COP26 | COP26 | പാരിസ്ഥിതിക സമ്മേളനങ്ങള്‍ ഭൂമിയെ രക്ഷിക്കുമോ ?

First Published Nov 3, 2021, 7:17 AM IST


                                                         " ഒരു പീഡയെറുമ്പിനും വരു-
                                                         ത്തരുതെന്നുള്ളനുകമ്പയും സദാ"  -" 

                                                                                                                 ( അനുകമ്പാദശകം / ശ്രീനാരായണ ഗുരു )

ജി 20 ഉച്ചകോടിക്ക് (G 20 Summit) പിന്നാലെ ഗ്ലാസ്ഗോ കാലാവസ്ഥാ ഉച്ചകോടിയും ( glasgow climate 2021 ) ആരംഭിച്ച് മൂന്നാം ദിനം പിന്നിടുന്നു. റോമില്‍ വച്ച് നടന്ന ജി 20 ഉച്ചകോടിയില്‍ പങ്കെടുത്ത 20 രാജ്യങ്ങളാണ് ലോകത്ത് ഹരിതഗൃഹവാതകങ്ങള്‍ പുറംതള്ളുന്നതില്‍ മുന്നില്‍ നില്‍ക്കുന്ന 20 രാജ്യങ്ങള്‍. എന്നാല്‍ അതിന്‍റെ ദൂരവ്യാപകമായ ഭവിഷ്യത്തുകള്‍ അനുഭവിക്കുന്നതാക്കട്ടെ ലോകത്തിലെ സര്‍വ്വചരാചരങ്ങളും. ആഗോളതാപനമെന്നത് ഒരു പ്രത്യേക സ്ഥലത്ത് പ്രത്യേക സമയത്ത് സംഭവിക്കുന്ന ഒന്നല്ല. മറിച്ച് മൊത്തം ഭൂമിയെയും ബാധിക്കുന്ന ഒരു ആഗോള പ്രതിഭാസമാണത്. ആഫ്രിക്കയിൽ കെനിയയും മഡഗാസ്കറും ഇന്ന് കനത്ത പട്ടിണിയെ നേരിടുകയാണ്. കാലാവസ്ഥ വ്യത്യാനത്തെ തുടര്‍ന്നാണ് ഈ പ്രതിസന്ധിയുണ്ടായത് എന്നതും ശ്രദ്ധേയം. സെൻട്രൽ അമേരിക്കയിൽ ഹോണ്ടുറാസും ഇതേ പ്രശ്നത്തെ തീവ്രമായി അഭിമുഖീകരിക്കുന്നു. "സത്യത്തിന്‍റെ നിമിഷം" എന്നാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ കാലാവനസ്ഥാ ഉച്ചകോടിക്ക് നല്‍കിയ വിശേഷണം. ' എല്ലാവരും ചോദിച്ചുകൊണ്ടിരിക്കുന്ന ചോദ്യം, ഈ നിമിഷം നാം പിടിച്ചടക്കുമോ അല്ലെങ്കിൽ അതിനെ കൈവിടുമോ " ?  ബോറിസ് ജോൺസൺ ചോദിക്കുന്നു. 'നമ്മൾ നമ്മുടെ ശവക്കുഴികൾ തോണ്ടുകയാണെന്ന്' യുഎന്‍ സെക്രട്ടറി ജനറല്‍ അന്‍റോണിയോ ഗുട്ടറെസും പറയുന്നു.  രണ്ടാഴ്ച നീണ്ടുനിൽക്കുന്ന ഈ ഉച്ചകോടി, ചില സംശയങ്ങൾ ഉന്നയിച്ചു കൊണ്ട് തന്നെയാണ് തുടങ്ങുന്നതും. സമ്മേളന നഗരിക്ക് പുറത്ത് ഗ്രേറ്റാ തുംബര്‍ഗ് അടക്കമുള്ളവരുടെ നേതൃത്വത്തില്‍ കൌമാരക്കാരുടെ പ്രതിഷേധങ്ങളും നടക്കുന്നു. 

