'ടിബി' അഥവാ ക്ഷയരോഗം പിടിപെടും മുമ്പ് തടയാം; അറിയാം ലക്ഷണങ്ങളും...

By Web TeamFirst Published Mar 24, 2023, 11:57 AM IST
Highlights

ചുമ, പനി, രാത്രിയില്‍ വെട്ടിവിയര്‍ക്കല്‍ തുടങ്ങിയ പ്രയാസങ്ങള്‍ രണ്ട് ആഴ്ചയോളം നീണ്ടുനില്‍ക്കുന്നുവെങ്കില്‍ തീര്‍ച്ചയായും ഡോക്ടറെ കാണേണ്ടതുണ്ട്. കാരണം ഇത് ടിബിയാകാനുള്ള സാധ്യത വളരെ കൂടുതലാണ്. പ്രത്യേകിച്ച് ടിബിയുള്ള ആരെങ്കിലുമായും അടുത്തിടപഴകുക കൂടി ചെയ്തിട്ടുണ്ടെങ്കില്‍ തീര്‍ച്ചയായും ശ്രദ്ധിക്കുക. 

ക്ഷയരോഗത്തെ (ട്യൂബര്‍ക്കുലോസിസ് ) കുറിച്ച് നിങ്ങളെല്ലാം കേട്ടിരിക്കും. ഇന്ന് മാര്‍ച്ച് 24, ലോക ക്ഷയരോഗ ദിനമാണ്. ക്ഷയരോഗത്തെ കുറിച്ചും അതിനെ പ്രതിരോധിക്കേണ്ടതിന്‍റെ പ്രാധാന്യത്തെ കുറിച്ചുമെല്ലാം ജനങ്ങളിലേക്ക് എത്തിക്കുന്നതിനുള്ള ബോധവത്കരണ പരിപാടികളും മറ്റുമാണ് ഇന്നേ ദിവസം നാം നടത്തുന്നത്. 

അടിസ്ഥാനപരമായി ശ്വാസകോശത്തെ ബാധിക്കുന്നൊരു ബാക്ടീരിയല്‍ രോഗമാണ് ക്ഷയരോഗം. ഒട്ടും നിസാരമായി കരുതാനാകാത്ത, പ്രതിവര്‍ഷം തന്നെ എത്രയോ പേരുടെ ജീവൻ വകരുന്നൊരു രോഗമാണിത്. ആഗോളതലത്തില്‍ അസുഖബാധിതരായി രോഗികള്‍ മരിക്കുന്ന കേസുകളില്‍ ആദ്യ പത്ത് കാരണങ്ങളിലൊന്നാണ് ക്ഷയരോഗമെന്ന് പറയുമ്പോള്‍ ഇതിന്‍റെ പ്രാധാന്യം നിങ്ങള്‍ക്ക് മനസിലാക്കാവുന്നതേയുള്ളൂ.

2018ല്‍ മാത്രം പതിനഞ്ച് ലക്ഷം പേരാണ് ആഗോളതലത്തില്‍ ടിബി ബാധയെ തുടര്‍ന്ന് മരിച്ചതെന്ന് ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത്രയും വ്യാപ്തിയുള്ള രോഗമാണെങ്കിലും ഇത് അപൂര്‍വമായല്ല കാണുന്നത് എന്നത് കൂടി ശ്രദ്ധേയമാണ്. ടിബി വരാൻ ചില സാഹചര്യങ്ങള്‍ കാരണമാകാറുണ്ട്. ഇത്തരത്തില്‍ ചില വിഷയങ്ങള്‍ ശ്രദ്ധിച്ചാല്‍ ഒരു പരിധി വരെ ടിബിയെ ചെറുക്കാവുന്നതാണ്. അങ്ങനെ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണിനി പങ്കുവയ്ക്കുന്നത്. 

ശുചിത്വം...

