കണ്ണീര്‍ വറ്റാത്ത കാഴ്ചകള്‍ ; പെട്ടിമുടിയിലെ ദുരന്ത കാഴ്ചകള്‍ പകര്‍ത്തിയ ഒരനുഭവക്കുറിപ്പ്

First Published Aug 6, 2021, 4:13 PM IST

ല്ല മഴയുള്ള ദിവസമായിരുന്നു അന്ന്. തൊടുപുഴ ബ്യൂറോയിലെ വരാന്തയിൽ രാവിലെ ഒരു കട്ടനൊപ്പം പത്രം വായിച്ചുകൊണ്ടിരിക്കുമ്പോളാണ് ഇടുക്കി വാർത്താ ഗ്രൂപ്പിൽ ഒരു മെസ്സേജ് കാണുന്നത്. ' മൂന്നാറിൽ വെള്ളം പൊങ്ങിയിരിക്കുന്നു സ്ഥിതി മുൻപത്തെക്കാളും മോശമാണ്. ' അന്ന് തന്നെ സ്ഥിതീകരിക്കാത്ത മറ്റൊരു വാർത്തയും വന്നു പെട്ടിമുടിയിൽ ഒരു ലയത്തിന് മുകളിലേക്കു മണ്ണിടിഞ്ഞ് വീണിരിക്കുന്നു. ആളപായമുണ്ടോയെന്ന്  അറിയില്ല. കുറച്ചുപേർ മണ്ണിനടിയിൽ പെട്ടുവെന്ന് കേൾക്കുന്നു. പോയി നോക്കാതെ സത്യാവസ്ഥ അറിയാൻ കഴിയില്ല. അവിടെ മൊബൈൽ സിഗ്നൽ കിട്ടുന്നത് വളരെ അപൂർവമായാണ്. മഴ തുടങ്ങിയാൽ ടവറുകൾ എല്ലാം നിശ്ചലമാകും. ഏതായാലും പോയി നോക്കാൻ തന്നെ തീരുമാനിച്ചു. തൊടുപുഴയിൽ നിന്ന് മൂന്നര മണിക്കൂർ യാത്രയുണ്ട്. റിപ്പോർട്ടർ നവീൻ വർഗീസിനും ഡ്രൈവർ ശ്രീകുമാറിനും ഒപ്പം യാത്ര ആരംഭിച്ചു. പോകുന്നവഴി മറ്റൊരു വിവരം വന്നു. സ്ഥിതി അതീവ ഗുരുതരമാണ് 90 ഓളം ആളുകൾ അടിയിൽപ്പെട്ടിട്ടുണ്ടെന്ന് കേൾക്കുന്നു. രക്ഷപ്പെട്ടവരിൽ ചിലർ ഫോറസ്റ്റ് ഓഫീസിൽ വന്ന് വിവരം അറിയിച്ചപ്പോളാണ് വാർത്ത പുറംലോകം അറിയുന്നത്. അപ്പോളേക്കും സമയം വളരെ വൈകിയിരുന്നു. ( ചിത്രങ്ങളും എഴുത്തും അശ്വൻ പ്രഗതി, ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാന്‍ )

അന്ന് സംസാരത്തിനിടയിൽ ഒരാൾ തമിഴ് കലർന്ന മലയാളത്തിൽ എന്നോട് പറഞ്ഞു "ഞങ്ങൾ ഒരു ഉപ്പ് ചാക്കിന്‍റെ മുകളിൽ ജനിക്കുന്നു. അതേ ഉപ്പ്ച്ചാക്കിന്‍റെ മുകളിൽ മരിക്കുന്നു". 

മൂന്നാറിൽ നിന്ന് പെരിയവര പാലം കടന്ന് വേണം പെട്ടിമുടിയിലെത്താൻ. ചാക്കുകെട്ടുകൾ കൊണ്ട് നിർമ്മിച്ച താത്കാലിക പാലം തകർന്നു വീഴാറായി ഇരിക്കുന്നു. പണി തീരാത്ത പുതിയ പാലത്തിലേക്കുള്ള വഴി ഏതാണ്ട് തകർന്നു കിടക്കുന്നു. ആളുകൾ കയ്യിൽ കിട്ടിയതെല്ലാം വാരി പെറുക്കി കൂട്ടത്തോടെ പലായനം ചെയ്യുകയാണ്. എല്ലാവരുടെയും മുഖത്ത് ഭയം തളം കെട്ടി നിന്നിരുന്നു.

