ഈ 3 കാര്യങ്ങൾ ശ്രദ്ധിച്ചാൽ വൃക്കരോഗം വരാതെ സൂക്ഷിക്കാം

By Web TeamFirst Published Nov 1, 2019, 3:40 PM IST
Highlights

ശരീരത്തിൽ നിന്നും മാലിന്യങ്ങൾ പുറത്ത് കളയുന്ന പ്രക്രിയ ചെയ്യുന്ന ആന്തരികാവയവം ആണ്‌ വൃക്ക. വൃക്ക തകരാർ മൂലം  കാത്സ്യം ധാരാളമായി മൂത്രത്തിലൂടെ നഷ്ടപ്പെടുന്നു. എല്ലുകള്‍ക്ക് ബലം കുറയുക, അസ്ഥികള്‍ക്ക് വേദന, തരിപ്പ്, പേശികളുടെ ബലക്ഷയം തുടങ്ങിയവയ്ക്ക് കാരണമാകും.

നമ്മുടെ ശരീരത്തിന് ആവശ്യമില്ലാത്ത വസ്തുക്കളും വിഷാംശമുള്ള ഘടകങ്ങളും ശരീരത്തില്‍ നിന്നും പുറന്തള്ളി,  ശരീരത്തെ ശുദ്ധവും ആരോഗ്യപ്രദവും ആക്കിത്തീര്‍ക്കുന്ന വളരെ സുപ്രധാനങ്ങളായ അവയവങ്ങളാണ് വൃക്കകള്‍. 

ശരീരത്തില്‍ നിന്നു വിഷാംശങ്ങള്‍ നീക്കുകയാണ് അവയുടെ പ്രഥമമായ കര്‍ത്തവ്യം, കൂടാതെ, രക്തസമ്മര്‍ദം നിയന്ത്രിക്കുക, ശരീരത്തിലെ ദ്രാവകാംശത്തിന്റെയും ഇലക്‌ട്രോലൈറ്റുകളുടെയും അളവ് നിയന്ത്രിക്കുക എന്നീ നിര്‍ണായകങ്ങളായ ജോലികളും നിര്‍വഹിക്കുന്നത് വൃക്കകളാണ്.

നിശബ്ദരായ കൊലയാളികളാണ് വൃക്കരോഗങ്ങള്‍. വൃക്കകളുടെ പ്രവര്‍ത്തനത്തിന്റെ മുന്നേറ്റം കുറയ്ക്കുന്നതിനും, അത് വൃക്കത്തകരാറിലേക്കു നയിക്കുന്നതിനും, അന്തിമമായി, ജീവന്‍ നിലനിര്‍ത്താന്‍ ഡയാലിസിസിനെയോ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയെയോ ആശ്രയിക്കേണ്ട അവസ്ഥ സംജാതമാവുന്നതിനും വൃക്കരോഗങ്ങള്‍ കാരണമാകുന്നു. 

വൃക്കകളുടെ പ്രവര്‍ത്തനങ്ങള്‍ എന്തൊക്കെയാണ്?

അനാവശ്യ വസ്തുക്കളെ പുറംതള്ളുന്നു.
അധികമായ ജലാംശം പുറംതള്ളുന്നു.
ധാതുക്കളേയും രാസഘടകങ്ങളേയും സമീകരിക്കുന്നു.
രക്തസമ്മര്‍ദം നിയന്ത്രിക്കുന്നു.

വൃക്കരോഗത്തിന്റെ ലക്ഷണങ്ങള്‍ എന്തൊക്കെയാണ്?

മുഖത്ത് നീര് കാണുക
വിശപ്പില്ലായ്മ
ഉയര്‍ന്ന രക്തസമ്മര്‍ദം
രക്തക്കുറവും തളര്‍ച്ചയും
പുറം വേദന, സാധാരണയുള്ള ശരീരവേദന
മൂത്രത്തിന്റെ അളവില്‍ കുറവ്

വൃക്കരോഗം തടയുന്നതെങ്ങനെ?

ഒന്ന്....

 ദിനംപ്രതി വ്യായാമം ചെയ്യുന്നതോ ശാരീരികാഭ്യാസം നടത്തുന്നതോ രക്തസമ്മര്‍ദം സാധാരണനിലയില്‍ നിലനിര്‍ത്തുകയും രക്തത്തിലെ പഞ്ചസാരയെ നിയന്ത്രിക്കുകയും ചെയ്യുന്നതിനു കാരണമാകുന്നു. അത്തരം കായികാധ്വാനങ്ങള്‍, പ്രമേഹത്തിന്റെയും രക്തസമ്മര്‍ദത്തിന്റെയും സാധ്യത ഇല്ലാതാക്കുകയും അതുവഴി ദീര്‍ഘകാല വൃക്കരോഗത്തിന്റെ അപകടസാധ്യത കുറയുകയും ചെയ്യുന്നു.

രണ്ട്...

 ശുദ്ധമായ പഴങ്ങളും പച്ചക്കറികളും ഉള്‍പ്പെട്ട, ആരോഗ്യദായകങ്ങളായ ഭക്ഷണം മാത്രം കഴിക്കുക. സംസ്കരിച്ച ഭക്ഷണപദാര്‍ഥങ്ങള്‍, പഞ്ചസാര, കൊഴുപ്പ്, മാംസാഹാരം എന്നിവ ഭക്ഷണത്തില്‍നിന്നും ഒഴിവാക്കുക. 40 വയസിനു മുകളില്‍ പ്രായമുള്ളവര്‍ ആഹാരത്തിലെ ഉപ്പ് കുറയ്ക്കുന്നത്, ഉയര്‍ന്ന രക്തസമ്മര്‍ദവും മൂത്രസഞ്ചിയിലെ കല്ലും ഉണ്ടാകുന്നതു തടയാന്‍ സഹായിക്കും.

മൂന്ന്...

ധാരാളം വെള്ളം കുടിക്കുക. ആവശ്യത്തിന് വെള്ളം (ഒരു ദിവസം ഉദ്ദേശം മൂന്നു ലിറ്റര്‍) കുടിക്കുന്നത്, മൂത്രത്തെ നേര്‍ത്തതാക്കുവാനും, ശരീരത്തിലെ വിഷാംശഘടകങ്ങളായ എല്ലാ അനാവശ്യ വസ്തുക്കളേയും ശരീരത്തില്‍നിന്നും പുറംതള്ളാനും വൃക്കയില്‍ കല്ലുകള്‍ ഉണ്ടാകുന്നതു തടയാനും ഉപകരിക്കുന്നു.


 

click me!