വ്യക്തി ശുചിത്വം നല്ലരീതിയില്‍ പാലിക്കാൻ സാധിച്ചാല്‍ ടിബിയെ ഫലപ്രദമായി തടയാൻ സാധിക്കും. എന്നുവച്ചാല്‍ ടിബി ബാധിക്കപ്പെട്ടവരെല്ലാം വൃത്തിയില്ലാത്തവരാണെന്ന ചിന്തയും വേണ്ട. ഇത് ഒരു സാഹചര്യത്തിന്‍റെ പ്രശ്നമായാണ് വരുന്നത്. ടിബി ബാധിക്കപ്പെട്ടവരുടെ ചുമ, തുമ്മല്‍ എന്നിവയിലൂടെ പുറത്തുവരുന്ന സ്രവകണങ്ങള്‍ മറ്റുള്ളവരിലേക്ക് എത്തുന്നത് രോഗബാധയ്ക്ക് കാരണമാകാറുണ്ട്. അതിനാലാണ് വ്യക്തി ശുചിത്വം പാലിക്കണമെന്ന് പറയുന്നത്. 

ഭക്ഷണം...

ആരോഗ്യകരമായ ഭക്ഷണം പതിവാക്കണം.ഇത് പ്രതിരോധ വ്യവസ്ഥയെ ശക്തിപ്പെടുത്തും. പ്രതിരോധം ഊര്‍ജ്ജിതമായാല്‍ ടിബി കടന്നുവരാൻ ഒന്ന് മടിക്കുന്ന രോഗമാണ്. പഴങ്ങള്‍, പച്ചക്കറികള്‍, ധാന്യങ്ങള്‍, ലീൻ പ്രോട്ടീൻ, ആരോഗ്യകരമായ കൊഴുപ്പ് എന്നിവയെല്ലാം ഡയറ്റില്‍ ഉള്‍പ്പെടുത്തണം. 

ഉറക്കം...

നിത്യജീവിതത്തില്‍ നാം വലിയ പ്രാധാന്യം നല്‍കേണ്ട മറ്റൊരു വിഷയമാണ് ഉറക്കം. ഉറക്കം ശരിയായില്ലെങ്കില്‍ അത് പല രോഗങ്ങളിലേക്കും ആരോഗ്യപ്രശ്നങ്ങളിലേക്കും വഴി വയ്ക്കും. ടിബിയുടെ കാര്യവും അങ്ങനെ തന്നെയാണ്. കാരണം ശരിയായി ഉറക്കം ലഭിച്ചില്ലെങ്കില്‍ അത് പ്രതിരോധശേഷിയെ ആണ് ബാധിക്കുക. ഇങ്ങനെയാണ് ടിബി അടക്കം പല രോഗങ്ങള്‍ക്കുമുള്ള വാതില്‍ തുറക്കുക.

സ്ട്രെസ്...

ഇന്ന് പല രോഗങ്ങള്‍ക്കുമുള്ള കാരണമായോ ലക്ഷണമായോ അനന്തരഫലമായോ സ്ട്രെസ് കാണപ്പെടാം. അത്രമാത്രം നാം ശ്രദ്ധിക്കേണ്ടൊരു വിഷയമാണ് സ്ട്രെസ്. സ്ട്രെസ് കൈകാര്യം ചെയ്ത് പോയില്ലെങ്കില്‍ അത് പല രോഗാവസ്ഥകളും കൊണ്ടുവരാം. പരോക്ഷമായി ടിബിയും ഇതിലുള്‍പ്പെടുന്നു. 

വ്യായാമം...

ആരോഗ്യകരമായി തുടരുന്നതിന് ഒരു വ്യക്തിയെ ഏറ്റവുമധികം സഹായിക്കുന്നൊരു ഘടകമാണ് പതിവായ വ്യായാമം. ഇത് ശരീരത്തിലെ പല അവയവങ്ങളുടെയും പ്രവര്‍ത്തനവും ആരോഗ്യവും മെച്ചപ്പെടുത്തുന്നു. ശ്വാസകോശത്തിന്‍റെ ആരോഗ്യവും ഇത്തരത്തില്‍ മെച്ചപ്പെടുന്നു. അങ്ങനെ വരുമ്പോള്‍ ശ്വാസകോശം പെട്ടെന്ന് രോഗാണുക്കളാണ് ആക്രമിക്കപ്പെടാനുള്ള സാധ്യതയും അല്‍പാല്‍പമായി കുറയുന്നു. 