എന്താണ്  Net zero  അഥവാ Climate Neutral ?  അന്തരീക്ഷത്തില്‍ ബഹിര്‍ഗമിക്കുന്ന ഹരിത ഗൃഹവാതകങ്ങളുടേയും അന്തരീക്ഷത്തില്‍ നിന്ന് ഒഴിവാക്കപ്പെടുന്ന ഹരിത ഗൃഹവാതകങ്ങളുടേയും അളവ് ഏതാണ്ട് തുല്യമാവുന്നതിനെയാണ് നെറ്റ് സീറോ എന്ന് പൊതുവേ പറയുന്നതെങ്കിലും ഈ നിര്‍വചനത്തെ തന്നെ പല രാഷ്ട്രങ്ങളും പല തരത്തിലാണ് സമീപിക്കുന്നത്. 

അടിസ്ഥാനകാര്യത്തില്‍ തന്നെ രാഷ്ട്രങ്ങളുടെ സമീപനത്തിലെ ഈ വ്യത്യാസം അതിന്‍റെ ഫലപ്രാപ്തിയെ കുറിച്ചും ആശങ്കകള്‍ ഉയര്‍ത്തുന്നു. സൈദ്ധാന്തിക പദത്തിലും തര്‍ക്കം തുടരുന്നുവെന്നതും കൌതുകമാണ്. ( നെറ്റ് സീറോയെന്ന് യുകെ, യുഎസ് രാജ്യങ്ങള്‍ പറയുമ്പോള്‍ കാലാവസ്ഥ നിഷ്പക്ഷത (climate neutral ) എന്ന് യൂറോപ്യൻ യൂണിയനും വിശേഷിപ്പിക്കുന്നു.) 

അത് പോലെ തന്നെ അതിന്‍റെ ലക്ഷ്യ പ്രാപ്തിയെ കുറിച്ചും സംശയങ്ങള്‍ ഉയരുന്നു. അമേരിക്കയും, യുകെയും 2050 ലും, ചൈന 2060 ലും, ഇന്ത്യ 2070 ലും നെറ്റ് സീറോ കൈവരിക്കുമെന്നാണ് അവകാശപ്പെടുന്നത്. കാര്‍ബണ്‍ സംയുക്തങ്ങളുടെ നിരാകരണം (decarbonization) എല്ലാവരും അംഗീകരിക്കുന്ന കാര്യമാണ് താനും. 

കോര്‍പ്പറേറ്റുകളും ലോകവരേണ്യ വിഭാഗവും ഓക്കെ ഇതിനെ അംഗീകരിക്കുന്നു. അതോടൊപ്പം വര്‍ഷാവര്‍ഷം 'കാലാവസ്ഥാ പ്രതിജ്ഞകളും' ആവര്‍ത്തിക്കപ്പെടുന്നു. അപ്പോഴും ഭൂമി ചുട്ട് പഴുത്തുകൊണ്ടിരിക്കുന്നെന്ന് ശാസ്ത്രവും വ്യക്തമാക്കുന്നു. 

ലോക നേതാക്കള്‍ വര്‍ഷാവര്‍ഷം പ്രതിജ്ഞകള്‍ ആവര്‍ത്തിക്കുമ്പോഴാണ് നമ്മള്‍ മറ്റൊന്നു കൂടി കാണേണ്ടത്. അത് ലോകത്തിലെ പല കോണുകളിലും ജീവിക്കുന്ന സാധാരണക്കാരായ മനുഷ്യരെടുത്ത ചില സ്വയം നിയന്ത്രണങ്ങളാണ്. യാതൊരു പ്രതിജ്ഞകളും ജീവിതത്തിലൊരിക്കലും എടുക്കാതെ അവര്‍ സ്വന്തം ജീവിതത്തോടും പ്രകൃതിയോടും കാണിക്കുന്ന സമീപനമാണ് അതെന്നും നാം തിരിച്ചറിയേണ്ടതുണ്ട്. 

