മോദിക്കുള്ള മറുപടിയില്‍ രാഹുല്‍ ഒളിപ്പിച്ച 'സൈക്കോ വില്ലന്‍'...

By hyrunneesa AFirst Published May 5, 2019, 8:36 PM IST
Highlights

പോരാട്ടം അവസാനിച്ചിരിക്കുന്നു, ഇനി നിങ്ങള്‍ക്ക് അനുഭവിക്കാനുള്ളത് കര്‍മ്മങ്ങളുടെ ഫലം മാത്രമാണെന്ന് മോദിയോട് പറയുന്ന രാഹുല്‍, അതിന് പിന്നാലെ മറ്റൊന്നുകൂടി പറയുന്നുണ്ട്. 'നിങ്ങളെക്കുറിച്ച് നിങ്ങളെന്ത് വിശ്വസിക്കുന്നുവോ, അതാണ് നിങ്ങള്‍ എന്റെ അച്ഛനില്‍ ആരോപിക്കുന്നത്..' എന്ന്...

മുന്‍ പ്രധാനമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായിരുന്ന രാജീവ് ഗാന്ധിയെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം ഒരു പരാമര്‍ശം നടത്തി. രാജീവ് ഗാന്ധിയുടെ മകനും കോണ്‍ഗ്രസ് അദ്ധ്യക്ഷനുമായ രാഹുല്‍ ഗാന്ധിയോടെന്ന രീതിയിലായിരുന്നു മോദിയുടെ പരാമര്‍ശം.

'നിങ്ങളുടെ അച്ഛനെ അദ്ദേഹത്തിന്റെ  സേവകര്‍ മിസ്റ്റര്‍ ക്ലീന്‍ എന്നാണ് വിളിച്ചിരുന്നത്.  എന്നാല്‍ ഒന്നാം നമ്പര്‍ അഴിമതിക്കാരനെന്ന വിശേഷണമായിരുന്നു മരിക്കുമ്പോള്‍ അദ്ദേഹത്തിനുണ്ടായിരുന്നത്'- ഇതായിരുന്നു മോദിയുടെ പ്രസംഗം. ഇതിന് മറുപടിയുമായി രാഹുല്‍ ഗാന്ധിയും വൈകാതെ രംഗത്തെത്തി. 

'മോദിജി, പോരാട്ടം അവസാനിച്ചിരിക്കുന്നു. നിങ്ങളുടെ കര്‍മ്മം നിങ്ങളെ കാത്തിരിക്കുന്നുണ്ട്. നിങ്ങളെക്കുറിച്ച് നിങ്ങളെന്ത് വിശ്വസിക്കുന്നുവോ, അത് എന്റെ അച്ഛനില്‍ ആരോപിച്ചതു കൊണ്ടൊന്നും നിങ്ങള്‍ സുരക്ഷിനാകാന്‍ പോകുന്നില്ല. നിറയെ സ്നേഹം... ഗാഢമായ ആലിംഗനം...'- ഇതായിരുന്നു രാഹുലിന്റെ മറുപടി. 

മോദിയുടെ പരാമര്‍ശം ആര്‍ക്കും എളുപ്പത്തില്‍ മനസിലാക്കാന്‍ കഴിയുന്ന ഒന്നായിരുന്നുവെങ്കില്‍, രാഹുലിന്റേത് ചിലതെല്ലാം ഒളിപ്പിച്ചുകൊണ്ടുള്ള ഒരു മനശാസ്ത്രപരമായ മറുപടിയാണെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. എന്താണ് രാഹുല്‍ ഗാന്ധി പരോക്ഷമായി മോദിക്കെതിരെ പറഞ്ഞിരിക്കുന്നത്? എങ്ങനെയാണ് രാഹുലിന്റെ മറുപടി 'സൈക്കോളജിക്കല്‍' ആകുന്നത്. 

