136 കോടി ഇന്ത്യക്കാർക്ക് എങ്ങനെ കോവിഡ് വാക്സീൻ കുത്തിവെക്കും?

By Web TeamFirst Published Jan 22, 2021, 11:50 AM IST
Highlights

കൊവിഡ് കുത്തിവെപ്പും ഇന്ത്യൻ ആരോഗ്യ സംവിധാനത്തിന് പ്രയാസം അധികമില്ലാത്ത തന്നെ നടപ്പിലാക്കാൻ സാധിക്കുമെന്ന ആത്മ വിശ്വാസമാണ് കേന്ദ്രസർക്കാർ പ്രകടിപ്പിക്കുന്നത്. 

ലോകത്തിലെ ഏറ്റവും ബൃഹത്തായ ഒരു വാക്സിനേഷൻ യജ്ഞത്തിനാണ് ഇന്ത്യ തുടക്കം കുറിക്കാൻ പോകുന്നത്. രണ്ടാഴ്ച മുമ്പ് ഇന്ത്യയുടെ ഡ്രഗ്സ് കൺട്രോളർ ജനറൽ രണ്ടു വാക്സീനുകൾക്ക് അംഗീകാരം നൽകിയതോടെയാണ് വാക്സിനേഷൻ എങ്ങനെ നടപ്പിലാക്കും എന്നത് സംബന്ധിച്ച അവസാനവട്ട ചർച്ചകൾ നടന്നത്. ഐസിഎംആർ-ഭാരത് ബയോട്ടെക്കിന്റെ കോവാക്സിനും, ആസ്റ്റർ സെനേക്കാ-ഓക്സ്ഫോർഡ്-സെറം ഇൻസ്റ്റിറ്റ്യൂട്ട് വാക്സിൻ ആയ കോവിഷീൽഡുമാണ് ഇന്ത്യയിൽ ജനങ്ങൾക്ക് നല്കപ്പെടുക. ഫൈസർ-ബയോഎൻടെക്ക് വാക്സീൻ ആണ് ആദ്യമായി ഇന്ത്യയിൽ അംഗീകാരത്തിന് വേണ്ടി അപേക്ഷിച്ചതെങ്കിലും, അത് ഇപ്പോഴും ചുവപ്പുനാടയിൽ കുടുങ്ങി നിൽക്കുകയാണ്. ഇതിനു പുറമെ ഡോ. റെഡ്ഡീസ്, റഷ്യൻ വാക്സീൻ ആയ സ്പുട്നിക്കിനു വേണ്ടിയും ശ്രമങ്ങൾ തുടരുന്നുണ്ട്. 

കോവിഡ് ബാധിച്ച് ഇതുവരെ ഒന്നര ലക്ഷത്തിൽ അധികം പേർ ഇന്ത്യയിൽ മരണപ്പെട്ടിട്ടുണ്ട് എങ്കിലും, അതിനെ തടയുക എന്ന ലക്ഷ്യത്തോടെ 135 കോടിക്ക് മേലെ ജനസംഖ്യയുള്ള ഇന്ത്യ പോലെ ഒരു രാജ്യത്തെ ജനങ്ങളെ മുഴുവൻ വാക്സിനേറ്റ് ചെയ്യുക എന്നത് ഒട്ടും എളുപ്പമുള്ള ഒരു പണിയാവില്ല എന്നാണ് ആരോഗ്യ രംഗത്തെ വിദഗ്ധർ അഭിപ്രായപ്പെടുന്നത്. ജനുവരി മുതൽ ഓഗസ്റ്റ് വരെയുള്ള ആദ്യഘട്ടത്തിൽ മുൻഗണന ലിസ്റ്റിൽ ഉള്ള 30 കോടി പേർക്കാണ് വാക്സീൻ നൽകാൻ പോകുന്നത്. ആദ്യ റൗണ്ടിൽ വാക്സീൻ ലഭിക്കാൻ അര്ഹതയുള്ളവരിൽ ഒരു കോടിയോളം വരുന്ന ആരോഗ്യ പ്രവർത്തകർ, രണ്ടു കോടിയോളം വരുന്ന നിയമപാലകർ, 50 വയസ്സിനു മുകളിൽ പ്രായമുള്ള 27 കോടിയോളം മുതിർന്നവർ എന്നിവരാണുൾപ്പെടുക. 