പെറു , കെനിയ, ഇന്ത്യ, ചൈന എന്ന് തുടങ്ങി പല രാജ്യങ്ങളിലും ഇത്തരം ചെറിയ ഉദാഹരണങ്ങള്‍ കാണാം. വനമേഖലയുമായി ബന്ധപ്പെട്ട് നില്‍ക്കുന്ന ഇത്തരം ആദിമജനവിഭാഗങ്ങളുടെ ജീവിത ശൈലികളാണ് ആ വനമേഖലയുടെ ആയുസും കരുത്തും പച്ചപ്പും നിലനിര്‍ത്തുന്നതെന്നും നാം മനസിലാക്കേണ്ടതുണ്ട്. ( ഉദാഹരണത്തിന് , പെറുവിലെ ആന്‍ഡേസ് ( Andes ) താഴ്‌വാരകളിലെ കെച്ചുവ സമുദായം (Quechua people ) , ഹിമാലയത്തിലെ ലെപ്ച - ലിംബു സമുദായങ്ങള്‍ (lepcha and limbu tribe) എന്നീ ഗോത്ര നിവാസികളുടെ ജീവിത ദര്‍ശനം)

ഇത്തരം ആദിമ നിവാസികളെ സംബന്ധിച്ച് അവരുടെ ജീവിത വീക്ഷണങ്ങൾ, മനുഷ്യരും, പ്രകൃതിയും അർദ്ധസഹോദരൻമാരാണെന്നാണ്. ( പ്രകൃതിയും മനുഷ്യരും അർദ്ധസഹോദരന്മാരാണെന്ന് നാക്സി -മോസോ സമുദായം - Naxi-Moso community - പറയുന്നു ). അതെ രണ്ടും രണ്ടല്ല മറിച്ച് ഒരു ഉടലിന്‍റെ പകുപ്പുകള്‍ മാത്രമാണെന്നാണ് ആ ദര്‍ശനം മുന്നോട്ട് വയ്ക്കുന്നത്. 

അവരെ സംബന്ധിച്ച് എല്ലാം ഒരു മാനവിക സാമൂഹിക കരാർ ( human social contract ) മാത്രമാണ്. സത്യം എന്നത് തന്നെ ഒരു മനുഷ്യ നിർമ്മിതിയാണ്. അത് കൂട്ടിയും കുറച്ചും ഒക്കെ നാം പണിതുയര്‍ത്തുന്ന ജീവിതം ഈ നഗര ഗ്രഹത്തെ കൂടുതൽ പ്രതിസന്ധിയിലേക്ക് നയിക്കുന്നു. വ്യക്തി - ഉപഭോഗ ജീവിതത്തിന്‍റെ ഏകാന്തതയിൽക്കൂടി കടന്നു പോകുന്നവർക്ക്‌ ഇത്തരം ഭാവനകൾ ഉൾക്കൊള്ളാൻ ഏറെ വിഷമമാണ് എന്നു കൂടി നാം കൂട്ടി വായിക്കേണ്ടതാണ്.  

വികസനത്തിന്‍റെ കാര്‍ബൺ ബജറ്റിനെ (carbon budget) കുറിച്ചുള്ള സംവാദങ്ങളിൽ വികസിത രാജ്യങ്ങൾക്കുള്ള പങ്ക് എന്നത് ഒരു ജനാധിപത്യ ലോകക്രമത്തിന്‍റെ ധാർമ്മിക ഉത്തരവാദിത്തം ( moral responsibility ) കൂടിയാണെന്ന് നാം ഓര്‍ക്കണം. അത് പുത്തൻ മുതലാളിത്തത്തിന്‍റെ ടെക്നോ ഫ്യൂഡലിസ ( techno feudalism) -ത്തിലെത്തി നില്‍ക്കുന്നുവെന്ന് ആദ്യമായി പറഞ്ഞത് യാനിസ് വരൌഫകിസ്  ( Yanis Varoufakis ) ആണ്. 
( ഏഥൻസിലെ സിന്‍റാഗ്മ സ്ക്വയറിന് അഭിമുഖമായി പഴയ രാജകൊട്ടാരത്തിൽ ചേരുന്ന പാര്‍ലമെന്‍റാണ് ഹെല്ലനിക് പാർലമെന്‍റ്.  ഗ്രീക്ക് പാർലമെന്‍റ് അംഗങ്ങളുടെ (എംപിമാർ) തെരഞ്ഞെടുക്കപ്പെട്ട ബോഡിയിലൂടെ പൗരന്മാരെ പ്രതിനിധീകരിക്കുന്ന പരമോന്നത ജനാധിപത്യ സ്ഥാപനമാണ് ഹെല്ലനിക് പാർലമെന്‍റ്. നാല് വർഷത്തേക്ക് തെരഞ്ഞെടുക്കപ്പെടുന്ന 300 അംഗങ്ങളുള്ള ഒരു ഏകീകൃത നിയമനിർമ്മാണ സഭയാണിത്. ഹെല്ലനിക് പാർലമെന്‍റ് അംഗമാണ് യാനിസ് വരൌഫകിസ്.  )