പാലത്തിന് അപ്പുറത്തേക്ക് കാർ പോകില്ല. അക്കരെ എത്തി ഫോർ വീൽ ജീപ്പ് വാടകക്ക് എടുത്ത് വേണം പോകാൻ. ക്യാമറയും അവശ്യ സാധനങ്ങളും മാത്രം എടുത്ത് ജീപ്പിൽ കയറി. ഇരവികുളം വരയാട് പാർക്ക്‌ കഴിഞ്ഞ് വേണം പെട്ടിമുടി എത്താൻ. കോടമഞ്ഞ് മൂടിയ കുന്നിന്‍റെ മുകളിലായി പതിവുപോലെ വരയാടുകൾ മേയുന്നുണ്ട്.  അവയിൽ ചിലതെല്ലാം വാഹനങ്ങൾ പോകുന്നത് ശാന്തമായി, തല പൊക്കി നോക്കുന്നു. 

പൊട്ടിത്തകർന്ന് കിടക്കുന്ന റോഡിലൂടെ ജീപ്പ് അതിവേഗം മുന്നോട്ട് പോയി. കുറച്ച് ദൂരം ചെന്നപ്പോൾ രക്ഷാ പ്രവർത്തനത്തിന് പോയ മണ്ണ് മാന്തി യന്ത്രം വഴിയിൽ കേടായി കിടക്കുന്നു. ഇനി ജീപ്പിന് പോകാൻ കഴിയില്ല. സേഫ്റ്റി ബൂട്ടും ക്യാമറയ്ക്കുള്ള റൈൻ കവറും ഇട്ട് ഞാനിറങ്ങി ഒപ്പമുള്ളവരോടൊപ്പം നടന്നു. എല്ലാവരും ഏതാണ്ട് മൂകരായിരുന്നു. 

മഴ നിർത്താതെ പെയ്യുകയാണ് മരം കോച്ചുന്ന തണുപ്പിൽ ചെളിയും വെള്ളവും നിറഞ്ഞ വഴിയിലൂടെ കിലോമീറ്ററുകൾ നടന്ന് ഞങ്ങൾ പെട്ടിമുടിയിലെത്തി. മഴയുടെ ശബ്ദത്തിനപ്പുറം നിലവിളികൾ ഇടിമുഴക്കം പോലെ ഉയര്‍ന്നു കേൾക്കുന്നു... സ്ഥലത്തേക്ക് കൂടുതൽ അടുക്കുംതോറും നെഞ്ചിടിപ്പ് കൂടി വന്നു. 

വഴിയുടെ ഇടത് വശത്തായി സർക്കാർ സ്കൂളും ആരോഗ്യ കേന്ദ്രവുമുണ്ട് അവിടെ കുറച്ച് ആളുകൾ കൂടി നില്കുന്നു. ദൂരെ നിന്നും രക്ഷാപ്രവർത്തകർ കമ്പിളിയിൽ പൊതിഞ്ഞ് എന്തോ ചുമന്നുകൊണ്ട് വരുന്നുണ്ട്. അടുത്ത് എത്തിയപ്പോൾ ചെളിയിൽ പുത്തഞ്ഞ് മരവിച്ച രണ്ട് കാലുകൾ. അത്കൊണ്ട് മാത്രമാണ് അതൊരു മനുഷ്യ ശരീരമാണെന്ന് മനസിലായത്.

ക്യാമറ ഓൺ ചെയ്ത്, ഞാനും അവർക്ക് പുറകെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്‍റെ  അകത്തേക്ക് കയറി. താങ്ങാൻ കഴിയുന്നതിലും അപ്പുറമായിരുന്നു ആ കാഴ്ച. ഒരു മുറി നിറയെ ശവശരീരങ്ങൾ അടുങ്ങി കിടക്കുന്നു കയ്യും കാലുമെല്ലാം പല രീതിയിൽ മടങ്ങി മരവിച്ച അവസ്ഥ ആയിരുന്നു അവയെല്ലാം.

