എന്താണ് ഫ്ലാപ്പ് സർജറി; ഡോക്ടർ പറയുന്നത്

By Web TeamFirst Published Oct 3, 2019, 8:49 PM IST
Highlights

മോണ മരവിപ്പിച്ചതിനു ശേഷം സർജിക്കൽ ബ്ളെയിഡ് ഉപയോഗിച്ച് മോണ തുറക്കുന്നു. പല്ലിന്റെ വേരിലും അവയ്ക്കിടയിലും ഇരിക്കുന്ന രോഗകാരകമായ രക്തവും പഴുപ്പും ഇടകലർന്ന ചലം പോലുള്ള ദശാഭാഗം അഥവാ ഗ്രാനുലേഷൻ ടിഷ്യൂ ക്യൂററ്റ് എന്ന ഉപകരണം ഉപയോഗിച്ച് നീക്കം ചെയ്യുന്നു. 

എന്താണ് ഫ്ലാപ്പ് സർജറി. മോണ മരവിപ്പിച്ചതിനു ശേഷം സർജിക്കൽ ബ്ളെയിഡ് ഉപയോഗിച്ച് മോണ തുറക്കുന്നു. പല്ലിന്റെ വേരിലും അവയ്ക്കിടയിലും ഇരിക്കുന്ന രോഗകാരകമായ രക്തവും പഴുപ്പും ഇടകലർന്ന ചലം പോലുള്ള ദശാഭാഗം അഥവാ ഗ്രാനുലേഷൻ ടിഷ്യൂ ക്യൂററ്റ് എന്ന ഉപകരണം ഉപയോഗിച്ച് നീക്കം ചെയ്യുന്നു. വേരിൽ പറ്റിപ്പിടിച്ചിരിക്കുന്ന ഇത്തിൾ അഥവാ കാൽക്കുലസ് നീക്കം ചെയ്ത് വൃത്തിയാക്കുന്നു. ഫ്ലാപ്പ് സർജറി അഥവാ മോണയിലെ ശസ്ത്രക്രിയയെ കുറിച്ച് ഡോ. മണികണ്ഠന്റെ ഫേസ് ബുക്ക് പോസ്റ്റ് താഴേ ചേർക്കുന്നു...

ഫേസ് ബുക്ക് പോസ്റ്റിന്റെ പൂർണരൂപം...

ഫ്ലാപ്പ് സർജറി അഥവാ മോണയിലെ ശസ്ത്രക്രിയ* പലരും പല്ലിന് ഇളക്കം സംഭവിക്കുന്ന അവസ്ഥയിലാണ് അതൊന്ന് ഉറപ്പിക്കാൻ കഴിയുമോ ഡോക്ടറേ എന്ന ചോദ്യവുമായി ദന്തഡോക്ടറെ സമീപിക്കുന്നത്. മോണരോഗത്തിന്റെ ആദ്യ ലക്ഷണങ്ങളായ മോണയിലെ അമിതമായ ചുവപ്പ് നിറം, രക്തസ്രാവം, മോണ വീർത്ത് തടിക്കുക, ഇടയ്ക്കിടെ മോണയിൽ പഴുപ്പ് വരുക ഇതൊക്കെ തൃണവൽഗണിച്ചിട്ടുണ്ടാവും ഇക്കൂട്ടർ.

മോണരോഗം മൂർച്ഛിച്ച് അസ്ഥിഭ്രംശം സം‌ഭവിച്ചു തുടങ്ങുമ്പോഴാണ് പല്ലുകൾക്ക് ഇളക്കം വന്നു തുടങ്ങുന്നത്. ഈ ഒരു അവസ്ഥയിൽ മോണരോഗത്തിന്റെ പ്രധാനകാരണമായ അഴുക്കിന്റെ പാളി അഥവാ ഡെന്റൽ പ്ലാക്ക് ആദ്യം നീക്കം ചെയ്യുന്നു. ക്ലീനിംഗ് അഥവാ അൾട്രാ സോണിക് സ്കെയിലിംഗ് എന്നാണീ പ്രക്രിയയ്ക്ക് പറയുന്നത്. മോണരോഗം മൂർഛിക്കുമ്പോൾ മോണയ്ക്കും പല്ലിനുമിടയിൽ ഒരു വിടവുണ്ടാവുകയും കാലാന്തരത്തിൽ ഒരു കീശ പോലെ ആയിത്തീരുകയും ചെയ്യുന്നു.

പെരിയോഡോണ്ടൽ പ്രോബ് എന്ന ഉപകരണം ഉപയോഗിച്ചാണ് മോണയിലെ ഈ കീശയുടെ ആഴം അളക്കുന്നത്. മോണരോഗത്തിന്റെ തീവ്രതയേറിയ അവസ്ഥയിൽ അവസാന അത്താണിയായി ചെയ്യുന്ന പ്രക്രിയയാണ് മോണയിലെ ശസ്ത്രക്രിയ അഥവാ ഫ്ലാപ്പ് സർജറി. *എന്താണ് ഫ്ലാപ്പ് സർജറി?* മോണ മരവിപ്പിച്ചതിനു ശേഷം സർജിക്കൽ ബ്ളെയിഡ് ഉപയോഗിച്ച് മോണ തുറക്കുന്നു.