ഇന്ന് ലോകം എത്തിനില്കുന്ന പ്രതിസന്ധി കൂടിയാണ് ടെക്നോ ഫ്യൂഡലിസം. ലോകം വികസനത്തിന്‍റെ ഒരേ നേർരേഖയിലൂടെ കടന്നുപോയാൽ ഭൂമിയിലെ ജീവസഞ്ചാരക്രമം ( life support system ) ബാക്കി നിൽക്കില്ല എന്നത് എന്ന് എല്ലാവരും ഏതാണ്ട് ശരി വെക്കുന്ന സ്ഥിതിയിൽ എത്തിയിട്ടുണ്ട്. ചൈന തന്നെയാണ് ഏറ്റവും വലിയ ഉദാഹരണം. 

മാക്സിസ്റ്റ് - മാവോയിസ്റ്റ് ആശയത്തില്‍ രാജ്യം പിടിച്ചടക്കുകയും പിന്നീട് അതിശക്തമായ പാര്‍ട്ടി മുതലാളിത്തത്തിന്‍റെ ബലത്തില്‍ പുതിയ പല പദ്ധതികളും നടപ്പാക്കുകയും ചെയ്ത ചൈന ഇന്ന് തിരിച്ച് നടത്തത്തിന് സമയമായെന്ന് സൂചന നല്‍കി തുടങ്ങിയിരിക്കുന്നു. 

ഡൂംസ്ഡേ ബങ്കറുകള്‍ ( doomsday bunker - ഭൂമിക്ക് മുകളിലേക്ക് കെട്ടിടങ്ങള്‍ പണിയുന്നതിന് പകരം ഭൂമിക്കടയില്‍ പണിയുന്ന രീതി ) പോലെയുള്ള പ്രതിരോധ സംവിധാനങ്ങൾക്ക്‌ പോലും അതിതീവ്ര കാലാവസ്ഥ പ്രതികരണങ്ങൾക്ക് മുന്നിൽ പ്രതിരോധം തീർക്കാൻ ഉതകുന്നില്ലെന്നതാണ് യാഥാര്‍ത്ഥ്യം. കാലാവസ്ഥാ അനുയോജ്യ മാതൃകകളുടെ അപര്യാപ്തത വലിയൊരു പ്രശ്നമാകുന്നതാണ് അടുത്ത കാലത്ത് മനുഷ്യന്‍ നേരിട്ടുകൊണ്ടിരിക്കുന്ന പ്രതിസന്ധിയും. 

"ചരിത്രത്താൽ വിലയിരുത്തപ്പെടുക" എന്നത് രാഷ്ട്രീയത്തിലെ വലിയൊരു സത്യമാണ്. ക്യൂബൻ വിപ്ലവത്തിന് ശേഷം ഫിദല്‍ കാസ്ട്രോയുടെ (Fidel Castro) പ്രസിദ്ധമായ " ചരിത്രം എന്നെ കുറ്റക്കാരനല്ലെന്ന് വിളിക്കും" എന്ന വാക്കുകള്‍ ഓര്‍ക്കുക. 

Cop 26 നെ കുറിച്ച് ബോറിസ് ജോൺസനും ചരിത്രത്തെ ഓർമ്മിപ്പിച്ചാണ് സംസാരിക്കുന്നത്. "വരുന്ന രണ്ടാഴ്ച കാലം നമ്മൾ നേടുന്നത്, ചരിത്രം വിലയിരുത്തും. ഭാവിതലമുറകളെ നിരാശകളിലേക്ക്‌ തള്ളിയിടാന്‍ ആകില്ല. കാലാവസ്ഥ വ്യത്യാനത്തെ അഭിസംബോധന ചെയ്യുന്നില്ലെങ്കിൽ മനുഷ്യ സംസ്‍കാരം റോമൻ സംസ്കാരത്തെ പോലെ തകരും. " എന്നായിരുന്നു ബോറിസ് ജോൺസന്‍റെ വാക്കുകള്‍. 