വ്യൂ ഫൈന്‍ററിലൂടെ അവരുടെ മുഖത്തേക്ക് ഒന്ന് നോക്കി. പലരുടെയും കണ്ണുകൾ തുറന്നിരിക്കുന്നു. ഇനിയും അവിടെ നില്കാൻ വയ്യ. വേഗം പുറത്തേക്ക് ഇറങ്ങി. കതകിന്‍റെ അരികിലായി ഒരു പട്ടി ചെളിയിൽ പുത്തഞ്ഞ് കിടക്കുന്നു. ഞാൻ അതിന്‍റെ വയറ്റിലേക്ക് അറിയാതെ ഒന്ന് നോക്കി. ചെറുതായി ശ്വാസം എടുക്കുന്നുണ്ട്.  ഈ തിരക്കിനിടയിലും ആരോ അതിന്‍റെ അരികിൽ കുറച്ച് തീ കൂട്ടി ഇട്ടിട്ടുണ്ട്. പെട്ടെന്ന് ജെസിബി പാറകൾ മറിച്ചിടുന്ന ശബ്ദം അവിടമാകെ മുഴങ്ങി കേട്ടു. ഞാൻ വേഗം തിരച്ചിൽ നടക്കുന്ന സ്ഥലത്തേക്ക് നടന്നു.

മല മുകളിൽ നിന്ന് ഉരുൾ പൊട്ടി ഇടയ്ക്ക് വച്ച് വഴി മാറി ലയങ്ങളിലേക്ക് പതിച്ചിരിക്കുകയാണ്. ഒരു പ്രദേശമാകെ ചെളിയും മരങ്ങളും വന്ന് നിറഞ്ഞിരിക്കുന്നു.  മുകളിലായി മേഘങ്ങൾ പോലെ മൂടൽ മഞ്ഞ് വീണ് കിടക്കുന്നു. അതിനിടയിലൂടെ ഓറഞ്ച് നിറത്തിൽ യൂണിഫോം ഇട്ട രക്ഷാ പ്രവർത്തകരെ കാണാം. വീടുകൾക്ക് മുകളിൽ പതിച്ച പാറകൾ എടുത്ത് മാറ്റാൻ ശ്രമിക്കുകയാണ് അവർ. 

ഉരുൾ പൊട്ടിയ ചെളിയിലൂടെ നടക്കാൻ വളരെ പ്രയാസമാണ്. കാലുകൾ വേഗം ചെളിയിൽ പൂണ്ട് പോകും. പിന്നെ പരസഹായമില്ലാതെ എഴുനേൽക്കാൻ പോലും കഴിയില്ല. ചെളിക്ക് മുകളിലൂടെ ഇട്ട ആസ്ബസ്റ്റോസ് ഷീറ്റിൽ ചവിട്ടി ഞാൻ മെല്ലെ മുന്നോട്ട് നീങ്ങി. 

ഉരുണ്ടുവീണ വലിയ പാറകൾ ഉയർത്തിയാണ് തിരച്ചിൽ നടത്തുന്നത്. ചെളിയും മണലും വെള്ളവും കൂടിക്കുഴഞ്ഞ് കിടക്കുകയാണ്. അത് കോരി മാറ്റുമ്പോൾ വസ്ത്രങ്ങളും പത്രങ്ങളും ഒക്കെ തെളിഞ്ഞു വരുന്നു. അവയിൽ ഒന്നും ചെളി പുരണ്ടിട്ടില്ല. മണ്ണിനടിയിൽ ഇവയെല്ലാം നനവ് പറ്റാത്തെ കിടപ്പുണ്ടെങ്കിൽ, മനുഷ്യരും  ജീവനോടെയുണ്ടാകുമോയെന്ന് ഞാൻ മനസിൽ ഓർത്തു. 

കൂടുതൽ മണ്ണുമന്തി യന്ത്രങ്ങൾ വന്നുകൊണ്ടേയിരുന്നു. പാറകൾ ഓരോ കൈ മണ്ണിൽ നിന്നും ഉയര്‍ന്ന് പൊങ്ങുമ്പോള്‍ കണ്ട് നിൽക്കുന്നവർ പ്രതീക്ഷയോടെ ഉറ്റുനോക്കി. കുറേ ആളുകൾ അവരുടെ ബന്ധുക്കളെ തിരക്കി അലമുറയിട്ട് കരയുന്നു. ക്യാമറ അവർക്ക് നേരെ സൂം ചെയ്തു. മഴത്തുള്ളികൾക്കിടയിലൂടെ അവശയായ ഒരു മുത്തശ്ശി നെഞ്ചത്തടിച്ച് കരയുന്നത് കണ്ടു.