പല്ലിന്റെ വേരിലും അവയ്ക്കിടയിലും ഇരിക്കുന്ന രോഗകാരകമായ രക്തവും പഴുപ്പും ഇടകലർന്ന ചലം പോലുള്ള ദശാഭാഗം അഥവാ ഗ്രാനുലേഷൻ ടിഷ്യൂ ക്യൂററ്റ് എന്ന ഉപകരണം ഉപയോഗിച്ച് നീക്കം ചെയ്യുന്നു. വേരിൽ പറ്റിപ്പിടിച്ചിരിക്കുന്ന ഇത്തിൾ അഥവാ കാൽക്കുലസ് നീക്കം ചെയ്ത് വൃത്തിയാക്കുന്നു.

അസ്ഥിയിലെ അപാകതകൾ രണ്ടു രീതിയിൽ പരിഹരിക്കാറുണ്ട് 1. അസ്ഥി ഛേദന ശസ്ത്രക്രിയ: ഉപകരണങ്ങൾ കൊണ്ട് അസ്ഥിയെ മിനുസപ്പെടുത്തി ഒരേ പ്രതലത്തിലാക്കുന്നു ( Resective Osseous ) 2. പുനരുജ്ജീവന ശസ്ത്രക്രിയ : അസ്ഥി പോയ ഭാഗത്ത് അവയെ പുനർനിർമ്മിക്കാൻ സഹായിക്കുന്ന ഗ്രാഫ്റ്റ് എന്ന പദാർത്ഥം നിക്ഷേപിക്കുന്നു.( Regenerative) അതിനു ശേഷം തുറന്ന മോണ തിരിച്ചു അടച്ചു തയ്യലിടുന്നു. 7-10 ദിവസത്തിനുളളിൽ ഈ തയ്യൽ മാറ്റുന്നു. *ഇതിന് വേദന ഉണ്ടോ ?* ചെയ്യുന്ന ഭാഗത്തെ ശ്ലേഷ്മസ്തരം മരവിപ്പിച്ചതിനു ശേഷമാണ് ചെയ്യുന്നത്.

അതിനാൽ തീർത്തും വേദനാ രഹിതമാണ് *എത്ര സമയം വേണ്ടിവരും?* എട്ട് പല്ലുകൾ വീതം ഓരോ ഭാഗമായാണ് ചെയ്യാറ്.7-10 ദിവസം ഇടവിട്ട് നാലു തവണയായി ചെയ്ത് തീർക്കുന്നു. ഒരു ദിവസത്തെ പ്രക്രിയ 45 മിനിറ്റ് മുതൽ ഒന്നര മണിക്കൂർ വരെ നീളും. *ഇത് ചെലവേറിയ ചികിത്സാരീതിയാണോ?* സർക്കാർ ദന്തൽ കോളേജുകളിൽ സൗജന്യമായി ചെയ്തു പോരുന്നു.ഗ്രാഫ്റ്റ് ചെയ്യുന്ന ഉപാധികൾ അൽപം ചിലവുള്ളതാണ്.

ഒരു തവണയ്ക്ക് ഏതാണ്ട് 3000-5000 രൂപയോളം ചെലവ് വരും.അതായത് മുഴുവൻ പല്ലുകൾക്കുമായി 12000-20000 രൂപയാകും ചെലവ്. *ഇത് കഴിഞ്ഞാൽ എന്തെങ്കിലും ബുദ്ധിമുട്ടുണ്ടാവുമോ?* ചെറിയ തോതിൽ പുളിപ്പ് കുറച്ച് ദിവസങ്ങളിൽ തോന്നിയേക്കും.24 മണിക്കൂർ നേരം കട്ടി കുറഞ്ഞതും തണുത്തതുമായ ആഹാരം കഴിക്കണം. തയ്യൽ എടുക്കുന്നത് വരെ കഴിവതും ഒത്തിരി എരിവുള്ളതും പുളിയുള്ളതുമായ പദാർത്ഥങ്ങളും ഒഴിവാക്കണം.

മൂന്നു മാസം ഡോക്ടർ പറയുന്ന രീതിയിൽ മൃദുവായ ബ്രഷ് ഉപയോഗിച്ച് വേണം പല്ല് തേയ്ക്കാൻ. *ഇത് എല്ലാവരിലും 100 ശതമാനം ഫലപ്രദമാകാറുണ്ടോ?* ശസ്ത്രക്രിയയ്ക്ക് ശേഷം ഡോക്ടർ പറയുന്ന പോലെ ബ്രഷ് ചെയ്യേണ്ടതും പല്ലുകൾക്കിടയിലെ അഴുക്ക് ഇന്റർ ദന്തൽ ഉപാധികളായ ഫ്ളോസ്, ഇന്റർ ദന്തൽ ബ്രഷ് എന്നിവയും കൃത്യമായി ഉപയോഗിക്കണം.

ഡോക്ടർ പറയുന്ന നിശ്ചിത ഇടവേളകളിൽ തുടർ പരിശോധനകൾക്കായി ഹാജരാവുകയും വേണം. പുകവലി ഒഴിവാക്കണം. ഇത് മോണ ഉണങ്ങി ആരോഗ്യസ്ഥിതിയിലേയ്ക്ക് വരുന്നത് തടയും. പ്രമേഹരോഗികൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ചും നിർത്തണം. ഇത്തരം കാര്യങ്ങൾ പാലിച്ചാൽ ചികിത്സയുടെ പൂർണ ഫലം ലഭിക്കും. പേടിയില്ലാതെ ധൈര്യമായി ചെയ്തു വരാവുന്ന ഒരു ലഘു ശസ്ത്രക്രിയയാണ് ഫ്ലാപ്പ് സർജറി.അതെ ഫ്ലാപ്പ് സർജറി സിമ്പിളാണ് ബട്ട് വളരെ പവർഫുള്ളാണ്. ‌

click me!