ഈ വാക്കുകള്‍ തന്നെയാണ് മറ്റൊരു വിധത്തില്‍ കൌമാരക്കാരിയായ ഗ്രേറ്റാ തുംബര്‍ഗും ചോദിക്കുന്നത്. " നിങ്ങളുടെ ചെയ്തികള്‍ക്ക് എന്‍റെ തലമുറ എന്ത് പിഴച്ചുവെന്ന് ? " ഇന്നത്തെ രാഷ്ട്ര നേതാക്കളെല്ലാം ഉത്തരം മുട്ടി വായടച്ച് ആ കൌമാരക്കാരിക്ക് മുന്നില്‍ നില്‍ക്കുന്നു. മനുഷ്യരാശി എത്തിയിരിക്കുന്ന ഈ അവസ്ഥ, മനുഷ്യസംസ്‍കാരത്തിന്‍റെ തകർച്ച, ഒരു വ്യവസായിക സാമ്പത്തിക ക്രമത്തിന്‍റ തകർച്ച കൂടിയാണ്. നേരത്തെ സൂചിപ്പിച്ച ചൈനയുടെ അവസ്ഥ ഒരു പ്രത്യേക്ഷ ഉദാഹരണമാണ്. 

അപ്പോഴും ചൈനയെയും റഷ്യയെയും വിമര്‍ശിക്കാനാണ് അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബെഡന്‍ താല്‍പര്യപ്പെടുന്നത്. ഇലോണ്‍ മാസ്കിനെ പോലുള്ള സ്വകാര്യ സംരംഭകര്‍ ശൂന്യാകാശ പദ്ധതികളുമായി മുന്നോട്ട് പോകുമ്പോള്‍ കുൺമിംഗ് ജൈവവൈവിധ്യ ഉച്ചകോടിക്ക് (kunming biodiversity conference 2021) ചൈനയും റഷ്യയും പ്രധാന്യം നല്‍കിയില്ല എന്നായിരുന്നു ബെഡന്‍റെ വിമര്‍ശനം. 

ഐക്യരാഷ്ട്രാ സഭയുടെ അധികാരത്തിലുള്ള ശക്തിയില്ലായ്മ, അന്താരാഷ്ട്രമായ ഒരു സ്ഥാപനത്തിന്‍റെ ശൂന്യത (Institution Vacuum) യെയാണ് ഉയര്‍ത്തിക്കാട്ടുന്നത്. അമേരിക്ക പണം നല്‍കുമ്പോള്‍ അമേരിക്കയ്ക്ക് വേണ്ടിയും ചൈന പണം നല്‍കുമ്പോള്‍ ചൈനയ്ക്ക് വേണ്ടിയും വാദിക്കേണ്ടിവരുന്ന ഐക്യരാഷ്ട്ര സഭയുടെ നിലനില്‍പ്പ് തന്നെ വരും കാലങ്ങളില്‍ എന്താകുമെന്ന് കാത്തിരുന്ന് കാണേണ്ടതുണ്ട്. 

കിരിബതിയുടെ ( Kiribati ) മുന്‍ പ്രസിഡന്‍റ് അനോട്ട് ടോംഗ് (Anote Tong) പറഞ്ഞത് , എത്രയും നേരത്തെ പറ്റുമോ അത്രയും നേരത്തെ എടുക്കേണ്ട തീരമാനമാണ് കാലാവസ്ഥാ വ്യതിയാനത്തെ കുറിച്ചുള്ളതെന്നാണ്. അതെ അതിജീവനം എന്ന നഗ്ന സത്യത്തെക്കുറിച്ചാണ് അദ്ദേഹം ഓര്‍മ്മിപ്പിക്കുന്നത്.

കാരണം 2050 വരെ യൊന്നും ഈ പ്രകൃതി നമ്മുക്ക് വേണ്ടി കാത്ത് നിൽക്കില്ല എന്നത് തന്നെ. പക്ഷേ അപ്പോഴും നമ്മള്‍ 2050 ലും 2060 ലും 2070 നെറ്റ് സീറോയിലെത്തുമെന്ന് പ്രതിജ്ഞ ചെയ്ത് കൈകോര്‍ത്ത് ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നു. 