പോരാട്ടം അവസാനിച്ചിരിക്കുന്നു, ഇനി നിങ്ങള്‍ക്ക് അനുഭവിക്കാനുള്ളത് കര്‍മ്മങ്ങളുടെ ഫലം മാത്രമാണെന്ന് മോദിയോട് പറയുന്ന രാഹുല്‍, അതിന് പിന്നാലെ മറ്റൊന്നുകൂടി പറയുന്നുണ്ട്. 'നിങ്ങളെക്കുറിച്ച് നിങ്ങളെന്ത് വിശ്വസിക്കുന്നുവോ, അതാണ് നിങ്ങള്‍ എന്റെ അച്ഛനില്‍ ആരോപിക്കുന്നത്..' എന്ന്. 'Projecting your inner beliefs' എന്നാണ് രാഹുല്‍ ഉപയോഗിച്ചിരിക്കുന്ന വാക്യം. 

ഈ 'പ്രൊജക്ടിംഗ്' എന്ന വാക്ക് അത്ര നിസാരമല്ലെന്നാണ് മനശാസ്ത്രവിദഗ്ധര്‍ പറയുന്നത്. വ്യക്തിത്വവുമായി ബന്ധപ്പെട്ട് ഒരാളിലുണ്ടാകുന്ന മാനസിക പ്രശ്‌നമായ 'സൈക്കോളജിക്കല്‍ പ്രൊജക്ഷന്‍' തന്നെയാണ് രാഹുല്‍ ഉദ്ദേശിച്ച 'പ്രൊജക്ഷന്‍' എന്നാണ് പലരുടെയും വായന. ഇനി രാഹുല്‍ വെറുതെ പറഞ്ഞുപോയതാണെങ്കില്‍ കൂടിയും സംഗതി 'പ്രൊജക്ഷന്‍' എന്ന് പറയുന്നത് ചെറിയൊരു 'സൈക്കോ വില്ലന്‍' തന്നെയാണെന്നാണ് മനശാസ്ത്രജ്ഞരും വാദിക്കുന്നത്. അതായത്, സ്വന്തം പ്രശ്‌നം മറ്റൊരാളില്‍ ആരോപിക്കുന്നു, അതിലൂടെ സ്വന്തം സുരക്ഷ ഉറപ്പുവരുത്തുന്നു. ഇതാണ് 'സൈക്കോളജിക്കല്‍ പ്രൊജക്ഷന്‍'. മനസിന്റെ ഒരുതരം പ്രതിരോധതന്ത്രമാണ് ഇതെന്നാണ് മനശാസ്ത്രജ്ഞനായ ഡോ.സി ജെ ജോണ്‍ പറയുന്നത്. 

സൈക്കോളജിക്കല്‍ പ്രൊജക്ഷന്‍...

ഏറ്റവും ലളിതമായ ഉദാഹരണത്തിലൂടെ 'സൈക്കോളജിക്കല്‍ പ്രൊജക്ഷന്‍' എന്താണെന്ന് വ്യക്തമാക്കാം. ലൈംഗികപ്രശ്‌നമുള്ള ഭര്‍ത്താവ്, കിടപ്പറയില്‍ ഭാര്യയെ നേരിടാനാകാതെ തകരുന്നു. നിരന്തരമുള്ള ഈ തകര്‍ച്ചയെ മറികടക്കാന്‍ അയാള്‍ ഭാര്യയ്ക്കാണ് കുഴപ്പമെന്ന് പറഞ്ഞുതുടങ്ങുന്നു. പിന്നീട്, ഓരോ സാഹചര്യത്തിലും അതേ ആരോപണം അയാള്‍ ആവര്‍ത്തിക്കുന്നു.- ഇതിനെ നമുക്ക് സൈക്കോളജിക്കല്‍ പ്രൊജക്ഷനായി കാണാമെന്ന് ഡോ. ജോണ്‍ പറയുന്നു.