പുകവലി...

ശ്വാസകോശത്തിന് 'പണി' കിട്ടാതിരിക്കണമെങ്കില്‍ ഏറ്റവുമാദ്യം ശ്രദ്ധിക്കേണ്ടൊരു കാര്യമാണ് പുകവലി. ഈ ശീലം പൂര്‍ണമായും ഉപേക്ഷിച്ചില്ലെങ്കില്‍ അത് ടിബി അടക്കം പല രോഗങ്ങളിലേക്കും എളുപ്പത്തില്‍ വഴി വയ്ക്കും.

വാക്സിൻ...

ടിബിയില്‍ നിന്ന് സുരക്ഷ നേടുന്നതിന് വാക്സിനെടുക്കാവുന്നതാണ്. ടിബി ഉയര്‍ന്ന നിരക്കില്‍ കാണിക്കുന്ന രാജ്യങ്ങളില്‍ നവജാത ശിശുക്കള്‍ക്കും കുട്ടികള്‍ക്കുമെല്ലാം ടിബി വാക്സിൻ നല്‍കി വരാറുണ്ട്. ഇത് ടിബിക്കെതിരെ നല്ലൊരു പ്രതിരോധം ശരീരത്തിലുണ്ടാക്കുന്നതിന് വ്യക്തികളെ സഹായിക്കുന്നു. 

ടിബിയുടെ ലക്ഷണങ്ങള്‍...

ചുമ, പനി, രാത്രിയില്‍ വെട്ടിവിയര്‍ക്കല്‍ തുടങ്ങിയ പ്രയാസങ്ങള്‍ രണ്ട് ആഴ്ചയോളം നീണ്ടുനില്‍ക്കുന്നുവെങ്കില്‍ തീര്‍ച്ചയായും ഡോക്ടറെ കാണേണ്ടതുണ്ട്. കാരണം ഇത് ടിബിയാകാനുള്ള സാധ്യത വളരെ കൂടുതലാണ്. പ്രത്യേകിച്ച് ടിബിയുള്ള ആരെങ്കിലുമായും അടുത്തിടപഴകുക കൂടി ചെയ്തിട്ടുണ്ടെങ്കില്‍ തീര്‍ച്ചയായും ശ്രദ്ധിക്കുക. 

ചുമയ്ക്കൊപ്പം തന്നെ നെഞ്ചില്‍ വേദന, കഫത്തില്‍ രക്തം. അസഹനീയമായ തളര്‍ച്ച, വിശപ്പില്ലായ്മ, കുളിര്, പനി, ശരീരഭാരം കുറയല്‍ എന്നിങ്ങനെയുള്ള ലക്ഷണങ്ങള്‍ കൂടി ശ്രദ്ധിക്കാം. ഇവയും ടിബിയുടെ ഭാഗമായി പ്രകടമാകുന്ന പ്രശ്നങ്ങളാണ്.

പൊതുവെ രോഗ പ്രതിരോധ ശേഷി കുറഞ്ഞവരാണെങ്കില്‍ ടിബി പിടിപെടാതിരിക്കാൻ പ്രത്യേകമായി കരുതലെടുക്കണം. കാരണം ഇവരിലാണ് ടിബി ബാക്ടീരിയ എളുപ്പത്തില്‍ കയറിക്കൂടാൻ സാധ്യത. ജീവിതരീതിയിലൂടെ മികച്ച പ്രതിരോധ ശേഷി വളര്‍ത്തിയെടുക്കാനാണ് ഏവരും ചെയ്യേണ്ടത്. 

Also Read:- വൃക്ക പ്രശ്നത്തിലാണെന്ന് കാണിക്കുന്ന ലക്ഷണങ്ങള്‍? എന്ത് ടെസ്റ്റ് ആണ് ചെയ്യേണ്ടത്?

 

click me!