കിരിബതിയെ പോലുള്ള അതിജീവനത്തിനായി ഓരോ നിമിഷവും പോരാടുന്ന ഈ ചെറുരാജ്യങ്ങളൊന്നും തന്നെ ആഗോള കാലാവസ്ഥാ ഉച്ചകോടിയുടെ വേദിയിലേക്ക് എത്തുനില്ലാ എന്ന് കൂടി നമ്മള്‍‌ മനസിലാക്കേണ്ടതുണ്ട്. അപ്പോഴും അവര്‍ അന്തർ ദേശീയ സമൂഹത്തോട് ആവശ്യപ്പെടുന്നത് കാലാവസ്ഥയെ അനിയന്ത്രിതമായി നശിപ്പിക്കരുത് എന്ന് തന്നെയാണ്. 

കൊവിഡ് 19 -ന്‍റെ വ്യാപനത്തെ തുടര്‍ന്ന് ലോകം മൊത്തം നിശ്ചലമായപ്പോള്‍ പരിസ്ഥിതി പ്രേമികള്‍ സന്തോഷിച്ചു. കാരണം ആ സമയത്തൊന്നും ഹരിതഗൃഹവാതകങ്ങള്‍ കാര്യമായി പുറന്തള്ളപ്പെട്ടില്ല എന്നത് തന്നെ. എന്നാല്‍ അടച്ച് പൂട്ടലില്‍ (Lockdown) ഇളവുകള്‍ വന്നതോടെ ചൈനയും അമേരിക്കയും റഷ്യയും ശൂന്യാകാശത്തേക്ക് കത്തിച്ച് വിട്ട് പേടകങ്ങള്‍ ആ കുറവ് നികത്തിയെന്നാണ് പുതിയ പഠനങ്ങള്‍ പറയുന്നത്. 

ഭൂമി വ്യാസയോഗ്യമല്ലാതാകുമ്പോള്‍ മനുഷ്യന് താമസിക്കാനായി ശൂന്യാകാശം സജ്ജമാക്കുകയാണ് ആഗോള സാമ്പത്തീക ഭീമന്മാര്‍. എന്നാല്‍ അത്തരമൊരു അവസ്ഥ ഉണ്ടാവുകയാണെങ്കില്‍ കൈയില്‍ കാശുള്ളവന് മാത്രമേ ആ സ്വപ്ന യാത്രയ്ക്ക് സാധ്യതയുള്ളൂവെന്നതാണ് യാഥാര്‍ത്ഥ്യം. ശൂന്യാകാശത്ത് ജീവിക്കാനുള്ള മാനദണ്ഡം പണം മാത്രമാണ്.  

അതിന്‍റെ മറ്റൊരു ഉദാഹരണമായിരുന്നു കൊവിഡ് 19 വാക്സിന്‍ പ്രതിസന്ധി. ലോകം കൊവിഡ് വ്യാപത്തില്‍പ്പെട്ട് നട്ടം തിരിയുമ്പോള്‍ അമേരിക്ക അടക്കമുള്ള  വാക്സീന്‍ ഉല്‍പാദക രാജ്യങ്ങള്‍, ദരിദ്രരാജ്യങ്ങള്‍ക്ക് വാക്സീന്‍ കൊടുക്കാതെ പൂഴ്ത്തിവച്ച അവസ്ഥയുണ്ടായിരുന്നു. രോഗ വ്യാപനം ശക്തമായാല്‍ ഉപയോഗിക്കാന്‍ വേണ്ടിയായിരുന്നു ആ പൂഴ്ത്തി വയ്പ്പ്. 

അപ്പോഴും ദരിദ്രരാജ്യങ്ങളിലെ ജനങ്ങള്‍ വാക്സിന് വേണ്ടി മുറവിളി കൂട്ടി. യുഎന്നിന് പോലും ഇക്കാര്യത്തില്‍ കാര്യമായെന്നും ചെയ്യാന്‍ കഴിഞ്ഞില്ലെന്നതാണ് സത്യം. ഇത് തന്നെയാണ് നാളെ കാലാവസ്ഥാ പ്രതിസന്ധിയിലും സംഭവിക്കാന്‍ പോകുന്ന യാഥാര്‍ത്ഥ്യം. 