പല കാരണങ്ങളാണ് ഒരാളെ ഈ അവസ്ഥയിലെത്തിക്കുന്നത്. വളര്‍ന്നുവരുന്ന സാഹചര്യങ്ങള്‍, കടന്നുപോകുന്ന അനുഭവങ്ങള്‍, ജൈവികമായ- അതായത് പാരമ്പര്യമായ ഘടകങ്ങള്‍- ഇങ്ങനെ പലതുമാകാം കാരണങ്ങള്‍. സ്വന്തം വ്യക്തിത്വത്തിലേക്ക് തിരിഞ്ഞുനിന്ന് നോക്കാന്‍ കഴിയാതിരിക്കുന്നവരാണ് ഇത്തരക്കാര്‍. മിക്കപ്പോഴും സ്വന്തം കുറവുകളോ പ്രശ്‌നങ്ങളോ ഇവര്‍ അറിയുന്നത് പോലുമുണ്ടാകില്ല. എന്നിട്ടും താന്‍ വെറുക്കുന്ന അങ്ങനെയുള്ള കാര്യങ്ങള്‍ മറ്റൊരാളില്‍ ആരോപിക്കുമ്പോള്‍ ഇവര്‍ക്ക് താല്‍ക്കാലികമായ ആശ്വാസമുണ്ടാകുന്നു. 

'നമ്മുടെ മനസിന്റെ ഒരു ഡിഫന്‍സ് മെക്കാനിസം ആണിത്. നമ്മളെത്തന്നെ സുരക്ഷിതരാക്കാനുള്ള മാര്‍ഗം. സ്വയം ഡിഫന്‍ഡ് ചെയ്യുന്നതിന്റെ ഭാഗമായി ചിത്രരചനയിലോ ശില്‍പവൃത്തിയിലോ ഏര്‍പ്പെടുന്നവരുണ്ട്. അല്ലെങ്കില്‍ അതുപോലുള്ള ആവിഷ്‌കാരങ്ങള്‍ കണ്ടെത്തുന്നവരുണ്ട്. അതെല്ലാം ആരോഗ്യകരമായ ഡിഫന്‍സ് മെക്കാനിസമാണ്. പക്ഷേ, പ്രൊജക്ഷന്‍ അങ്ങനെയല്ല, വളരെ അനാരോഗ്യകരമായ ഡിഫന്‍സ് മെക്കാനിസമാണിത്. കാരണം ഒരാളുടെ വ്യക്തിത്വ വികാസത്തെയും വളര്‍ച്ചയേയും ക്രിയാത്മകതയേയുമെല്ലാം ഇത് ഇല്ലാതാക്കിക്കളയും. തല്‍ക്കാലമുള്ള ഒരാശ്വാസം എന്ന നിലയില്‍ മാത്രമേ ഇതിന് ആശ്രയിക്കാനാകൂ. അപ്പോഴെല്ലാം അയാളുടെ മനസ്സിന്റെയുള്ളില്‍ ഇതുമായി ബന്ധപ്പെട്ട വൈരുദ്ധ്യങ്ങള്‍ ഉണ്ടായിക്കൊണ്ടേയിരിക്കും.'- ഡോ. സി ജെ ജോണ്‍ പറയുന്നു. 

പ്രൊജക്ഷന്റെ പരിണിതഫലങ്ങള്‍...

മണിച്ചിത്രത്താഴ് എന്ന സിനിമ ഓര്‍ക്കുന്നില്ലേ? മലയാളികള്‍ കണ്ട എക്കാലത്തേയും സൈക്കോ ത്രില്ലറെന്നാണ് മണിച്ചിത്രത്താഴിനെ വിശേഷിപ്പിക്കപ്പെടുന്നത് തന്നെ. അതിനകത്ത് 'പേഴ്‌സണാലിറ്റി ഡിസോര്‍ഡര്‍' ഉള്ള ഗംഗയെന്ന കഥാപാത്രം, അവര്‍ ചെയ്യുന്ന പ്രശ്‌നങ്ങളെല്ലാം ശ്രീദേവി എന്ന കഥാപാത്രത്തില്‍ ആരോപിക്കുമ്പോള്‍ ഒതുങ്ങിനില്‍ക്കുന്നുണ്ട്. താല്‍ക്കാലികമായി ഗംഗയെ ഒതുക്കിനിര്‍ത്താന്‍ സൈക്യാട്രിസ്റ്റായ ഡോ. സണ്ണി ചെയ്യുന്ന ഒരു 'സൈക്കോളജിക്കല്‍' തന്ത്രമാണത്. ആ തന്ത്രത്തില്‍ ഗംഗ വീഴുകയും ചെയ്യുന്നു. എന്നാല്‍ അതോടെ സംഭവിക്കുന്നത് നിരപരാധിയായ ഒരാള്‍ കുറ്റവാളിയാവുകയാണ്. അയാളുടെ ജീവിതം അല്‍പനേരത്തേക്കെങ്കിലും വിചാരണ ചെയ്യപ്പെടുന്നു. 