തൊട്ടടുത്തായി കാട്ടരുവി കുത്തിയോലിച്ച് ഒഴുകുന്നു. പല വീടുകളും ആ കാട്ടരുവിയിലേക്ക് വീണ് ഒലിച്ചുപോയിരിക്കുന്നു. കോരി ചൊരിയുന്ന മഴയിൽ യന്ത്ര കൈകൾ പാറയിൽ ഉരയുന്ന ശബ്ദവും അതിലും ഉച്ചത്തിൽ ഉയരുന്ന നിലവിളികളും ചുറ്റുമുള്ള മലകളില്‍ തട്ടി പ്രതിധ്വനിച്ചുകൊണ്ടേയിരുന്നു. എന്‍റെ ക്യാമറയ്ക്കും കണ്ണിനും ഒപ്പിയെടുക്കാവുന്നതിനേക്കാളും ഭീകരമായിരുന്നു അവിടുത്തെ അവസ്ഥ.

പാറക്കല്ലുകളിൽ മാത്രം ചവിട്ടി ശ്രദ്ധിച്ച് മുന്നോട്ട് നീങ്ങി നിലത്തേക്ക് നോക്കിയാൽ നെഞ്ച് തകരുന്ന കാഴ്ചകളാണ്. കളിപ്പാട്ടങ്ങൾ , കുഞ്ഞി ചെരുപ്പുകൾ,  വസ്ത്രങ്ങൾ   തുടങ്ങി കഞ്ഞിക്കലവും പച്ചരിയും താലിമാലയും വരെ ചെളിയിൽ പുത്തഞ്ഞ് കിടക്കുന്നു. വാഹനങ്ങൾ തകർന്ന് ഉരുണ്ട് പന്ത് പോലെ ആയിരിക്കുന്നു. കളിപ്പാവകളും നോട്ട് ബുക്കും സ്കൂൾ ഐഡന്‍റിറ്റി കാർഡുമെല്ലാം കാണുമ്പോൾ അറിയാതെ , മറച്ച് പിടിക്കാന്‍ കഴിയാതെ... കണ്ണ് നിറയുന്നു. 

അവരുടെ മരണം ആലോചിക്കാൻ കൂടെ കഴിയുന്നില്ല. ഉറക്കത്തിൽ ഒന്ന് അനങ്ങാൻ പോലുമാവാതെ മണ്ണും ചെളിയും പാറയും വന്ന് മൂടിയിരിക്കുന്നു. കൂരിരുട്ടിൽ എന്താണ് സംഭവിക്കുന്നതെന്ന് പോലും മനസിലാവാതെ, ഉറ്റവരെ അവസാനമായി ഒന്ന് കാണാൻ പോലുമാവാതെ, ശ്വാസം മുട്ടി മരണം. 

'ഭയാനകം' എന്ന വാക്കിന് ഒരു രൂപമുണ്ടെങ്കിൽ അത് ഞാൻ ചവിട്ടി നിൽക്കുന്ന ഈ മണ്ണിനടിയിലാണ്. മടങ്ങാൻ സമയമായി... ദുരന്തക്കാഴ്ചകള്‍ വേഗം ഓഫീസിലേക്ക്  അയക്കണം. ദുരന്തങ്ങളിലും വികാരജീവിയായ മനുഷ്യനുമപ്പുറം നമ്മള്‍ വെറും മാധ്യമ തൊഴിലാളികളാണെന്ന ബോധം തികട്ടിവരുന്നു. 

അവിടെനിന്ന് മുകളിലേക്ക് കയറി ജീപ്പ് കിടന്ന സ്ഥലത്തേക്ക് നടന്നു. വഴിയിൽ ഒരു ചെറിയ അമ്പലം കണ്ടു. അവിടെ ആൽമരത്തിൽ പട്ട് തുണികൾ വട്ടം കെട്ടിയിരുന്നു. രാത്രി ഉടുതുണി നഷ്ടപ്പെട്ട് ജീവനും കൊണ്ട് ഓടിയവർ ഈ തുണികളിൽ ചിലത് ഉടുത്താണ് നാണം മറച്ചത്. കണ്മുന്നിൽ മനുഷ്യർ പിടഞ്ഞ് മരിച്ചപ്പോൾ ദൈവം ഉറങ്ങുകയായിരുന്നിരിക്കണം. 

നടന്ന് ആകെ അവശനയാണ് ജീപ്പിൽ കയറിയത്. അത് വരെ കാലിൽ കടിച്ചിരുന്ന അട്ടകൾ ചോരകുടിച്ച് വീര്‍ത്ത് പിടി വിട്ട് താഴെ വീണു. വീശി അടിക്കുന്ന തണുത്ത കാറ്റിൽ മനസും ശരീരവും മരവിച്ച് ആദ്യ ദിവസം പെട്ടിമുടിയിൽ നിന്നും ഇറങ്ങി.