എങ്കിലും ചില പരീക്ഷണങ്ങള്‍ നടക്കുന്നില്ലെന്ന് പറയാതിരിക്കാന്‍ പറ്റില്ല. ചിലിയുടെ അറ്റകാമാ ( atacama ) മരുഭൂമിയിൽ നിന്നുള്ള സോളാർ എനർജി, ഡെന്മാർക്കിന്‍റെ കാറ്റില്‍ നിന്നും വൈദ്യുതി. ഇന്ത്യയുടെ പഞ്ചാമൃത് പദ്ധതി, ഹെഡ്രോജന്‍ എനർജിയുമായി തെക്കൻ കൊറിയ, എന്നിങ്ങനെ ചില ആശ്വാസകരമായ മാറ്റങ്ങളും കാണാതിരുന്നുകൂടാ. 

ഒരു ആഗോള സമൂഹം ( global community ) എന്ന നിലയിൽ ഒരു ക്ലൈമറ്റ് ആക്ഷനാണ് കാലം ആവശ്യപ്പെടുന്നത്. പരിസ്ഥിതി നീതി പ്രൊഫസറായ കൈൽ പോവിസ് വൈറ്റ് (Kyle Powys Whyte) മുന്നോട്ടു വെച്ചിരിക്കുന്ന 'ബന്ധുത്വ സമയം' ( Kinship Time ) നമ്മള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. 

അങ്ങോട്ടുമിങ്ങോട്ടുമുള്ള പരസ്പര സഹായത്തിന്‍റെ, വിശ്വാസത്തിന്‍റെ ഒരു കൂട്ടായ്മയാണിത്. വളരെ പണ്ട് തന്നെ തദ്ദേശീയ സമൂഹങ്ങൾ ഉൾക്കൊണ്ടിരിക്കുന്ന ആശയം, ബന്ധങ്ങളുടെ ഈഴയടുപ്പം. ഓക്‍ലഹാമയിലെ പൊട്ടോവറ്റോമി രാഷ്ട്ര (Citizen Potawatomi Nation) ത്തിലെ ഒരംഗമാണ് കൈൽ പോവിസ് വൈറ്റ്. ഇക്കാലത്തും അദ്ദേഹത്തെപോലുള്ളവര്‍ തദ്ദേശീയ ജനതയുടെ പ്രകൃതി രാഷ്ട്രീയം ഉയര്‍ത്തിക്കാട്ടുന്നതാണ് ആശ്വാസം.

ഇത്തരത്തിലുള്ള കൂട്ടായ്മയുടെ, സഹകരണത്തിന്‍റെ ബാലപാഠങ്ങൾ ഈ നാഗരിക സമൂഹത്തിന് ആവശ്യമായിരിക്കുന്നുവെന്നതാണ് യാഥാര്‍ത്ഥ്യം. ഒരോ വ്യക്തിയും ഇത്തരമൊരു ബന്ധുത്വത്തില്‍ നിന്ന് പഠിക്കേണ്ടതുണ്ട്. 

" ഒരു പീഡയെറുമ്പിനും വരു-
ത്തരുതെന്നുള്ളനുകമ്പയും സദാ"  -
 അനുകമ്പയില്‍ നിന്ന് പഠിക്കാനാണ് നാരായണഗുരുവും നമ്മെ പഠിപ്പിച്ചത്. 

ഓരോ വ്യക്തിക്കും കാലാവസ്ഥാ ചുമതലയുണ്ട്. ഓരോ മനുഷ്യനും കാലാവസ്ഥാ പ്രതിജ്ഞ എടുക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്. ജീവശ്വാസം പോലെ ചവിട്ടി നില്‍ക്കുന്ന മണ്ണിനെ ഇനിയും കരുതാന്‍ നമ്മള്‍ തയ്യാറായില്ലെങ്കില്‍ നാളെ നാളെകള്‍ ഇനിയുണ്ടാവില്ലെന്ന് ശാസ്ത്രവും മുന്നറിയിപ്പ് നല്‍കുന്നു. അതെ,  ഗ്രേറ്റ ഉയര്‍ത്തിയ ബാനര്‍ തന്നെയാണ് ലോകനേതാക്കളോട് സംസാരിക്കുന്നതും. "ENOUGH IS ENOUGH"
 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!