ഇതുതന്നെയാണ് പ്രൊജക്ഷന്റെ വലിയൊരു പ്രശ്‌നം. ഇങ്ങനെയുള്ള ആളുകളുടെ കൂടെ ജീവിക്കുന്നവര്‍, അവരുമായി ബന്ധപ്പെടുന്നവര്‍- എല്ലാം ഇതില്‍ കലങ്ങിമറിയുന്നു. ഒരു വീടിന്റെ ഗൃഹനാഥനോ ഗൃഹനാഥയോ ഈ അവസ്ഥയിലൂടെ കടന്നുപോകുമ്പോള്‍ കുടുംബം മുഴുവനും ദുരിതത്തിലാകുന്നു. എത്ര ചെറിയ ആളാണെങ്കിലും എത്ര വലിയ പദവിയിലിരിക്കുന്നയാളാണെങ്കിലും അവസ്ഥയില്‍ മാറ്റമുണ്ടാകുന്നില്ല. 

തന്നിലേക്ക് തിരിഞ്ഞുനോക്കാനും, തന്നെത്തന്നെ ഒന്ന് വിലയിരുത്താനും ചെറിയൊരു ശതമാനമെങ്കിലും സാധ്യതകള്‍ കാണിക്കുന്ന ഒരാളെ മാത്രമേ ഈ അവസ്ഥയില്‍ നിന്ന് പിടിച്ചുകയറ്റാനാവുകയുള്ളൂവെന്ന് ഡോ. ജോണ്‍ ഓര്‍മ്മിപ്പിക്കുന്നു. അതിനോടൊപ്പം തന്നെ മറ്റ് മാനസികപ്രശ്‌നങ്ങള്‍ കൂടിയുള്ള ആളാണെങ്കില്‍ ഈ പ്രതീക്ഷ വീണ്ടും കുറയുന്നു. അവര്‍ക്കുള്ള ചികിത്സ കൂടുതല്‍ സങ്കീര്‍ണ്ണമാകുന്നു. ഇങ്ങനെയെല്ലാമാണെങ്കിലും അപൂര്‍വ്വമായി മാത്രം കാണുന്ന ഒരവസ്ഥയൊന്നുമല്ല 'പ്രൊജക്ഷന്‍' എന്നും ഡോക്ടര്‍ പറയുന്നു. ഏറിയും കുറഞ്ഞും ഒരുപാട് മനുഷ്യരില്‍ ഇത് കാണപ്പെടുന്നു. 

മോദിക്കുള്ള മറുപടിയില്‍ രാഹുല്‍ ഉദ്ദേശിച്ചത് എന്താണെങ്കിലും, അദ്ദേഹം ഉപയോഗിച്ച വാക്കുകള്‍ വളരെ പ്രധാനപ്പെട്ടതാണ്. വ്യാപ്തിയേറിയ ചില മാനസികപ്രശ്‌നങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യാനുള്ള അവസരമാണ് ആ മറുപടി ഉണ്ടാക്കിയിരിക്കുന്നത്. നമ്മളെപ്പോഴും നമ്മളിലേക്ക് തിരിച്ചുവയ്ക്കുന്ന ഒരു കണ്ണാടി കൂടെ കരുതണമെന്നും അതില്‍ സൗന്ദര്യം മാത്രമല്ല, സ്വന്തം പോരായ്മകളെ വേര്‍തിരിച്ച് കാണാനും നമുക്ക് കഴിയണമെന്നും ഈ ചര്‍ച്ചകള്‍ നമ്മളെ ഓര്‍മ്മിപ്പിക്കുന്നു. അങ്ങനെ ആരോഗ്യകരമായ 'ഡിഫന്‍സ് മെക്കാനിസ'ത്തിലൂടെ ഓരോരുത്തര്‍ക്കും അവരവരുടെ വ്യക്തിത്വത്തെ വളര്‍ത്തിയെടുക്കാനും കഴിയട്ടെ!

click me!