അന്ന് കണ്ട മുഖങ്ങളിൽ ഇന്നും മനസിൽ മായാതെ കിടക്കുന്ന ഒരാളുണ്ട്  'ദീപൻ ചക്രവർത്തി'.  ആഗസ്ത് ആറിന്  ഇയാളുടെ ഭാര്യ മുത്തുലക്ഷ്മിയുടെ വളക്കാപ്പ് (ഗർഭിണിയെ വീട്ടിലേക്ക് കൂട്ടികൊണ്ട് പോകുന്ന ചടങ്ങ്) ആയിരുന്നു. നേരത്തെ ആഹാരം കഴിച്ച് ഉറങ്ങാൻ കിടന്ന ആ കുടുംബത്തിൽ പിറ്റേന്ന് ബാക്കിയായത് ദീപനും അമ്മ പളനിയമ്മയും മാത്രം. ആ കുടുംബത്തില്‍ മാത്രം ഏഴ് പേര്‍ ഒറ്റരാത്രിയില്‍ ഇല്ലാതായി. 

രക്ഷപെട്ടവരുടെ ബൈറ്റുകൾ എടുക്കാനായി മൂന്നാർ ആശുപത്രിയിൽ എത്തുമ്പോഴാണ് ഞങ്ങൾ ദീപനെ ആദ്യമായി കാണുന്നത്. ഞെട്ടൽ മാറാതെ കട്ടിലിൽ ഇരിക്കുന്ന അയാളുടെ വലത്തേ കണ്ണിൽ കണ്ണീരും ചോരയും തളം കെട്ടി നില്കുന്നുണ്ടായിരുന്നു. 

അശ്വസിപ്പിക്കാനെത്തിയ രാഷ്ട്രീയക്കാരെ നിസ്സഹായനായി  നോക്കുന്ന അയാൾക്ക് നേരെ മൈക്ക് നീട്ടാൻ ഞങ്ങൾക്ക് കഴിഞ്ഞില്ല. മടങ്ങി പോകുമ്പോൾ ഞാൻ ഒന്നുകൂടി ആ മുറിയിലേക്ക് നോക്കി തന്‍റെ ശിഷ്ടകാലം മുഴുവൻ പേറാനുള്ള വേദനയും നെഞ്ചിലേറ്റി ദീപൻ ആ കട്ടിലിൽ തന്നെ ഇരിക്കുന്നു

അവർ തോട്ടം തൊഴിലാളികളാണ്. കുടിയേറ്റ തമിഴ് വംശജർ. കോളുന്ത് നുള്ളാനായി കാലങ്ങൾക്ക് മുന്നേ കേരളത്തിലേക്ക് വന്നവർ. തേയില കമ്പനിയുടെ കണ്ണെത്താത്ത തോട്ടങ്ങളില്‍ തുച്ഛമായ വേതനത്തിന് പകലന്തിയോളം പണി എടുത്ത് , രാത്രിയില്‍ കമ്പനിയുടെ തന്നെ ഒറ്റ മുറി ലയത്തില്‍ ജീവിതം പുലർത്തുന്നവർ. 

കുടുംബത്തിലെ ഒരാൾ തോട്ടം പണിക്ക് പോയിരിക്കണം. അല്ലെങ്കിൽ ലയത്തിൽ താമസിക്കാനാവില്ലെന്നാണ് കമ്പനിയുടെ അലിഖിത നിയമം. മക്കളെ എങ്കിലും പഠിപ്പിച്ച് പുറത്തേക്ക് വിടാനാണ് ഓരോ കുടുംബവും കഷ്ട്ടപ്പെടുന്നത്. 

അന്ന് സംസാരത്തിനിടയിൽ ഒരാൾ തമിഴ് കലർന്ന മലയാളത്തിൽ എന്നോട് പറഞ്ഞു "ഞങ്ങൾ ഒരു ഉപ്പ് ചാക്കിന്‍റെ മുകളിൽ ജനിക്കുന്നു. അതേ ഉപ്പ് ച്ചാക്കിന്‍റെ മുകളിൽ മരിക്കുന്നു". 

ഒരു വർഷത്തിന് ശേഷവും അവഗണനയുടെ ഉരുള്‍പൊട്ടലിനടിയിലാണ് അവരെല്ലാം. മറ്റൊരു മഴക്കാലം കൂടി വന്നെത്തുമ്പോൾ തേയില തോട്ടങ്ങൾക്ക് അരികിലെ ലയങ്ങളിൽ സ്വന്തം ജീവനും കയ്യിൽ പിടിച്ച് ഇന്നും അവർ ഇരിപ്പുണ്ട്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!