൽ അനുയോജ്യമാണെന്ന് സംഘടന പറയുന്നു.
undefined
ഭാരം കുറവായതിനാൽ സ്ഫോടകവസ്തുക്കൾ നിറഞ്ഞ പ്രദേശങ്ങളിലൂടെ വളരെ വേഗത്തിൽ ഇവയ്ക്ക് നീങ്ങാൻ സാധിക്കുന്നു. കൂടാതെ കുഴിബോംബുകൾക്ക് മുകളിൽ നിന്നാലും അവ പൊട്ടിത്തെറിക്കില്ല. എട്ട് വർഷം വരെയാണ് ഈ ഇനം എലികൾ ജീവിക്കുന്നത്. മഗാവയ്ക്ക് ഇപ്പോള്‍ ഏഴ് വയസ്സായിരിക്കുന്നു. ആഫ്രിക്കനായിരുന്നിട്ടും തന്‍റെ ജീവിത്തിന്‍റെ സിംഹഭാഗവും മഗാവ കംബോഡിയക്കാരുടെ ജീവന്‍ രക്ഷിക്കാനായി ചെലവഴിച്ചു. 2016 മുതൽ അപ്പോപോയുടെ എലികൾ ഏകദേശം 500 ഓളം കുഴിബോംബുകളും 350 ലധികം ബോംബുകളും കംബോഡിയയിൽ നിന്ന് കണ്ടെത്തി. അതില്‍ ഏറ്റവും കൂടുതല്‍ കുഴിബോംബുകള്‍ കണ്ടെത്തിയ മഗാവ കംബോഡിയക്കാര്‍ക്ക് ഹീറോയാണ് ഹീറോ ! മഗാവയടക്കമുള്ള കുഴിബോംബ് വിദഗ്ദര്‍ക്ക് പകരമായി പുതിയ 20 ആഫ്രിക്കന്‍ ഭീമന്‍ എലകളെ ടന്‍സാനിയയില്‍ നിന്ന് കംബോഡിയ ഇറക്കുമതി ചെയ്തു.
undefined
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
undefined
click me!