ഇത്രയ്ക്ക് ബൃഹത്തായ തോതിലുള്ള ഒരു വാക്സിനേഷൻ ശ്രമം ഇതുവരെ ലോകത്ത് നടന്നിട്ടുണ്ടാകില്ല എന്നാണ് പബ്ലിക് ഹെൽത്ത് ഫൗണ്ടേഷൻ ഓഫ് ഇന്ത്യ പ്രസിഡന്റ് കെ ശ്രീനാഥ് റെഡ്ഢി മാധ്യമങ്ങളോട് പറഞ്ഞത്. ഡിസംബർ 28 -ന് കേന്ദ്രസർക്കാർ കൊവിഡ് വാക്സിനേഷൻ സംബന്ധിച്ച കൃത്യമായ മാർഗനിർദേശങ്ങൾ അടങ്ങിയ 148 പേജുകളുള്ള ഒരു ലഘുലേഖ പുറത്തിറക്കുകയുണ്ടായി. ആഗോള പ്രതിരോധ കുത്തിവെപ്പ് പദ്ധതിയുടെ ഭാഗമായി പ്രതിവർഷം അഞ്ചു കോടിയോളം പേർക്ക് മീസിൽസ്-റൂബെല്ല, ജാപ്പനീസ് എൻസഫലൈറ്റിസ് എന്നിവയ്ക്കുള്ള കുത്തിവെപ്പുകൾ എടുക്കാറുള്ള പരിചയം ഇന്ത്യക്കുണ്ട് എന്നത് ചൂണ്ടിക്കാട്ടിക്കൊണ്ട് കൊവിഡ് കുത്തിവെപ്പും ഇന്ത്യൻ ആരോഗ്യ സംവിധാനത്തിന് പ്രയാസം അധികമില്ലാത്ത തന്നെ നടപ്പിലാക്കാൻ സാധിക്കുമെന്ന ആത്മ വിശ്വാസമാണ് കേന്ദ്രസർക്കാർ പ്രകടിപ്പിക്കുന്നത്. 

വാക്സിനുകൾ രണ്ടു ഡോസുകളായി എടുക്കേണ്ടതുണ്ട് എന്നതുകൊണ്ടുതന്നെ ഇത്രയും ജനങ്ങളെ ആറാഴ്ച ഇടവിട്ട് രണ്ടു തവണ വാക്സിനേഷൻ സെന്ററുകളിലേക്ക് എത്തിക്കേണ്ടി വരും ഗവൺമെന്റിന്. ഇതുവരെ പരിശീലനം നല്കപ്പെട്ടിട്ടുള്ളത് 114,100 വാക്സിനേറ്റർമാർക്കാണ്. അവർക്ക് വേണ്ടി ഇതിനകം ഒരു മോക്ക് ഡ്രില്ലും നടത്തപ്പെട്ടിട്ടുണ്ട്. വാക്സിനേഷനുവേണ്ടി രജിസ്റ്റർ ചെയ്യാനായി കൊവിഡ് വാക്സീൻ ഇന്റലിജൻസ് നെറ്റ്‌വർക്ക് (Co-WIN) എന്നൊരു ഡിജിറ്റൽ പ്ലാറ്റ്ഫോമും രൂപീകൃതമായിട്ടുണ്ട്. ഈ പ്ലാറ്റ്ഫോമിൽ ഇതുവരെ നാൽപതു ലക്ഷത്തോളം ഡോക്ടർമാരും നഴ്‌സുമാരും അടക്കം 75 ലക്ഷത്തിൽ പരം ആരോഗ്യപ്രവർത്തകർ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുണ്ട്. ആരോഗ്യം സംസ്ഥാന വിഷയമാണെങ്കിലും ഈ മഹാമാരിക്കാലത്ത് വാക്സീന്റെ വില അടക്കമുള്ള വിഷയങ്ങൾ കാരണം സംസ്ഥാനങ്ങൾക്ക് കേന്ദ്രത്തെ വല്ലാതെ ആശ്രയിക്കേണ്ടി വരുന്ന സാഹചര്യമാണ് നിലവിലുള്ളത്.

ഇത്രയും പേരെ വാക്സിനേറ്റ് ചെയ്യാൻ വേണ്ട സിറിഞ്ചുകൾ നിർമിക്കാൻ രാജ്യത്തെ ഏറ്റവും വലിയ സിറിഞ്ച് നിർമാതാക്കളായ ഹിന്ദുസ്ഥാൻ സിറിഞ്ചസ് ആൻഡ് മെഡിക്കൽ ഡിവൈസസും തയ്യാറെടുക്കുകയാണ്. വാക്‌സിനുകൾ 2 ഡിഗ്രിക്കും 8 ഡിഗ്രിക്കും ഇടയിലുള്ള താപനിലയിൽ സൂക്ഷിക്കണം എന്നുള്ളതിനാൽ അതിനായി ഒരു കോൾഡ് സപ്ലൈ ചെയിനും സമാന്തരമായി തയ്യാറായിക്കൊണ്ടിരിക്കുകയാണ്.  ആദ്യഘട്ടത്തിൽ, ഓഗസ്റ്റ് മാസം വരെ മുൻഗണനാ പട്ടികയിലുള്ളവർക്ക് മാത്രമാണ് വാക്സീൻ വിതരണം ഉണ്ടാവുക. അത് സൗജന്യമാണ് എന്നാണ് സർക്കാർ ഇപ്പോൾ അറിയിച്ചിട്ടുള്ളതും എന്നാൽ, അതുകഴിഞ്ഞ് പൊതുജനങ്ങൾക്ക് വാക്സിനേഷൻ നടത്തേണ്ട ഘട്ടം എത്തുമ്പോൾ വാക്സിന്റെ വിലയും കുത്തിവെപ്പ് നടത്താനുള്ള ചെലവുമൊക്കെ ആര് വഹിക്കും എന്നത് സംബന്ധിച്ച് ഇപ്പോഴും അവ്യക്തത തുടരുക തന്നെയാണ്. 


 

click me!